സിനിമയിൽ നായകന്മാർക്ക് പ്രായം കൂടുന്തോറും ‘മാസ്’ കൂടുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇവിടെയിതാ ഒരു നടി തന്റെ 63-ാം വയസ്സിൽ തിയേറ്ററുകളെ പൂരപ്പറമ്പ് ആക്കുകയാണ്.
രാധിക ശരത്കുമാർ കേന്ദ്രകഥാപാത്രമായെത്തിയ ‘തായ് കിഴവി’ തമിഴ് സിനിമാ ലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്.
വെറും 10 ദിവസത്തിനുള്ളിൽ 50 കോടി രൂപ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം, വലിയ താരനിരകളില്ലാതെയും ബോക്സ് ഓഫീസിൽ വൻ വിജയം നേടാമെന്ന് തെളിയിച്ചു. 63-ാം വയസ്സിൽ പവുനുത്തായി എന്ന പടുവൃദ്ധയായി രാധിക നടത്തിയ അവിശ്വസനീയമായ മേക്കോവറും പ്രകടനവുമാണ് സിനിമയുടെ പ്രധാന ആകർഷണം. ശിവകാർത്തികേയൻ നിർമ്മിച്ച്, നവാഗതനായ ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്ത ഈ ചിത്രം ഗ്രാമീണ പശ്ചാത്തലത്തിലുള്ള രസകരമായ കഥയോടൊപ്പം സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഗൗരവകരമായ സന്ദേശവും പങ്കുവെക്കുന്നു. 2026-ൽ 50 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തായ് കിഴവി.
