പാട്ടും മിമിക്രിയും ഒരുമ്മിച്ചപ്പോൾ വേദികൾ കളറാക്കിയ കലാകാരനാണ് സഫീർ കുറ്റ്യാടി. എന്നാൽ ജീവിതം അത്രമേൽ കളർഫുളായിരുന്നില്ല.
തിരശ്ശീലയ്ക്ക് പിന്നിലുള്ള ബാല്യകാലം പ്രയാസങ്ങളുടേതായിരുന്നു.
ആറാം വയസ്സിൽ ഉമ്മയെ നഷ്ടപ്പെട്ട സഫീറിന് പിന്നീടുള്ള ജീവിതത്തിൽ ഏറെ പ്രയാസം നേരിടേണ്ടി വന്നിരുന്നു.തുടർന്ന് പഠനമെല്ലാം യത്തീംഖാനയിലായിരുന്നു.അന്ന് വേദികളിൽ ലളിതഗാനവും മാപ്പിളപ്പാട്ടും പാടുമായിരുന്നു ഒപ്പം സഫീറിന് മിമിക്രിയും വശമുണ്ടായിരുന്നു.
അവിടെനിന്നും അധ്യാപകരുടെ ശബ്ദമനുകരിച്ചാണ് മിമിക്രിയിലേക്ക് കടന്നുവരുന്നത്.
പിന്നീട് തുടർപഠനത്തിനായി ഓർഫനേജിൽ ചേർന്നു.
പെരുന്നാളിനും മറ്റ് ആഘോഷനാളുകളിലും ഓർഫനേജിൽ ഉള്ള കുട്ടികളുടെ വീട്ടിൽ നിന്ന് ആളുവരും. അന്ന് വീട്ടിൽ നിന്ന് വരുമെന്ന് കരുതി കാത്തിരുന്ന നാളുകളുണ്ടായിരുന്നു.എല്ലാ കുട്ടികളും വീട്ടിൽ പെരുന്നാൾ ആഘോഷിക്കുമ്പോൾ തന്നെ കൂട്ടികൊണ്ട് പോകാൻ ആരും വന്നിരുന്നില്ലെന്നും അദ്ദേഹം ഓർമ്മിക്കുന്നു.
അന്ന് വീട്ടിൽ ഫോൺ ഇല്ലാതിരുന്നതിനാൽ വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും സാധിച്ചിരുന്നില്ല.വാപ്പ വരുന്നതും പ്രതീക്ഷിച്ചിരുന്ന ഈ അനുഭവം സഫീറിനെ ഏറെ വേദനിപ്പിച്ചിരുന്നു.
അവിടെ നിന്നുള്ള പഠനത്തിന് ശേഷം വാപ്പയുടെ
ബന്ധുവീട്ടിലും പിന്നീട് കുറ്റ്യാടിയുള്ള ഉമ്മയുടെ സഹോദരിയുടെ വീട്ടിലും ആയിരുന്നു താമസം.പിന്നീട് ജീവിതപ്രാരാബ്ധങ്ങൾ കൂടിയപ്പോൾ പച്ചക്കറികടകളിലും മീൻകടകളിലും ജോലിചെയ്തു.
അവിടെ നിന്നാണ് പാട്ടും മിമിക്രിയുമായി ചെറിയ വേദികളിൽ പങ്കെടുത്ത് തുടങ്ങിയത്.അങ്ങനെയാണ് കേരളോത്സവത്തിന്റെ വേദിയിലെത്തിയത്.കുറ്റ്യാടിയിൽ നിന്ന് ജനങ്ങളുടെ പിന്തുണ വലിയ രീതിയിൽ ലഭിച്ചുതുടങ്ങി.
ഇതിനിടയിൽ മീൻ വിൽപ്പനക്കും പോയിരുന്നു.
കച്ചവടത്തിലും സഫീർ തന്റെ കഴിവ് രസകരമായി പുറത്തെടുത്തു.
മാർക്കറ്റിലുള്ള ആളുകളെ ആകർഷിക്കാൻ മിമിക്രി സ്റ്റൈലിൽ വിളിച്ചു. ലാലു അലക്സ് അയിലക്കച്ചവടവും പപ്പു മത്തിക്കച്ചവടവും നെടുമുടി വേണു
ചെരുക്കച്ചവടവും ചെയ്യുന്നത് കണ്ട കൗതുകത്തിൽ ആളുകൾ ചുറ്റുംകൂടി .തുടർന്ന് കച്ചവടവും വർധിച്ചു.പിന്നീട് സംഗീത്തിലൂടെയും അവതാരകനായും ശബ്ദാനുകരണത്തിലൂടെയും കലാരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച സഫീർ, വേദികളിൽ സ്വന്തമായൊരിടം കണ്ടെത്തുകയായിരുന്നു.തന്റെ ജീവിതം പോലെ ഓരേ വേദികളും കളറാക്കിയുള്ള യാത്രയിലാണിപ്പോൾ ഈ കലാകാരൻ…
