ഐഎഎസ് ആണ് മോഹം, പക്ഷെ ചിലവ് എത്ര വരും?
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സ്വപ്നങ്ങൾക്ക് തടസ്സം നിൽക്കുന്നത് ഈ ഒരു ചിന്തയാണ്. അത് മാനത്ത് കണ്ട് നജീബ് കാന്തപുരം എംഎൽഎ യുടെ ഇടപെടലിൽ ആരംഭിച്ചതാണ് “ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് കോച്ചിങ് സെന്റർ”.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരിശീലനവും താമസവും ഭക്ഷണവും പൂർണ്ണമായും സൗജന്യമായി നൽകുന്നതിലാണ് “ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് കോച്ചിങ് സെന്റർ” കേരളത്തിൽ ശ്രദ്ധേയമാകുന്നത്. ‘ക്രിയ ‘ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് 2022-ൽ ഈ റെസിഡൻഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്.
ഐഎഎസ് അക്കാദമി ആരംഭിക്കാൻ ഇടയായ സാഹചര്യം വെളിപ്പെടുത്തിരിക്കുകയാണ് നജീബ് കാന്തപുരം. എംഎൽഎ ആയി വരുന്നതിന് മുൻപ് കണ്ട സ്വപ്നമാണ് ഐഎഎസ് അക്കാദമി എന്ന് അദ്ദേഹം പറയുന്നു. നിർധനരായ രക്ഷിതാക്കൾ അവരുടെ കുട്ടികൾക്ക് എങ്ങനെ വിദ്യാഭ്യാസം കൊടുക്കും എന്ന് പറഞ്ഞ് സമീപിച്ചിരുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് എങ്ങനെ ഏറ്റവും വലിയ പരീക്ഷകൾ വിജയിക്കുന്നതിനുള്ള പരിശീലനം കൊടുക്കാൻ സാധിക്കും എന്നത് ഒരു വെല്ലുവിളി ആയിരുന്നു.
ഇതിൽ നിന്നാണ് സൗജന്യ ഐഎഎസ് അക്കാദമി പിറവിയെടുത്തത്.
ഐ.എസ്.എസ് കോളേജ് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. മൂന്ന് വർഷം പിന്നിടുമ്പോൾ, കേരളത്തിൽ ഏറ്റവും കൂടുതൽ സിവിൽ സർവീസ് റിസൾട്ട് നേടുന്ന സ്ഥാപനങ്ങളിൽ ഒന്നായി ഈ അക്കാദമി മാറി. നിലവിൽ നൂറോളം വിദ്യാർത്ഥികൾ ഇവിടെ സൗജന്യമായി പഠിക്കുന്നുണ്ട്. ഇവിടെ നിന്ന് പരിശീലനം നേടിയ 64 പേർ ഇതിനോടകം സർവീസിൽ പ്രവേശിച്ചു. മികച്ച റിസൾട്ടുകളിലൂടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ചതിന്റെ ചാരിതാർഥ്യത്തിലാണ് ഇന്ന് ഈ ഐ.എ.എസ് അക്കാദമി.
