സ്വന്തം നിലപാടുകളിലൂടെയും പ്രവർത്തിയിലൂടെയും രാഷ്ട്രീയത്തിലെ വേറിട്ട മുഖമാണ് സി. കെ നാണുവെന്ന വടകരയുടെ സ്വന്തം നാണുവേട്ടൻ.വടകര മണ്ഡലത്തിൽ നിന്നും നിയമസഭയിലെത്തിയ അദ്ദേഹം നിരവധി പദവികളും ഒപ്പം വിവിധ വകുപ്പുകളിൽ മന്ത്രി സ്ഥാനവും അലങ്കരിച്ചിട്ടുണ്ട്.
എന്തുകൊണ്ട് മീഡിയക്ക് മുഖം കാണിക്കുന്നില്ല എന്ന ചോദ്യം പലപ്പോഴും അദ്ദേഹത്തിന് നേരെ ഉയരാറുണ്ട്. “ജനങ്ങളാണ് എന്റെ മീഡിയ “എന്ന ലളിതമായ മറുപടിയാണ് അതിനുള്ള ഉത്തരവും. പൊതുപ്രവർത്തനം എന്നാൽ സ്വന്തം കീശ നിറക്കാനുള്ള ഉപാധിയല്ല എന്ന് മനസ്സിലാക്കിയ ഒരു നേതാവ് എന്ന നിലയിലുള്ള പ്രവർത്തനങ്ങളാണ് രാഷ്ട്രീയത്തിലെ അദ്വിതീയനായ നേതാവാക്കി അദ്ദേഹത്തെ മാറ്റിയത്.
ഇപ്പോൾ രാഷ്ട്രീയത്തിൽ വരാൻ ഇടയായ സാഹചര്യം വ്യക്തമാക്കിയിരിക്കുകയാണ് സി. കെ നാണു. സാധാരണക്കാരനായിരുന്ന സി. കെ. നാണുവിന്റെ രാഷ്ട്രീയപ്രവേശം തികച്ചും ആകസ്മികമായിരുന്നു.രാഷ്ട്രീയത്തിലേക്കു തന്നെ കൊണ്ട് വന്നതിൽ പ്രധാന പങ്കു വഹിച്ചത് എക്സറെ വേണുഗോപാൽ ആണെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. കോൺഗ്രസിന് പണ്ടുകാലത്ത് പ്രസംഗികർ കുറവായിരുന്നു.തുടക്കത്തിൽ പ്രഭാഷണം നടത്തിയാണ് രാഷ്ട്രീയത്തിലേക്ക് വന്നത്.താൻ കോൺഗ്രസ് അനുകൂലിയാണെന്ന് മനസ്സിലാക്കി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം എന്ന് വേണുഗോപാൽ പറഞ്ഞു. തന്നെ വലിയ രാഷ്ട്രീയ പ്രവർത്തകനാക്കിയത് എല്ലാ പിന്തുണയും നൽകി കൂടെയുണ്ടായിരുന്ന വേണുഗോപാൽ ആണെന്നും അദ്ദേഹം ഓർമ്മിക്കുന്നു. രാഷ്ട്രീയത്തിലിറങ്ങിയപ്പോൾ അടിയന്തരാവസ്ഥയുടെ നാളുകളിൽ സി. കെ നാണുവിനെ ജയിൽവാസം വരെ അനുഭവിക്കേണ്ടി വന്നിരുന്നു.പിന്നീട് ഗാന്ധിയൻ ആദർശങ്ങളെ മുറുകെ പിടിച്ച യാത്രയിൽ പതിറ്റാണ്ടുകളോളം വടകരയുടെ ശബ്ദമായി അദ്ദേഹം മാറുകയായിരുന്നു.
