കതിവനൂർ വീരൻ വടക്കൻ കേരളത്തിലെ കളിയാട്ടങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നാണ്. മന്ദപ്പൻ എന്ന തിയ്യസമുദായക്കാരനായ യോദ്ധാവ് കുടകിലെത്തി യുദ്ധം ചെയ്യുന്നതും മരിച്ച ശേഷം ദൈവമായി മാറുന്നതുമാണ് കളിയാട്ടത്തിൻ്റെ ഇതിവൃത്തം. രണ്ടര ദിവസം കൊണ്ട് തോറ്റം പാട്ടിലൂടെയും തെയ്യത്തിലൂടെയും ഈ കഥ ആസ്വാദകരുടെ മനസ്സിൽ എത്തുന്നു. ‘വീരപുരുഷൻ’ എന്ന വിഭാഗത്തിലാണ് തെയ്യങ്ങളിൽ കതിവനൂർ വീരൻ വരുന്നത്. കതിവനൂർ വീരനെ മാത്രം ആരാധിക്കുന്ന ഒരു ക്ഷേത്രം കണ്ണൂരിലെ പയ്യന്നൂരുണ്ട്. തളിക്കാരൻ തറവാട് വകയാണ് ഈ ക്ഷേത്രം. ഇവിടെ ക്ഷേത്രത്തിൻ്റെ വകയായും ഭക്തരുടെ വകയായും കളിയാട്ടങ്ങൾ നടക്കുന്നു. സതീഷ് പെരുവണ്ണാനാണ് ഞങ്ങൾ കണ്ട കളിയാട്ടത്തിൽ കതിവനൂർ വീരനായി എത്തിയത്. വൈകിട്ട് അഞ്ചരയ്ക്ക് മന്ദപ്പനായി എത്തുന്ന കലാകാരൻ തോറ്റം പാട്ടിനൊപ്പം സംഭവകഥകൾ അഭിനയിച്ച് കാണിക്കുന്നു. രാത്രി പന്ത്രണ്ടുമണിക്കാണ് ഈ തെയ്യം ഏറ്റവും മനോഹരമായ കളരിയഭ്യാസ പ്രകടനങ്ങൾ കാഴ്ച വെക്കുന്നത്. വാൾപ്പയറ്റും ഉറുമിപ്പയറ്റും എല്ലാം കഴിയുമ്പോഴേക്കും ഒരുമണിയാവും. യുദ്ധത്തിൽ ചതിയിൽ മന്ദപ്പൻ കൊല്ലപ്പെടുന്നിടത്ത് ഈ കഥ അവസാനിക്കും. വീരമൃത്യുവിന് ശേഷം ദൈവമായി മാറി കതിവനൂർ വീരൻ എത്തും.
