തെരുവുനായ്ക്കളുടെ വർദ്ധിച്ചു വരുന്ന ആക്രമണങ്ങൾ സമൂഹത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. കേരളം തെരുവുനായ്ക്കളുടെ തട്ടകമായി മാറുമ്പോൾ, ഇവരുടെ പരാക്രമണത്തിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള നിരവധി പേർക്ക് ജീവൻ നഷ്ടമാവുന്ന ദാരുണമായ സാഹചര്യങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു.
ഈ വിഷയത്തിൽ ശക്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി ശ്രദ്ധേയനായ വ്യക്തിയാണ് ഐഎഎസ് ഉദ്യോഗസ്ഥനായ ബിജു പ്രഭാകർ. തെരുവുനായ്ക്കളെ സംബന്ധിച്ച അദ്ദേഹത്തിന്റെ നിലപാടുകൾ പലപ്പോഴും വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിതുറന്നിട്ടുണ്ട്.
സർക്കാർ സംവിധാനങ്ങൾ ഈ വിഷയത്തിൽ നിഷ്‌ക്രിയമാകാൻ കാരണം ശക്തമായ വാക്സിൻ ലോബികളുടെ സ്വാധീനമാണെന്ന് ബിജു പ്രഭകർ ഐഎഎസ് ആരോപിക്കുന്നു. ഈ ലോബികൾ സർക്കാരിൻ്റെ തീരുമാനങ്ങളെ സ്വാധീനിക്കുന്നു. അതിനാൽ തെരുവുനായ്ക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും നായകളുടെ എണ്ണം നിയന്ത്രിക്കാൻ ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നില്ല.
മനുഷ്യജീവന് വില നൽകിക്കൊണ്ട് തെരുവുനായ്ക്കളുടെ പ്രശ്നം പരിഹരിക്കുന്നതിൽ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ബിജു പ്രഭാകർ പറയുന്നു.
തെരുവുനായ്ക്കളെ മാറ്റുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഒരു ബെഞ്ച് പുറപ്പെടുവിച്ച വിധി പൂർണ്ണമായും പ്രായോഗികമല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡൽഹി പോലെയുള്ള ജനസാന്ദ്രതയേറിയ നഗരങ്ങളിൽ നിന്ന് നായ്ക്കളെ മാറ്റാൻ സ്ഥലമില്ല എന്നതാണ് ഇതിനു കാരണമായി അദ്ദേഹം പറയുന്നത്. എബിസി നിയമം ഉപയോഗിച്ചു തെരുവുനായ ശല്യം നിയന്ത്രിക്കാൻ കഴിയില്ലെന്നും നായ്ക്കളെ മാറ്റി പാർപ്പിക്കാനും അവയെ സംരക്ഷിക്കാനും വലിയ സാമ്പത്തിക ചെലവുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
