മോഹൻ സിത്താരയുടെ പാട്ടുകൾ ഇഷ്ടമില്ലാത്ത മലയാളികൾ ഉണ്ടാവില്ല. 1986- ൽ “ഒന്നു മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംഗീതസംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്. സ്വപനക്കൂട്,നമ്മൾ,
കരുമാടിക്കുട്ടൻ, രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി, കുഞ്ഞിക്കൂനൻ , ഇഷ്ടം,സദാനന്ദന്റെ സമയം, തന്മാത്ര തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
നിരവധി ഹിറ്റ് പാട്ടുകളിലൂടെ ചുരുങ്ങിയ കാലയളവിൽ മികച്ച മലയാളചലച്ചിത്രസംഗീതസംവിധായകരുടെ നിരയിലേക്ക് മോഹൻ സിത്താരയും സ്ഥാനം പിടിച്ചു.
സംഗീത സംവിധാനത്തിനൊപ്പം മോഹൻ സിത്താര ഒരു ഗായകൻ കൂടിയാണ്. അപ്രതീക്ഷിതമായാണ് സിനിമയിൽ പാട്ട് പാടേണ്ട സാഹചര്യം വന്നതെന്ന് അദ്ദേഹം പറയുന്നു.
കെ.ബി. മധു സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ദീപസ്തംഭം മഹാശ്ചര്യം. അതിലെ പ്രണയകഥ പാടി വന്നു തെന്നൽ… എന്ന ഗാനം നവഗായകരെ വെച്ച് പാടിക്കാൻ തീരുമാനിച്ചു.
ചിത്രത്തിലെ പാട്ടിന് ട്രാക്ക് പാടിയതാണ് മോഹൻ സിത്താര. അത് കേട്ട സംവിധായകൻ കെ.ബി. മധുവും പ്രൊഡ്യൂസറും അത് തന്നെ മതി എന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് മോഹൻ സിത്താരയുടെ ശബ്ദത്തിൽ പിറന്ന ഗാനം ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചു. സിനിമയുടെ വിജയത്തിനൊപ്പം ഈ ഗാനം വലിയ ഹിറ്റായി മാറുകയും ചെയ്തു.
