കേരളത്തിലെ പ്രതിപക്ഷം പ്രതിപക്ഷധര്‍മ്മം നിര്‍വഹിക്കുന്നില്ലെന്നും അവര്‍ നിഷ്ക്രിയരാണെന്നും രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു. ഭരണകക്ഷിയുടെ വീഴ്ചകളില്‍ പ്രതികരണം നടത്തുന്നതല്ലാതെ ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടായ ഒരു വിവാദം പോലും പ്രതിപക്ഷത്തിന് അര്‍ത്ഥവത്തായ പരിസമാപ്തിയില്‍ എത്തിക്കാന്‍ സാധിച്ചില്ല. കേസുകളായി മാറുമ്പോള്‍ പ്രതിപക്ഷം പോരാട്ടം ഉപേക്ഷിക്കുന്നു. അന്വേഷണങ്ങള്‍ മന്ദഗതിയിലാകുന്നത് പോലും ചോദ്യം ചെയ്യപ്പെടുന്നില്ല എന്നും അദ്ദേഹം ആരോപിക്കുന്നു.
ഒരു പ്രതികരണം കൊടുക്കുക എന്നതില്‍ പ്രതിപക്ഷധര്‍മ്മം തീരുന്നു. ഇതിനപ്പുറം സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ അത് കുറച്ചു ദിവസമേ നിലനില്‍ക്കൂ എന്ന് മനസ്സിലാക്കിയാണ് ഭരണകൂടം പ്രവര്‍ത്തിക്കുന്നത്. ഇത് പ്രതിപക്ഷത്തിന്റെ ബലഹീനതയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
കോട്ടയത്ത് ആശുപത്രികെട്ടിടം വീണു വീട്ടമ്മ മരിച്ച സംഭവത്തില്‍ അവര്‍ക്ക് നേരിട്ട അനീതിക്കെതിരെ പ്രതിപക്ഷം വേണ്ട രീതിയില്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഇത്തരം സാഹചര്യങ്ങളില്‍ പ്രതികരിക്കേണ്ടത് പ്രതിപക്ഷ ത്തിന്റെ ഉത്തരവാദിത്വം ആണ്. വീണ ജോര്‍ജിനെ പോലെ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യാന്‍ പ്രാപ്തി ഇല്ലാത്ത ഒരു മന്ത്രി വേറെ ഒരു വകുപ്പില്‍ ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരാളിന് ഉത്തരവാദിത്വം എന്തെന്ന് പഠിപ്പിക്കാന്‍ പോലും പ്രതിപക്ഷത്തിന് സാധിച്ചില്ലെങ്കില്‍ എന്തിനാണ് രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്നത് എന്നും അദ്ദേഹം ചോദിക്കുന്നു.
മുന്‍പ് സി.പി.എം. പ്രതിപക്ഷത്തിരുന്നപ്പോള്‍ ഇതിലും മെച്ചപ്പെട്ട രീതിയില്‍ പ്രതിപക്ഷധര്‍മ്മം നിര്‍വഹിച്ചിരുന്നു. ഇപ്പോള്‍ പിണറായി സര്‍ക്കാരിനെ മടുക്കുമ്പോള്‍ ജനം തങ്ങളെ തിരഞ്ഞെടുത്തോളും എന്ന നിഷ്ക്രിയമായ കാത്തിരിപ്പിലാണ് പ്രതിപക്ഷമുള്ളതെന്നും ശ്രീജിത്ത് പണിക്കര്‍ തുറന്നടിക്കുന്നു.
