അര്‍ജന്റീന ടീം കേരളത്തിലേക്കില്ല എന്ന വാര്‍ത്ത കേട്ട് നിരാശരായ ആരാധര്‍ക്ക് പ്രതീക്ഷക്ക് വകയുണ്ട്.വിഷയത്തില്‍ ചാപ്റ്റര്‍ ഫോറിനു നല്കിയ ആഭിമുഖത്തില്‍ പ്രതികരിച്ചി രിക്കുകയാണ് സ്പോര്‍ട്സ് ജേര്‍ണലിസ്റ്റായ കമാല്‍ വരദൂര്‍. 2014 -ല്‍ ബ്രസീല്‍ ലോകകപ്പിന്റ സമയത്ത് മെസ്സിയെ അഭിമുഖം നടത്താന്‍ കമാല്‍ വരദൂറിന് അവസരം ലഭിച്ചിരുന്നു.
നവംബറില്‍ അര്‍ജന്റീന ടീം കൊച്ചിയില്‍ കളിക്കും എന്നായിരുന്നു സര്‍ക്കാരും സ്പോണ്‍സറും അറിയിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ മെസ്സി വരില്ല എന്ന അഭിപ്രായം പങ്കുവെച്ച കമാല്‍ വരദൂറിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇതിനിടയിലാണ് നവംബറില്‍ അംഗോളയുമായാണ് സൗഹൃദ മത്സരമെന്നും ടൂറിലെ ഏക സൗഹൃദ മത്സരമാണ് ഇതെന്നും അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) വ്യക്തമാക്കിയത്. പിന്നീട് സ്പോണ്‍സറും നവംബറില്‍ അര്‍ജന്റീന ടീം കേരളത്തിലേക്ക് ഇല്ലെന്ന കാര്യം സ്ഥിരീകരിക്കുകയായിരുന്നു.ഈ സാഹചര്യത്തില്‍ മെസ്സി വരില്ല എന്ന അഭിപ്രായം പങ്കുവെച്ചതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് കമാല്‍ വരദൂര്‍.
ഇവിടെനിന്ന് നേരിട്ട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി നിയമപരമായി ബന്ധപ്പെടാന്‍ പറ്റില്ല. അതിന് ചട്ടപ്രകാരമുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്. ആദ്യം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ബന്ധപ്പെടണം, അവരുടെ കൂടിയാലോചനയില്‍ ലെറ്റര്‍ ഫിഫയിലേക്ക് പോകും.ഫിഫ അംഗീകരിച്ചാല്‍ സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുക, പിന്നീട് ഫിഫ സ്റ്റേഡിയം പരിശോധിച്ചാല്‍ കളി നടക്കും ഇതാണ് ചട്ട പ്രകാരമുള്ള മാര്‍ഗം. എന്നാല്‍ ഇവിടെ നിന്നും മെസ്സിയിലേക്ക് പോയ വഴി തെറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മെസ്സി വരുന്നു എന്ന കാര്യം ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷന് പോലും അറിയില്ല. നിയമവ്യവസ്ഥകള്‍ അനുസരിച്ചല്ല മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതെന്നും മാഡ്രിഡിന് പകരം മന്ത്രി പോവേണ്ടിയിരുന്നത് അര്‍ജന്റീനയുടെ ഫുട്ബോള്‍ അസോസിയേഷന് ഉള്ള ബ്യൂണസ് അയേഴ്സ് ലേക്ക് ആയിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പിന്നീട് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് 100 കോടി രൂപ കൊടുത്തു എന്ന് പറഞ്ഞു സ്പോണ്സര് വന്നു, പക്ഷെ അതിന് എന്ത് തെളിവ് ആണുള്ളതെന്നും കമാല്‍ വരദൂര്‍ ചോദിക്കുന്നു.കൂടാതെ ഫിഫ അംഗീകാരമുള്ള സ്റ്റേഡിയം ഒരുക്കാന്‍ 70 കോടികൊണ്ട് സാധിക്കില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
