സമകാലിക രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പ് ആണെന്ന് തുറന്ന് കാട്ടി ശ്രീജിത്ത് പണിക്കര്‍. സ്ത്രീ പക്ഷമാണെന്ന് വാദിച്ചുകൊണ്ട് ഇരട്ടതാപ്പ് കാണിക്കുന്ന കോണ്‍ഗ്രസിന്റെ മുഖം മൂടി അദ്ദേഹം
അഴിച്ചിടുന്നു. ഇടതുപക്ഷത്തിന്റെ സ്വാതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചു വന്ന മുകേഷ് എംഎല്‍എ ക്ക് നേരെ പീഡനാരോപണം ഉയര്‍ന്നപ്പോള്‍ രാഹുല്‍ മാങ്കുട്ടം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. മുകേഷ് എംഎല്‍എയുടെ വീട്ടിലേക്കും ഓഫീസിലേക്കും ആദ്യം മാര്‍ച്ച് നടത്തിയത് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസുമാണ്. അന്ന് മഹിളാ കോണ്‍ഗ്രസിന്റെ സ്റ്റേറ്റ് അധ്യക്ഷയായ ജെബി മേത്തര്‍ പറഞ്ഞത് ‘ സ്ത്രീ പീഡനകനായ ഒരാള്‍ നിയമസഭയില്‍ ഇരിക്കാന്‍ പാടില്ല എന്നാണ്. ഈ അഭിപ്രായം പറഞ്ഞ ജെബി മേത്തര്‍ രാഹുല്‍ മാങ്കുട്ടത്തിന് നേരെ പീഡനാരോപണം ഉയര്‍ന്നപ്പോള്‍ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ശ്രീജിത്ത് പണിക്കര്‍ ചോദിക്കുന്നു. മുകേഷിനെ എംഎല്‍എ സ്ഥാനത്ത് നിന്നും മാറ്റുന്നത് വരെ കോണ്‍ഗ്രസ് അടങ്ങില്ല എന്ന് പറഞ്ഞ രാഹുല്‍ സ്വന്തം കേസില്‍ എന്ത് നിലപാട് ആണ് സ്വീകരിച്ചതെന്നും അദ്ദേഹം തുറന്നടിക്കുന്നു.
അതിനോടൊപ്പം എമ്പുരാന്‍, കേരള സ്റ്റോറി, എന്നീ സിനിമകളില്‍ ബിജെപിയുടെ ഡബിള്‍ സ്റ്റാന്‍ഡും ശ്രീജിത്ത് പണിക്കര്‍ തുറന്ന് കാട്ടുന്നു. കേരള സ്റ്റോറി രാഷ്ട്രീയ ആയുധമാക്കി പ്രയോഗിച്ച് സിനിമക്ക് പിന്തുണ നല്‍കിയ ബിജെപി, എമ്പുരാന്‍ ഇറങ്ങിയപ്പോള്‍ പ്രകടിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും അദ്ദേഹം ചൂണ്ടികാണിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്രം ഭരണഘടന ഉറപ്പ് നല്‍കുന്നതാണ്. എമ്പുരാനില്‍ ഉള്ളത് ഇത്തരത്തിലുള്ള ആവിഷ്‌കാര സ്വാതന്ത്രം മാത്രമാണെന്നും ശ്രീജിത്ത് പണിക്കര്‍ അഭിപ്രായപ്പെടുന്നു.
കേരള സ്റ്റോറിയില്‍ പറയുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങുന്നതിനു മുന്‍പ് മുഖ്യമന്ത്രിയും മറ്റ് ഇടതുപക്ഷ നേതാക്കളും സമ്മതിച്ചതാണ്. എന്നാല്‍ കേരള സ്റ്റോറി എന്ന സിനിമ ഇറങ്ങിയപ്പോള്‍ അതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വരുന്നു. സിനിമയുടെ ട്രെയിലറില്‍ ഐഎസില്‍ ചേര്‍ന്നവരുടെ നമ്പര്‍ കൂട്ടി കാണിച്ചു എന്ന് സിനിമയുടെ സംവിധായകന്‍ സമ്മതിച്ചതാണെന്നും അത് ട്രെയിലറില്‍ മാത്രമാണ് കാണിച്ചത്തെന്നും സിനിമയില്‍ അങ്ങനെ ഒരു പരാമര്‍ശം നടത്തിയില്ല എന്നും ശ്രീജിത്ത് പണിക്കര്‍ ചൂണ്ടികാണിക്കുന്നു. സിനിമയിലെ ‘ലൗവ് ജിഹാദ് ‘എന്ന വാക്കിനെക്കാള്‍ പ്രശ്‌നം സിനിമയില്‍ പറയുന്ന കാര്യം ഇവിടെ നടന്നിട്ടുണ്ടോ എന്നതിനാണെന്നും അദ്ദേഹം പറയുന്നു.
