നാട് ഓടുമ്പോള്‍ നടുവേ ഓടണം എന്ന പൊതുധാരണയെ തിരുത്തിക്കുറിച്ചുകൊണ്ട് ജീവിക്കുന്ന അതുല്യകലാകാരനാണ് പ്രേം കുമാര്‍ വടകര.തന്റെ ജീവിതരീതിയിലൂടെയും സംഗീതത്തിലൂടെയും വ്യത്യസ്തനും നാട്ടുകാര്‍ക്ക് പ്രിയങ്കരനുമാണ് സംഗീത അധ്യാപകന് കൂടിയായ പ്രേം കുമാര്‍.
ഒരു ദിവസം 25 പേര്‍ക്കെങ്കിലും പേന നല്കുന്ന മനുഷ്യന്, ആരെങ്കിലും മരിച്ചാല്‍ അവരുടെ ചരമ പേജുകള്‍ പോലും നോട്ടുബുക്കില്‍ ഒട്ടിച്ച് സൂക്ഷിക്കുന്ന,പരിചയക്കാരുടെ വിശേഷദിനങ്ങളും സാധാരണ ദിനങ്ങളും പോലും കൃത്യമായി ഓര്‍ത്തുവയ്ക്കുന്ന, ഈ കാലഘട്ടത്തില്‍ വാട്സാപ്പ് ഉപയോഗിക്കാതെ ബന്ധങ്ങള്‍ പരിപാലിക്കുന്ന അതുല്യമായ ശീലങ്ങള്‍ അദ്ദേഹത്തിനുണ്ട്.
നൂറുകണക്കിന് ഗാനങ്ങള്‍ക്ക് സംഗീതം നല്കിയ പ്രേം കുമാര്‍ അത്രത്തോളം ഗാനങ്ങള്‍ വേദികളില്‍ പാടി കൈയ്യടി നേടിയ കലാകാരനാണ്. 1995 മുതല്‍ 20 വര്‍ഷം വടകരയിലെ സ്കൂള്‍ കലോത്സവങ്ങളില്‍ സമ്മാനാര്‍ഹമായ ഗാനങ്ങളില്‍ ഏറെയും പ്രേംകുമാറിന്റെതായിരുന്നു.
ആകാശവാണിക്ക് വേണ്ടി ഒട്ടേറെ ഗാനങ്ങള്‍ ഒരുക്കിയ പ്രേം കുമാര്‍ ഒട്ടേറെ കുട്ടികള്‍ക്ക് സൗജന്യമായി സംഗീതം പകര്ന്നുനല്കിയിട്ടുണ്ട്.സംഗീതത്തോട് താല്പര്യമുള്ള ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഗീതം പറഞ്ഞു കൊടുക്കാന്‍ സദാസന്നദ്ധനുമാണ് വടകരയുടെ സ്വന്തം പ്രേമേട്ടന്.
