കോഴിക്കോട് കളക്ടര്‍ ആയിരിക്കുമ്പോള്‍ നടത്തിയ ജനകീയ പ്രവര്‍ത്തങ്ങളും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളുമാണ് പ്രശാന്ത് നായര്‍ എന്‍. എന്ന ഐഎഎസ് ഓഫീസറെ കളക്ടര്‍ ബ്രോ ആക്കി മാറ്റിയത്.
‘ഓപ്പറേഷന് സുലൈമാനി’ അടക്കമുള്ള പദ്ധതികളുമായി പ്രശാന്ത് ജനമനസ്സില്‍ ഇടം നേടി. ഒപ്പം അദ്ദേഹം വഹിച്ച പദവികളിലെല്ലാം വിവാദങ്ങളും വിടാതെ പിന്തുടര്ന്നിരുന്നു.എം.കെ.രാഘവന് എംപിയുമായി നടത്തിയ പോരാട്ടവും ഏറ്റവും ഒടുവില്‍ ചീഫ് സെക്രട്ടറി എ.ജയതിലകുമായി ഉണ്ടായ തര്‍ക്കവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
എം.പി. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട നടന്ന പ്രശ്നത്തില്‍ തനിക്കെതിരായ വാര്‍ത്താക്കുറിപ്പിന്റെ പേരില്‍ കളക്ടര്‍ മാപ്പുപറയണമെന്ന് എം.കെ. രാഘവന് ആവശ്യപ്പെട്ടിരുന്നു. ഇതിന് കുന്ദംകുളത്തിന്റെ മാപ്പ് അദ്ദേഹം ഫെയ്സ്ബുക്കില്‍ പോസ്റ്റുചെയ്തത് വിവാദമായിരുന്നു. എസ് സി, എസ് ടി ഉന്നമനത്തിനായി തുടങ്ങിയ ‘ഉന്നതി’ പദ്ധതിയുമായി ബന്ധപ്പെട്ട് സിഇഒ ആയിരുന്ന എന്‍.പ്രശാന്തിനെതിരെ അഡീ. ചീഫ് സെക്രട്ടറി എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.തുടര്‍ന്ന് എ. ജയതിലകിന്റെ ചിത്രം സഹിതം നല്‍കികൊണ്ടാണ് പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചത്. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നു എന്ന ചോദ്യത്തിന് ‘മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്ത രോഗി ജയതിലക് തന്നെ’ എന്നായിരുന്നു പ്രശാന്ത് ഫേസ്ബുക്ക് കമന്റിന് മറുപടി നല്‍കിയത്.
ഇതിനെല്ലാം ഒരു സിനിമ സ്റ്റൈല്‍ മറുപടിയാണ് അദ്ദേഹം നല്‍കിയത്. തനിക്കെതിരെ വരുന്ന ആരോപങ്ങളില്‍ എങ്ങനെ പ്രതികരിക്കണം എന്നത് സ്വന്തം ഇഷ്ടമാണെന്നും അഭിപ്രായത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സിനിമയുമായി ബന്ധപ്പെടുത്തി പറയുന്നതിലൂടെ കാര്യം കൂടുതല്‍ വ്യക്തമായി ആളുകളിലേക്ക് എത്തിക്കാന്‍ സാധിക്കും എന്നാണ് എന്‍. പ്രശാന്ത് പറയുന്നത്. മാനത്തെ കൊട്ടാരം എന്ന സിനിമയില്‍ നിന്ന് ‘കുന്ദംകുളം മാപ്പ് ‘മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ‘മാടമ്പള്ളിയിലെ ചിത്തരോഗി’ എന്നീ പരാമര്‍ശങ്ങളായിരുന്നു അദ്ദേഹം നടത്തിയത്. തുടര്‍ന്ന് ഈ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. എന്നാല്‍ ഈ രീതിയിലൂടെ തന്നെ ആരാധകരെ നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
