വെറുതെ ട്രൈ ചെയ്തു, കിട്ടിയത് പട്ടുറുമാലില്‍! മനസ്സ് തുറന്ന് ഫാത്തിമത്തൂല്‍ ഫാദിയ

മാപ്പിളപ്പാട്ടിനെ നെഞ്ചോട് ചേര്‍ത്തുവെക്കുന്ന മൊഞ്ചന്മാരുടെയും മൊഞ്ചത്തിമാരുടെയും സ്വപ്നവേദിയാണ് പട്ടുറുമാല്‍.കിട്ടാന്‍ ഭാഗ്യം വേണമെന്ന് കരുതിയിരുന്ന റിയാലിറ്റി ഷോയിലേക്ക് വെറുതെ ഒന്ന് ട്രൈ ചെയ്തതാണ് ഫാത്തിമത്തൂല്‍ഫാദിയ. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് പട്ടുറുമാലിലെ ഓഡിഷനെക്കുറിച്ച് കേള്‍ക്കുന്നത്. ഈ വിവരം അറിയിച്ചതും പാട്ടുപാടാന്‍ പ്രോത്സാഹിപ്പിച്ചതും ഉമ്മയാണ്. ഓഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ മൂന്ന് മെലഡിയിലുള്ള പാട്ടുകള്‍ പാടി അയച്ചുകൊടുക്കണം.പാട്ട് റെക്കോര്‍ഡ് ചെയ്തിട്ട് അയച്ചെങ്കിലും മറുപടിയൊന്നും വന്നില്ല.പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ തിരൂരിൽ വെച്ച് നടക്കുന്ന ഫൈനല്‍ ഓഡിഷന് വരണം എന്ന് പറഞ്ഞ് സന്ദേശം വന്നു.അങ്ങനെ ഫൈനല്‍ ഓഡിഷന് പങ്കെടുക്കണം എന്ന ആവേശത്തില്‍ ഫാദിയ പാട്ട് പഠിക്കാന്‍ തുടങ്ങി.കലോത്സവത്തിന് ഒന്നാം സ്ഥാനം കിട്ടിയ പാട്ടായിരുന്നു ഓഡിഷന് പാടിയിരുന്നത്.ഒടുവില്‍ ആ പാട്ട് കൊണ്ടെത്തിച്ചത് പട്ടുറുമാലിന്റെ വേദിയില്‍ ആയിരുന്നു. പട്ടുറുമാല്‍ എന്ന ജനകീയ റിയാലിറ്റി ഷോയില്‍തിളങ്ങിനിന്നിരുന്ന പട്ടുറുമാലിലെ പാട്ടുകാരിക്ക് ഇനി ഒരു ആഗ്രഹം കൂടിയുണ്ട് ബാക്കി. സിനിമയില്‍ പാടണം. പട്ടുറുമാല്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള യാത്രയിലാണിപ്പോള്‍ ഫാത്തിമത്തൂല്‍ ഫാദിയ.
വൈബൊരുക്കി എംഎല്‍എ,വടകര ഇനി വൈബ് ഓണ്‍ ഫയര്‍

വടകര മണ്ഡലത്തില്‍ കുട്ടികള്‍ക്കായി വ്യത്യസ്തമായ എന്തെങ്കിലും പദ്ധതി നടപ്പാകണമെന്ന എംഎല്‍എയുടെ ആഗ്രഹത്തില്‍ തെളിഞ്ഞ പദ്ധതിയാണ് ‘വൈബ്’.കെ. കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി ഇന്ന് കുട്ടികളുടെ വൈബ് ആയി മാറിയിരിക്കുകയാണ്. കുട്ടി വൈബ് മുതല്‍ കലാ പ്രോത്സാഹനം വരെയുള്ള വിവിധ പദ്ധതികള്‍ വൈബിന്റെ കുടക്കീഴിലുണ്ട്. എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്കായുള്ള പ്രത്യേക പരിശീലന ക്ലാസുകള്‍,എന്‍.എം.എം.എസ്. പോലുള്ള ദേശീയ പരീക്ഷാ പരിശീലന പരിപാടികള്‍,സെന്‍ട്രല്‍ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന പരീക്ഷയായ സി.യു.ഇ.ടി. ട്രെയിനിങ് പ്രോഗ്രാം,എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കായി ആപ്റ്റിറ്റിയൂഡ് ക്ലാസുകള്‍ എന്നിവയും വൈബൊരുക്കുന്നു. കൂടാതെ, പ്ലസ് വണ്‍ ഏകജാലകപ്രവേശനത്തിനുള്ള അപേക്ഷാ രീതികളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും പ്രത്യേക ക്ലാസുകള്‍ നല്‍കുന്നതിനും എല്ലാ വര്‍ഷവും ഉന്നത വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന ചടങ്ങുകളും ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി പ്രത്യേക വേദിയൊരുക്കാനും വൈബിലൂടെ സാധിച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി പദ്ധതികള്‍ വൈബിലൂടെ കുട്ടികള്‍ക്ക് മുന്നില്‍ എത്തിക്കഴിഞ്ഞു.ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ മികച്ച വൈബുള്ള സംഘാടകരാണുള്ളത്.സംഘാടകര്‍ ചേര്‍ന്നുള്ള കൂട്ടായ ആലോചനയിലൂടെ ഇന്ന് വ്യത്യസ്തമായ പദ്ധതികളാണ് ഇതിലൂടെ നടപ്പിലാക്കി വരുന്നത്.