“പീലാണ്ടി’’ എന്ന അവധൂതന്‍…

കുഞ്ഞേട്ടന് അട്ടപ്പാടിയുമായി ഉണ്ടായിരുന്ന ബന്ധത്തിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്. അട്ടപ്പാടിയില്‍ പുഴയുടെ വക്കിലുള്ള സ്ഥലത്താണ് കുഞ്ഞേട്ടന്‍ വാഴ കൃഷി തുടങ്ങിയത്.നല്ല മണ്ണും ശുദ്ധജലവുമുള്‍പ്പെടെ കൃഷിക്ക് അനുയോജ്യമായ ഇടമായിരുന്നു അവിടം.അങ്ങനെ വാഴയൊക്കെ നന്നായി തെളിഞ്ഞു വന്നു.ആഴ്ചയില്‍ രണ്ട് പ്രാവശ്യം കുഞ്ഞേട്ടന്‍ അവിടെ പോകും.എന്നിട്ട് പണിയൊക്കെ നോക്കി വേണ്ട നിര്‍ദ്ദേശങ്ങള്‍ നൽകും.ഇങ്ങനെയുള്ള ദിവസങ്ങളില്‍ പുഴയില്‍ കുളിക്കും പിന്നെ രാത്രികളില്‍ അവിടെ തങ്ങും. അവിടെയുള്ള ജോലിക്കാരില്‍ ഒരാളായിരുന്നു പീലാണ്ടി എന്നു പേരുള്ള ഒരു വയോധികന്‍. മീന്‍പിടുത്തം ആയിരുന്നുപീലാണ്ടിയുടെ ഇഷ്ട വിനോദം.രാത്രിയായാല്‍ ഒരു ആറേഴ് കിലോമീറ്ററില്‍ പുഴയുടെ വക്കിലൂടെ പീലാണ്ടി നടക്കും.എന്നിട്ട് ചൂണ്ടല്‍ കെട്ടിയിടും.അതിരാവിലേ പോയിട്ട് ചൂണ്ടല്‍ ശേഖരിക്കും.അതില്‍ കുടുങ്ങിയ മത്സ്യങ്ങള്‍ പിന്നീട് വില്‍പ്പന നടത്തും.കച്ചവടകാര്‍ക്ക് രാവിലെ പുഴമത്സ്യം വേണമെങ്കിൽ പീലാണ്ടിയെ കണ്ടാല്‍ മതി എന്നുള്ള സ്ഥിതി വന്നു. പീലാണ്ടിക്ക് ആവശ്യമായ കാശ് കിട്ടിയാല്‍ ബാക്കി മത്സ്യങ്ങളെല്ലാം വെറുതെ കൊടുക്കും.ഇതിനൊപ്പം മദ്യം കഴിക്കുന്നതും പീലാണ്ടിയുടെ ഇഷ്ട വിനോദം ആയിരുന്നു.പീലാണ്ടിക്ക് ഭാര്യയും രണ്ട് മക്കളും ആണുള്ളത്.ഇടയ്ക്ക് ഭാര്യയുടെയും മക്കളുടെയും അടുത്ത് പോവും പിന്നെ അവധൂതനായിട്ട് അങ്ങനെ നടക്കും.ഇതിനൊപ്പം രണ്ട് മൂരികളെ കൂടി പീലാണ്ടി വളര്‍ത്തിയിരുന്നു.ഇങ്ങനെ അയാള്‍ സന്തോഷവാനായി കഴിഞ്ഞുകൂടി. ഒരു ദിവസം ആരോ വന്ന് പീലാണ്ടിയോട് ഈ മൂരികളെ കൊടുക്കുന്നുണ്ടോ എന്ന് ചോദിച്ചു.ആദ്യം മടിച്ചു വേണ്ടാന്ന് പറഞ്ഞെങ്കിലും പുല്ലരിയലും ഇവയെ നോക്കലും എല്ലാം കൂടി ആലോചിച്ചിട്ട് പീലാണ്ടി അതിന് സമ്മതിച്ചു.രണ്ട് മൂരികളും കൂടി 32,000 രൂപയ്ക്ക് കച്ചവടമാക്കി. ഒരുമുണ്ട് മാത്രമാണ് പീലാണ്ടിയുടെ വേഷം.മുണ്ടിന്റെ മടക്കിക്കുത്തില്‍ പീലാണ്ടിയുടെ മുറുക്കാന്‍ പൊതിയും ചൂണ്ടക്കൊളുത്തുകളുമുണ്ടാവും.അങ്ങനെ പീലാണ്ടിയുടെ എല്ലാമായിട്ടുള്ള സര്‍വ്വസ്വവും ഈ മടക്കിക്കെട്ടിലാണുള്ളത്.കാശ് എവിടെ വെക്കും എന്ന ആലോചനയിലായി പിലാണ്ടി. ഒടുവിൽ മുണ്ടിന്റെ മടക്കിക്കുത്തില്‍ തന്നെ വെച്ചു.വൈകുന്നേരം ചൂണ്ടയിടാന്‍ പുഴയിലേക്ക് പോയപ്പോഴാണ് ഇതിന്റെ അപകടം മനസിലായത്. വെള്ളത്തിലിറങ്ങാന്‍ വയ്യ, കാശ് നനയും.എവിടെയെങ്കിലും ചാടി പോകുമെന്നുള്ള പേടിയായി പിന്നീട്.ഇടയ്ക്കിടയ്ക്ക് മടി തപ്പി നോക്കും.പീലാണ്ടിക്ക് മീന്‍ പിടിക്കാന്‍ ചൂണ്ടല്‍ കെട്ടാന്‍ പോലും സാധിച്ചിരുന്നില്ല.ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ പോലും പറ്റിയില്ല.ധാരാളം ചിരിച്ച് സംസാരിച്ചിരുന്ന പീലാണ്ടി ആരോടും ഒന്നും സംസാരിക്കാതെയായി.എല്ലാവരും എന്താ പീലാണ്ടിക്ക് പറ്റിയത് എന്ന ചിന്തയിലായി.അന്ന് വൈകുന്നേരം കുഞ്ഞേട്ടന്‍ കൃഷി നോക്കാന്‍ വേണ്ടിയിട്ട് അട്ടപ്പാടിയില്‍ ചെന്നു.അപ്പോള്‍ പീലാണ്ടി കെട്ടിയുണ്ടാക്കിയ ഷെഡില്‍ കയറി വന്നു.സാധാരണ ഒരുപാട് സംസാരിക്കുന്നപിലാണ്ടി അന്ന് ഒന്നും മിണ്ടിയില്ല.സാധാരണ എത്ര വൈകിയാലും വീട്ടില്‍ പോകുന്ന ആളാണ് കാരണം അവിടെ രണ്ടു മൂരികളുണ്ട്. അവയ്ക്ക് തിന്നാന്‍ കൊടുക്കണം വെള്ളം കാണിക്കണം.ഇതിനൊക്കെ ആയി വീട്ടില്‍ പോണം.പീലാണ്ടിക്ക് ഭാര്യയെയും മക്കളെക്കാളും ഇഷ്ടം മൂരികളോട് ആയിരുന്നു. പീലാണ്ടിയുടെ കൈവശത്തില്‍ ഒരു ചീനിക്കുഴല്‍ ഉണ്ടായിരുന്നു.ആദിവാസികളുടെ ഇടയില്‍ ആരെങ്കിലും മരിച്ചാല്‍ നാല്‍പ്പത്തിയൊന്നാം ദിവസം ചീരണി എന്ന് പറഞ്ഞിട്ട് ഒരു ചടങ്ങുണ്ട്. അത് വായിക്കാന്‍ വിദഗ്തന്‍ ആയിരുന്നു പീലാണ്ടി.രാത്രി ആയപ്പോൾ പീലാണ്ടി അത്വായിക്കുകയാണ്.ഒരു വിഷാദ സ്വരമായിരുന്നു ആ ഗാനത്തിന്.പിറ്റേന്ന് പണിക്കും പീലാണ്ടി ചെന്നിരുന്നില്ല. ആഴ്ചകള്‍ക്കിപ്പുറം കുഞ്ഞേട്ടന്‍ പീലാണ്ടിയെ കണ്ടത് അതീവ സന്തോഷവാനായിട്ടാണ്.ഇങ്ങനെ സന്തോഷവാനാവാനുള്ള കാരണം രാജന്‍ എന്ന് പറയുന്ന കാര്യസ്ഥനോട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്.പീലാണ്ടിയുടെ പ്രശ്നം മൂരിയെ വിറ്റ കാശ് ആയിരുന്നു.അങ്ങനെ പീലാണ്ടി കാര്യം തീരുമാനിച്ചു.എങ്ങനെ എങ്കിലും കാശ് ഒഴിവാക്കാം.ആനക്കട്ടിയിലെഓരോരുത്തര്‍ക്കും അവിടെ പീലാണ്ടിയുടെ പരിചയത്തിലും പരിചയമില്ലാത്തവര്‍ക്കും പീലാണ്ടി കള്ള് വാങ്ങി കൊടുത്തു. പീലാണ്ടിയും ധാരാളം കുടിച്ചു.തിരിച്ചുപോരാന്‍ അഞ്ചിന്റെ പൈസ ഇല്ലാതിരുന്ന പീലാണ്ടി.തലേദിവസം കള്ള് വാങ്ങി കൊടുത്ത ആരുടെയോ എടുത്ത് നിന്ന് 15രൂപ കടം വാങ്ങി ഗൂളിക്കടവില്‍ക്ക് തിരിച്ചു. അന്ന് വൈകുന്നേരം പുഴയില്‍ വീണ്ടും ചൂണ്ടയിടാന്‍ തുടങ്ങി.ഇങ്ങനെ ആരെയും അത്ഭുതപ്പെടുത്തുന്ന ഒരു മനുഷ്യനായിരുന്നു അദ്ദേഹം. കുഞ്ഞേട്ടന്‍ കൃഷിചെയ്യാന്‍ ഇവിടെ എത്തിയത് തന്നെ 5000 വാഴവെച്ച്കാശുണ്ടാക്കാന്‍ വേണ്ടിയല്ലെ? സമ്പത്തും സന്തോഷവും തമ്മിലുള്ള ദൂരം എത്രയാണെന്ന് പീലാണ്ടി എന്ന വയോധികന്‍ കാണിച്ചുതരുന്നു.വാഴത്തോപ്പിലെ ജോലിക്കാരനില്‍ നിന്നും, പുഴയിലെ മീന്‍പിടുത്തക്കാരനില്‍ നിന്നും ജീവിതത്തിന്റെ വലിയൊരു തത്വശാസ്ത്രം തന്നെ അദ്ദേഹം പഠിപ്പിച്ചു തരുന്നുണ്ട് ഈ കഥയില്‍…