ഗാന്ധര്‍വ്വം;പ്രശസ്ത എഴുത്തുകാരി മായ കൃഷ്ണന്റെ ബാല്യകാല സ്മരണകളിലൂടെ..

ഓര്‍മ്മകളുടെ ചില്ലുകൂടുകളില്‍, മണ്ണുകൊണ്ട് മെനഞ്ഞെടുത്ത ആ പഴയ നാലുകെട്ടിന് ഇന്നും മണ്ണിന്റെ ഗന്ധമുണ്ട്. മായ കൃഷ്ണന്റെ തൂലികയിലൂടെ നമ്മള്‍ എത്തിച്ചേരുന്നത് കാടാമ്പുഴയിലെ ‘അച്ചിപ്ര’ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലേക്കാണ്. അവിടെ, ആ വലിയ തറവാട്ടിലെ നിശബ്ദമായ ഇടനാഴികളില്‍ ഒറ്റപ്പെട്ടുപോയ പത്തുവയസ്സുകാരിയുടെ ലോകത്തേക്ക്..അവര്‍ കുട്ടിക്കാലം ചെലവഴിച്ചത് കാടാമ്പുഴയിലെ അച്ചിപ്ര എന്ന് പറയുന്ന ഒരു ഉള്‍നാടന്‍ ഗ്രാമപ്രദേശത്തായിരുന്നു. അവിടെയായിരുന്നു മായ കൃഷ്ണന്റെ തറവാട് വീട്. അച്ഛനും അമ്മയും കുഞ്ഞനിയനും അച്ഛമ്മയും അച്ഛന്റെ ചേച്ചിയും മകനും ആയിരുന്നു ആ തറവാട്ടില്‍ ഉണ്ടായിരുന്നത്.ഈ ആള്‍ക്കാരുമായിട്ട് പ്രായം കൊണ്ടോ മനസ്സുകൊണ്ടോ പൊരുത്തപ്പെട്ടു പോകാന്‍ ആ പത്തുവയസ്സുകാരിക്ക് സാധിച്ചില്ല.അതുകൊണ്ടുതന്നെ ആ പെണ്‍ക്കുട്ടി പതുക്കെ ഇരുട്ടിലേക്ക് ഒതുങ്ങിപ്പോവാന്‍ തുടങ്ങി. വര്‍ഷങ്ങളോളം പഴക്കമുളള ആ തറവാടിന്റെ ഏറ്റവും വലിയ അത്ഭുതം, അത് ഉണ്ടാക്കിയിരിക്കുന്നത് മണ്ണ് കൊണ്ടാണ് എന്നതാണ്. ആ നാലുകെട്ട് മണ്ണ് മാത്രമാണ്. കയറിച്ചെല്ലുമ്പോള്‍ വലിയൊരു പൂമുഖം, അത് കഴിഞ്ഞിട്ട് ഉള്ളിലേക്ക് കടക്കുമ്പോള്‍ ഒരു നടുമുറ്റത്തിന്റെ ചുറ്റുമായിട്ട് തെക്കിനിത്തറയും വടക്കിനി കോലായയും അടുക്കളക്കെട്ടും.മുകളിലെ മുറിയില്‍ ആയിരുന്നു ആ പെണ്‍ക്കുട്ടി കിടന്നിരുന്നത്.അവിടെ തല ഉയര്‍ത്തി നിന്നിരുന്ന ഒരു കുറ്റന്‍ പാലമരം ഉണ്ടായിരുന്നു.അവിടേക്ക് പോവാന്‍ അച്ഛമ്മ അവളെ അനുവദിച്ചിരുന്നില്ല.അങ്ങോട്ട് പോകരുത്, അവിടെ ഗന്ധര്‍വ്വനുണ്ട്.’അച്ഛമ്മയുടെയും അമ്മായിയുടെയും വാക്കുകളില്‍ പേടിയേക്കാള്‍ കൗതുകമായിരുന്നു. ‘സുന്ദരികളെ തേടി വരുന്ന ഗന്ധര്‍വ്വന്റെ നോട്ടം ഏറ്റാല്‍ പിന്നെ മറ്റൊരു പുരുഷനെയും ഇഷ്ടപ്പെടില്ല’ എന്ന അമ്മായിയുടെ മുന്നറിയിപ്പ് ആ കൊച്ചു മനസ്സില്‍ വലിയൊരു മാന്ത്രികലോകം തന്നെ സൃഷ്ടിച്ചു. ഒരിക്കൽ ഒരു കാലൻ കോഴിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോള്‍ വളരെ വിശിഷ്ടമായ ഒരു കാഴ്ചയാണ് അവള്‍ കണ്ടത്.ആകാശത്തോളം ഉയര്‍ന്നു നില്‍ക്കുന്ന ആ പാലയുടെ ഏറ്റവും മുകളില്‍ ഉണ്ടായിരുന്ന ഒരു കൊമ്പില്‍, കാല്‍മേല്‍ കാല്‍ കേറ്റി വെച്ചിട്ട്, വെളുത്ത പട്ടുടുത്ത, കഴുത്തില്‍ ഒരു വെളുത്ത തോര്‍ത്ത് കവച്ചിട്ട, അതിസുന്ദരനായ ഒരു പുരുഷന്‍ തന്നെ നോക്കുന്നതും ചിരിക്കുന്നതും…പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം തൃശ്ശൂരിലെ മങ്ങാട്ട് വീട്ടിലേക്ക് പറിച്ചുനട്ട ആ ജീവിതവും തിരഞ്ഞത് ആ പഴയ ഗന്ധര്‍വ്വനെയാണ്. പക്ഷേ, അപ്പോഴേക്കും ആ പാലമരം വെട്ടിമാറ്റപ്പെട്ടിരുന്നു.എന്നാൽ അവളുടെ ഹൃദയത്തിൽ നിന്നും ആ ഗന്ധർവ്വനെ പറിച്ചുകളയാൻ കഴിഞ്ഞിരുന്നില്ല…