ഒരു ദുരൂഹ സാഹചര്യത്തില്‍;ത്രില്ലറല്ല, ആക്ഷനും കോമഡിയും ചേര്‍ന്നൊരു പക്കാ ഫാമിലി പാക്കേജ്!

‘ഒരു ദുരൂഹ സാഹചര്യത്തില്‍ ‘ എന്ന് കേള്‍ക്കുമ്പോള്‍ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണെന്ന് കരുതിയോ? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി! മലയാള സിനിമയുടെ പുത്തന്‍ പരീക്ഷണങ്ങളുമായെത്തിയ ഈ ചിത്രം ഒരു പക്കാ എന്റര്‍ടൈന്‍മെന്റ് ആണ്.മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്ന് നിര്‍മിച്ചിരിക്കുന്നത്.വമ്പന്‍ പ്രൊഡക്ഷന്‍ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയപിക്‌ചേഴ്‌സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വയനാട്ടിലെ തിരുനെല്ലിയുടെ പശ്ചാത്തലത്തിലാണ് കഥ.അവിടുത്തെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാക്കുന്ന സ്വാധീനമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.ആദ്യ പകുതിയില്‍ രസകരമായ ജീവിത നിമിഷങ്ങളാണെങ്കില്‍, രണ്ടാം പകുതി ആക്ഷനും സസ്‌പെന്‍സും നിറഞ്ഞ വഴികളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തില്‍ നിസ്സഹായനായ ‘നിഷ്‌കു’ സേതുവായിട്ടാണ് ചാക്കോച്ചന്‍ അഭിനയിക്കുന്നത് ഒപ്പം മാനസിക വെല്ലുവിളികള്‍ നേരിടുന്ന മധുവിന്റെ വേഷത്തില്‍ ദിലീഷ് പോത്തനും മികച്ച പ്രകടനം കാഴ്ചവെക്കുന്നു.ഇവര്‍ക്കൊപ്പം മഞ്ഞുമ്മല്‍ ബോയ്സിന്റെ സംവിധായകന്‍ ചിദംബരം അര്‍മിയാസെന്നയും സജിന്‍ ഗോപു, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ്,രാജേഷ് മാധവന്‍, ഷാഹി കബീര്‍, പി.പി. കുഞ്ഞികൃഷ്ണന്‍, ദിവ്യ രതീഷ് പൊതുവാള്‍ എന്നീ താരങ്ങളും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാതല സംഗീതവും ചിത്രത്തിന്റെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതാണ്. ഫാമിലിയായി പോയി ധൈര്യമായി ടിക്കറ്റ് എടുത്ത് ആവോളം രസിക്കാന്‍ പറ്റിയ ഒരു പക്കാ എന്റര്‍ടൈന്‍മെന്റാണ് ചിത്രം എന്നതില്‍ സംശയം വേണ്ട.

ഡിജിറ്റൽ ദുർമന്ത്രവാദത്തിനും അന്ത്യം! അന്ധവിശ്വാസ നിരോധന നിയമം വരുന്നു

കേരളത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമനിർമ്മാണ നടപടികൾ പുരോഗമിക്കുകയാണ്. ശാരീരിക പീഡനങ്ങൾ മാത്രമല്ല, സോഷ്യൽ മീഡിയയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് നടത്തുന്ന വ്യാജ ‘അത്ഭുത’ പ്രചാരണങ്ങളും ഇനി നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടും. ഹൈക്കോടതി നിർദേശത്തെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതി, സമൂഹത്തിന് ഹാനികരമായ 34 ആചാരങ്ങളെയാണ് നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ ശുപാർശ ചെയ്തിരിക്കുന്നത്. അനാചാരങ്ങളുടെ സ്വഭാവവും തീവ്രതയും അടിസ്ഥാനമാക്കി അവയെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് വിലയിരുത്തിയിട്ടുണ്ട്. അതീവ ഗുരുതരമായ കുറ്റങ്ങളിൽ നരബലി, ആചാരങ്ങളുടെ പേരിൽ ശാരീരികമായി മുറിവേൽപ്പിക്കൽ, ജീവനോടെ അടക്കം ചെയ്യൽ, ശ്വാസം മുട്ടിക്കൽ തുടങ്ങിയ ക്രൂരകൃത്യങ്ങൾ ഉൾപ്പെടുന്നു. രോഗശാന്തിയുടെയോ ആചാരങ്ങളുടെയോ മറവിൽ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾക്കും കടുത്ത ശിക്ഷ നിർദേശിച്ചിട്ടുണ്ട്. മിതമായ പീഡനങ്ങളുടെ വിഭാഗത്തിൽ, ബാധയൊഴിപ്പിക്കൽ എന്ന പേരിൽ മർദ്ദനവും ശാരീരിക ഉപദ്രവവും, ചികിത്സ വൈകിപ്പിക്കൽ, ആഭിചാര ക്രിയകൾക്കായി ലഹരി നൽകൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ആചാരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവയും നിയമപരമായി കുറ്റകരമാക്കപ്പെടും. സാമ്പത്തിക ചൂഷണവും ഡിജിറ്റൽ തട്ടിപ്പും ഉൾപ്പെടുന്ന വിഭാഗത്തിൽ, അമാനുഷിക ശക്തിയുണ്ടെന്ന് അവകാശപ്പെട്ട് പണം തട്ടൽ, ബ്ലാക്ക് മാജിക് വഴി രോഗശാന്തി വാഗ്ദാനം ചെയ്യൽ, നിധി വാഗ്ദാനം, ‘അനുഗ്രഹ’ വസ്തുക്കളുടെ വിൽപന തുടങ്ങിയ പ്രവർത്തനങ്ങൾ നിരോധിക്കും. ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വ്യാജ അത്ഭുതങ്ങൾ പ്രചരിപ്പിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പുതിയ നിയമപ്രകാരം കുറ്റകരമാകും. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും വേർതിരിക്കുന്നതിൽ ഉണ്ടായിരുന്ന ആശയക്കുഴപ്പം മുൻപ് ഇത്തരം നിയമങ്ങൾ നടപ്പിലാക്കുന്നതിൽ തടസ്സമായിരുന്നു. എന്നാൽ ഇത്തവണ വ്യക്തമായ മാനദണ്ഡങ്ങളോടെയാണ് സമിതി മുന്നോട്ട് പോകുന്നത്. മതസംഘടനകൾക്കും പൊതുജനങ്ങൾക്കും ഈ മാസം 27-വരെ നിയമപരിഷ്‌കരണ കമ്മീഷനോട് അവരുടെ അഭിപ്രായങ്ങൾ അറിയിക്കാനുള്ള അവസരവും നൽകിയിട്ടുണ്ട്. സാക്ഷരകേരളത്തിലും നരബലിയും ദുർമന്ത്രവാദ തട്ടിപ്പുകളും ആവർത്തിക്കുന്ന സാഹചര്യത്തിൽ, ഡിജിറ്റൽ കാലത്തിനനുസരിച്ചുള്ള ഈ നിയമം സമൂഹത്തിന് കൂടുതൽ സുരക്ഷ നൽകുന്ന നിർണായക ഇടപെടലായി മാറുമെന്നാണ് വിലയിരുത്തൽ.

ഐപിഎൽ ഇന്ന് പതറുന്ന മുംബൈയും കുതിക്കുന്ന ഗുജറാത്തും;

2026 ഐപിഎല്ലിലെ ആവേശകരമായ ഒരു പോരാട്ടത്തിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. പോയിന്റ് പട്ടികയിൽ നിലവിൽ പത്താം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസും ആറാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഈ മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്. ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച അവർക്ക് ടൂർണമെന്റിൽ തിരിച്ചുവരാൻ ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്. മറുവശത്ത് തുടർച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ എത്തുന്ന ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് ഇന്നത്തെ മത്സരത്തിലും വിജയം ആവർത്തിച്ച് ആദ്യ നാല് സ്ഥാനങ്ങളിൽ ഇടംപിടിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വന്തം തട്ടകമായ അഹമ്മദാബാദിലെ പിച്ചിൽ കളിക്കുന്നതിന്റെ മുൻതൂക്കം ഗുജറാത്തിനുണ്ടാകും. മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ പ്രധാന ചർച്ചാവിഷയം മുൻ നായകൻ രോഹിത് ശർമ്മയുടെ ഫിറ്റ്‌നസ് ആണ്. ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ രോഹിത് നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ രോഹിത്തിന് പകരം കളിച്ച ക്വിന്റൺ ഡി കോക്ക് തകർപ്പൻ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ഡി കോക്കിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനായി സീനിയർ പേസർ ട്രെന്റ് ബോൾട്ടിനെ ബെഞ്ചിലിരുത്തിയത് ബോളിംഗ് നിരയുടെ കരുത്ത് കുറച്ചോ എന്ന സംശയവും ഉയരുന്നു. തോൽവികൾക്ക് പിന്നിലെ കാരണം വ്യക്തമാകുന്നില്ലെന്ന് നായകൻ ഹാർദിക് പാണ്ഡ്യ തന്നെ സമ്മതിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഇപ്പോൾ ശുഭകരമാണ്. സീസണിന്റെ തുടക്കത്തിൽ ചില പതർച്ചകൾ ഉണ്ടായെങ്കിലും ശുഭ്മാൻ ഗില്ലിന്റെ മികച്ച ഫോമും റാഷിദ് ഖാന്റെ ബോളിംഗ് പ്രകടനവും ടീമിനെ വിജയവഴിയിലേക്ക് തിരികെ എത്തിച്ചു. സായ് സുദർശൻ, മുഹമ്മദ് സിറാജ് എന്നിവരുടെ പ്രകടനവും ടൈറ്റൻസിന് കരുത്താകുന്നു. ഇന്ന് രാത്രി 7:30-ന് ആരംഭിക്കുന്ന ഈ പോരാട്ടം പോയിന്റ് പട്ടികയിലെ നിലപാടുകൾ മാറ്റിമറിക്കാൻ സാധ്യതയുണ്ട്. ജയിച്ചാൽ മുംബൈയ്ക്ക് ആശ്വാസം ലഭിക്കുമ്പോൾ, ഗുജറാത്തിന് അത് പ്ലേ ഓഫ് സാധ്യതകൾ കൂടുതൽ ശക്തമാക്കാനുള്ള അവസരമാകും.

ആ പഴയ യക്ഷി തിരിച്ചുവരുന്നു! സുരേഷ് ഗോപി ചിത്രത്തിലൂടെ മേഘ്‌ന രാജ് വീണ്ടും മലയാളത്തിലേക്ക്.

വിനയൻ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് മേഘ്‌ന രാജ്. പിന്നീട് നിരവധി ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളത്തിൽ തിളങ്ങിയ താരം ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുകയാണ്. സുരേഷ് ഗോപി നായകനാകുന്ന ‘ഒറ്റക്കൊമ്പൻ’ എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന തന്റെ രണ്ടാം വരവ് അറിയിക്കുന്നത്.വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെയും വേദനകളെയും അതിജീവിച്ച് വീണ്ടും സജീവമാകുന്ന മേഘ്‌നയെ വലിയ ആവേശത്തോടെയാണ് സിനിമാലോകം വരവേൽക്കുന്നത്. “സിനിമയിൽ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തതായിരുന്നു, ഇപ്പോൾ സുരേഷ് ഗോപി സാറിന്റെ ചിത്രത്തിലൂടെ വീണ്ടും തിരികെ വരുന്നു” എന്ന് താരം തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ‘ഒറ്റക്കൊമ്പൻ’ ഒരു മാസ്സ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. പ്രിയതാരത്തെ വീണ്ടും മലയാള സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.