തൃക്കരിപ്പൂരിലെ ഗ്രൂപ്പ് കളിയില്‍ സന്ദീപ് വാര്യരെ എക്‌സിറ്റ് അടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.

ഇലക്ഷന് പിന്തുണച്ച ആളോടുള്ള നന്ദി സൂചകമായി, ജയിച്ചു കയറിയ ഉടനെ തന്നെ ‘ഗ്രൂപ്പ് കളിച്ച്’ കളം നിറയാന്‍ നോക്കിയ സന്ദീപിന് കിട്ടിയതാകട്ടെ എട്ടിന്റെ പണിയാണ്.വി.ഡി. സതീശന്‍ കഷ്ടപ്പെട്ട് വഴി വെട്ടിത്തെളിച്ച് വണ്ടിയില്‍ കയറിയിരുന്നപ്പോള്‍, കെ. സി ഓവര്‍ടേക്ക് ചെയ്താല്‍ എങ്ങനെ ഇരിക്കും?അതാണ് ഇവിടെയും സംഭവിച്ചത്. അങ്ങനെ മുഖ്യമന്ത്രി കസേരയിലേക്കുള്ള വടംവലി യുഡിഎഫ് രാഷ്ട്രീയത്തില്‍ അപ്രതീക്ഷിത പോര്‍മുഖം തുറക്കുകയാണ്. കെ.സി. വേണുഗോപാലിനെ പിന്തുണച്ചുകൊണ്ടുള്ള സന്ദീപ് വാര്യരുടെ നീക്കങ്ങള്‍ക്കെതിരെ അണികള്‍ക്കിടയില്‍ കടുത്ത രോഷമാണ് പുകയുന്നത്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം കടുത്തതോടെ യുഡിഎഫ് ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പ് തന്നെ അഡ്മിന് പിരിച്ചുവിടേണ്ടി വന്നു. ‘തൃക്കരിപ്പൂരിന്റെ മണ്ണില്‍ ഗ്രൂപ്പ് കളി അനുവദിക്കില്ല’ എന്ന ശക്തമായ താക്കീതാണ് പ്രവര്‍ത്തകര്‍ സന്ദീപ് വാര്യര്‍ക്ക് നല്‍കുന്നത്.തകര്‍ന്നുപോയ യുഡിഎഫിനെ വിജയവഴിയില്‍ തിരിച്ചെത്തിച്ച വി.ഡി. സതീശനോടാണ് തങ്ങള്‍ക്ക് കടപ്പാടെന്നും, കെ.സിക്കുവേണ്ടിയുള്ള സന്ദീപിന്റെ നിലപാട് രാഷ്ട്രീയ വഞ്ചനയാണെന്നും ഗ്രൂപ്പില്‍ വിമര്‍ശനം ഉയര്‍ന്നു.സന്ദീപ് മത്സരിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിട്ടാണെന്നും അല്ലാതെ കെ.സിയുടെ വ്യക്തിപരമായ താല്പര്യപ്രകാരമല്ലെന്നും പ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിച്ചു.സന്ദീപ് വാര്യര്‍ കെ.സി പക്ഷത്തെ പിന്തുണയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് സൈബര്‍ ഇടങ്ങളില്‍ പ്രതിഷേധം ഇരമ്പിയത്. ‘ജയിച്ചുകയറിയ ശേഷം ഗ്രൂപ്പ് കളിച്ച് അധികാരത്തിലെത്താന്‍ നോക്കുന്നോ?’ എന്ന ചോദ്യമാണ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. വാട്‌സാപ്പ് ഗ്രൂപ്പ് ‘എക്‌സിറ്റ്’ചര്‍ച്ചകള്‍ കൈവിട്ടുപോകുമെന്നുറപ്പായതോടെയാണ് തൃക്കരിപ്പൂര്‍ മണ്ഡലം യുഡിഎഫ് ഗ്രൂപ്പ് പിരിച്ചുവിട്ടത്. എന്നാല്‍ ന്യായീകരണം കേട്ടാല്‍ ആരും ഒന്ന് ചിരിച്ചുപോകും.’തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ, അതുകൊണ്ട് ഗ്രൂപ്പ് ഡിലീറ്റ് ചെയ്തതാ!’ എന്തൊരു ടൈമിംഗ്!ഇതൊക്കെ വിശ്വസിക്കാന്‍ മാത്രം ബുദ്ധിയുള്ളവര്‍ കേരളത്തില്‍ ഉണ്ടോ?എങ്കിലും, സന്ദീപ് വാര്യരുടെ ‘ഗ്രൂപ്പ് മാറ്റം’ മണ്ഡലത്തിലെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചിരിക്കുന്നത്.

ടി.സി.എസ് നാസിക് യൂണിറ്റിലെ പീഡന പരാതി: ദേശീയ വനിതാ കമ്മിഷൻ റിപ്പോർട്ട്‌

നാസിക്കിലെ ടാറ്റാ കൺസൾട്ടൻസി സർവീസസ് (TCS) യൂണിറ്റിൽ വനിതാ ജീവനക്കാർ നേരിടേണ്ടി വന്ന ഗുരുതരമായ തൊഴിലിട പീഡനങ്ങളെക്കുറിച്ച് ദേശീയ വനിതാ കമ്മിഷൻ (NCW) പുറത്തുവിട്ട റിപ്പോർട്ട് ഐടി മേഖലയെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. ചെയർപേഴ്സൺ വിജയ രഹത്കറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച വസ്തുതാന്വേഷണ സമിതിയാണ് ഈ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയത്. ജോലിസ്ഥലത്തെ അതിക്രമങ്ങൾ, ഭീഷണിപ്പെടുത്തൽ, അധികാര ദുർവിനിയോഗം എന്നിവയ്‌ക്കൊപ്പം നിലവിലുള്ള നിയമപരമായ സംരക്ഷണങ്ങളുടെ നഗ്നമായ ലംഘനവും അവിടെ നടന്നതായി സമിതി നിരീക്ഷിച്ചു. നിരവധി ജീവനക്കാരുടെ പരാതികൾ ഉയർന്നതിനെത്തുടർന്ന് കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സമിതി അംഗങ്ങൾ നേരിട്ട് നാസിക് സന്ദർശിച്ച് പരാതിക്കാരായ വനിതാ ജീവനക്കാരുമായും പോഷ് (POSH) നിയമപ്രകാരമുള്ള ആഭ്യന്തര സമിതി അംഗങ്ങളുമായും പോലീസ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തി. ലൈംഗിക അതിക്രമങ്ങൾക്കും മാനസിക പീഡനങ്ങൾക്കും പുറമെ, അധികാരത്തിലുള്ള ചില വ്യക്തികൾ ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും സമിതി കണ്ടെത്തി. പ്രത്യേകിച്ച് ജെൻസീ (Gen Z) വിഭാഗത്തിൽപ്പെട്ട യുവതികളെയാണ് പ്രതികൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഇവരെ വേഗത്തിൽ സ്വാധീനിക്കാൻ കഴിയുമെന്ന സാഹചര്യം മുതലെടുത്ത് വൈകാരികമായും മാനസികമായും പീഡിപ്പിക്കുന്ന രീതിയാണ് അവിടെ നിലനിന്നിരുന്നത്. തൊഴിലിടത്തിലെ സമാധാനപരമായ അന്തരീക്ഷം തകർക്കുന്ന വിധത്തിൽ മതപരമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും നിന്ദിക്കുന്ന പരാമർശങ്ങൾ ഉണ്ടായതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചില വനിതാ ജീവനക്കാർക്ക് ജോലി തുടരാൻ പ്രയാസകരമായ വിധത്തിൽ നിർബന്ധിതവും അസ്വസ്ഥത നിറഞ്ഞതുമായ തൊഴിൽ സാഹചര്യമാണ് ഇതുമൂലം സൃഷ്ടിക്കപ്പെട്ടത്. തങ്ങൾക്കെതിരെ തൊഴിൽപരമായ പ്രതികാര നടപടികൾ ഉണ്ടായേക്കുമെന്ന ഭയവും പരാതി നൽകിയാൽ കൃത്യമായ പരിഹാരം ലഭിക്കില്ലെന്ന അവിശ്വാസവും കാരണം പല ജീവനക്കാരും ഇത്തരം അതിക്രമങ്ങൾ പുറത്തുപറയാൻ മടിച്ചിരുന്നുവെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നു എന്ന കണ്ടെത്തൽ സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇത് തെളിവുകൾ നശിപ്പിക്കാനോ മറച്ചുവെക്കാനോ ഉള്ള ബോധപൂർവമായ ശ്രമമാണോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ലൈംഗിക അതിക്രമം, അധികാര ദുർവിനിയോഗം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കർശനമായ അന്വേഷണം നടത്തണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. കൂടാതെ, പരാതി നൽകിയവർക്കും സാക്ഷികൾക്കും നേരെ യാതൊരുവിധത്തിലുള്ള ഭീഷണികളും ഉണ്ടാകാതിരിക്കാൻ ആവശ്യമായ സംരക്ഷണം നൽകണമെന്നും അധികാരികളോട് കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്ലേ ഓഫ് മോഹങ്ങളുമായി ടൈറ്റൻസും സൺറൈസേഴ്സും

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുമ്പോൾ ഐപിഎൽ പ്ലേ ഓഫ് പോരാട്ടം അതിന്റെ ആവേശകരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ടൂർണമെന്റ് നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങവെ, പ്ലേ ഓഫ് സാധ്യതകൾ ഉറപ്പിക്കാനും കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിലനിർത്തുന്ന ആധിപത്യം തുടരാനുമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. സീസണിന്റെ തുടക്കത്തിലും മധ്യത്തിലും ചില പരാജയങ്ങൾ നേരിട്ടെങ്കിലും, തുടർച്ചയായ നാല് വിജയങ്ങളുമായി മികച്ച ഫോമിലാണ് ഗുജറാത്ത് ടൈറ്റൻസ് ഈ മത്സരത്തിന് ഇറങ്ങുന്നത്. ഗുജറാത്തിന്റെ ബാറ്റിംഗ് കരുത്ത് പരിശോധിച്ചാൽ അവരുടെ ആദ്യ മൂന്ന് ബാറ്റർമാരായ സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ടീമിനായി ഈ സീസണിൽ പിറന്ന റൺസിന്റെ 67 ശതമാനവും ഈ മൂവർ സംഘത്തിന്റെ സംഭാവനയാണ്. മധ്യനിരയിൽ വാഷിംഗ്ടൺ സുന്ദർ ബാറ്റിംഗിൽ ഫോമിലേക്ക് ഉയർന്നതും ഓൾറൗണ്ടർ ജേസൺ ഹോൾഡറുടെ വരവും ടീമിന് വലിയ ബാലൻസ് നൽകുന്നുണ്ട്. അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് വിക്കറ്റുകൾ വീഴ്ത്തിയ ഹോൾഡർ ഗുജറാത്തിന്റെ ബൗളിംഗ് നിരയെ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. ബൗളിംഗ് വിഭാഗത്തിൽ റാഷിദ് ഖാൻ തന്റെ പഴയ താളം കണ്ടെത്തിയത് ഗുജറാത്തിന് ആശ്വാസകരമാണ്. പവർപ്ലേ ഓവറുകളിൽ മുഹമ്മദ് സിറാജും കാഗിസോ റബാഡയും ചേർന്ന് നടത്തുന്ന മികച്ച പ്രകടനം എതിരാളികളെ സമ്മർദ്ദത്തിലാക്കുന്നുണ്ട്. മറുവശത്ത്, സൺറൈസേഴ്സ് ഹൈദരാബാദ് സീസണിലെ മോശം തുടക്കത്തിന് ശേഷം ഗംഭീരമായ തിരിച്ചുവരവാണ് നടത്തിയത്. ആദ്യ നാല് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച അവർ, പിന്നീട് കളിച്ച ഏഴ് മത്സരങ്ങളിൽ ആറിലും വിജയിച്ച് പ്ലേ ഓഫ് മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിക്കഴിഞ്ഞു. ഹൈദരാബാദിന്റെ ബാറ്റിംഗിൽ ഹെൻറിച്ച് ക്ലാസൻ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ എന്നിവർ 400 റൺസിലധികം നേടി മികച്ച ഫോമിലാണ്. ട്രാവിസ് ഹെഡ് കൂടി താളം കണ്ടെത്തിയത് അവരുടെ കരുത്ത് വർദ്ധിപ്പിക്കുന്നു. ബൗളിംഗിൽ ഇഷാൻ മലിംഗ, സാക്കിബ് ഹുസൈൻ എന്നീ യുവതാരങ്ങൾ നൽകുന്ന പിന്തുണയും പാറ്റ് കമ്മിൻസിന്റെ നേതൃത്വവുമാണ് ഹൈദരാബാദിന്റെ കുതിപ്പിന് പിന്നിലെ പ്രധാന ഘടകം. ഒപ്പം നിതീഷ് കുമാർ റെഡ്ഡിയുടെ ബൗളിംഗിലെ പുരോഗതി ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു.ചരിത്രം പരിശോധിച്ചാൽ സൺറൈസേഴ്സിനെതിരെ ഗുജറാത്ത് ടൈറ്റൻസിനാണ് മുൻതൂക്കം. ഇരു ടീമുകളും ആറ് തവണ ഏറ്റുമുട്ടിയപ്പോൾ അഞ്ചിലും ജയം ഗുജറാത്തിനൊപ്പമായിരുന്നു. കൂടാതെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇതുവരെ ഒരു വിജയം പോലും സ്വന്തമാക്കാൻ സൺറൈസേഴ്സിന് കഴിഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ സീസണിൽ അഹമ്മദാബാദിലെ പിച്ചിൽ പേസർമാർക്ക് ലഭിക്കുന്ന മുൻതൂക്കം കണക്കിലെടുക്കുമ്പോൾ, പവർപ്ലേ ഓവറുകളിലെ പോരാട്ടമായിരിക്കും ഈ മത്സരത്തിന്റെ ഗതി നിശ്ചയിക്കുക.

സംവിധായകന്‍ തന്നെ വില്ലന്‍!കൗതുകമുണര്‍ത്തി കറുപ്പ് ട്രെയിലര്‍

സൂര്യയുടെ മാസ് എന്‍ട്രിയും ആര്‍ജെ ബാലാജിയുടെ വില്ലനിസവും കൂട്ടിന് തമിഴകത്തിന്റെ തൃഷയും ഒന്നിക്കുമ്പോള്‍ തിയേറ്ററുകളില്‍ ആവേശം തിരയടിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഡ്രീം വാരിയര്‍ പിക്‌ചേഴ്‌സിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന കറുപ്പിന് 20 വര്‍ഷത്തിന് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.ഒപ്പം തമിഴകത്തില്‍ തരംഗമാവുന്ന സായ് ആഭ്യങ്കറിന്റെ മ്യൂസിക്കും ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ത്തുന്നു. ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്, വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു.ചിത്രം മേയ് 14-ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും.

തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ്; ആദ്യ 24 മണിക്കൂറിനുള്ളിൽ വിപ്ലവകരമായ തീരുമാനങ്ങൾ

തമിഴ്നാട് രാഷ്ട്രീയത്തിൽ പുത്തൻ അധ്യായം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ് മുഖ്യമന്ത്രിയായി ചുമതലയേറ്റു. അധികാരമേറ്റ് ആദ്യ 24 മണിക്കൂർ തികയുന്നതിന് മുമ്പ് തന്നെ ജനകീയവും കർശനവുമായ നിരവധി തീരുമാനങ്ങളാണ് പുതിയ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടം, സൗജന്യ വൈദ്യുതി തുടങ്ങി തമിഴ്നാടിന്റെ സാമൂഹിക-സാമ്പത്തിക ഘടനയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രഖ്യാപനങ്ങളാണ് പുറത്തുവരുന്നത്.ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന ടാസ്മാക് (TASMAC) മദ്യശാലകൾക്കെതിരെയാണ് വിജയ് സർക്കാരിന്റെ ആദ്യത്തെ വലിയ നീക്കം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന 717 ടാസ്മാക് ഔട്ട്‌ലെറ്റുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇതിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്തും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിക്കുന്നത്. പൊതുജനക്ഷേമം മുൻനിർത്തിയാണ് ഈ അടിയന്തര നടപടിയെന്ന് സർക്കാർ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മദ്യശാലകൾക്ക് പുറമെ പാൻ മസാല ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾക്കെതിരെയും സർക്കാർ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ലഹരി മാഫിയയെ അടിച്ചമർത്താൻ പഴയ പോലീസ് സംവിധാനത്തിൽ മാറ്റം വരുത്തി പ്രത്യേക സ്ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ലഹരി വസ്തുക്കൾ വിൽക്കുന്ന കേന്ദ്രങ്ങളിൽ സ്പെഷ്യൽ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ ഒറ്റദിവസം കൊണ്ട് ടൺ കണക്കിന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ജനങ്ങളുടെ സുരക്ഷയ്ക്കും യുവതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാനും വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെ തീരുമാനം. സാധാരണക്കാരായ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമാണ് സൗജന്യ വൈദ്യുതി. തമിഴ്നാട്ടിലെ ഓരോ കുടുംബത്തിനും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന് അധികാരമേറ്റ് ഉടൻ തന്നെ നടപ്പിലാക്കിയത് ജനങ്ങൾക്കിടയിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അധികാരമേറ്റ് ആദ്യ ദിനങ്ങളിൽ തന്നെ ഈ ഉത്തരവുകൾ പുറത്തിറങ്ങി എന്നത് മുഖ്യമന്ത്രി എന്ന നിലയിൽ വിജയ് നൽകുന്ന ‘ആക്ഷൻ മോഡ്’ വ്യക്തമാക്കുന്നു.തമിഴ്നാടിന്റെ ഭാവി വികസനത്തിന് ഈ തീരുമാനങ്ങൾ വലിയ കരുത്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തമിഴ്നാട് വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ഈ പ്രാരംഭ നടപടികൾ സൂചിപ്പിക്കുന്നു.

മലയാള സിനിമയിലെ ഹാസ്യത്തിന് എക്കാലത്തും ഒരു സുവർണ്ണകാലമുണ്ടായിരുന്നു.

മലയാള സിനിമയിലെ ഹാസ്യത്തിന് എക്കാലത്തും ഒരു സുവർണ്ണകാലമുണ്ടായിരുന്നു. കിലുക്കവും തെങ്കാശിപ്പട്ടണവും ഗോഡ്ഫാദറുമൊക്കെ ഇന്നും നമ്മുടെ പ്രിയപ്പെട്ട സിനിമകളായി നിലനിൽക്കുന്നത് അതിലെ തമാശകൾക്കപ്പുറം, ആ സിനിമകൾ സമ്മാനിച്ച ‘ഡയലോഗ് സുപ്രീമസി’ കൊണ്ടുകൂടിയാണ്. സിനിമ കണ്ട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയാലും, സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യുമ്പോഴോ വീട്ടിലിരിക്കുമ്പോഴോ ആവർത്തിച്ച് പറയാൻ പറ്റുന്ന നൂറുകണക്കിന് ഡയലോഗുകൾ ആ സിനിമകൾ നമുക്ക് നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ എവിടെ നോക്കിയാലും ‘മോഹിനിയാട്ടം’ എന്ന സിനിമയെക്കുറിച്ചുള്ള ചർച്ചകളാണ്. തിയേറ്റർ റിലീസ് സമയത്ത് വാഴ 2 വിൻ്റെ ഹെപ്പ് കാരണം  ശ്രദ്ധ ലഭിക്കാതെ പോയെങ്കിലും, ഇപ്പോൾ OTT-യിൽ എത്തിയതോടെ കഥയാകെ മാറി. ‘വാഴ’യെക്കാൾ വലിയ സ്വീകാര്യതയാണ് ഒടിടിയിൽ ഈ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയ ഫീഡുകൾ മുഴുവൻ ഈ സിനിമയെക്കുറിച്ചുള്ള പോസിറ്റീവ് റിവ്യൂകൾ കൊണ്ട് നിറയുമ്പോൾ, ഒരിടവേളയ്ക്ക് ശേഷം മലയാളികൾക്ക് ലഭിച്ച പക്കാ ‘ഡയലോഗ് സുപ്രീമസി’ ചിത്രമാണിതെന്ന് നിസംശയം പറയാം. പണ്ട് കിലുക്കവും വെട്ടവും കണ്ടു ചിരിച്ചതുപോലെ, ഓർത്തോർത്ത് ചിരിക്കാൻ പറ്റുന്ന കൗണ്ടറുകൾ കൊണ്ടാണ് ഈ സിനിമ ഓരോ പ്രേക്ഷകന്റെയും ഉള്ളിൽ കയറിക്കൂടിയത്. നായകന്റെ അച്ഛൻ ഭരതൻ നായരും സുഹൃത്തുക്കളും ചേർന്ന് പണം ഉണ്ടാക്കാൻ വേണ്ടി വ്യാജമായി നിർമ്മിക്കുന്ന  ‘ആര്യങ്കാവ് ക്ഷേത്രത്തെ’ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം വികസിക്കുന്നത്. ഇത്തരമൊരു പ്രമേയം കൈകാര്യം ചെയ്യുമ്പോഴും വിശ്വാസികൾക്ക് ഒട്ടും കോട്ടം തട്ടാത്ത രീതിയിൽ, അങ്ങേയറ്റം ബുദ്ധിപരമായ തിരക്കഥയിലൂടെയാണ് ഈ ‘വ്യാജ ക്ഷേത്രത്തിന്റെ’ കഥ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ തുടക്കം മുതൽ ക്ലൈമാക്സ് വരെ ആവേശം ഒട്ടും ചോരാതെ നിൽക്കുന്ന തിരക്കഥയിൽ ഏകദേശം 51 പഞ്ച് ഡയലോഗുകളും 15-ഓളം ഗംഭീര സിനിമാ റഫറൻസുകളുമാണ് കോർത്തിണക്കിയിരിക്കുന്നത്. വിനയ് ഫോർട്ടിന്റെ SI പാർത്ഥൻ ചോദിക്കുന്ന ‘വളരണാ…’ എന്ന ഒറ്റ ചോദ്യം മതി സ്ക്രിപ്റ്റിലെ ആ ക്രാഫ്റ്റ് മനസ്സിലാക്കാൻ. ബേബി ജീന്റെ ‘മാമാ…’ വിളിയും, കലാരഞ്ജിനിയുടെ ‘ബിരിയാണി കട്ട് വേണോ കറി കട്ട് വേണോ’ എന്നൊക്കെയുള്ള മാരക കൗണ്ടറുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഹൃദയം, ഭീഷ്മപർവ്വം, ഗജിനി, ദൃശ്യം തുടങ്ങി നമ്മൾ നെഞ്ചിലേറ്റിയ സിനിമകളെ എത്ര സ്മാർട്ടായാണ് ഇതിൽ റഫറൻസ് ചെയ്തിരിക്കുന്നത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. പണ്ട് ‘വെട്ടം’ കണ്ടപ്പോൾ കിട്ടിയ ആ ഒരു പോസിറ്റീവ് എനർജി വീണ്ടും തിരിച്ചു കിട്ടിയ പ്രതീതിയാണെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ OTT-യിൽ ചിത്രം ഒരു ‘ഇൻഡസ്ട്രിയൽ ഹിറ്റിന്’ സമാനമായ തരംഗം സൃഷ്ടിക്കുമ്പോൾ ഒന്ന് ഉറപ്പിച്ചു പറയാം—മികച്ചൊരു തിരക്കഥയും അതിനൊത്ത കൗണ്ടറുകളും ഉണ്ടെങ്കിൽ മലയാളികൾ അത് എന്നും ഹൃദയത്തോട് ചേർക്കും. ഒരു മിനിറ്റ് പോലും ബോറടിക്കാതെ കണ്ടുതീർക്കാവുന്ന ഈ പക്കാ എന്റർടൈനർ ആരും മിസ്സ് ചെയ്യരുത്.

അമൽ കെ. ജോബിയുടെ ‘ബ്രൂട്ടൽ’ സ്ട്രീമിംഗിന് ഒരുങ്ങുന്നു; വേട്ടക്കാരന്റെയും ഇരയുടെയും കഥയുമായി പുതിയ ചിത്രം

അമൽ കെ. ജോബി രചനയും സംവിധാനവും നിർവ്വഹിച്ച ‘ബ്രൂട്ടൽ’ (Brutal) എന്ന ചിത്രം നേരിട്ട് ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. തിയേറ്റർ റിലീസിന് പകരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ആക്ഷൻ ത്രില്ലർ വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നവാഗതരായ ഒരുകൂട്ടം അഭിനേതാക്കളെ അണിനിരത്തിയാണ് സംവിധായകൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്.സമൂഹത്തെ നടുക്കുന്ന ഒരു അതിക്രൂര സംഭവത്തിന് ഇരയായ പെൺകുട്ടിയുടെയും വേട്ടക്കാരന്റെയും മാനസികാവസ്ഥയിലൂടെയുള്ള സങ്കീർണ്ണമായ യാത്രയാണ് ‘ബ്രൂട്ടൽ’. മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങളും അതിനുള്ളിലെ സംഘർഷങ്ങളും തുറന്നുകാട്ടുന്ന ഈ പ്രമേയമാണ് സിനിമയുടെ കാതൽ. കേവലം ഒരു ക്രൈം സിനിമ എന്നതിലുപരി കുറ്റകൃത്യത്തിന്റെ മനഃശാസ്ത്രപരമായ വശങ്ങളെയും ചിത്രം വിശകലനം ചെയ്യുന്നു. വാർത്താപ്രാധാന്യമുള്ള വിഷയങ്ങളെ ഗൗരവത്തോടെ സമീപിക്കുന്ന രീതിയിലാണ് അമൽ കെ. ജോബി സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ സ്വാഭാവികമായ പ്രകടനവും പശ്ചാത്തല സംഗീതവും സിനിമയുടെ തീവ്രത ഒട്ടും ചോർന്നുപോകാതെ നിലനിർത്താൻ സഹായിക്കുന്നു. പുതിയ കാലത്തെ മേക്കിംഗ് രീതികൾ പരീക്ഷിച്ചിട്ടുള്ള ഈ ചിത്രം സാങ്കേതികമായി മികച്ച നിലവാരം പുലർത്തുന്നതാണ്.പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ഉടൻ തന്നെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. സിനിമയുടെ കൃത്യമായ റിലീസ് തിയതിയും മറ്റു വിവരങ്ങളും വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിടും. പരീക്ഷണാത്മക സിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒടിടി പ്രേക്ഷകർക്ക് ‘ബ്രൂട്ടൽ’ ഒരു വ്യത്യസ്തമായ കാഴ്ചാനുഭവമായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്റലിജന്റ് ഫൂൾ തന്നെ”: സൈബർ പരിഹാസത്തിന് ജ്യോതികയുടെ തകർപ്പൻ മറുപടി

സോഷ്യൽ മീഡിയയിലെ രാഷ്ട്രീയ പരിഹാസങ്ങൾക്കും സൈബർ ആക്രമണങ്ങൾക്കും കൃത്യമായ മറുപടി നൽകി ആരാധകരുടെ കയ്യടി നേടുകയാണ് നടി ജ്യോതിക. തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരം ഒഴിഞ്ഞ പശ്ചാത്തലത്തിൽ, ജ്യോതികയെയും കുടുംബത്തെയും ലക്ഷ്യം വെച്ച് നടന്ന ഒരു മോശം കമന്റിനാണ് താരം തകർപ്പൻ മറുപടി നൽകിയത്. ‘ഇനി എല്ലാ വിഷയങ്ങളിലും കരഞ്ഞുകൊണ്ട് നിങ്ങൾക്കും കുടുംബത്തിനും നന്നായി പണം ഉണ്ടാക്കാം, ഡി.എം.കെ ഭരണകാലത്ത് നിങ്ങൾ ഇതെല്ലാം മറന്നിരിക്കുകയായിരുന്നു’ എന്നായിരുന്നു ‘ഇന്റലിജന്റ് ഫൂൾ’ എന്ന പ്രൊഫൈലിൽ നിന്ന് വന്ന പരിഹാസം. എന്നാൽ ഇതിന് “ഇന്റലിജന്റ് ഫൂൾ എന്നത് നിങ്ങൾക്ക് അനുയോജ്യമായ പേര് തന്നെയാണ്” എന്ന ഒറ്റ വരി മറുപടിയിലൂടെ ജ്യോതിക വിമർശകന്റെ വായടപ്പിച്ചു. അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ നോക്കിയവർക്ക് ഇതിലും നല്ല മറുപടി നൽകാനില്ലെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. മുൻപും സാമൂഹിക വിഷയങ്ങളിൽ കൃത്യമായ നിലപാടുകൾ വ്യക്തമാക്കിയിട്ടുള്ള ജ്യോതിക, സൈബർ ഇടങ്ങളിലെ നെഗറ്റിവിറ്റിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഈ സംഭവത്തിലൂടെ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.

ദൃഢം;കാക്കിയിട്ട് ഷൈയ്ന്‍ നിഗം,മാസ്സ് അല്ല, റിയലിസ്റ്റിക് ത്രില്ലര്‍!

നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്തത് ഷെയ്ന്‍ നിഗം നായകനായെത്തുമ്പോള്‍ ‘ദൃഢം’ പതിവ് പോലീസ് സിനിമകളുടെ വാര്‍പ്പുമാതൃകകളെ തച്ചുടയ്ക്കുന്ന ഒരു ക്ലീന്‍ ക്രൈം ത്രില്ലറാണ്. പറന്നു വന്ന് അടിക്കുന്ന സൂപ്പര്‍ ഹീറോ പോലീസുകാരനല്ല ഇതിലെ വിജയ് രാധാകൃഷ്ണന്‍. നമുക്കിടയിലുള്ള, പേടിയും സമ്മര്‍ദ്ദവുമുള്ള ഒരു സാധാരണ യുവാവ് എസ്.ഐ ആയി എത്തുമ്പോള്‍ നേരിടുന്ന വെല്ലുവിളികളാണ് സിനിമയുടെ ഇതിവൃത്തം.ഇടുക്കിയിലെ ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം, പി.എം. ഉണ്ണികൃഷ്ണന്റെ ഫ്രെയിമുകളിലൂടെയും ശ്രീരാഗ് സജിയുടെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതത്തിലൂടെയും ഒരു കംപ്ലീറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സമ്മാനിക്കുന്നു.ഭയത്തെ അതിജീവിച്ചു ആത്മവിശ്വാസത്തിലേക്കുള്ള വിജയ് രാധാകൃഷ്ണന്റെ മാറ്റം അസാധ്യമായാണ് ഷെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നുണ്ട്. ഷോബി തിലകന്‍, ദിനേഷ് പ്രഭാകര്‍, കോട്ടയം രമേഷ്, പ്രശാന്ത് മുരളി, നന്ദന്‍ ഉണ്ണി, സാനിയ ഫാത്തിമ, കൃഷ്ണപ്രഭ, അഭിഷേക് രവീന്ദ്രന്‍, അഭിരാം രാധാകൃഷ്ണന്‍ തുടങ്ങിയവരും തങ്ങളുടെ മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.പൊലീസ് സ്റ്റേഷനിലെ സഹപ്രവര്‍ത്തകരും നാട്ടിന്‍പുറത്തെ സാധാരണ മനുഷ്യരും സിനിമയില്‍ വളരെ നാചുറലായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്.ഒപ്പം പശ്ചാത്തലവും സംഗീതവും ചിത്രത്തിലെ രംഗങ്ങളെ കൂടുതല്‍ മനോഹരമാക്കുന്നു. ത്രില്ലര്‍ പ്രേമികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു മികച്ച തിയേറ്റര്‍ അനുഭവം തന്നെയാണ് ചിത്രം.