കേരള പോലീസിൽ ആശയവിനിമയത്തിന് ഇനി പുതിയ സംവിധാനം; കോബ് നിർത്തലാക്കി

കേരള പോലീസിന്റെ ഔദ്യോഗിക ആശയവിനിമയ സംവിധാനത്തിൽ നിർണായക മാറ്റം. കഴിഞ്ഞ 25 വർഷമായി ഉപയോഗിച്ചുവരുന്ന കമ്യൂണിക്കേഷൻ ബാക്ക് ബോൺ (കോബ്) സംവിധാനം നിർത്തലാക്കി. പകരം ആഭ്യന്തരവകുപ്പിന്റെ ഇന്റേണൽ അഡ്മിനിസ്‌ട്രേറ്റീവ് പ്രോസസിങ് സിസ്റ്റമായ (അയാപ്‌സ്) വഴി മാത്രമായിരിക്കും ഇനി ഔദ്യോഗിക സന്ദേശങ്ങൾ കൈമാറുക. ആഭ്യന്തരവകുപ്പിനായി കേരള ഐ.ടി. മിഷനാണ് പുതിയ സംവിധാനം രൂപകൽപ്പന ചെയ്തത്. ഇതിലൂടെ സന്ദേശങ്ങൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നേരിട്ട് ലഭ്യമാക്കാനാകും. നിലവിലെ സംവിധാനത്തേക്കാൾ വേഗത്തിലും കൃത്യതയോടെയും വിവരങ്ങൾ കൈമാറാൻ പുതിയ സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തൽ. പോലീസിന്റെ ആഭ്യന്തര ആശയവിനിമയം കൂടുതൽ സുരക്ഷിതവും രഹസ്യാത്മകവുമാക്കുകയാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം. ഔദ്യോഗിക വിവരങ്ങൾ കൈമാറുന്നതിലെ കാര്യക്ഷമത വർധിപ്പിക്കാനും സന്ദേശങ്ങൾ അനാവശ്യമായി മറ്റുള്ളവരിലേക്ക് എത്തുന്നത് ഒഴിവാക്കാനും അയാപ്‌സ് സഹായിക്കുമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

1000 കോടി ക്ലബ്ബിൽ ‘രാമായണം’ആഗോള ബോക്സ് ഓഫീസിൽ വൻ നേട്ടം

നിതേഷ് തിവാരിയുടെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണം – പാർട്ട് 1’ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടവുമായി മുന്നേറുന്നു. നവംബർ അഞ്ചിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 1060 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ കളക്ഷൻ നേടിയ ചിത്രം ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായി മാറുകയാണ്. ശ്രീരാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമ്പോൾ രാവണനായി യഷ് വേഷമിടുന്നു. മലയാളികളുടെ പ്രിയതാരം ശോഭന കൈകേസിയായും ടെലിവിഷനിൽ ശ്രീരാമനായി ശ്രദ്ധ നേടിയ അരുൺ ഗോവിൽ ദശരഥനായും ചിത്രത്തിലുണ്ട്. ‘ദംഗൽ’ ഒരുക്കിയ നിതേഷ് തിവാരിയുടെ സംവിധാനവും നമിത് മൽഹോത്രയുടെ നിർമാണവുമാണ് ചിത്രത്തിന് പിന്നിൽ. ഇന്ത്യൻ സംസ്കാരത്തിലും വൈകാരികതയിലും വേരൂന്നിയ ഇതിഹാസത്തെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ചിത്രത്തിലൂടെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്.

20 കിലോ വരെ ഭാരം;യഷിന്റെ രാമായണ വേഷങ്ങൾ വെല്ലുവിളിയായെന്ന് കോസ്റ്റ്യൂം ഡിസൈനർ

രാമായണ സിനിമയിൽ യഷ് ധരിച്ച വേഷങ്ങളുടെ ഭാരവും ചിത്രീകരണത്തിലെ വെല്ലുവിളികളും വെളിപ്പെടുത്തി കോസ്റ്റ്യൂം ഡിസൈനർ സാനിയ സർധാരിയ. ആഭരണങ്ങൾ ഉൾപ്പെടെ മിക്ക വേഷങ്ങൾക്കും 16 മുതൽ 20 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നുവെന്ന് അവർ ‘ഇന്ത്യാ ടുഡേ’യോട് പറഞ്ഞു. രാവണന്റെയും ശൂർപ്പണഖയുടെയും വിവാഹവേഷങ്ങൾക്ക് 30 മുതൽ 33 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു. കിരീടം ഒരുക്കുന്നതും ധരിപ്പിക്കുന്നതുമായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. തലയിൽ ചെറിയ ഭാരം പോലും അസ്വസ്ഥതയുണ്ടാക്കുന്നതിനാൽ 3D സാങ്കേതികവിദ്യ ഉപയോഗിച്ച് നിരവധി മാതൃകകൾ നിർമിച്ച് പരീക്ഷണങ്ങൾ നടത്തിയിരുന്നു. ഭാരം കുറയ്ക്കാൻ പല മാറ്റങ്ങളും വരുത്തിയെങ്കിലും കിരീടത്തിന്റെ ഭാരം 1.8 കിലോഗ്രാമിൽ താഴെയാക്കാൻ സാധിച്ചില്ല. ആ ഭാരം പോലും വലിയ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും യഷിന്റെ മുഖഭാവങ്ങളിൽ അത് പ്രകടമായില്ലെങ്കിലും ചിത്രീകരണം വലിയ ദൗത്യമായിരുന്നുവെന്നും സാനിയ കൂട്ടിച്ചേർത്തു.