ഷാജി കൈലാസും ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന മാസ് ആക്ഷൻ ത്രില്ലർ ചിത്രം ‘വരവ്’ മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. ‘ചിന്താമണി കൊലക്കേസ്’, ‘റെഡ് ചില്ലീസ്’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം എ.കെ. സാജൻ ഷാജി കൈലാസിനായി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഹൈറേഞ്ച് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ പോളച്ചൻ എന്ന സമ്പന്നനായ പ്ലാന്ററുടെ വേഷത്തിലാണ് ജോജു എത്തുന്നത്. തന്റെ പഴയകാല ശത്രുക്കളെ നേരിടാനും തീർപ്പാക്കാത്ത ചില കാര്യങ്ങൾ പൂർത്തിയാക്കാനുമായി നാട്ടിലേക്ക് തിരിച്ചെത്തുന്ന പോളച്ചന്റെ കഥയാണ് ചിത്രം പറയുന്നത്.

വലിയ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. വാണി വിശ്വനാഥ്, സുകന്യ എന്നിവരുടെ തിരിച്ചുവരവ് ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. കൂടാതെ അർജുൻ അശോകൻ, മുരളി ഗോപി, ബാബുരാജ്, വിൻസി അലോഷ്യസ്, സാനിയ അയ്യപ്പൻ തുടങ്ങി പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്നു.

ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു ഉൾപ്പെടെയുള്ള അഞ്ച് പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരാണ് സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. സാം സി.എസ് സംഗീതവും എസ്. ശരവണൻ ഛായാഗ്രഹണവും നിർവഹിക്കുന്നു.