ഐ.പി.എൽ 2026: തോൽവി അറിയാത്ത പഞ്ചാബും പതറുന്ന രാജസ്ഥാനും; ഇന്ന് തീപാറും പോരാട്ടം

ഐ.പി.എൽ 2026-ലെ 40-ാം മത്സരത്തിൽ ഇന്ന് പഞ്ചാബ് കിംഗ്‌സ് തങ്ങളുടെ തട്ടകമായ ന്യൂ പി.സി.എ സ്റ്റേഡിയത്തിൽ രാജസ്ഥാൻ റോയൽസിനെ നേരിടുന്നു. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ഒരേയൊരു ടീമെന്ന ഖ്യാതിയുമായാണ് പഞ്ചാബ് ഇറങ്ങുന്നത്. മറുഭാഗത്ത്, മികച്ച തുടക്കത്തിന് ശേഷം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന രാജസ്ഥാൻ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. ഈ സീസണിലെ ഏറ്റവും അപകടകാരികളായ ടീമായി പഞ്ചാബ് മാറിക്കഴിഞ്ഞു. ഡൽഹി ക്യാപിറ്റൽസിനെതിരെ 265 റൺസ് പിന്തുടർന്ന് ജയിച്ച് ടി20 ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസ് എന്ന റെക്കോർഡ് പഞ്ചാബ് സ്വന്തമാക്കിയിരുന്നു.പ്രഭ്സിമ്രാൻ സിംഗും (287 റൺസ്) പ്രിയാൻഷ് ആര്യയും (സ്ട്രൈക്ക് റേറ്റ് 249.01) നൽകുന്ന വെടിക്കെട്ട് തുടക്കം പഞ്ചാബിന്റെ കരുത്താണ്. മൂന്നാം നമ്പറിൽ കൂപ്പർ കൊണോലിയും മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരും4 അർധസെഞ്ചുറികൾ ബാറ്റിംഗിന് സ്ഥിരത നൽകുന്നു.മാർക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, നേഹൽ വധേര എന്നിവരടങ്ങുന്ന മധ്യനിര ഇതുവരെ വലിയ പരീക്ഷണങ്ങളെ നേരിടേണ്ടി വന്നിട്ടില്ല എന്നത് പഞ്ചാബിന്റെ ബാറ്റിംഗ് ആഴം വ്യക്തമാക്കുന്നു. അർഷ്ദീപ് സിംഗ്, സേവ്യർ ബാർട്ട്ലെറ്റ്, വൈശാഖ് വിജയകുമാർ എന്നിവർ നയിക്കുന്ന പേസ് നിരയും യുസ്‌വേന്ദ്ര ചഹാലിന്റെ സ്പിൻ മാന്ത്രികതയും പഞ്ചാബിന് മേൽക്കൈ നൽകുന്നു. സീസണിലെ ആദ്യ നാല് മത്സരങ്ങൾ ജയിച്ച രാജസ്ഥാൻ പിന്നീട് കളിച്ച നാലിൽ മൂന്നിലും തോൽവി വഴങ്ങി. എങ്കിലും ഏത് ടീമിനെയും തകർക്കാൻ ശേഷിയുള്ള താരനിര അവർക്കുണ്ട്. 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ പ്രധാന ആകർഷണം. 8 മത്സരങ്ങളിൽ നിന്ന് 357 റൺസ് നേടിയ വൈഭവ്, കഴിഞ്ഞ മത്സരത്തിൽ വെറും 37 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. ടി20യിൽ 1000 റൺസ് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി.യശസ്വി ജയ്‌സ്വാളും വൈഭവും നൽകുന്ന തുടക്കം മുതലെടുക്കാൻ ടീമിലെ മറ്റ് ബാറ്റർമാർക്ക് കഴിയുന്നില്ല. റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ എന്നിവരുടെ മോശം ഫോം ടീമിനെ അലട്ടുന്നുണ്ട്. ധ്രുവ് ജൂറെൽ മാത്രമാണ് മധ്യനിരയിൽ പൊരുതുന്നത്. ജോഫ്ര ആർച്ചർ (13 വിക്കറ്റ്), നന്ദ്രേ ബർഗർ, രവി ബിഷ്‌ണോയി എന്നിവരടങ്ങുന്ന ബൗളിംഗ് നിര ടൂർണമെന്റിലെ തന്നെ മികച്ച ഒന്നാണ്. എങ്കിലും കഴിഞ്ഞ മത്സരത്തിൽ 228 റൺസ് പ്രതിരോധിക്കാൻ കഴിയാത്തത് അവർക്ക് തിരിച്ചടിയായി. ആകെ മത്സരങ്ങൾ: 30രാജസ്ഥാൻ റോയൽസ് ജയം: 17പഞ്ചാബ് കിംഗ്‌സ് ജയം: 13അവസാന 6 മത്സരങ്ങളിൽ: 3-3 (തുല്യശക്തികൾ) പിച്ച് ബാറ്റർമാരെയും പേസർമാരെയും ഒരുപോലെ തുണയ്ക്കുന്നതാണ്. മികച്ച ബൗൺസ് ലഭിക്കുന്നതിനാൽ പവർപ്ലേ ഓവറുകളിൽ പേസ് ബൗളർമാർക്ക് സ്വാധീനം ചെലുത്താനാകും. എങ്കിലും ബാറ്റിംഗിന് അനുകൂലമായ സാഹചര്യമായതിനാൽ ഒരു ഹൈ-സ്‌കോറിംഗ് മത്സരം തന്നെ പ്രതീക്ഷിക്കാം. വിജയക്കുതിപ്പ് തുടരാൻ പഞ്ചാബും, വീണുകിട്ടിയ താളം തിരിച്ചുപിടിക്കാൻ രാജസ്ഥാനും ഇറങ്ങുമ്പോൾ ഇന്നത്തെ മത്സരം ഐ.പി.എല്ലിലെ ആവേശകരമായ പോരാട്ടങ്ങളിലൊന്നായി മാറും.
ഹൈ സ്കോർ പോരാട്ടത്തിന് അരങ്ങൊരുങ്ങി: ഡൽഹിയിൽ ആർസിബി vs ഡൽഹി
“BATTERS PARADISE!”—ഈ ഒരു വാക്കിൽ തന്നെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ സ്വഭാവം പറഞ്ഞുതീരുന്നു. ഇന്നും അതേ കഥ ആവർത്തിക്കാനൊരുങ്ങുമ്പോൾ, ഡൽഹിയും ആർസിബിയും തമ്മിലുള്ള പോരാട്ടം റൺവെടിക്കെട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഓപ്പണർമാരുടെ ഫോമില്ലായ്മ ഈ മത്സരത്തെയും ബാധിച്ചേക്കാം. എങ്കിലും നിതീഷ് റാണ തുടർച്ചയായ രണ്ട് അർദ്ധ സെഞ്ചുറികളുമായി ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് വലിയ ആശ്വാസം നൽകുന്നു. മധ്യനിരയിലെ മറ്റ് താരങ്ങളും ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിക്കുന്നുണ്ട്. സ്വന്തം തട്ടകത്തിൽ നടക്കുന്ന ഈ മത്സരത്തിൽ വിജയിച്ച് സീസണിന്റെ അവസാന ഘട്ടത്തിൽ ശക്തമായി തിരിച്ചുവരാനാകും അക്സർ പട്ടേലും സംഘവും ശ്രമിക്കുന്നത്. മറുഭാഗത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇത് വിരാട് കോഹ്‌ലിയുടെ ‘ഹോം കമിംഗ്’ കൂടിയാണ്. ഡൽഹിയിൽ വളർന്ന കോഹ്‌ലിക്ക് ഈ മൈതാനത്ത് മികച്ച റെക്കോർഡാണുള്ളത്. ഇവിടെ കളിച്ച 11 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 66.75 ശരാശരിയിൽ 7 അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ 534 റൺസ് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. നിലവിൽ ആർസിബി നിരയിൽ 300 റൺസ് പിന്നിട്ട ഏക ബാറ്ററും അദ്ദേഹം തന്നെയാണ്. യുവതാരം ജേക്കബ് ബെഥേൽ കോഹ്‌ലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ടിം ഡേവിഡ് എന്നിവരടങ്ങുന്ന മധ്യനിര ടീമിന് കരുത്തേകുന്നു. പരിക്കേറ്റ റാസിഖ് സലാമിന് പകരം മങ്കേഷ് യാദവിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഭുവനേശ്വർ കുമാറും ഹേസൽവുഡും നയിക്കുന്ന ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. ബാറ്റർമാരുടെ പറുദീസയായ ഡൽഹിയിലെ പിച്ച് വീണ്ടുമൊരു ഉയർന്ന സ്കോറിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചെറിയ ബൗണ്ടറികളും പരന്ന വിക്കറ്റും റൺവേട്ട സുഗമമാക്കും. മുൻപത്തെ മത്സരത്തിൽ 265 റൺസ് പോലും ഇവിടെ പിന്തുടർന്ന് ജയിച്ചിരുന്നു. ചരിത്രപരമായി നോക്കുമ്പോൾ ഇരുടീമുകളും തമ്മിലുള്ള 33 മത്സരങ്ങളിൽ 20 എണ്ണത്തിലും ജയം ആർസിബിക്കൊപ്പമാണ്. ഡൽഹിയിൽ നടന്ന 11 മത്സരങ്ങളിൽ 7 എണ്ണത്തിലും ബംഗളൂരു വിജയിച്ചു. എന്നാൽ ഈ സീസണിലെ ആദ്യ പാദത്തിൽ ആർസിബിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഡൽഹി ഇറങ്ങുന്നത്. ഡിഫൻഡിങ് ചാമ്പ്യന്മാരായ ആർസിബിയെ വീഴ്ത്തി ഡൽഹി ഇരട്ടവിജയം നേടുമോ അതോ ബംഗളൂരു തങ്ങളുടെ ആധിപത്യം തുടരുമോ എന്ന് ഇന്നത്തെ മത്സരം വ്യക്തമാക്കും.
ജയ്പൂരിൽ തീപാറും പോരാട്ടം: ഫോമിലുള്ള രാജസ്ഥാനും ഹൈദരാബാദും നേർക്കുനേർ
ഐപിഎൽ 2026 സീസണിലെ ആവേശകരമായ പോരാട്ടത്തിന് സവായ് മാൻസിംഗ് സ്റ്റേഡിയം വേദിയാകുകയാണ്. ഗുവാഹത്തിയിലെ തങ്ങളുടെ ആദ്യ മൂന്ന് ഹോം മത്സരങ്ങളും വിജയിച്ച് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലുള്ള രാജസ്ഥാൻ റോയൽസ്, ജയ്പൂരിലെ മണ്ണിലും ആധിപത്യം തുടരാനാണ് ലക്ഷ്യമിടുന്നത്. തുടർച്ചയായ മൂന്ന് വിജയങ്ങളുമായി മികച്ച ഫോമിലുള്ള സൺറൈസേഴ്സ് ഹൈദരാബാദാണ് എതിരാളികൾ എന്നതിനാൽ പോരാട്ടം കടുക്കുമെന്ന് ഉറപ്പാണ്. സീസണിന്റെ തുടക്കത്തിൽ തകർത്താടിയ രാജസ്ഥാൻ ഇടയ്ക്ക് രണ്ട് മത്സരങ്ങളിൽ കാലിടറിയെങ്കിലും ലഖ്നൗവിനെതിരായ വിജയത്തിലൂടെ കരുത്തുറ്റ തിരിച്ചുവരവ് നടത്തിക്കഴിഞ്ഞു. പേസ് ബൗളിംഗാണ് രാജസ്ഥാന്റെ പ്രധാന ആയുധം. നന്ദ്രെ ബർഗറും ജോഫ്ര ആർച്ചറും നയിക്കുന്ന പേസ് നിര പവർപ്ലേ ഓവറുകളിൽ എതിരാളികളെ വരിഞ്ഞുമുറുക്കുന്നതിൽ വിജയിക്കുന്നുണ്ട്. ബാറ്റിംഗിൽ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും അടങ്ങുന്ന ടോപ് ഓർഡർ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും മധ്യനിരയിലെ റിയാൻ പരാഗിന്റെയും ഹെറ്റ്മെയറുടെയും ഫോമില്ലായ്മ ടീമിനെ നേരിയ രീതിയിൽ അലട്ടുന്നുണ്ട്. മറുഭാഗത്ത് ആദ്യ മത്സരങ്ങളിൽ പതറിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന ചരിത്രമാണ് ഈ സീസണിൽ ഹൈദരാബാദിന് പറയാനുള്ളത്. പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഈഷാൻ മലിംഗ, സകീബ് ഹുസൈൻ തുടങ്ങിയ യുവ ബൗളർമാരാണ് ടീമിനെ വിജയവഴിയിൽ എത്തിച്ചത്. കമ്മിൻസിന്റെ തിരിച്ചുവരവ് ടീമിന് കൂടുതൽ കരുത്ത് പകരും. ഹൈദരാബാദിന്റെ ബാറ്റിംഗ് കരുത്ത് ഓപ്പണർമാരായ ട്രാവിസ് ഹെഡിലും അഭിഷേക് ശർമ്മയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഇരുവരും നൽകുന്ന വെടിക്കെട്ട് തുടക്കങ്ങളാണ് ഹൈദരാബാദിന്റെ വലിയ സ്കോറുകൾക്ക് അടിസ്ഥാനം. മധ്യനിരയിൽ ഹൈൻറിച്ച് ക്ലാസൻ പുലർത്തുന്ന അസാമാന്യ സ്ഥിരത ടീമിന് വലിയ ആശ്വാസമാണ്. കഴിഞ്ഞ ഏഴ് മത്സരങ്ങളിലും മുപ്പതിലധികം റൺസ് നേടിയ ക്ലാസൻ ഏത് സാഹചര്യത്തിലും സ്കോർ ഉയർത്താൻ പ്രാപ്തനാണ്. സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ ഹൈദരാബാദിന് രാജസ്ഥാനുമേൽ വ്യക്തമായ മുൻതൂക്കമുണ്ട്. ഇരുടീമുകളും നേർക്കുനേർ വന്ന അവസാന അഞ്ച് മത്സരങ്ങളിലും വിജയം ഹൈദരാബാദിനൊപ്പമായിരുന്നു. ജയ്പൂരിലെ പിച്ചിലെ കണക്കുകൾ സൂചിപ്പിക്കുന്നത് ഇതൊരു ഹൈസ്കോറിംഗ് മത്സരമായിരിക്കുമെന്നാണ്. കഴിഞ്ഞ സീസണിലെ രാത്രി മത്സരങ്ങളിൽ ഇവിടെ ശരാശരി 199 റൺസ് പിറന്നിട്ടുണ്ട്. 2025-ൽ ജയ്പൂരിലെ ഹോം ഗ്രൗണ്ടിൽ മോശം റെക്കോർഡായിരുന്ന രാജസ്ഥാന് ഇത്തവണ അത് തിരുത്തിക്കുറിച്ചേ മതിയാകൂ. റൺവർഷം പ്രതീക്ഷിക്കുന്ന ജയ്പൂരിലെ പിച്ചിൽ ടോസ് നേടുന്നവർക്ക് മത്സരത്തിൽ നിർണ്ണായക സ്വാധീനം ചെലുത്താൻ സാധിക്കും. ഇരു ടീമുകളും വിജയത്തുടർച്ച ലക്ഷ്യമിടുന്നതിനാൽ ക്രിക്കറ്റ് ആരാധകർക്ക് ഒരു വിരുന്നായിരിക്കും ഇന്നത്തെ മത്സരം.
സഞ്ജു സാംസൺ: ദി ഫീനിക്സ് ഇൻ യെല്ലോ

സഞ്ജു വിശ്വനാഥ് സാംസൺ—ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയധികം സ്നേഹിക്കപ്പെട്ട, എന്നാൽ ഇത്രയധികം പരീക്ഷിക്കപ്പെട്ട മറ്റൊരു താരം ഉണ്ടാവില്ല. ന്യൂസിലൻഡ് പര്യടനത്തിൽ തഴയപ്പെട്ടപ്പോഴും, അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന്റെ അധ്യായം അവസാനിച്ചു എന്ന് പലരും വിധി എഴുതിയപ്പോഴും, അയാൾ നിശബ്ദനായി തന്റെ ബാറ്റിനെ സംസാരിക്കാൻ പ്രാപ്തനാക്കുകയായിരുന്നു. അമേരിക്കയിലെ ലോകകപ്പ് വേദികളിൽ സഞ്ജു പുറത്തിരുന്നപ്പോൾ വിമർശകർക്ക് ആഘോഷമായിരുന്നു. “സഞ്ജുവിന് അവസരങ്ങൾ കിട്ടുന്നില്ല എന്ന പരാതി ഇനി വേണ്ട, കിട്ടിയ അവസരങ്ങൾ അയാൾ പാഴാക്കി” എന്ന വരികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പക്ഷേ, ടൂർണമെന്റ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്നപ്പോൾ നമ്മൾ കണ്ടത് മറ്റൊരു സഞ്ജുവിനെയാണ്. സെമിഫൈനലിലും ഫൈനലിലും സെഞ്ച്വറിയേക്കാൾ വിലയുള്ള ആ 87, 97 റൺസുകൾ—അവ വെറും അക്കങ്ങളായിരുന്നില്ല. മറിച്ച്, ലോകകിരീടത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ജീവനാടിയായ ഇന്നിംഗ്സുകളായിരുന്നു. ഒരു ടോപ്പ് ക്ലാസ് ബാറ്ററുടെ മിന്നും ഫോം കാണണമെങ്കിൽ സഞ്ജുവിനെ നോക്കണമെന്ന മുൻ താരങ്ങളുടെ വാക്കുകൾ അന്വർത്ഥമായ നിമിഷങ്ങൾ.ലോകകപ്പിന് ശേഷം ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. സഞ്ജു സാംസൺ തന്റെ തട്ടകമായ രാജസ്ഥാനിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്. സമ്മർദ്ദം ഏറുകയായിരുന്നു. ആരാധകർക്ക് വലിയ പ്രതീക്ഷ, എന്നാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഒറ്റയക്കത്തിന് പുറത്തായപ്പോൾ വിമർശകർ വീണ്ടും ആയുധമെടുത്തു.സി.എസ്.കെക്ക് ഇതൊരു നഷ്ടക്കച്ചവടമാണ് സാം കറനോ ജഡേജയോ മതിയായിരുന്നു എന്നൊക്കെയുള്ള ചർച്ചകൾ കൊഴുത്തു. സഞ്ജുവിന്റെ മുഖത്ത് ആ പഴയ തളർച്ചയുണ്ടോ എന്ന് ക്യാമറക്കണ്ണുകൾ തിരഞ്ഞു. പക്ഷേ, ആ മത്സരം എല്ലാം മാറ്റിമറിച്ചു.2026 ഏപ്രിൽ 11-ന് ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും 56 പന്തിൽ പുറത്താകാതെ നേടിയ 115 റൺസ് സഞ്ജുവിന്റെ കരിയറിലെ നാലാമത്തെ ഐ.പി.എൽ സെഞ്ച്വറിയായിരുന്നു. ആ സീസണിൽ ഒരു സി.എസ്.കെ താരം നേടുന്ന ആദ്യ സെഞ്ച്വറിയും അത് തന്നെ. അതിന് ശേഷമാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു തന്റെ അടുത്ത സെഞ്ച്വറി കൂടി കുറിച്ചിരിക്കുന്നത്.”മുംബൈയ്ക്കെതിരായുള്ളഎതിരായ മത്സരത്തിൽഒരു ബാറ്റ്സ്മാൻ തന്റെ ഫോമിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ പന്ത് നേരിടുന്നത് എങ്ങനെയാണെന്ന് സഞ്ജു കാണിച്ചുതന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ജസ്പ്രീത് ബുംറയെ ഒരു പുൾ ഷോട്ടിലൂടെ സിക്സറിന് പറത്തുമ്പോൾ, അത് സഞ്ജുവിന്റെ ആത്മവിശ്വാസത്തിന്റെ വിളംബരമായിരുന്നു. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ പ്രഹരിച്ചുകൊണ്ട്, ഇന്നിംഗ്സിന്റെ പേസ് നിയന്ത്രിച്ചുകൊണ്ട് അയാൾ മുന്നേറി. അവസാന ഓവറുകളിൽ ക്രിസ് ബഗത്തിനെതിരെ തുടർച്ചയായ സിക്സറുകൾ പായിച്ച് തന്റെ ഐ.പി.എൽ കരിയറിലെ അഞ്ചാമത്തെയും, സി.എസ്.കെയ്ക്ക് വേണ്ടി മുംബൈക്കെതിരെയുള്ള ആദ്യത്തെയും സെഞ്ച്വറി അയാൾ കുറിച്ചു. ഇർഫാൻ പത്താൻ പറഞ്ഞതുപോലെ, ഇത് സഞ്ജുവിന്റെ പീക്ക് ടൈമാണ്. ബാറ്റിംഗിനപ്പുറം ഒരു ‘ക്യാപ്റ്റൻസി മെറ്റീരിയൽ’ കൂടി ചെന്നൈക്ക് സഞ്ജുവിലൂടെ ലഭിച്ചിരിക്കുകയാണ്. ഋതുരാജിന് കീഴിൽ കളിക്കുമ്പോഴും, ഭാവിയിൽ ചെന്നൈയുടെ നായകസ്ഥാനത്തേക്ക് സഞ്ജു എത്തുന്നത് വിദൂരമായ ഒരു സ്വപ്നമല്ല. കഴിഞ്ഞ 5-6 വർഷത്തിനിടെ സി.എസ്.കെ നടത്തിയ ഏറ്റവും വലിയ ലാഭക്കച്ചവടമായി സഞ്ജു മാറിയിരിക്കുന്നു.നിരാശയുടെ ആഴങ്ങളിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്ക് സഞ്ജു നടന്നു കയറുകയാണ്. കാരണം അയാൾക്കറിയാം, Form is temporary class is permanent വാംഖഡെയിലെ മഞ്ഞക്കടലിന് സാക്ഷിയായി അയാൾ വീണ്ടും തെളിയിച്ചു—സഞ്ജു സാംസൺ എന്നത് വെറുമൊരു പേരുമല്ല, അതൊരു വികാരമാണ്. ഇന്ത്യയുടെയും ലോകത്തിന്റെയും ക്രിക്കറ്റ് ചരിത്രങ്ങളിൽ എന്നും വാഴ്ത്തപ്പെടാൻ പോകുന്ന പേര് കൂടിയാണ് സഞ്ജു വിശ്വനാഥ് സാംസൺ എന്ന മലയാളി.
മുംബൈ vs ചെന്നൈ: ഐപിഎൽ ‘എൽ ക്ലാസിക്കോ’ ഇന്ന് വാങ്കഡെയിൽ
ഐപിഎൽ എലെ ക്ലാസിക്കോ പോരാട്ടത്തിന് ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കുമ്പോൾ . ഈ സീസണിൽ പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ ഇരുടീമുകൾക്കും ഇന്നത്തെ വിജയം അനിവാര്യമാണ്. മത്സരം രാത്രി 7:30-ന് ആരംഭിക്കും. നിലവിലെ ഫോമിൽ മുംബൈയും ചെന്നൈയും ആറു മത്സരങ്ങളിൽ രണ്ടെണ്ണം വീതം ജയിച്ച നിലയിലാണ്. തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ 99 റൺസിന്റെ കൂറ്റൻ വിജയം മുംബൈയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. തിലക് വർമ്മ 45 പന്തിൽ 101* റൺസ് നേടി മികച്ച ഫോമിലേക്ക് തിരിച്ചെത്തിയപ്പോൾ, ജസ്പ്രീത് ബുമ്ര ആദ്യ അഞ്ച് മത്സരങ്ങളിൽ വിക്കറ്റ് ലഭിക്കാതിരുന്ന അവസ്ഥയ്ക്ക് വിരാമമിട്ട് കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നേടി താളം കണ്ടെത്തി. ബോളിംഗ് നിരയിൽ ഷർദുൽ താക്കൂറിന് പകരം എത്തിയ അശ്വനി കുമാറിന്റെ 4 വിക്കറ്റ് പ്രകടനം ടീമിന് പുതിയ ഊർജ്ജം നൽകിയിട്ടുണ്ട്. മികച്ച തുടക്കം ലഭിച്ചെങ്കിലും പരിക്കുകൾ ചെന്നൈയെ തളർത്തുന്നുണ്ട്. ഖലീൽ അഹമ്മദ്, ആയുഷ് മഹാത്രെ എന്നിവർ പുറത്തായത് വലിയ നഷ്ടമാണ്. ക്യാപ്റ്റൻ റുതുരാജ് ഗായകവാഡിന്റെ ഫോം ഇല്ലായ്മ ടീമിനെ അലട്ടുന്നു, ആറു മത്സരങ്ങളിൽ 82 റൺസ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. അതേസമയം, 13 വിക്കറ്റുകളോടെ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുൽ കംബോജിന്റെ ബോളിംഗിലാണ് ചെന്നൈയുടെ പ്രധാന പ്രതീക്ഷ. നേർക്കുനേർ കണക്കുകളിൽ മുംബൈയ്ക്ക് നേരിയ മുൻതൂക്കം ഉണ്ട്. ഇതുവരെ നടന്ന 39 മത്സരങ്ങളിൽ 21 ജയം മുംബൈ സ്വന്തമാക്കിയപ്പോൾ, ചെന്നൈ 18 മത്സരങ്ങളിൽ വിജയിച്ചു. ഈ മത്സരത്തിൽ ഉറ്റുനോക്കുന്ന താരങ്ങളിൽ സൂര്യകുമാർ യാദവ് പ്രധാനമാണ്. ചെന്നൈക്കെതിരെ മികച്ച റെക്കോർഡ് ഉള്ള താരം ഇന്ന് വലിയ ഇന്നിംഗ്‌സ് കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അൻഷുൽ കംബോജ് ഡെത്ത് ഓവറുകളിലെ തന്റെ വിക്കറ്റ് നേടുന്ന കഴിവിലൂടെ വീണ്ടും നിർണായകമാകും. അതേസമയം, പരിശീലനത്തിനിറങ്ങിയ എം.എസ്. ധോണി ഇന്ന് കളത്തിലിറങ്ങുമോ എന്നതും പ്രധാന ചോദ്യമായി തുടരുന്നു. വാങ്കഡെയിലെ ബാറ്റിംഗ് സൗഹൃദ പിച്ചിൽ 220-ന് മുകളിലുള്ള സ്കോർ പോലും സുരക്ഷിതമാകില്ല. ടോസ് വിജയിക്കുന്നവർ ബോളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യവും തിലക് വർമ്മയുടെ ഫോമും മുംബൈയ്ക്ക് നേരിയ മുൻതൂക്കം നൽകുന്നു.
തിരിച്ചുവരവിനായി ലക്നൗ; താളം കണ്ടെത്താൻ രാജസ്ഥാൻ
ഐപിഎൽ 2026-ലെ 32-ാം മത്സരത്തിൽ ഇന്ന് ഏക്ന സ്റ്റേഡിയത്തിൽ ലക്നൗ സൂപ്പർ ജയന്റ്സും രാജസ്ഥാൻ റോയൽസും നേർക്കുനേർ എത്തുന്നു. തുടർച്ചയായ തോൽവികൾക്ക് ശേഷം തിരിച്ചു വരവിനായി ഇരുടീമുകളും ഇറങ്ങുമ്പോൾ, ഇന്നത്തെ മത്സരം അവരുടെ സീസണിന്റെ ദിശ തന്നെ മാറ്റാൻ കഴിവുള്ളതാണ്. പോയിന്റ് പട്ടികയിൽ മുന്നേറാൻ വിജയമെന്ന ഒരേയൊരു വഴിയാണ് ഇപ്പോൾ ഇരുവർക്കും മുന്നിലുള്ളത്. ലക്നൗയ്ക്ക് ഈ സീസൺ ഇതുവരെ പ്രതീക്ഷിച്ചതുപോലെ പോയിട്ടില്ല. ആറ് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് അവർക്ക് ജയിക്കാൻ കഴിഞ്ഞത്, തുടർച്ചയായ മൂന്ന് തോൽവികൾ ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. ബാറ്റിംഗിൽ നിക്കോളാസ് പൂരനും ഋഷഭ് പന്തും സ്ഥിരത കണ്ടെത്താൻ പാടുപെടുമ്പോൾ, യുവതാരം മുകുൾ ചൗധരിയുടെ ഫിനിഷിംഗ് കഴിവിലാണ് ടീം പ്രതീക്ഷ വെക്കുന്നത്. ബൗളിംഗിൽ കഴിഞ്ഞ മത്സരത്തിൽ വലിയ റൺസ് വഴങ്ങിയതും ആശങ്കയാണ്. മുഹമ്മദ് ഷമിയുടെ പവർപ്ലേ പ്രകടനങ്ങളും പ്രിൻസ് യാദവിന്റെ സംഭാവനയും മാത്രമാണ് ആശ്വാസമായി കാണുന്നത്. രാജസ്ഥാൻ റോയൽസിന് സീസൺ തുടക്കം ശക്തമായിരുന്നെങ്കിലും, അടുത്തിടെ ഉണ്ടായ രണ്ട് തോൽവികൾ അവരുടെ മുന്നേറ്റത്തെ കുറച്ചൊന്നു മന്ദഗതിയിലാക്കി. റിയാൻ പരാഗിന്റെ നേതൃത്വത്തിൽ ടീമിന് ആത്മവിശ്വാസമുണ്ടെങ്കിലും, ബാറ്റിംഗ് നിരയിലെ സ്ഥിരതയില്ലായ്മയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നം. യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവംശിയും മികച്ച തുടക്കം നൽകുന്നുണ്ടെങ്കിലും, അത് വലിയ സ്കോറുകളാക്കാൻ മധ്യനിരയ്ക്ക് കഴിയുന്നില്ല. രവീന്ദ്ര ജഡേജയുടെ സാന്നിധ്യം ടീമിന് കരുത്ത് നൽകിയെങ്കിലും, തുടർച്ചയായ പ്രകടനമാണ് ഇപ്പോൾ ആവശ്യം. ബൗളിംഗിൽ രാജസ്ഥാന്റെ പ്രധാന ആയുധം രവി ബിഷ്ണോയിയാണ്. ലക്നൗവിലെ പിച്ചിന്റെ സ്വഭാവം നന്നായി അറിയുന്ന അദ്ദേഹം, നിർണായക പങ്ക് വഹിക്കാൻ സാധ്യതയുണ്ട്. ഏക്ന സ്റ്റേഡിയത്തിലെ പിച്ച് സാധാരണയായി ബൗളർമാർക്ക് അനുകൂലമാണ്. തുടക്കത്തിൽ പേസർമാർക്ക് സഹായം ലഭിക്കുമ്പോൾ, മത്സരത്തിനിടെ പിച്ച് മന്ദഗതിയിലാകുകയും സ്പിന്നർമാർക്ക് മേൽക്കൈ ലഭിക്കുകയും ചെയ്യും. Dew വലിയ ഘടകമാകില്ലെന്നതിനാൽ ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്. കടലാസിൽ രാജസ്ഥാൻ റോയൽസിനാണ് നേരിയ മുൻതൂക്കം കാണുന്നുവെങ്കിലും, സ്വന്തം ഗ്രൗണ്ടിന്റെ ആനുകൂല്യം ലക്നൗയ്ക്ക് വലിയ കരുത്താണ്. കുറഞ്ഞ സ്കോർ പ്രതീക്ഷിക്കാവുന്ന ഈ മത്സരത്തിൽ ചെറിയ പിഴവുകൾ പോലും ഫലം നിർണയിക്കാനിടയുണ്ട്. കൂടുതൽ കൃത്യമായ പദ്ധതിയോടും സമ്മർദ്ദം കൈകാര്യം ചെയ്യുന്ന ശേഷിയോടും ഇറങ്ങുന്ന ടീം തന്നെയാകും ഇന്ന് വിജയത്തിന്റെ വാതിൽ തുറക്കുക.
ഐപിഎൽ 2026: ഹൈദരാബാദിൽ തീപാറും പോരാട്ടം; പ്ലേ ഓഫ് ലക്ഷ്യമിട്ട് SRH-ഉം ഡൽഹിയും നേർക്കുനേർ
ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയം ഇന്ന് മറ്റൊരു ആവേശപ്പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. ഐപിഎൽ 2026-ലെ 31-ാം മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദ് (SRH) കരുത്തരായ ഡൽഹി ക്യാപിറ്റൽസിനെ (DC) നേരിടുന്നു. പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ഇരുടീമുകൾക്കും ഈ വിജയം അത്യന്താപേക്ഷിതമാണ്. മോമെന്റം നിലനിർത്താൻ ഹൈദരാബാദ്; തിരിച്ചുവരവ് ലക്ഷ്യമിട്ട് ഡൽഹിതുടർച്ചയായ രണ്ട് ഹോം വിജയങ്ങളുമായി മികച്ച ഫോമിലുള്ള ഹൈദരാബാദ് ഇന്ന് ഹാട്രിക് വിജയമാണ് ലക്ഷ്യമിടുന്നത്. മറുവശത്ത്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് അക്ഷർ പട്ടേൽ നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ് എത്തുന്നത്. ടോപ്പ് ഫോറിൽ ഇടംപിടിച്ചിട്ടുണ്ടെങ്കിലും മിഡിൽ ഓർഡറിലെ സ്ഥിരതയില്ലായ്മ ഹൈദരാബാദിനെ അല്പം അലട്ടുന്നുണ്ട്. ഡൽഹിയാകട്ടെ, സമതുലിതമായ ടീമാണെങ്കിലും ടോപ്പ് ഓർഡർ ബാറ്റിംഗിലെ പതർച്ച പരിഹരിക്കാനുള്ള ശ്രമത്തിലാണ്. ഇരുടീമുകളും നേർക്കുനേർ വന്ന ചരിത്രമെടുത്താൽ പോരാട്ടം തുല്യശക്തികൾ തമ്മിലാണെന്ന് വ്യക്തം. 26 മത്സരങ്ങളിൽ നിന്നായിസൺറൈസേഴ്സ് ഹൈദരാബാദ് 13 ജയംഡൽഹി ക്യാപിറ്റൽസ്: 12 ജയം(ഒരു മത്സരം ഫലമില്ലാതെ അവസാനിച്ചു).*ഈ നേരിയ വ്യത്യാസം തന്നെ ഇന്നത്തെ മത്സരത്തിലെ അനിശ്ചിതത്വം വർധിപ്പിക്കുന്നു. ചെറിയ പിഴവുകൾ പോലും ഫലത്തെ മാറ്റിമറിച്ചേക്കാം. പിച്ച് റിപ്പോർട്ടും സ്കോറിംഗ് സാധ്യതയുംബാറ്റ്സ്മാൻമാരെ തുണയ്ക്കുന്ന ഹൈദരാബാദിലെ പിച്ചിൽ വലിയ സ്കോറുകൾ പിറക്കാൻ സാധ്യതയുണ്ട്.ശരാശരി സ്കോർ: 190-200 റൺസ്. വിജയസാധ്യത: 210-ന് മുകളിൽ സ്കോർ ചെയ്യുന്ന ടീമിന് വിജയം ഏറെക്കുറെ ഉറപ്പിക്കാം.എങ്കിലും, കൃത്യമായ ലൈനിലും ലെങ്തിലും പന്തെറിയുന്ന ബൗളർമാർക്കും ഇവിടെ വിക്കറ്റുകൾ കൊയ്യാൻ അവസരമുണ്ട്. ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവർ നൽകുന്ന വെടിക്കെട്ട് തുടക്കവും ഹെൻറിച്ച് ക്ലാസന്റെ ഫിനിഷിംഗ് മികവും ഹൈദരാബാദിന്റെ കരുത്താണ്. സ്വന്തം മൈതാനത്തെ റെക്കോർഡും ആരാധകരുടെ പിന്തുണയും അവർക്ക് അനുകൂലഘടകങ്ങളാണ്. DC: അക്ഷർ പട്ടേലിന്റെ ക്യാപ്റ്റൻസിയും ഓൾറൗണ്ട് പ്രകടനവുമാണ് ഡൽഹിയുടെ നട്ടെല്ല്. ഹൈദരാബാദിന്റെ മിഡിൽ ഓർഡർ തകർച്ചയെ മുതലെടുക്കാനാകും ഡൽഹി ബൗളർമാരുടെ നീക്കം.മത്സര സമയം രാത്രി 7:30 മുതൽ.
ഐപിഎൽ ഇന്ന് പതറുന്ന മുംബൈയും കുതിക്കുന്ന ഗുജറാത്തും;
2026 ഐപിഎല്ലിലെ ആവേശകരമായ ഒരു പോരാട്ടത്തിനാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. പോയിന്റ് പട്ടികയിൽ നിലവിൽ പത്താം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസും ആറാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള ഈ മത്സരം ഇരുടീമുകൾക്കും നിർണ്ണായകമാണ്. ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ടീം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കളിച്ച അഞ്ച് മത്സരങ്ങളിൽ ഒന്നിൽ മാത്രം ജയിച്ച അവർക്ക് ടൂർണമെന്റിൽ തിരിച്ചുവരാൻ ഇന്നത്തെ വിജയം അത്യന്താപേക്ഷിതമാണ്. മറുവശത്ത് തുടർച്ചയായ മൂന്ന് വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ എത്തുന്ന ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് ഇന്നത്തെ മത്സരത്തിലും വിജയം ആവർത്തിച്ച് ആദ്യ നാല് സ്ഥാനങ്ങളിൽ ഇടംപിടിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വന്തം തട്ടകമായ അഹമ്മദാബാദിലെ പിച്ചിൽ കളിക്കുന്നതിന്റെ മുൻതൂക്കം ഗുജറാത്തിനുണ്ടാകും. മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ പ്രധാന ചർച്ചാവിഷയം മുൻ നായകൻ രോഹിത് ശർമ്മയുടെ ഫിറ്റ്‌നസ് ആണ്. ഹാംസ്ട്രിംഗ് പരിക്കിനെത്തുടർന്ന് കഴിഞ്ഞ മത്സരം നഷ്ടമായ രോഹിത് നെറ്റ്‌സിൽ ബാറ്റിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ഇന്ന് കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തിൽ രോഹിത്തിന് പകരം കളിച്ച ക്വിന്റൺ ഡി കോക്ക് തകർപ്പൻ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. ഡി കോക്കിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനായി സീനിയർ പേസർ ട്രെന്റ് ബോൾട്ടിനെ ബെഞ്ചിലിരുത്തിയത് ബോളിംഗ് നിരയുടെ കരുത്ത് കുറച്ചോ എന്ന സംശയവും ഉയരുന്നു. തോൽവികൾക്ക് പിന്നിലെ കാരണം വ്യക്തമാകുന്നില്ലെന്ന് നായകൻ ഹാർദിക് പാണ്ഡ്യ തന്നെ സമ്മതിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഇപ്പോൾ ശുഭകരമാണ്. സീസണിന്റെ തുടക്കത്തിൽ ചില പതർച്ചകൾ ഉണ്ടായെങ്കിലും ശുഭ്മാൻ ഗില്ലിന്റെ മികച്ച ഫോമും റാഷിദ് ഖാന്റെ ബോളിംഗ് പ്രകടനവും ടീമിനെ വിജയവഴിയിലേക്ക് തിരികെ എത്തിച്ചു. സായ് സുദർശൻ, മുഹമ്മദ് സിറാജ് എന്നിവരുടെ പ്രകടനവും ടൈറ്റൻസിന് കരുത്താകുന്നു. ഇന്ന് രാത്രി 7:30-ന് ആരംഭിക്കുന്ന ഈ പോരാട്ടം പോയിന്റ് പട്ടികയിലെ നിലപാടുകൾ മാറ്റിമറിക്കാൻ സാധ്യതയുണ്ട്. ജയിച്ചാൽ മുംബൈയ്ക്ക് ആശ്വാസം ലഭിക്കുമ്പോൾ, ഗുജറാത്തിന് അത് പ്ലേ ഓഫ് സാധ്യതകൾ കൂടുതൽ ശക്തമാക്കാനുള്ള അവസരമാകും.
ഫോമിൽ ചെന്നൈക്ക് മേൽക്കൈ; കമ്മിൻസിന്റെ തിരിച്ചുവരവ് കാത്ത് ഹൈദരാബാദ്
ഹൈദരാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് 2026 ലെ ഇരുപത്തിയേഴാം മത്സരത്തിൽ ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഗ്രൗണ്ടിൽ സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പർ കിംഗ്സും നേർക്കുനേർ എത്തുന്നു. അഞ്ചു മത്സരങ്ങളിൽ രണ്ട് വിജയങ്ങളുമായി ഇരു ടീമുകളും തുല്യ നിലയിൽ തുടരുമ്പോഴും സമീപകാല പ്രകടനങ്ങളിൽ വ്യത്യാസം വ്യക്തമാണ്. തുടർച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇറങ്ങുന്നത്, അതേസമയം കഴിഞ്ഞ മത്സരത്തിലെ ആവേശകരമായ വിജയം ഹൈദരാബാദിന് പ്രതിക്ഷ നൽകുന്നു. രാജസ്ഥാനെതിരായ ജയത്തിൽ യുവ ബൗളർമാരായ പ്രഭുൽ ഹിംഗെയും സാക്കിബ് ഹസൈനും നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയ പ്രകടനം ശ്രദ്ധേയമായി, പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ ഉണ്ടായിരുന്ന ക്ഷീണം കുറയ്ക്കാൻ ഇത് സഹായിച്ചു. ബാറ്റിംഗിൽ അഭിഷേക് ശർമ്മയും ട്രാവിസ് ഹെഡും സ്ഥിരതയില്ലാതെ തുടരുമ്പോഴും ഹെൻറിച്ച് ക്ലാസന്റെ മികവും താൽക്കാലിക നായകൻ ഇഷാൻ കിഷന്റെ നല്ല പ്രകടനവും ഹൈദരാബാദിന് കരുത്താകുന്നു. മറുവശത്ത് പരിക്കുകളുടെ പിടിയിലായ ചെന്നൈ നിരയിൽ നഥാൻ എല്ലിസ്, സ്പെൻസർ ജോൺസൺ, ഖലീൽ അഹമ്മദ് എന്നിവരുടെ അഭാവം ബൗളിംഗ് നിരയെ ദുർബലമാക്കുമ്പോൾ മുകേഷ് ചൗധരിയെ പകരക്കാരനായി ഇറക്കാൻ സാധ്യതയുണ്ട്; നായകൻ ഋതുരാജ് ഗെയ്ക്‌വാദ് റൺ കണ്ടെത്താൻ പാടുപെടുമ്പോഴും സഞ്ജു സാംസണും ആയുഷ് മ്ഹാത്രെയും മികച്ച ഫോമിൽ തുടരുന്നു. നൂർ അഹമ്മദ്, അഖീൽ ഹൊസൈൻ എന്നിവർ ചേർന്ന സ്പിൻ സഖ്യം ഹൈദരാബാദ് ബാറ്റിംഗ് നിരയ്ക്ക് വെല്ലുവിളിയാകും. ഹൈദരാബാദ് മൈതാനത്തിലെ കണക്കുകൾ ചെന്നൈക്ക് അനുകൂലമല്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒറ്റ വിജയം മാത്രമാണ് ഇവിടെ നേടിയിട്ടുള്ളത്, ഈ സീസണിലെ പുറം മൈതാന മത്സരങ്ങളിലും അവർ വിജയിച്ചിട്ടില്ല. പിച്ച് ഇപ്പോൾ മന്ദഗതിയിലുള്ളതായതിനാൽ പന്ത് സാവധാനം വരുന്നത് ബാറ്റർമാർക്ക് ബുദ്ധിമുട്ടാകാൻ സാധ്യതയുണ്ട്. പാറ്റ് കമ്മിൻസിന്റെ തിരിച്ചുവരവ് ഹൈദരാബാദിനെ കൂടുതൽ ശക്തമാക്കുമോ അല്ലെങ്കിൽ ചെന്നൈയുടെ വിജയം തുടരുമോ എന്നതാണ് ഇന്നത്തെ പോരാട്ടത്തിലെ പ്രധാന ചോദ്യമായി മാറുന്നത്.