ജോജു ജോർജ് ചിത്രം ‘പണി’യുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന നിഷാദ് ഹസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘പഗിട കളി’യുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി.
പൂർണ്ണമായും ഐഫോണിൽ ചിത്രീകരിച്ചുവെന്ന പ്രത്യേകതയുള്ള ഈ ചിത്രം സാങ്കേതികമായി ഏറെ മികച്ചുനിൽക്കുന്ന ഒന്നാണ്. കേരളത്തിൽ നടക്കുന്ന ഒരു കൊലപാതകവും അതിനെത്തുടർന്ന് ഒരു കുട്ടിയെ കാണാതാവുകയും ആ കേസന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് നീളുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേവസൂര്യ ഫിലിം ഹൗസിന്റെ ബാനറിൽ മുരളി ദേവസൂര്യ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ദേവസൂര്യ, ടിറ്റോ വിൽസൺ, രഞ്ജിത മുകുന്ദൻ, അമല സുരേഷ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംവിധാനത്തിന് പുറമെ ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ആക്ഷൻ എന്നിവയും നിഷാദ് ഹസൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്. വിനായക് ശരത് ചന്ദ്രൻ സംഗീതം നൽകിയ ചിത്രം മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മാർച്ച് മാസത്തിൽ തീയേറ്ററുകളിലെത്തും
