ടീച്ചർക്കായി സേതു ഡെഡിക്കേറ്റ് ചെയ്ത ഗാനം ഏറ്റെടുത്ത് ആരാധകർ; ഹിറ്റായി ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനം

മലയാള സിനിമയിൽ വിസ്മയം തീർത്ത ആ ഹിറ്റ് കോമ്പോ വീണ്ടും ഒന്നിക്കുന്നു! ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിന് ശേഷം കുഞ്ചാക്കോ ബോബനും സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്രേക്ഷകരെ പഴയകാല ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു ‘റേഡിയോ നോസ്റ്റാൾജിയ’യുമായാണ് ഈ പാട്ടിൻ്റെ വരവ്.ഗാനം ആലപിച്ചത് കപിൽ കപിലനും നേഹ നായരുമാണ്. മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനികളായ മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്‌സും ആദ്യമായി കൈകോർക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.കുഞ്ചക്കോ ബോബനൊപ്പം ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം,സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവൻ, ഷാഹി കബീർ, കുഞ്ഞികൃഷ്ണൻ മാഷ്, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.വയനാടിൻ്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചിത്രം ഏപ്രിലിൽ തീയറ്ററുകളിലേക്ക് എത്തും.
ആഗോള രാഷ്ട്രീയത്തിൽ കനൽ എരിയുന്നു ; സുരക്ഷിത താവളം തേടി സ്വർണം

ആഗോള രാഷ്ട്രീയ വേദിയിൽ അനിശ്ചിതത്വങ്ങൾ പുകയുമ്പോൾ അന്താരാഷ്ട്ര വിപണിയിൽ സ്വർണവില സർവകാല റെക്കോർഡുകളിലേക്ക് കുതിക്കുകയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങളും സാമ്പത്തിക അസ്ഥിരതയുമാണ് നിക്ഷേപകരെ വീണ്ടും സ്വർണത്തിലേക്ക് അടുപ്പിക്കുന്നത്. പ്രധാനമായും മിഡിൽ ഈസ്റ്റിൽ ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള സൈനിക നീക്കങ്ങൾ ശക്തമായതും, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഭാഗിക നിയന്ത്രണങ്ങളും ആഗോള വിപണിയിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിനുപുറമെ നാല് വർഷമായി തുടരുന്ന റഷ്യ-ഉക്രെയ്ൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുന്നത് തുടരുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ സ്വർണശേഖരത്തെ ആശ്രയിക്കുന്നതും വിപണിയിലെ ചലനങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര-സാങ്കേതിക യുദ്ധവും ഡോളറിനെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള ചൈന, കസാക്കിസ്ഥാൻ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ നീക്കങ്ങളും സ്വർണത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരിക്കുകയാണ്.വിദേശ ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നത് വിപണിയിൽ വലിയ ഡിമാൻഡ് സൃഷ്ടിക്കുന്നു. ഓഹരി വിപണികൾ തകരുകയും കറൻസികളുടെ മൂല്യം ഇടിയുകയും ചെയ്യുന്ന ഘട്ടത്തിൽ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി സ്വർണം മാറുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യത്തകർച്ചയും വിവാഹ സീസണുകളിലെ വർധിച്ച ആവശ്യകതയും വിലക്കയറ്റത്തിന്റെ ആഘാതം വർധിപ്പിക്കുകയാണ്. ലോകത്തിന്റെ ഏതോ കോണിൽ നടക്കുന്ന രാഷ്ട്രീയ തർക്കങ്ങൾ പോലും സാധാരണക്കാരന്റെ ജീവിതച്ചെലവിനെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണിന്ന്. അനിശ്ചിതത്വത്തിന്റെ ഈ കാലഘട്ടത്തിൽ മനുഷ്യൻ ഇന്നും ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന സുരക്ഷിത താവളമായി ഈ മഞ്ഞലോഹം നിലകൊള്ളുന്നു.
ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ‘ദുരന്ധർ 2’ ഒരാഴ്ചയ്ക്കുള്ളിൽ ആയിരം കോടി ക്ലബ്ബിൽ

പ്രമുഖ സംവിധായകൻ ആദിത്യ ധറും സൂപ്പർ താരം രൺവീർ സിംഗും ഒന്നിച്ച ‘ധുരന്ധർ 2 ആഗോള ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചിരിക്കുന്നു. റിലീസ് ചെയ്ത് വെറും ഏഴു ദിവസങ്ങൾക്കുള്ളിൽ ആയിരം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ട ചിത്രം, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന ഖ്യാതി സ്വന്തമാക്കി. ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ 18 ദിവസങ്ങൾ കൊണ്ട് സ്ഥാപിച്ച റെക്കോർഡിനെയാണ് ഈ പാൻ-ഇന്ത്യൻ സ്പൈ ത്രില്ലർ വെറും ഒരാഴ്ച കൊണ്ട് മറികടന്നത്. ഈ വിജയത്തോടെ ഷാരൂഖ് ഖാനും പ്രഭാസിനും ശേഷം ആയിരം കോടി ക്ലബ്ബിൽ രണ്ട് ചിത്രങ്ങളുള്ള മൂന്നാമത്തെ ഇന്ത്യൻ താരമെന്ന പദവി രൺവീർ സിംഗ് കരസ്ഥമാക്കി. കറാച്ചി അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തെത്തുടർന്ന് നിർമ്മാതാക്കൾ അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര കാർ രൺവീർ സിംഗിന് സമ്മാനമായി നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജയസൂര്യയുടെ ‘കത്തനാർ’ വരുന്നു; മന്ത്രവാദവും മായക്കാഴ്ചകളുമായി ടീസർ മാർച്ച് 31-ന്

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നായ ‘കത്തനാർ – ദ വൈൽഡ് സോർസറർ’ എന്ന ചിത്രത്തിന്റെ പുത്തൻ അപ്‌ഡേറ്റ് പുറത്ത്. ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ ടീസർ ട്രെയിലർ മാർച്ച് 31-ന് റിലീസ് ചെയ്യും. ‘ഹോം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാള സിനിമയുടെ സാങ്കേതിക മികവിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുമെന്നാണ് കരുതപ്പെടുന്നത്.ഐതിഹ്യവും സാങ്കേതികതയും ഒന്നിക്കുമ്പോൾകടമറ്റത്ത് കത്തനാരെന്ന ഐതിഹാസിക കഥാപാത്രത്തെയാണ് ജയസൂര്യ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രം, ഹോളിവുഡ് സിനിമകളിൽ കണ്ടുവരുന്ന ‘വെർച്വൽ പ്രൊഡക്ഷൻ’ (Virtual Production) സാങ്കേതികവിദ്യ പൂർണ്ണമായും ഉപയോഗിച്ച് നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ സിനിമകളിൽ ഒന്നാണ്. ജയസൂര്യയ്‌ക്കൊപ്പം തെന്നിന്ത്യൻ സൂപ്പർ താരം അനുഷ്ക ഷെട്ടി ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. കൂടാതെ പ്രഭുദേവ, വിനീത്, നിതീഷ് ഭരദ്വാജ്, സനൂപ് സന്തോഷ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആർ. രാമാനന്ദിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന് രാഹുൽ സുബ്രഹ്മണ്യനാണ് സംഗീതം നൽകുന്നത്.