പ്രമുഖ സംവിധായകൻ ആദിത്യ ധറും സൂപ്പർ താരം രൺവീർ സിംഗും ഒന്നിച്ച ‘ധുരന്ധർ 2 ആഗോള ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ചിരിക്കുന്നു. റിലീസ് ചെയ്ത് വെറും ഏഴു ദിവസങ്ങൾക്കുള്ളിൽ ആയിരം കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ട ചിത്രം, ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന ഖ്യാതി സ്വന്തമാക്കി.
ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’ 18 ദിവസങ്ങൾ കൊണ്ട് സ്ഥാപിച്ച റെക്കോർഡിനെയാണ് ഈ പാൻ-ഇന്ത്യൻ സ്പൈ ത്രില്ലർ വെറും ഒരാഴ്ച കൊണ്ട് മറികടന്നത്. ഈ വിജയത്തോടെ ഷാരൂഖ് ഖാനും പ്രഭാസിനും ശേഷം ആയിരം കോടി ക്ലബ്ബിൽ രണ്ട് ചിത്രങ്ങളുള്ള മൂന്നാമത്തെ ഇന്ത്യൻ താരമെന്ന പദവി രൺവീർ സിംഗ് കരസ്ഥമാക്കി.
കറാച്ചി അധോലോകത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന്റെ അഭൂതപൂർവമായ വിജയത്തെത്തുടർന്ന് നിർമ്മാതാക്കൾ അഞ്ച് കോടി രൂപ വിലമതിക്കുന്ന ആഡംബര കാർ രൺവീർ സിംഗിന് സമ്മാനമായി നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
