ജർമൻ സ്പോർട്സ് വെയർ കമ്പനിയായ അഡിഡാസ് ഗുരുഗ്രാം ടെക് ഹബിൽ ജീവനക്കാരുടെ എണ്ണം കുറച്ചു. 350ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. എന്നാൽ കൃത്യമായ എണ്ണം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഹബിലെ 700ഓളം ജീവനക്കാരിൽ സോഫ്റ്റ്വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ തുടങ്ങിയവർ നടപടിയുടെ ഭാഗമായതായാണ് വിവരം.
പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനും ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തനരീതി പുനഃക്രമീകരിക്കുന്നതിനുമുള്ള നടപടിയാണിതെന്ന് അഡിഡാസ് അറിയിച്ചു. ചില ജീവനക്കാർക്ക് ഉടൻ എക്സിറ്റ് ലെറ്റർ നൽകിയപ്പോൾ, മറ്റുചിലരോട് ഡിസംബർ 15 വരെ തുടരാനും സ്ഥാപനത്തിനകത്ത് മറ്റൊരു ജോലി കണ്ടെത്താനും നിർദേശിച്ചിട്ടുണ്ട്. പിരിച്ചുവിടൽ ബാധിച്ചവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും കമ്പനി വ്യക്തമാക്കി.





