മഴക്കുറവ് തിരിച്ചടി; ഇന്ത്യയിലെ അരിയുൽപ്പാദനത്തിൽ 20 വർഷത്തിനിടയിലെ വലിയ ഇടിവിന് സാധ്യത
മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് ഇത്തവണ ഇന്ത്യയുടെ അരിയുൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക ഇടിവായിരിക്കും ഇത്തവണ ഉണ്ടായേക്കുകയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം റെക്കോർഡ് 15.4 കോടി ടൺ അരി ഉൽപ്പാദിപ്പിച്ച സ്ഥാനത്ത് ഇത്തവണ ഏകദേശം ഒരു കോടി ടണ്ണിന്റെ കുറവുണ്ടാകാമെന്ന് റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി. കൃഷ്ണ റാവു പറഞ്ഞു. ഏകദേശം 6.5 ശതമാനത്തിന്റെ ഇടിവാണിത്. ജൂൺ ഒന്നിന് ആരംഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ രാജ്യത്ത് ഇതുവരെ സാധാരണയേക്കാൾ 15 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. നെല്ല് പ്രധാനവിളയായ സംസ്ഥാനങ്ങളിൽ മഴക്കുറവ് 42 ശതമാനം വരെയെത്തി. വേനൽക്കാല നെൽകൃഷിയിലും നാല് ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം 4.268 കോടി ഹെക്ടറിലാണ് നെൽകൃഷി നടന്നത്. 2009-10ൽ എൽ നിനോയെ തുടർന്നുണ്ടായ വരൾച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഉൽപ്പാദന ഇടിവായിരിക്കും ഇത്തവണത്തേതെന്നാണ് റിപ്പോർട്ടുകൾ. ഉൽപ്പാദനം കുറയുന്നതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും മറ്റ് അരി ഉപഭോഗ രാജ്യങ്ങളിലും വിലയിൽ പ്രകടമാകാൻ തുടങ്ങിയിട്ടുണ്ട്. അതേസമയം, സർക്കാർ സംവിധാനങ്ങളിലെ ഉയർന്ന അരി-നെല്ല് ശേഖരം ആശ്വാസം നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്നിലെ കണക്കുപ്രകാരം 5.96 കോടി ടണ്ണാണ് സർക്കാർ ശേഖരം. ഒക്ടോബർ ഒന്നിന് 1.03 കോടി ടൺ ശേഖരം ലക്ഷ്യമിട്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉയർന്ന സ്റ്റോക്ക് വിപണിയിലെ സമ്മർദം നിയന്ത്രിക്കാൻ സർക്കാരിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
അഡിഡാസിൽ വൻ പിരിച്ചുവിടൽ; 350ഓളം പേർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്

ജർമൻ സ്പോർട്സ് വെയർ കമ്പനിയായ അഡിഡാസ് ഗുരുഗ്രാം ടെക് ഹബിൽ ജീവനക്കാരുടെ എണ്ണം കുറച്ചു. 350ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് റിപ്പോർട്ട്. എന്നാൽ കൃത്യമായ എണ്ണം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഹബിലെ 700ഓളം ജീവനക്കാരിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡാറ്റാ സയന്റിസ്റ്റുകൾ, ഡാറ്റാ എൻജിനീയർമാർ തുടങ്ങിയവർ നടപടിയുടെ ഭാഗമായതായാണ് വിവരം. പ്രവർത്തനങ്ങൾ ലളിതമാക്കുന്നതിനും ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തനരീതി പുനഃക്രമീകരിക്കുന്നതിനുമുള്ള നടപടിയാണിതെന്ന് അഡിഡാസ് അറിയിച്ചു. ചില ജീവനക്കാർക്ക് ഉടൻ എക്സിറ്റ് ലെറ്റർ നൽകിയപ്പോൾ, മറ്റുചിലരോട് ഡിസംബർ 15 വരെ തുടരാനും സ്ഥാപനത്തിനകത്ത് മറ്റൊരു ജോലി കണ്ടെത്താനും നിർദേശിച്ചിട്ടുണ്ട്. പിരിച്ചുവിടൽ ബാധിച്ചവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും കമ്പനി വ്യക്തമാക്കി.
ജനന-മരണ രജിസ്ട്രേഷൻ വൈകിയാൽ ഇനി പിഴ; പുതിയ നിയമം ഒക്ടോബർ 1 മുതൽ

ജനനവും മരണവും സമയബന്ധിതമായി രജിസ്റ്റർ ചെയ്യാത്തവർക്കുള്ള നടപടികൾ കടുപ്പിക്കുന്നു. ഒരു മാസം മുതൽ രണ്ട് വർഷം വരെ രജിസ്ട്രേഷൻ വൈകുന്ന സാഹചര്യത്തിൽ വിവിധ അധികാരികളുടെ അനുമതിയും പിഴയും നിർബന്ധമാക്കുന്ന നിയമഭേദഗതി ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പാർലമെന്റ് പാസാക്കിയ ഭേദഗതി ബില്ലിൽ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പുവച്ചത്. ജനനവും മരണവും 21 ദിവസത്തിനകം രജിസ്റ്റർ ചെയ്താൽ ഫീസോ പിഴയോ ഈടാക്കില്ല. 21 മുതൽ 30 ദിവസം വരെ വൈകിയാൽ നിശ്ചിത ഫീസ് അടച്ച് രജിസ്ട്രേഷൻ നടത്താം. ഒരു മാസം മുതൽ ഒരു വർഷം വരെ വൈകിയാൽ ജില്ലാ രജിസ്ട്രാറുടെയോ സർക്കാർ നിർദേശിക്കുന്ന അധികാരിയുടെയോ അനുമതിക്കൊപ്പം നിശ്ചയിക്കുന്ന പിഴയും അടയ്ക്കണം. ഒരു വർഷം മുതൽ രണ്ട് വർഷം വരെ വൈകുന്ന രജിസ്ട്രേഷന് ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയോ അനുമതി ആവശ്യമാണ്. ജനന-മരണ രജിസ്ട്രേഷൻ കൃത്യസമയത്ത് നടത്തേണ്ടത് പൗരന്റെ കടമയാണെന്നും രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
മരുന്ന് വിൽപന ഇനി സിസിടിവി നിരീക്ഷണത്തിൽ; റീട്ടെയിൽ ഫാർമസികൾക്ക് പുതിയ നിബന്ധന

രാജ്യത്തെ റീട്ടെയിൽ മെഡിക്കൽ ഷോപ്പുകളിലെ മരുന്ന് വിൽപന സിസിടിവി നിരീക്ഷണത്തിലാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. 1945ലെ ഡ്രഗ്‌സ് റൂൾസിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. മരുന്നുകളുടെ വിൽപനയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുകയും അനധികൃത വിൽപനയും മരുന്നുകളുടെ ദുരുപയോഗവും തടയുകയുമാണ് നിർദേശത്തിന്റെ പ്രധാന ലക്ഷ്യം. ഭേദഗതി പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ എല്ലാ റീട്ടെയിൽ ഫാർമസികളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാകും. ക്യാമറകളുടെ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്നതിനൊപ്പം റെക്കോർഡ് ചെയ്യുന്ന ദൃശ്യങ്ങൾ കുറഞ്ഞത് മൂന്ന് മാസത്തേക്ക് സൂക്ഷിക്കണമെന്നും കരടിൽ നിർദേശിക്കുന്നു. അതേസമയം, ഹോൾസെയിൽ മരുന്ന് വ്യാപാര സ്ഥാപനങ്ങളെ പുതിയ സിസിടിവി നിബന്ധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനത്തിൽ പൊതുജനങ്ങൾക്കും ഫാർമസി സംഘടനകൾക്കും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ 30 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങൾ പരിഗണിച്ച ശേഷമായിരിക്കും നിയമഭേദഗതി ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ അന്തിമമായി നടപ്പാക്കുക. മരുന്നുകളുടെ ദുരുപയോഗം, അനധികൃത വിൽപന, അശാസ്ത്രീയമായ സ്വയംചികിത്സ എന്നിവ സംബന്ധിച്ച ആശങ്കകളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
കാലവർഷം ദുർബലം; കേരളത്തിൽ മഴക്കുറവ് 28 ശതമാനം

കേരളത്തിൽ ഇത്തവണ കാലവർഷത്തിൽ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്ക്. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടത്. മഴക്കുറവിൽ വയനാടാണ് മുന്നിൽ. ജില്ലയിൽ 54 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കിയിൽ 47 ശതമാനം മഴ കുറഞ്ഞു. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനം ഉൾപ്പെടെയുള്ള കാലാവസ്ഥാ സാഹചര്യങ്ങളാണ് ഇത്തവണ കേരളത്തിലെ കാലവർഷം ദുർബലമാകാൻ കാരണമായതെന്നാണ് വിലയിരുത്തൽ. അതേസമയം മഴക്കുറവിനൊപ്പം സംസ്ഥാനത്ത് ചൂടും തുടരുകയാണ്. തിരുവനന്തപുരത്ത് 35.4 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
പരശുറാം എക്സ്പ്രസിൽ ഇനി എൽഎച്ച്ബി കോച്ചുകൾ; ജനറൽ സീറ്റുകൾ 700ഓളം കുറയും

പരശുറാം എക്സ്പ്രസ് എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു–കന്യാകുമാരി സർവീസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു സർവീസ് (16650) സെപ്റ്റംബർ 23 മുതലുമാണ് പുതിയ കോച്ചുകളുമായി സർവീസ് നടത്തുക. രണ്ട് എസി ചെയർ കാർ, ഒൻപത് സെക്കൻഡ് സിറ്റിങ്, ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് പുതിയ റേക്കിലുണ്ടാകുക. എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതോടെ ജനറൽ യാത്രക്കാർക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. നിലവിലെ 16 ജനറൽ കോച്ചുകൾ ഒൻപതായി ചുരുങ്ങും. ഐസിഎഫ് കോച്ചുകളിൽ 105 സീറ്റ് വീതമുള്ള 16 ജനറൽ കോച്ചുകളിലായി 1680 സീറ്റുകളാണുള്ളത്. പുതിയ എൽഎച്ച്ബി കോച്ചുകളിൽ 108 സീറ്റ് വീതമുള്ള ഒൻപത് കോച്ചുകളിലായി 970 സീറ്റുകളാകും ലഭിക്കുക. ഇതോടെ ജനറൽ യാത്രക്കാർക്ക് ഏകദേശം 700 സീറ്റുകളുടെ കുറവുണ്ടാകും. അതേസമയം, നിലവിലെ മൂന്ന് സിറ്റിങ് കോച്ചുകളിലായി 315 റിസർവ് സീറ്റുകളാണുള്ളതെങ്കിൽ എൽഎച്ച്ബിയിലേക്ക് മാറുന്നതോടെ ഇത് 970 റിസർവ് സീറ്റുകളായി ഉയരും. റിസർവേഷൻ ആവശ്യകത കൂടുതലായതിനാലാണ് ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസർവ് സീറ്റുകൾ വർധിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിൽ നിലവിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ മാറ്റം ജനറൽ യാത്രക്കാരുടെ യാത്രാസൗകര്യത്തെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.പരശുറാം എക്സ്പ്രസിൽ ഇനി എൽഎച്ച്ബി കോച്ചുകൾ; ജനറൽ സീറ്റുകൾ 700ഓളം കുറയും പരശുറാം എക്സ്പ്രസ് എൽഎച്ച്ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. മംഗളൂരു–കന്യാകുമാരി സർവീസ് (16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി–മംഗളൂരു സർവീസ് (16650) സെപ്റ്റംബർ 23 മുതലുമാണ് പുതിയ കോച്ചുകളുമായി സർവീസ് നടത്തുക. രണ്ട് എസി ചെയർ കാർ, ഒൻപത് സെക്കൻഡ് സിറ്റിങ്, ഒൻപത് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകൾ, ഒരു സെക്കൻഡ് ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് പുതിയ റേക്കിലുണ്ടാകുക. എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നതോടെ ജനറൽ യാത്രക്കാർക്കുള്ള സീറ്റുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടാകുന്നത്. നിലവിലെ 16 ജനറൽ കോച്ചുകൾ ഒൻപതായി ചുരുങ്ങും. ഐസിഎഫ് കോച്ചുകളിൽ 105 സീറ്റ് വീതമുള്ള 16 ജനറൽ കോച്ചുകളിലായി 1680 സീറ്റുകളാണുള്ളത്. പുതിയ എൽഎച്ച്ബി കോച്ചുകളിൽ 108 സീറ്റ് വീതമുള്ള ഒൻപത് കോച്ചുകളിലായി 970 സീറ്റുകളാകും ലഭിക്കുക. ഇതോടെ ജനറൽ യാത്രക്കാർക്ക് ഏകദേശം 700 സീറ്റുകളുടെ കുറവുണ്ടാകും. അതേസമയം, നിലവിലെ മൂന്ന് സിറ്റിങ് കോച്ചുകളിലായി 315 റിസർവ് സീറ്റുകളാണുള്ളതെങ്കിൽ എൽഎച്ച്ബിയിലേക്ക് മാറുന്നതോടെ ഇത് 970 റിസർവ് സീറ്റുകളായി ഉയരും. റിസർവേഷൻ ആവശ്യകത കൂടുതലായതിനാലാണ് ജനറൽ കോച്ചുകളുടെ എണ്ണം കുറച്ച് റിസർവ് സീറ്റുകൾ വർധിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതരുടെ വിശദീകരണം. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനുകളിലൊന്നായ പരശുറാം എക്സ്പ്രസിൽ നിലവിൽ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ മാറ്റം ജനറൽ യാത്രക്കാരുടെ യാത്രാസൗകര്യത്തെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.