മഴക്കുറവ് തിരിച്ചടി; ഇന്ത്യയിലെ അരിയുൽപ്പാദനത്തിൽ 20 വർഷത്തിനിടയിലെ വലിയ ഇടിവിന് സാധ്യത

മഴയുടെ അളവിലുണ്ടായ ഗണ്യമായ കുറവ് ഇത്തവണ ഇന്ത്യയുടെ അരിയുൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോർട്ട്. ഏകദേശം 20 വർഷത്തിനിടയിലെ ഏറ്റവും വലിയ വാർഷിക ഇടിവായിരിക്കും ഇത്തവണ ഉണ്ടായേക്കുകയെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം റെക്കോർഡ് 15.4 കോടി ടൺ അരി ഉൽപ്പാദിപ്പിച്ച സ്ഥാനത്ത് ഇത്തവണ ഏകദേശം ഒരു കോടി ടണ്ണിന്റെ കുറവുണ്ടാകാമെന്ന് റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി. കൃഷ്ണ റാവു പറഞ്ഞു. ഏകദേശം 6.5 ശതമാനത്തിന്റെ ഇടിവാണിത്.

ജൂൺ ഒന്നിന് ആരംഭിച്ച തെക്കുപടിഞ്ഞാറൻ മൺസൂൺ കാലയളവിൽ രാജ്യത്ത് ഇതുവരെ സാധാരണയേക്കാൾ 15 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. നെല്ല് പ്രധാനവിളയായ സംസ്ഥാനങ്ങളിൽ മഴക്കുറവ് 42 ശതമാനം വരെയെത്തി. വേനൽക്കാല നെൽകൃഷിയിലും നാല് ശതമാനം കുറവുണ്ടായി. കഴിഞ്ഞ വർഷം 4.268 കോടി ഹെക്ടറിലാണ് നെൽകൃഷി നടന്നത്. 2009-10ൽ എൽ നിനോയെ തുടർന്നുണ്ടായ വരൾച്ചയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ ഉൽപ്പാദന ഇടിവായിരിക്കും ഇത്തവണത്തേതെന്നാണ് റിപ്പോർട്ടുകൾ.

ഉൽപ്പാദനം കുറയുന്നതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലും മറ്റ് അരി ഉപഭോഗ രാജ്യങ്ങളിലും വിലയിൽ പ്രകടമാകാൻ തുടങ്ങിയിട്ടുണ്ട്. അതേസമയം, സർക്കാർ സംവിധാനങ്ങളിലെ ഉയർന്ന അരി-നെല്ല് ശേഖരം ആശ്വാസം നൽകുന്നുണ്ട്. സെപ്റ്റംബർ ഒന്നിലെ കണക്കുപ്രകാരം 5.96 കോടി ടണ്ണാണ് സർക്കാർ ശേഖരം. ഒക്ടോബർ ഒന്നിന് 1.03 കോടി ടൺ ശേഖരം ലക്ഷ്യമിട്ടിരിക്കുന്ന സാഹചര്യത്തിൽ നിലവിലെ ഉയർന്ന സ്റ്റോക്ക് വിപണിയിലെ സമ്മർദം നിയന്ത്രിക്കാൻ സർക്കാരിന് സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *