ആർസിബി കരുത്ത് തുടരുമോ, അതോ ഗുജറാത്ത് തിരിച്ചടിക്കുമോ

ഐപിഎൽ 2026-ലെ 34-ാം പോരാട്ടത്തിന് ബാംഗ്ലൂരിലെ എം. ചിന്നസ്വാമി സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. പോയിന്റ് പട്ടികയിൽ ആധിപത്യം ഉറപ്പിക്കാൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും, കനത്ത തോൽവിക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്താൻ ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരുമ്പോൾ ചിന്നസ്വാമിയിൽ ഒരു ‘ഹൈ-വോൾട്ടേജ്’ മത്സരം ആരാധകർക്ക് പ്രതീക്ഷിക്കാം. ചെറിയ ബൗണ്ടറികളും ഫ്ലാറ്റ് പിച്ചുമുള്ള ചിന്നസ്വാമി എന്നും ബാറ്റർമാരുടെ പറുദീസയാണ്. ഇവിടെ 200 റൺസ് എന്നത് ഒരു സുരക്ഷിത സ്കോറല്ല. രണ്ടാം ഇന്നിംഗ്‌സിൽ (Dew) വില്ലനാകാൻ സാധ്യതയുള്ളതിനാൽ, ടോസ് നേടുന്ന നായകൻ ബൗളിംഗ് തിരഞ്ഞെടുക്കാനായിരിക്കും താല്പര്യപ്പെടുക. അതിനാൽ തന്നെ ടോസ് നിർണായകമായ ഒരു ഘടകമായി മാറും. നിലവിലെ ചാമ്പ്യന്മാരായ ആർസിബി മികച്ച ഫോമിലാണ്. കളിച്ച ആറ് മത്സരങ്ങളിൽ നാലിലും ജയിച്ച അവർ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്.വിരാട് കോഹ്‌ലിയുടെ ക്ലാസിക് ബാറ്റിംഗും ഫിൽ സാൾട്ടിന്റെ വെടിക്കെട്ടും ടീമിന് മികച്ച തുടക്കം നൽകുന്നു. മധ്യനിരയിൽ ക്യാപ്റ്റൻ രജത് പണ്ഡിത ദാറും അവസാന ഓവറുകളിൽ ടിം ഡേവിഡും ചേരുന്നതോടെ ബാറ്റിംഗ് നിര അതിശക്തമാണ്.ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും പNew ബോളിൽ വിക്കറ്റ് വീഴ്ത്താൻ മിടുക്കരാണെങ്കിലും, അവസാന ഓവറുകളിൽ (Death Overs) റൺസ് നിയന്ത്രിക്കാൻ പാടുപെടുന്നത് ടീമിന് ചെറിയൊരു ആശങ്കയാണ്.തിരിച്ചുവരവിനായി ടൈറ്റൻസ്മറുവശത്ത് ഗുജറാത്ത് ടൈറ്റൻസിന് ഈ മത്സരം അതിനിർണ്ണായകമാണ്. മുംബൈക്കെതിരായ മത്സരത്തിൽ വെറും 100 റൺസിന് പുറത്തായതിന്റെ ആഘാതത്തിൽ നിന്നു കരകയറാനാണ് അവർ ശ്രമിക്കുന്നത്.ശുഭ്മാൻ ഗിൽ, ജോസ് ബട്ട്‌ലർ, സായ് സുദർശൻ എന്നിവരടങ്ങുന്ന ടോപ്പ് ഓർഡർ ഫോമിലായാൽ ഏത് വലിയ സ്കോറും അവർക്ക് മറികടക്കാനാകും.റാഷിദ് ഖാൻ നയിക്കുന്ന ബൗളിംഗ് നിരയിൽ കാഗിസോ റബാഡയും മുഹമ്മദ് സിറാജും ചേരുന്നത് ആർസിബി ബാറ്റിംഗ് നിരയ്ക്ക് വലിയ വെല്ലുവിളിയാകും.തുല്യശക്തികളുടെ പോരാട്ടംഇരുടീമുകളും ഇതുവരെ ഏറ്റുമുട്ടിയപ്പോൾ 3-3 എന്ന നിലയിൽ പോരാട്ടം തുല്യമാണ്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം ഈ പോരാട്ടത്തിലെ ഒരു ‘ടൈ-ബ്രേക്കർ’ കൂടിയാണ്. ഹോം ഗ്രൗണ്ടിന്റെ പിന്തുണയും നിലവിലെ ഫോമും ആർസിബിക്ക് നേരിയ മുൻതൂക്കം നൽകുന്നുണ്ടെങ്കിലും, ഗുജറാത്തിന്റെ വമ്പൻ നിര ഏതു നിമിഷവും കളി മാറ്റാൻ ശേഷിയുള്ളവരാണ്.ചിന്നസ്വാമിയിലെ രാത്രിയിൽ റൺമഴ പെയ്യുമോ അതോ ബൗളർമാർ കളം നിറയുമോ? കാത്തിരുന്നു കാണാം!

സഞ്ജു സാംസൺ: ദി ഫീനിക്സ് ഇൻ യെല്ലോ

സഞ്ജു വിശ്വനാഥ് സാംസൺ—ഇന്ത്യൻ ക്രിക്കറ്റിൽ ഇത്രയധികം സ്നേഹിക്കപ്പെട്ട, എന്നാൽ ഇത്രയധികം പരീക്ഷിക്കപ്പെട്ട മറ്റൊരു താരം ഉണ്ടാവില്ല. ന്യൂസിലൻഡ് പര്യടനത്തിൽ തഴയപ്പെട്ടപ്പോഴും, അന്താരാഷ്ട്ര ക്രിക്കറ്റിൽ സഞ്ജുവിന്റെ അധ്യായം അവസാനിച്ചു എന്ന് പലരും വിധി എഴുതിയപ്പോഴും, അയാൾ നിശബ്ദനായി തന്റെ ബാറ്റിനെ സംസാരിക്കാൻ പ്രാപ്തനാക്കുകയായിരുന്നു. അമേരിക്കയിലെ ലോകകപ്പ് വേദികളിൽ സഞ്ജു പുറത്തിരുന്നപ്പോൾ വിമർശകർക്ക് ആഘോഷമായിരുന്നു. “സഞ്ജുവിന് അവസരങ്ങൾ കിട്ടുന്നില്ല എന്ന പരാതി ഇനി വേണ്ട, കിട്ടിയ അവസരങ്ങൾ അയാൾ പാഴാക്കി” എന്ന വരികൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. പക്ഷേ, ടൂർണമെന്റ് നിർണ്ണായക ഘട്ടത്തിലേക്ക് കടന്നപ്പോൾ നമ്മൾ കണ്ടത് മറ്റൊരു സഞ്ജുവിനെയാണ്. സെമിഫൈനലിലും ഫൈനലിലും സെഞ്ച്വറിയേക്കാൾ വിലയുള്ള ആ 87, 97 റൺസുകൾ—അവ വെറും അക്കങ്ങളായിരുന്നില്ല. മറിച്ച്, ലോകകിരീടത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൽ ജീവനാടിയായ ഇന്നിംഗ്സുകളായിരുന്നു. ഒരു ടോപ്പ് ക്ലാസ് ബാറ്ററുടെ മിന്നും ഫോം കാണണമെങ്കിൽ സഞ്ജുവിനെ നോക്കണമെന്ന മുൻ താരങ്ങളുടെ വാക്കുകൾ അന്വർത്ഥമായ നിമിഷങ്ങൾ.ലോകകപ്പിന് ശേഷം ഐ.പി.എൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാറ്റത്തിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. സഞ്ജു സാംസൺ തന്റെ തട്ടകമായ രാജസ്ഥാനിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിലേക്ക്. സമ്മർദ്ദം ഏറുകയായിരുന്നു. ആരാധകർക്ക് വലിയ പ്രതീക്ഷ, എന്നാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ ഒറ്റയക്കത്തിന് പുറത്തായപ്പോൾ വിമർശകർ വീണ്ടും ആയുധമെടുത്തു.സി.എസ്.കെക്ക് ഇതൊരു നഷ്ടക്കച്ചവടമാണ് സാം കറനോ ജഡേജയോ മതിയായിരുന്നു എന്നൊക്കെയുള്ള ചർച്ചകൾ കൊഴുത്തു. സഞ്ജുവിന്റെ മുഖത്ത് ആ പഴയ തളർച്ചയുണ്ടോ എന്ന് ക്യാമറക്കണ്ണുകൾ തിരഞ്ഞു. പക്ഷേ, ആ മത്സരം എല്ലാം മാറ്റിമറിച്ചു.2026 ഏപ്രിൽ 11-ന് ചെപ്പോക്കിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ വെറും 56 പന്തിൽ പുറത്താകാതെ നേടിയ 115 റൺസ് സഞ്ജുവിന്റെ കരിയറിലെ നാലാമത്തെ ഐ.പി.എൽ സെഞ്ച്വറിയായിരുന്നു. ആ സീസണിൽ ഒരു സി.എസ്.കെ താരം നേടുന്ന ആദ്യ സെഞ്ച്വറിയും അത് തന്നെ. അതിന് ശേഷമാണ് ഇപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ സഞ്ജു തന്റെ അടുത്ത സെഞ്ച്വറി കൂടി കുറിച്ചിരിക്കുന്നത്.”മുംബൈയ്ക്കെതിരായുള്ളഎതിരായ മത്സരത്തിൽഒരു ബാറ്റ്സ്മാൻ തന്റെ ഫോമിന്റെ പാരമ്യത്തിൽ നിൽക്കുമ്പോൾ പന്ത് നേരിടുന്നത് എങ്ങനെയാണെന്ന് സഞ്ജു കാണിച്ചുതന്നു. ലോകത്തിലെ ഏറ്റവും മികച്ച ബൗളർ ജസ്പ്രീത് ബുംറയെ ഒരു പുൾ ഷോട്ടിലൂടെ സിക്സറിന് പറത്തുമ്പോൾ, അത് സഞ്ജുവിന്റെ ആത്മവിശ്വാസത്തിന്റെ വിളംബരമായിരുന്നു. സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ പ്രഹരിച്ചുകൊണ്ട്, ഇന്നിംഗ്സിന്റെ പേസ് നിയന്ത്രിച്ചുകൊണ്ട് അയാൾ മുന്നേറി. അവസാന ഓവറുകളിൽ ക്രിസ് ബഗത്തിനെതിരെ തുടർച്ചയായ സിക്സറുകൾ പായിച്ച് തന്റെ ഐ.പി.എൽ കരിയറിലെ അഞ്ചാമത്തെയും, സി.എസ്.കെയ്ക്ക് വേണ്ടി മുംബൈക്കെതിരെയുള്ള ആദ്യത്തെയും സെഞ്ച്വറി അയാൾ കുറിച്ചു. ഇർഫാൻ പത്താൻ പറഞ്ഞതുപോലെ, ഇത് സഞ്ജുവിന്റെ പീക്ക് ടൈമാണ്. ബാറ്റിംഗിനപ്പുറം ഒരു ‘ക്യാപ്റ്റൻസി മെറ്റീരിയൽ’ കൂടി ചെന്നൈക്ക് സഞ്ജുവിലൂടെ ലഭിച്ചിരിക്കുകയാണ്. ഋതുരാജിന് കീഴിൽ കളിക്കുമ്പോഴും, ഭാവിയിൽ ചെന്നൈയുടെ നായകസ്ഥാനത്തേക്ക് സഞ്ജു എത്തുന്നത് വിദൂരമായ ഒരു സ്വപ്നമല്ല. കഴിഞ്ഞ 5-6 വർഷത്തിനിടെ സി.എസ്.കെ നടത്തിയ ഏറ്റവും വലിയ ലാഭക്കച്ചവടമായി സഞ്ജു മാറിയിരിക്കുന്നു.നിരാശയുടെ ആഴങ്ങളിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേക്ക് സഞ്ജു നടന്നു കയറുകയാണ്. കാരണം അയാൾക്കറിയാം, Form is temporary class is permanent വാംഖഡെയിലെ മഞ്ഞക്കടലിന് സാക്ഷിയായി അയാൾ വീണ്ടും തെളിയിച്ചു—സഞ്ജു സാംസൺ എന്നത് വെറുമൊരു പേരുമല്ല, അതൊരു വികാരമാണ്. ഇന്ത്യയുടെയും ലോകത്തിന്റെയും ക്രിക്കറ്റ് ചരിത്രങ്ങളിൽ എന്നും വാഴ്ത്തപ്പെടാൻ പോകുന്ന പേര് കൂടിയാണ് സഞ്ജു വിശ്വനാഥ് സാംസൺ എന്ന മലയാളി.

മൈതാനത്തെ ‘കറുത്ത മുത്ത്’ ഇനി വെള്ളിത്തിരയിലേക്ക്..ഐ.എം. വിജയന്റെ ജീവിതകഥയുമായി ഒമര്‍ ലുലു!

ഇന്ത്യന്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ഐതിഹാസിക താരം ഐ.എം. വിജയന്റെ സംഭവബഹുലമായ ജീവിതം സിനിമയാകുന്നു. ‘ഹാപ്പി വെഡ്ഡിങ്’, ‘ഒരു അഡാര്‍ ലവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഒമര്‍ ലുലു ആണ് ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. തൃശൂര്‍ പൂരദിനമായ ഏപ്രില്‍ 26-ന് സാംസ്‌കാരിക നഗരിയില്‍ വെച്ച് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കും.കന്നഡയിലെ പ്രമുഖ നിര്‍മ്മാതാക്കളായ കേശവ രാമചന്ദ്രപ്പ, കെ. മഞ്ജു, രാജശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിന് പുറമെ കന്നഡയുള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ഒരു പാന്‍-ഇന്ത്യന്‍ സിനിമയായിരിക്കും ഇത്. വിജയനായി വേഷമിടുന്നത് ആരാണ് എന്നത് അണിയറപ്രവര്‍ത്തകര്‍ രഹസ്യമാക്കി വെച്ചിരിക്കുകയാണ്. പൂരം നാളിലെ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.പന്തുകളിക്കാരനായി തുടങ്ങി, പോലീസ് ഉദ്യോഗസ്ഥനായും നടനായും പത്മശ്രീ ജേതാവായും മാറിയ ഐ.എം. വിജയന്റെ പോരാട്ടവീര്യം ഒമര്‍ ലുലുവിന്റെ ദൃശ്യഭാഷയില്‍ എത്തുമ്പോള്‍ അതൊരു കായിക വിരുന്ന് തന്നെയാകുമെന്ന് ഉറപ്പാണ്.

മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍-ഹൊറര്‍- കോമഡി; ‘കറക്കത്തിന്റെ ‘ടീസര്‍ പുറത്തിറക്കി മോഹന്‍ലാല്‍

മലയാളത്തിലെ ആദ്യ മ്യൂസിക്കല്‍-ഹൊറര്‍-കോമഡി ചിത്രം ‘കറക്കം’ ടീസര്‍ പുറത്തിറങ്ങി. മെഗാസ്റ്റാര്‍ മോഹന്‍ലാല്‍ ലോഞ്ച് ചെയ്ത ഈ ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. മൈക്കല്‍ ജാക്‌സണ്‍ തരംഗം തീര്‍ത്ത 80-കളിലെ ആത്മാക്കള്‍ ന്യൂജനറേഷന്‍ കാലഘട്ടത്തിലേക്ക് വിരുന്നെത്തുന്ന ചിത്രത്തില്‍ പഴയകാലത്തെ ഡിസ്‌കോ താളവും ഇന്നത്തെ ട്രെന്‍ഡുകളും തമ്മിലുള്ള രസകരമായ കൂടിച്ചേരലാണ്.ഒരു കൂട്ടം ന്യൂജനറേഷന്‍ യുവാക്കളും അശാന്തരായി കറങ്ങിനടക്കുന്ന പ്രേതങ്ങളും തമ്മില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയുടെ പ്രേമേയം. ശ്രീനാഥ് ഭാസി, ഫെമിന ജോര്‍ജ്, ഷൗണ്‍ റോമി, സിദ്ധാര്‍ഥ് ഭരതന്‍, അഭിറാം രാധാകൃഷ്ണന്‍, പ്രവീണ്‍ ടി.ജെ. എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബ്ലാക്ക് ടര്‍ട്ടില്‍ പ്രൊഡക്ഷന്‍സിന്റെയും ക്രൗണ്‍സ്റ്റാര്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റേയും ബാനറില്‍ അങ്കുഷ് സിങ്, കിമ്പര്‍ളി ട്രിനിഡാഡ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം സുഭാഷ് ലളിത സുബ്രഹ്‌മണ്യനാണ് സംവിധാനം ചെയ്തിരിക്കുന്നത്. നിപിന്‍ നാരായണന്‍, സുഭാഷ് ലളിത സുബ്രഹ്‌മണ്യന്‍, അര്‍ജുന്‍ നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ചിത്രം ഒരു പുത്തന്‍ ദൃശ്യവിരുന്നാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

2040-ലെ പ്രണയം കാണാൻ റെഡിയായിക്കോ; ‘LIK ഒടിടി റിലീസ് തീയതി എത്തി

പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേഷ് ശിവൻ സംവിധാനം ചെയ്ത ‘ലവ് ഇൻഷുറൻസ് കമ്പനി’ (LIK) എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ച ആകാംക്ഷകൾക്ക് വിരാമമാകുന്നു. ഏപ്രിൽ പത്തിന് തിയേറ്ററുകളിലെത്തിയ ഈ സയൻസ് ഫിക്ഷൻ റൊമാന്റിക് കോമഡി ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്. തിയേറ്റർ റിലീസിന് ശേഷം കൃത്യമായ ഇടവേള പാലിച്ച്, മെയ് രണ്ടാം വാരത്തോടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2040-ലെ സാങ്കൽപ്പിക പശ്ചാത്തലത്തിൽ പ്രണയവും സാങ്കേതികവിദ്യയും കോർത്തിണക്കി ഒരുക്കിയ ഈ ചിത്രത്തിൽ കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും നിർമ്മാണവും ചിത്രത്തിന് വലിയ രീതിയിലുള്ള ഹൈപ്പ് നൽകിയിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം വൈകാതെ തന്നെ ആഗോളതലത്തിൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തും.

അഞ്ചുമനയിൽ തിരിതെളിഞ്ഞു; ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായ ‘മായൻ’ വരുന്നു

മലയാള സിനിമയിൽ തന്റെ വ്യത്യസ്തമായ വേഷങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്ന ജയസൂര്യയെ നായകനാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ‘മായൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ അഞ്ചുമന ക്ഷേത്രത്തിൽവെച്ച് ഇന്ന് ഗംഭീരമായി നടന്നു. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിൽ ഒന്നായി കരുതപ്പെടുന്ന ഈ ചിത്രം, പ്രേക്ഷകർക്ക് ഒരു നവ്യമായ സിനിമാനുഭവം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. റാഫിയും ജിതിൻ കെ. ജോസും ചേർന്ന് തിരക്കഥ നിർവഹിക്കുന്ന ഈ ചിത്രത്തിൽ വളരെ നിഗൂഢത നിറഞ്ഞതും വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ‘മായൻ’ തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിക്കാനൊരുങ്ങുകയാണ്.