കുഞ്ചാക്കോ ബോബന്റെ ‘ഉന്മാദം’ ഫസ്റ്റ് ലുക്ക് പുറത്ത്!

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പനോരമ സ്റ്റുഡിയോസിന്റെ മലയാളത്തിലെ മൂന്നാം നിര്‍മ്മാണ സംരംഭത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ‘ഉന്മാദം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഓഗസ്റ്റ് 7-ന് തീയേറ്ററുകളില്‍ എത്തും. കുടുംബജീവിതത്തിലെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ചിത്രത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍, കാലങ്ങളായി തെളിയിക്കപ്പെടാത്ത ഒരു കേസ് പുനരന്വേഷിക്കുന്നതാണ് സിനിമയുടെ പശ്ചാത്തലം.സംഘര്‍ഷവും സസ്‌പെന്‍സും സംയോജിപ്പിച്ച്, അന്വേഷണ പശ്ചാത്തലത്തി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു സസ്‌പെന്‍സ് ത്രിലറായിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നത്. ഷാഹി കബീറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ക്ക് ശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സിദ്ദിഖ്, സുധീഷ്, വിശാഖ് നായര്‍, സാബു മോന്‍, കോട്ടയം നസീര്‍, ഗോകുലന്‍, അരുണ്‍ ചെറുകാവില്‍, ഉണ്ണി ലാലു, ഷാജു ശ്രീധര്‍, കൃഷ്ണപ്രഭ, കിരണ്‍ പീതാംബരന്‍, വിഷ്ണു, റെയ്ന രാധാകൃഷ്ണന്‍, സിജോയ് വര്‍ഗീസ്, വിസ്‌നേശ്വര്‍ സുരേഷ് തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ‘എന്താണ് യഥാര്‍ഥ്യം, എന്താണ് മിഥ്യ എന്ന് പ്രേക്ഷകരെ നിരന്തരം ചോദ്യം ചെയ്യുന്ന ഒരു അനുഭവം സൃഷ്ടിക്കാന്‍ ഉന്മാദത്തിലൂടെ ഞങ്ങള്‍ ആഗ്രഹിച്ചു. പ്രേക്ഷകരില്‍ പിരിമുറുക്കം സൃഷ്ടിക്കുന്ന ഒരു സിനിമയാണിത്’, പനോരമ സ്റ്റുഡിയോസ് ചെയര്‍മാന്‍ കുമാര്‍ മംഗത് പഥക് പറഞ്ഞു. കിരണ്‍ ദാസ്, ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന ‘ഉന്മാദം’ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവര്‍ ചേര്‍ന്നാണ്. റാം മിര്‍ച്ചന്ദാനി, രാജേഷ് മേനോന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളും അഭിനവ് മെഹ്‌റോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറുമാണ്. ഛായാഗ്രഹണം: അര്‍ജുന്‍ സേത്ത്, എഡിറ്റര്‍: കിരണ്‍ ദാസ്, സംഗീതം: മുജീബ് മജീദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോര്‍, മേക്കപ്പ്: റോണക്സ് സേവ്യര്‍, സൗണ്ട് ഡിസൈന്‍: ജിതിന്‍ ജോസഫ്, വിഎഫ്എക്‌സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിനോദ് രാഘവന്‍, അസോസിയേറ്റ് പ്രൊഡ്യൂസര്‍: കമലേഷ് കുമാര്‍, സ്റ്റില്‍സ്: നന്ദു ഗോപാലകൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ്: ഓള്‍ഡ്‌മോങ്ക്സ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

രാജ്യത്ത് ചൂട് അതിരൂക്ഷം: ലോകത്തിലെ 100 ചൂടേറിയ നഗരങ്ങളിൽ 98 ഇന്ത്യയിൽ

ന്യൂഡൽഹി: രാജ്യത്ത് താപനില അതിഗുരുതരമായി തുടരുന്നതിനിടെ ആശങ്കജനകമായ കാലാവസ്ഥാ റിപ്പോർട്ട് പുറത്ത്. AQI.in പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും ചൂടേറിയ 100 നഗരങ്ങളിൽ 98 നഗരങ്ങളും നിലവിൽ ഇന്ത്യയിലാണ്. മിക്ക നഗരങ്ങളിലും താപനില 40°C കടന്നിരിക്കുകയാണ്. ചില പ്രദേശങ്ങളിൽ ഇത് 45°C വരെ ഉയരുന്നതിനും സാധ്യതയുണ്ട്. ഉത്തർപ്രദേശിലെ ഓറായി, ഔറയ്യ, രാജസ്ഥാനിലെ ജയ്‌സാൽമേർ, ഫലോഡി തുടങ്ങിയ നഗരങ്ങളിൽ സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉഷ്ണതരംഗം മൂലം ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് India Meteorological Department മുന്നറിയിപ്പ് നൽകി. നിർജ്ജലീകരണം, സൂര്യാഘാതം തുടങ്ങിയ അപകടങ്ങൾ ഉയർന്നേക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, അമിതമായ ചൂട് വൈദ്യുതി ഉപഭോഗം വർധിപ്പിക്കുകയും കുടിവെള്ള ക്ഷാമത്തിന് കാരണമാകുകയും ചെയ്യുന്നുണ്ട്. ഈ അതിശക്തമായ ചൂട് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അടുത്ത ഏഴ് ദിവസത്തേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം തുടരുമെന്നാണ് മുന്നറിയിപ്പ്. പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, വിദർഭ മേഖലകൾക്ക് പ്രത്യേക ജാഗ്രത നിർദേശിച്ചിട്ടുണ്ട്. കേരളത്തിലെ നഗരങ്ങൾ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്. എങ്കിലും മാഹിയിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. തീരദേശ സംസ്ഥാനങ്ങളായ ഒഡിഷ, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഉയർന്ന ചൂടും ഈർപ്പവും അനുഭവപ്പെടും. ഉത്തരേന്ത്യൻ സമതലങ്ങളിൽ രാത്രിയിലും താപനില കുറയാതെ തുടരാനാണ് സാധ്യത. പൊതുജനങ്ങൾ ആവശ്യത്തിന് വെള്ളം കുടിക്കാനും ഉച്ച സമയത്തെ നേരിട്ടുള്ള വെയിൽ ഒഴിവാക്കാനും അധികൃതർ നിർദേശിച്ചു.

ഹൈ സ്കോർ പോരാട്ടത്തിന് അരങ്ങൊരുങ്ങി: ഡൽഹിയിൽ ആർസിബി vs ഡൽഹി

“BATTERS PARADISE!”—ഈ ഒരു വാക്കിൽ തന്നെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിന്റെ സ്വഭാവം പറഞ്ഞുതീരുന്നു. ഇന്നും അതേ കഥ ആവർത്തിക്കാനൊരുങ്ങുമ്പോൾ, ഡൽഹിയും ആർസിബിയും തമ്മിലുള്ള പോരാട്ടം റൺവെടിക്കെട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. സീസണിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഡൽഹി ക്യാപിറ്റൽസിന് കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഓപ്പണർമാരുടെ ഫോമില്ലായ്മ ഈ മത്സരത്തെയും ബാധിച്ചേക്കാം. എങ്കിലും നിതീഷ് റാണ തുടർച്ചയായ രണ്ട് അർദ്ധ സെഞ്ചുറികളുമായി ഫോമിലേക്ക് തിരിച്ചെത്തിയത് ടീമിന് വലിയ ആശ്വാസം നൽകുന്നു. മധ്യനിരയിലെ മറ്റ് താരങ്ങളും ലഭിച്ച അവസരങ്ങൾ നന്നായി വിനിയോഗിക്കുന്നുണ്ട്. സ്വന്തം തട്ടകത്തിൽ നടക്കുന്ന ഈ മത്സരത്തിൽ വിജയിച്ച് സീസണിന്റെ അവസാന ഘട്ടത്തിൽ ശക്തമായി തിരിച്ചുവരാനാകും അക്സർ പട്ടേലും സംഘവും ശ്രമിക്കുന്നത്. ​മറുഭാഗത്ത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് ഇത് വിരാട് കോഹ്‌ലിയുടെ ‘ഹോം കമിംഗ്’ കൂടിയാണ്. ഡൽഹിയിൽ വളർന്ന കോഹ്‌ലിക്ക് ഈ മൈതാനത്ത് മികച്ച റെക്കോർഡാണുള്ളത്. ഇവിടെ കളിച്ച 11 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 66.75 ശരാശരിയിൽ 7 അർദ്ധ സെഞ്ചുറികൾ ഉൾപ്പെടെ 534 റൺസ് അദ്ദേഹം അടിച്ചുകൂട്ടിയിട്ടുണ്ട്. നിലവിൽ ആർസിബി നിരയിൽ 300 റൺസ് പിന്നിട്ട ഏക ബാറ്ററും അദ്ദേഹം തന്നെയാണ്. യുവതാരം ജേക്കബ് ബെഥേൽ കോഹ്‌ലിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുമ്പോൾ ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ, ടിം ഡേവിഡ് എന്നിവരടങ്ങുന്ന മധ്യനിര ടീമിന് കരുത്തേകുന്നു. പരിക്കേറ്റ റാസിഖ് സലാമിന് പകരം മങ്കേഷ് യാദവിനെ കളിപ്പിക്കാൻ സാധ്യതയുണ്ട്. ഭുവനേശ്വർ കുമാറും ഹേസൽവുഡും നയിക്കുന്ന ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. ​ബാറ്റർമാരുടെ പറുദീസയായ ഡൽഹിയിലെ പിച്ച് വീണ്ടുമൊരു ഉയർന്ന സ്കോറിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. ചെറിയ ബൗണ്ടറികളും പരന്ന വിക്കറ്റും റൺവേട്ട സുഗമമാക്കും. മുൻപത്തെ മത്സരത്തിൽ 265 റൺസ് പോലും ഇവിടെ പിന്തുടർന്ന് ജയിച്ചിരുന്നു. ചരിത്രപരമായി നോക്കുമ്പോൾ ഇരുടീമുകളും തമ്മിലുള്ള 33 മത്സരങ്ങളിൽ 20 എണ്ണത്തിലും ജയം ആർസിബിക്കൊപ്പമാണ്. ഡൽഹിയിൽ നടന്ന 11 മത്സരങ്ങളിൽ 7 എണ്ണത്തിലും ബംഗളൂരു വിജയിച്ചു. എന്നാൽ ഈ സീസണിലെ ആദ്യ പാദത്തിൽ ആർസിബിയെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഡൽഹി ഇറങ്ങുന്നത്. ഡിഫൻഡിങ് ചാമ്പ്യന്മാരായ ആർസിബിയെ വീഴ്ത്തി ഡൽഹി ഇരട്ടവിജയം നേടുമോ അതോ ബംഗളൂരു തങ്ങളുടെ ആധിപത്യം തുടരുമോ എന്ന് ഇന്നത്തെ മത്സരം വ്യക്തമാക്കും.

‘ആറി’ന് ശേഷം ഇതാദ്യമായി; സൂര്യയും തൃഷയും ഒന്നിക്കുന്ന കറുപ്പ്’ വരുന്നു; ആകാംക്ഷയിൽ ആരാധകർ

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന വാർത്ത പുറത്ത്. നീണ്ട 20 വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജോഡികളായ സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘കറുപ്പ്’ റിലീസിന് തയ്യാറെടുക്കുന്നു. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. 2005-ൽ റിലീസ് ചെയ്ത ‘ആറ്’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം ഇതാദ്യമായാണ് ഇരുവരും ഒരു സിനിമയ്ക്കായി കൈകോർക്കുന്നത്. ഒരു പൂർണ്ണ മാസ് എന്റർടൈനറായി ഒരുങ്ങുന്ന ‘കറുപ്പ്’, പ്രേക്ഷകർക്ക് വലിയൊരു ആഘോഷാനുഭവം നൽകുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. സൂര്യയുടെയും തൃഷയുടെയും ഇതുവരെ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കോവറാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സാങ്കേതിക തികവിനായി പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾക്ക് കൂടുതൽ സമയം ചെലവഴിച്ചതിനാൽ റിലീസ് തീയതി പലതവണ മാറ്റിവെച്ചിരുന്നു. എന്നാൽ മെയ് മാസത്തിൽ ചിത്രം എത്തുന്നതോടെ ഈ വേനൽക്കാലത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി ‘കറുപ്പ്’ മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസ്, സ്വാസിക, ശിവദ തുടങ്ങിയവർ അണിനിരക്കുന്ന വലിയൊരു താരനിരയും ചിത്രത്തിന്റെ പ്രത്യേകതയാണ്. സായ് അഭ്യങ്കറിന്റെ സംഗീതവും ചിത്രത്തിന് കൂടുതൽ മാറ്റ് കൂട്ടുന്നു.

നാഷണൽ ക്രഷ് ഇനി ആക്ഷൻ ലുക്കിൽ; രശ്മികയുടെ ‘മൈസ’ ചിത്രീകരണം കേരളത്തിൽ

സൗത്ത് ഇൻഡ്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രശ്മിക മന്ദാനയുടെ പുതിയ പാൻ-ഇന്ത്യൻ ചിത്രമാണ് ‘മൈസ’. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ നിർണ്ണായകമായ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം ഇപ്പോൾ കേരളത്തിൽ പുരോഗമിക്കുകയാണ്. തികച്ചും വ്യത്യസ്തവും കരുത്തുറ്റതുമായ ഒരു കഥാപാത്രത്തെയാണ് രശ്മിക ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ വേഷത്തിനായി താരം ബാങ്കോക്കിൽ വെച്ച് കഠിനമായ മാർഷ്യൽ ആർട്സ് പരിശീലനം പൂർത്തിയാക്കിയിരുന്നു. ഗുരു സോമസുന്ദരം, ഈശ്വരി റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകുന്നത്. ശാരീരികക്ഷമതയ്ക്കും ആക്ഷനും മുൻതൂക്കം നൽകുന്ന ഈ ചിത്രം രശ്മികയുടെ അഭിനയ ജീവിതത്തിലെ പുതിയൊരു നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

എങ്ങും ‘മൈക്കിള്‍’ തരംഗം; ആദ്യദിനം റെക്കോര്‍ഡ് മുന്നേറ്റം…

പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സന്റെ ജീവിതകഥയായ ‘മൈക്കിളിന്’ ആഗോള ബോക്‌സ് ഓഫീസില്‍ വന്‍ വരവേല്‍പ്പ്. ചിത്രം വടക്കേ അമേരിക്കയില്‍ ആദ്യദിനം 39.5 ദശലക്ഷം ഡോളര്‍ (ഏകദേശം 330 കോടിയിലധികം രൂപ) നേടിയാണ് റെക്കോര്‍ഡ് ഇട്ടത്. ഇന്ത്യയിലും ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അന്റോയിന്‍ ഫുക്വ സംവിധാനം ചെയ്ത ഈ ചിത്രം ലയണ്‍സ്ഗേറ്റ് ആണ് നിര്‍മിച്ചത്. ഇന്ത്യയില്‍ മൂവായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ആദ്യ രണ്ട് ദിവസം കൊണ്ട് 10.30 കോടി രൂപ നേടിയ ചിത്രത്തിന് രണ്ടാം ദിവസം കലക്ഷനില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്. അമേരിക്കയില്‍ പ്രിവ്യൂ ഷോകളില്‍ നിന്ന് മാത്രം 12.6 ദശലക്ഷം ഡോളര്‍ നേടിയ ചിത്രം, ആദ്യ വാരാന്ത്യം പിന്നിടുമ്പോള്‍ ആഭ്യന്തര വിപണിയില്‍ 90 മുതല്‍ 100 ദശലക്ഷം ഡോളര്‍ വരെ നേടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത് മൈക്കിള്‍ ജാക്‌സന്റെ സഹോദരപുത്രനായ ജാഫര്‍ ജാക്‌സനാണ്. ഏറെ പ്രശംസ നേടി ആ കഥാപാത്രത്തെ ആരാധകര്‍ നെഞ്ചിലേറ്റുമ്പോഴും മൈക്കിള്‍ ജാക്‌സന്റെ ജീവിതത്തിലുണ്ടായ വംശീയമായ പ്രശ്‌നങ്ങളും വെല്ലുവിളികളും സിനിമയില്‍ വേണ്ട രീതിയില്‍ പ്രതിപാദിക്കാന്‍ സാധിച്ചില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.