ദൃശ്യം 3യെ വെട്ടിവീഴ്ത്തി ‘ബ്ലാസ്റ്റ്’കേരളത്തിലും തമിഴിലും ഒരുപോലെ തരംഗം!

ബോക്‌സ് ഓഫീസില്‍ ദൃശ്യം 3യെ വിറപ്പിച്ചുകൊണ്ട് ആക്ഷന്‍ കിംഗ് അര്‍ജുന്റെ പവര്‍പാക്ക് പ്രകടനം. റിലീസ് ചെയ്ത ആദ്യ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത ‘ബ്ലാസ്റ്റ്’ മാറി. അര്‍ജുന്‍ സര്‍ജയെ നായകനാക്കി സുഭാഷ് കെ രാജ് സംവിധാനം ചെയ്ത സിനിമയാണ് ബ്ലാസ്റ്റ്.കേരളത്തിലും തമിഴ്നാട്ടിലും നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുന്ന സിനിമ, ഇതിനോടകം കേരളത്തില്‍ നിന്ന് മാത്രം 2.60 കോടി നേടിക്കഴിഞ്ഞു.പ്രീതി മുകുന്ദന്‍, അഭിരാമി എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവും രവി ബസ്റൂരിന്റെ മാസ്സ് സംഗീതവും ചിത്രത്തെ വേറെ ലെവലിലാണ് എത്തിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും ബ്ലാസ്റ്റാണ്. വെറൈറ്റി ഇന്ത്യയുടെ കണക്ക് പ്രകാരം വെള്ളി മുതല്‍ ഞായര്‍ വരെയുള്ള 3 ദിനങ്ങളില്‍ 13.95 കോടിയാണ് ബ്ലാസ്റ്റ് നേടിയത്.മറാഠി ചിത്രം ഡിയോള്‍ ബന്ദ് 2 ആണ് രണ്ടാം സ്ഥാനത്തുള്ളത്.13.85 കോടിയാണ് ചിത്രം നേടിയത്. മൂന്നാം സ്ഥാനത്തുള്ള ദൃശ്യം 3 നേടിയത് 13.40 കോടിയും സൂര്യയുടെ തമിഴ് ചിത്രം കറുപ്പ് നാലാം സ്ഥാനത്തുമാണുള്ളത് .

എന്റെ കാര്യത്തില്‍ ഇടപെടാന്‍ അനുവാദമുള്ളത് ഒരാള്‍ക്ക് മാത്രം’, ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കി തൃഷ

തമിഴകത്തിന്റെ പ്രിയതാരം തൃഷ കൃഷ്ണനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുന്നുണ്ട്. തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതും തൃഷയും തമ്മിലുള്ള സൗഹൃദവും വലിയ ചര്‍ച്ചയായിരുന്നു. ഇത്തരം അഭ്യൂഹങ്ങള്‍ ശക്തമായപ്പോഴാണ് ഇതിന് മറുപടിയുമായി തൃഷ രംഗത്തെത്തിയത്. തുടര്‍ച്ചയായി ഉണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഒടുവിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തൃഷ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഒരു ചിത്രം പങ്കുവച്ചത്. വളര്‍ത്തുനായ കട്ടിലില്‍ ശാന്തമായി കിടന്നുറങ്ങുന്ന ഒരു ക്ലിപ്പായിരുന്നു അത്. എന്നാല്‍, ആരാധകരുടെ ശ്രദ്ധ കവര്‍ന്നത് അതിന് തൃഷ നല്‍കിയ അടിക്കുറിപ്പായിരുന്നു. ‘എന്റെ കാര്യത്തില്‍ ഇടപെടാന്‍ ഞാന്‍ അനുവദിക്കുന്ന ഏക ആള്‍ ഇതാണ്,’ എന്നായിരുന്നു തൃഷ കുറിച്ചത്. വ്യക്തിജീവിതത്തെക്കുറിച്ച് നിരന്തരം സോഷ്യല്‍ മീഡിയ ട്രോളന്മാര്‍ക്കും ഗോസിപ്പ് നിര്‍മാതാക്കള്‍ക്കും നേരെ തൃഷ തൊടുത്തുവിട്ട കൂരമ്പുകളായിരുന്നു ആ വാക്കുകള്‍. ഇതുവരെ വിജയും തൃഷയും ഈ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിരുന്നില്ല. ഇത്തരം പ്രതികരണങ്ങളിലൂടെ താന്‍ ഈ ഗോസിപ്പ് ചര്‍ച്ചകളെ എത്രത്തോളം നിസ്സാരമായാണ് കാണുന്നത് എന്നത് തൃഷയുടെ മറുപടിയില്‍ നിന്ന് വ്യക്തമാണ്. തെന്നിന്ത്യന്‍ താരം അജിത്തിന്റെ മാതാവ് മോഹിനി മണിയുടെ വിയോഗത്തില്‍ അനുശോചനം അറിയിക്കാന്‍ വിജയ്യും തൃഷയും അജിത്തിന്റെ വസതിയില്‍ ഒന്നിച്ച് എത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇങ്ങനെയുള്ള വിവാദങ്ങള്‍ ആളിക്കത്തുമ്പോഴും തൃഷ നേരിട്ട് പ്രതികരിച്ചിരുന്നില്ല. ഇതിനിടെ തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും തൃഷ പങ്കുവെച്ചിരുന്നു.‘നാല്‍പ്പതുകളിലും ഇരുപത്തഞ്ചുകാരെപ്പോലെ ഇരിക്കുക എന്നതല്ല ലക്ഷ്യം. മറിച്ച്, നാല്‍പ്പതുകള്‍ എന്നത് ജീവിതത്തില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കേണ്ട ഒന്നാണെന്ന് ഇരുപതുകളിലുള്ള സ്ത്രീകള്‍ക്ക് കാണിച്ചുകൊടുക്കുക എന്നതാണ്,’ തൃഷയുടെ ഈ വാക്കുകള്‍ ഇതിനിടയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ആ ആത്മവിശ്വാസമാണ് കരിയറിന്റെ വിജയമുള്‍പ്പെടെ തെന്നിന്ത്യന്‍ സിനിമയുടെ മുന്‍നിരയില്‍ ‘സൗത്ത് ക്വീന്‍’ ആയി തൃഷയെ നിലനിര്‍ത്തുന്നത്.

“നമ്മളെപ്പോലുള്ളവർ കോട്ടും സ്യൂട്ടും ധരിക്കാൻ പാടില്ലേ?” വിമർശകർക്ക് ചുട്ട മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്.

സമീപകാലത്തായി തമിഴ് രാഷ്ട്രീയത്തിലും സോഷ്യൽ മീഡിയയിലും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ വസ്ത്രധാരണം. പരമ്പരാഗത രാഷ്ട്രീയക്കാരുടെ വെള്ള വസ്ത്രങ്ങളിൽ നിന്നും മുണ്ടുടുക്കൽ ശൈലിയിൽ നിന്നും മാറി, കോട്ടും സ്യൂട്ടുമണിഞ്ഞ് വിജയ് പൊതുവേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ വിമർശനങ്ങളുമായി പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ആ വിമർശനങ്ങൾക്കെല്ലാം തിരുച്ചിറപ്പള്ളിയിൽ നടന്ന വോട്ടർമാർക്ക് നന്ദി അറിയിക്കുന്ന വൻ പൊതുറാലിയിൽ വെച്ച് മാസ് മറുപടി നൽകിയിരിക്കുകയാണ് ‘ദളപതി’ വിജയ്.താൻ മനഃപൂർവമാണ് കറുപ്പും വെളുപ്പും ചേർന്ന സ്യൂട്ട് തിരഞ്ഞെടുത്തതെന്ന് വിജയ് വ്യക്തമാക്കി. ഇതിന് പിന്നിലെ കാരണങ്ങളും അദ്ദേഹം വിശദീകരിച്ചു. “അധികാരക്കസേരകളിൽ ഇരിക്കുന്നവർക്ക് മാത്രമായി മാറ്റിവെച്ചിട്ടുള്ളതാണോ കോട്ടും സ്യൂട്ടും? നമ്മളെപ്പോലുള്ളവർക്ക് ഇത് ധരിക്കാൻ പാടില്ലേ?” എന്നും വിജയ് ചോദിക്കുന്നു. “ഞാൻ ഒരുപാട് നിറങ്ങളുള്ള വസ്ത്രങ്ങൾ ധരിക്കാറില്ല. നമ്മുടെയെല്ലാം ഹൃദയങ്ങളെപ്പോലെ ഇത് വെറും കറുപ്പും വെളുപ്പും മാത്രമാണ്. പൊതുജീവിതത്തിൽ ഞാൻ എന്നും ലളിതനായും സുതാര്യനായും തുടരുമെന്ന് കാണിക്കാനാണ് ഈ നിറങ്ങൾ തിരഞ്ഞെടുത്തത്,” എന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള വിജയ്‌യുടെ, പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് പുതിയ വിവാദങ്ങൾക്ക് വഴിതുറന്നത്. വെള്ള ഷർട്ടും ബ്ലാക്ക് ബ്ലേസറും ധരിച്ച് ഔദ്യോഗിക ലുക്കിലാണ് വിജയ് എത്തിയതെങ്കിലും, ഷർട്ടിന്റെ മുകളിലെ ബട്ടൺ ഇടാത്തതിനെച്ചൊല്ലിയാണ് ഒരു വിഭാഗം വിമർശനം ഉയർത്തുന്നത്. ഉള്ളിലെ ബനിയൻ പുറത്തുകാണുന്ന രീതിയിൽ, ഇത്രയും അലസമായാണോ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ കാണേണ്ടത് എന്നതായിരുന്നു വിമർശകരുടെ ചോദ്യം.

കെ.എസ്.ആർ.ടി.സി: ആശ്രിത നിയമനങ്ങളിലെ പ്രതിസന്ധികളും പുതിയ പ്രതീക്ഷകളും

കെ.എസ്.ആർ.ടി.സി പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിയിലിരിക്കെ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾ ദീർഘകാലമായി നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ആശ്രിത നിയമനങ്ങളുടെ നിരോധനം. കുടുംബത്തിന്റെ അത്താണിയായ വ്യക്തി പെട്ടെന്നുണ്ടായ അപകടങ്ങളിലോ അകാലമരണത്തിലോ വിടപറയുമ്പോൾ, ആ കുടുംബം സാമ്പത്തികമായും സാമൂഹികമായും തകർന്നുപോകുന്നു. ഇത്തരത്തിൽ വർഷങ്ങളോളം നീതി നിഷേധിക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമേകുന്ന തീരുമാനങ്ങൾ ഇപ്പോൾ ഭരണതലത്തിൽ നിന്നും ഉണ്ടായിരിക്കുന്നു എന്നത് വലിയൊരു മാറ്റമാണ്.ദീർഘകാലമായി തുടരുന്ന നിയമന നിരോധനവും, സുശീൽ ഖന്ന റിപ്പോർട്ടിന്റെ മറവിലുള്ള സാമ്പത്തിക നിയന്ത്രണങ്ങളും ആശ്രിത നിയമനങ്ങളെ പൂർണ്ണമായും സ്തംഭനത്തിലാക്കിയിരുന്നു. ജോലിക്കായി മുട്ടാത്ത വാതിലുകളില്ലാത്ത അവസ്ഥയിലായ കുടുംബങ്ങൾക്ക് തുച്ഛമായ വേതനത്തിൽ ലഭിക്കുന്ന താൽക്കാലിക ജോലി എന്നതിലുപരി, സ്ഥിരമായൊരു വരുമാനമാർഗ്ഗം അസാധ്യമായിരുന്നു. നിയമന നിരോധനം നിലവിൽ വന്ന 2016 മുതൽ 2025 വരെയുള്ള കാലയളവിൽ അർഹരായവർക്ക് ആശ്രിത നിയമനം നൽകാൻ സർക്കാർ തീരുമാനിച്ചത് ഈ വലിയ പ്രതിസന്ധിക്ക് അവസാനമിടാൻ സഹായിക്കും.ആദ്യഘട്ടത്തിൽ 439 പേരുടെ പട്ടിക തയ്യാറാക്കി യൂണിറ്റ് ഓഫീസുകളിലേക്ക് പരിശോധനയ്ക്കായി അയച്ചുകഴിഞ്ഞു. ഇതിൽ 150 പേർക്ക് അടിയന്തരമായി നിയമനം നൽകാനാണ് നിലവിലെ തീരുമാനം. പൊതുമേഖലാ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന പുതിയ നിയമന നയങ്ങൾ പ്രകാരം, പി.എസ്.സി വഴിയുള്ള നിയമനങ്ങളും ആശ്രിത നിയമനങ്ങളും തമ്മിലുള്ള അനുപാതം പാലിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള സാങ്കേതിക തടസ്സങ്ങളും നിയമപരമായ വെല്ലുവിളികളും നിലനിൽക്കുമ്പോൾ തന്നെ, അർഹരായവർക്ക് ബദലി ജീവനക്കാരായി അവസരം നൽകാനുള്ള തീരുമാനം നീതിയിലേക്കുള്ള വലിയൊരു കാൽവെപ്പാണ്.ഈ വിഷയം വെറുമൊരു നിയമനപ്രശ്നം എന്നതിലുപരി, ജീവൻ കൊടുത്തും സ്ഥാപനത്തെയും പൊതുജനങ്ങളെയും സംരക്ഷിക്കുന്ന സാധാരണക്കാരായ ജീവനക്കാരുടെ കുടുംബങ്ങളോട് കാണിക്കേണ്ട ഏറ്റവും കുറഞ്ഞ കടപ്പാട് കൂടിയാണ്. വർഷങ്ങളായി നീതി തേടി അലയുന്നവർക്ക് ഇനി ആശ്വാസത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് പ്രത്യാശിക്കാം.

കടൽവെള്ളം ഇനി കുടിവെള്ളം

വിപ്ലവകരമായ മാറ്റവുമായി സൗരോർജ സാങ്കേതികവിദ്യകുടിവെള്ളക്ഷാമം രൂക്ഷമാകുന്ന ആഗോള സാഹചര്യത്തിൽ, കടൽവെള്ളത്തെ ശുദ്ധജലമാക്കി മാറ്റാൻ പുതിയ വഴികളൊരുക്കി ശാസ്ത്രലോകം. യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത അത്യാധുനിക സൗരോർജ സാങ്കേതികവിദ്യ, കടലിനെ ആശ്രയിച്ചുള്ള ജലലഭ്യതയിൽ വലിയൊരു മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ലേസർ സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപമാറ്റം വരുത്തിയ മെറ്റൽ പാനലുകളാണ് ഈ സംവിധാനത്തിന്റെ ഹൃദയം. മുൻപ് സോളാർ ഡിസാലിനേഷൻ സംവിധാനങ്ങളിൽ നേരിട്ടിരുന്ന ഉപ്പും ധാതുക്കളും അടിഞ്ഞുകൂടി പാനലുകൾ കേടാകുന്ന പ്രശ്നത്തെ, ‘സൂപ്പർവിക്കിങ്’ പ്രതലങ്ങൾ ഉപയോഗിച്ച് ഈ സാങ്കേതികവിദ്യ പരിസ്ഥിതി സൗഹൃദമായി മറികടക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായ ലവണാംശമുള്ള ദ്രാവകം അവശേഷിപ്പിക്കാതെ വെള്ളത്തെ ശുദ്ധീകരിക്കാൻ സാധിക്കുമെന്നതിനൊപ്പം, വേർതിരിച്ചെടുക്കുന്ന ലിഥിയം പോലുള്ള ധാതുക്കൾ ബാറ്ററികളുടെ നിർമ്മാണത്തിനും ഉപയോഗിക്കാം എന്നത് ഈ കണ്ടുപിടുത്തത്തെ കൂടുതൽ സവിശേഷമാക്കുന്നു. ‘ലൈറ്റ്: സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്’, ‘ജേണൽ ഓഫ് മെറ്റീരിയൽസ് കെമിസ്ട്രി എ’ എന്നീ ശാസ്ത്രജേണലുകളിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പകൽ ജോലി കഴിഞ്ഞ് രാത്രി ബൈക്ക് ടാക്സി, ഒപ്പം പിഎച്ച്ഡി പഠനവും.

സമയം ഒന്നിനും തികയുന്നില്ല എന്ന് എപ്പോഴും പരാതി പറയുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ, മനസ്സ് വെച്ചാൽ 24 മണിക്കൂറിനുള്ളിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്ത് തീർക്കാൻ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയാണ് ദീപക് പാണ്ഡേ എന്ന യുവാവ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോ യിലൂടെയാണ് തൻ്റെ വിസ്മയിപ്പിക്കുന്ന ദിനചര്യയെക്കുറിച്ച് ദീപക് ലോകത്തോട് തുറന്നുപറഞ്ഞത്.ഒരു സാധാരണ 9 to 5 ജോലി, അതിനുശേഷം രാത്രികളിൽ ബൈക്ക് ടാക്സി ഡ്രൈവർ, ഒപ്പം പിഎച്ച്ഡി പഠനവും സ്വന്തമായി പാചകവും വീഡിയോ എഡിറ്റിംഗുമെല്ലാം ചേരുന്നതാണ് ഈ യുവാവിന്റെ ഒരു ദിവസം. കേൾക്കുമ്പോൾ തന്നെ അമ്പരപ്പ് തോന്നുമെങ്കിലും ഇതെല്ലാം ഒന്നിച്ച് കൊണ്ടുപോകാൻ തനിക്ക് സാധിക്കുന്നുണ്ടെന്ന് ദീപക് വ്യക്തമാക്കുന്നു.പകൽ ജോലി കഴിഞ്ഞാൽ ഒന്നിനും ഊർജ്ജമില്ലെന്ന് കരുതി, ജീവിതത്തിൽ വലിയ സന്തോഷമൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നുവെന്ന് ദീപക് ഓർക്കുന്നു. എന്നാൽ ഇന്ന് അതേ വ്യക്തി തന്നെയാണ് വൈകുന്നേരം 5 മണി മുതൽ രാത്രി 11 മണി വരെ ബൈക്ക് ടാക്സി ഓടിക്കുന്നതും, സ്വന്തമായി ആഹാരം പാകം ചെയ്യുന്നതും, വീഡിയോ എഡിറ്റിംഗും പിഎച്ച്ഡി പഠനവുമെല്ലാം ഒരേസമയം മുന്നോട്ട് കൊണ്ടുപോകുന്നതും. ഇത്രയേറെ കാര്യങ്ങൾ തിരക്കിട്ട് ചെയ്യുമ്പോഴും മുൻപത്തേക്കാൾ താനിന്ന് ഏറെ സന്തോഷവാനാണെന്ന് ഈ യുവാവ് പറയുന്നു.ഈ സന്തോഷത്തിന് പിന്നിലെ രഹസ്യവും ദീപക് പങ്കുവെക്കുന്നുണ്ട്. ജീവിതത്തിൽ ആദ്യമായി തന്റെ യഥാർത്ഥ കഴിവ് എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞതാണ് ആ മാറ്റത്തിന് കാരണം. നാട്ടുകാർ എന്ത് പറയും എന്ന പേടിയും, പുതിയതായി എന്തെങ്കിലും ചെയ്യണമെങ്കിൽ നിലവിലുള്ള ജോലി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയും കാരണം പണ്ട് സ്വന്തം കഴിവുകളെ താൻ തന്നെ മൂടിവെക്കുകയായിരുന്നു. എന്നാൽ പതിയെ ആ ചിന്തകളെ മാറ്റിമറിക്കാൻ ദീപക്കിന് സാധിച്ചു.ആദ്യം പിഎച്ച്ഡി പഠനത്തിലേക്ക് കടന്ന ദീപക്, പിന്നീട് ബൈക്ക് ടാക്സി ഓടിക്കാനും അതിനുശേഷം കണ്ടന്റ് ക്രിയേഷനിലേക്കും തിരിഞ്ഞു. ഇന്ന് ഈ തിരക്കുകളെല്ലാം ഒരുമിച്ച് മാനേജ് ചെയ്യാൻ തനിക്ക് മികച്ച രീതിയിൽ സാധിക്കുന്നുണ്ടെന്നും ദീപക് കൂട്ടിച്ചേർക്കുന്നു. സമയം കുറവാണെന്ന് പറഞ്ഞ് മടിച്ചിരിക്കുന്നവർക്ക് മുന്നിൽ, കൃത്യമായ സമയക്രമീകരണവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ഏത് പ്രതിസന്ധിയും മറികടക്കാമെന്ന് തെളിയിക്കുന്ന ദീപക്കിന്റെ ക വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കഴിഞ്ഞു.

വിലക്കുകൾ നീങ്ങി; ലോകത്തെ കരയിപ്പിച്ച ഹിന്ദ് റജബിന്റെ ദൃശ്യാവിഷ്കാരത്തിന് സെൻസർ ബോർഡ് പച്ചക്കൊടി വീശി

ഗസ്സയിലെ ക്രൂരമായ യുദ്ധഭൂമിയിൽ നിന്നും ലോകത്തിന്റെ മനസ്സാക്ഷിയെ ഉലച്ച അഞ്ചുവയസ്സുകാരി ഹിന്ദ് റജബിന്റെ ഓർമ്മകൾ ഇനി ഇന്ത്യൻ ചലച്ചിത്ര ലോകത്തും പ്രകാശം പരത്തും. അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായ ‘ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്’ എന്ന  ചിത്രത്തിന് ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ സെൻസർ ബോർഡ് മുതിർന്നവർക്ക് മാത്രം കാണാവുന്ന തരത്തിലുള്ള പ്രദർശനാനുമതി  (എ സർട്ടിഫിക്കറ്റ്) നൽകി. ഇന്ത്യ-ഇസ്രായേൽ നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്ന വിചിത്രമായ വാദമുയർത്തി ചിത്രത്തിന് നേരത്തെ കേന്ദ്ര സെൻസർ ബോർഡ്  വിലക്കേർപ്പെടുത്തിയിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. “എന്നെ വന്ന് രക്ഷിക്കൂ, എനിക്ക് പേടിയാകുന്നു.” 2024 ജനുവരിയിൽ ഇസ്രായേൽ സൈന്യത്തിന്റെ യുദ്ധവാഹനങ്ങൾക്ക് നടുവിൽ അകപ്പെട്ടുപോയ ഹിന്ദ് റജബ്, റെഡ് ക്രസന്റ് രക്ഷാപ്രവർത്തകരോട് ജീവനായി യാചിച്ച ആ അവസാന ഫോൺ കോളുകളുടെയും ശബ്ദരേഖകളുടെയും പശ്ചാത്തലത്തിലാണ് കൗതർ ബെൻ ഹനിയ ഈ ദൃശ്യാവിഷ്കാരം ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് ഏർപ്പെടുത്തിയ അപ്രഖ്യാപിത വിലക്കിനെതിരെ ചലച്ചിത്ര-രാഷ്ട്രീയ മേഖലകളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയർന്നത്. പ്രതിപക്ഷ കക്ഷികളിലെ എട്ട് പാർലമെന്റ് അംഗങ്ങൾ കേന്ദ്ര വാർത്താവിതരണ മന്ത്രിക്ക് കത്തയക്കുകയും, ചലച്ചിത്ര രംഗത്തെ പ്രമുഖർ ഒപ്പിട്ട സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തതോടെയാണ് അധികൃതർ നിലപാട് മാറ്റാൻ നിർബന്ധിതരായത്.ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ഓസ്കറിന്റെ നാമനിർദ്ദേശ പട്ടികയിൽ വരെ ഇടം നേടിയ ഈ ചിത്രം, യുദ്ധത്തിന്റെ ദാരുണമായ മുഖം തുറന്നുകാട്ടുന്ന ഒന്നാണ്. വിവിധ രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രേക്ഷകർ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് ഈ ചിത്രത്തെ വരവേറ്റത്. എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ചിത്രം തിയേറ്ററുകളിലേക്ക് എത്തുമ്പോൾ അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വലിയൊരു വിജയം കൂടിയായി മാറുകയാണ്.

സൈബർ ആക്രമണങ്ങളെ കാശാക്കി മാറ്റിയ ബുദ്ധിശാലി! ആരാണ് യഥാർത്ഥത്തിൽ ഉർഫി ജാവേദ്

കണ്ടുകണ്ണുതള്ളിയ ഫാഷൻ പരീക്ഷണങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയെ എപ്പോഴും ചൂടുപിടിപ്പിക്കുന്ന പേരാണ് ഉർഫി ജാവേദ്. തുണിക്കു പകരം പത്രക്കടലാസും സേഫ്റ്റി പിന്നും ബ്ലേഡും വരെ വസ്ത്രമാക്കാൻ മടിയില്ലാത്ത ഈ പെൺകുട്ടിയുടെ ഇന്നത്തെ തിളക്കത്തിന് പിന്നിൽ കടുത്ത ദാരിദ്ര്യത്തിന്റെയും അവഗണനകളുടെയും കഠിനമായ കഥയുണ്ട്. ഒരു സാധാരണ ഉത്തർപ്രദേശ് കുടുംബത്തിൽ ജനിച്ച്, അച്ഛന്റെ പീഡനങ്ങൾ സഹിക്കാനാവാതെ കൗമാരപ്രായത്തിൽ തന്നെ വീടുവിട്ടിറങ്ങിയവളാണ് ഉർഫി. കയ്യിൽ കാശില്ലാതെ ഡൽഹിയിലെ കോൾ സെന്ററുകളിൽ പണിയെടുത്തും ട്യൂഷനെടുത്തുമാണ് തുടക്കത്തിൽ ജീവിച്ചത്. പിന്നീട് മുംബൈയിലെ ഗ്ലാമർ ലോകത്തേക്ക് എത്തിയെങ്കിലും ഗോഡ്ഫാദർമാരില്ലാത്തതിനാൽ കടുത്ത വിവേചനങ്ങളാണ് നേരിടേണ്ടി വന്നത്. സീരിയൽ സെറ്റുകളിൽ ചെറിയ വേഷങ്ങൾ ചെയ്തപ്പോൾ ജൂനിയർ ആർട്ടിസ്റ്റുകളോട് കാണിക്കുന്ന മോശം പെരുമാറ്റവും അവഗണനയും അവരെ ഏറെ സങ്കടപ്പെടുത്തി. മാസം വെറും 40,000 രൂപ കിട്ടാൻ വേണ്ടി അവർ അത്രയധികം കഷ്ടപ്പെട്ടിരുന്നു. എന്നാൽ ‘ബിഗ് ബോസ് ഒടിടി’ എന്ന റിയാലിറ്റി ഷോ ഉർഫിയുടെ ജീവിതം മാറ്റിമറിച്ചു. ഷോയിൽ നിന്ന് പെട്ടെന്ന് പുറത്തായെങ്കിലും, ഒരു സാധാരണ ‘മാലിന്യസഞ്ചി’ (garbage bag) കൊണ്ട് അവർ ഡിസൈൻ ചെയ്ത വസ്ത്രം സോഷ്യൽ മീഡിയയിൽ വൻ തരംഗമായി. പിന്നീട് എയർപോർട്ടിൽ വെച്ചുള്ള വിഡിയോകൾ വൈറലായതോടെ കടുത്ത സൈബർ ആക്രമണങ്ങളും ബോഡി ഷെയ്മിങ്ങും ട്രോളുകളുമാണ് ഉർഫിക്ക് നേരിടേണ്ടി വന്നത്.പക്ഷേ, ആ ട്രോളുകളെല്ലാം ഉർഫി സ്വന്തം വിജയത്തിനുള്ള ഇന്ധനമാക്കി മാറ്റി! വിമർശിച്ചവരുടെ വായടപ്പിച്ചുകൊണ്ട് സ്വന്തമായി ഡിഐവൈ (DIY) ഫാഷൻ ഉള്ളടക്കങ്ങൾ നിർമ്മിച്ച് അവർ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിച്ചു. ഇന്ന് വൻകിട ബ്രാൻഡുകൾ ലക്ഷങ്ങൾ കൊടുത്ത് ഉർഫിയുടെ ഡേറ്റുകൾക്കായി കാത്തുനിൽക്കുന്നു. പരിഹസിച്ചവർക്ക് മുന്നിൽ സ്വന്തം അധ്വാനം കൊണ്ട് ഒരു വലിയ ഫാഷൻ ഐക്കണായി വളർന്ന ഉർഫി ജാവേദിന്റെ കഥ ഏതൊരു സിനിമയെയും വെല്ലുന്ന ഒന്നാണ്.

വ്ലോഗർമാർ ജാഗ്രതൈ! എയർപോർട്ടിൽ ക്യാമറ ഓണാക്കിയാൽ വിമാനയാത്ര സ്വപ്നമായി മാറും

വിമാനത്താവളങ്ങളിലെ സുരക്ഷാ മേഖലകളിൽ മൊബൈൽ ഫോണും ക്യാമറകളും ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതിന് മുൻപുള്ളതിനേക്കാൾ വലിയ വിലക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഇപ്പോൾ കൊണ്ടുവന്നിട്ടുള്ളത്. ടെർമിനലിൽ കയറിയത് മുതൽ വിമാനത്തിൽ കയറുന്നത് വരെയുള്ള യാത്രയുടെ ഓരോ ഘട്ടവും റീൽസായും വ്ലോഗായും മാറ്റുന്നവർ ഇനി കാര്യമായി ശ്രദ്ധിക്കേണ്ടതുണ്ട്. നിയമം ലംഘിച്ച് അനുമതിയില്ലാത്ത ഇടങ്ങളിൽ ചിത്രീകരണം നടത്തിയാൽ കനത്ത പിഴയോടൊപ്പം, ക്യാമറയോ ഫോണോ കണ്ടുകെട്ടാനും സാധ്യതയുണ്ട്. ഇതിനെല്ലാം പുറമേ വ്യോമയാന മന്ത്രാലയത്തിന്റെ കരിമ്പട്ടികയിൽ (No-Fly List) ഉൾപ്പെടുത്തി യാത്ര വിലക്കാനും ഈ പുതിയ വ്യവസ്ഥകൾ അധികൃതർക്ക് അധികാരം നൽകുന്നു. സുരക്ഷാ പരിശോധന നടക്കുന്ന സ്ഥലങ്ങൾ, ഇമിഗ്രേഷൻ കൗണ്ടറുകൾ, ബോർഡിങ് ഗേറ്റുകൾ, റൺവേ തുടങ്ങിയ സെൻസിറ്റീവ്  ആയ മേഖലകളിൽ ചിത്രീകരണം കർശനമായി വിലക്കിയിരിക്കുന്നു. ജമ്മു, ശ്രീനഗർ, അമൃത്സർ പോലെയുള്ള സംയുക്ത സൈനിക-സിവിലിയൻ വിമാനത്താവളങ്ങളിൽ ഈ നിയന്ത്രണം കൂടുതൽ ശക്തമാണ്. എയർപോർട്ടിലെ പൊതുയിടങ്ങളിൽ വെച്ച് മറ്റുള്ളവരുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കാത്ത രീതിയിൽ മാത്രമേ ഇനി ഫോട്ടോകൾ എടുക്കാൻ സാധിക്കൂ. പ്രൊഫഷണൽ രീതിയിലോ വ്ലോഗിങ്ങിനായോ ദൃശ്യങ്ങൾ പകർത്താൻ ആഗ്രഹിക്കുന്നവർ ഡിജിസിഎയുടെയോ എയർപോർട്ട് അതോറിറ്റിയുടെയോ മുൻകൂട്ടിയുള്ള പ്രത്യേക അനുമതി പത്രം ഉറപ്പാക്കേണ്ടതുണ്ട്.