കുഞ്ഞൂഞ്ഞിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; മമ്മൂക്ക ഉമ്മൻചാണ്ടിയാകണമെന്ന ആഗ്രഹം പങ്കുവെച്ച് മകൻ ചാണ്ടി ഉമ്മൻ

​തന്റെ മനസ്സിലെ സിനിമാമോഹങ്ങളും അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ബയോപിക്കിനെക്കുറിച്ചുമുള്ള വിശേഷങ്ങളും പങ്കുവെച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. പ്രശസ്ത സംവിധായകൻ നാദിർഷയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ​”സിനിമയിൽ അവസരം ലഭിച്ചാൽ അഭിനയിക്കുമോ?” എന്ന നാദിർഷയുടെ ചോദ്യത്തിന് ചിരിയോടെയായിരുന്നു ചാണ്ടി ഉമ്മന്റെ മറുപടി.​”ആലോചിക്കാം… വേണ്ടെന്ന് വെച്ചിരിക്കുവാ, വേണമെങ്കിൽ ആലോചിക്കാം. വില്ലൻ റോൾ മതി. ആരെങ്കിലും വിളിക്കണ്ടേ. വിളിച്ചാൽ അല്ലേ പോകാൻ പറ്റൂ.”​ഉടൻ തന്നെ “ഞാൻ വിളിച്ചാൽ വരുമോ?” എന്ന് നാദിർഷ ചോദിച്ചപ്പോൾ, “വരാം” എന്ന് ചാണ്ടി ഉമ്മൻ സമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് “ഞാനൊരു ആവേശത്തിൽ പറഞ്ഞതാണെന്ന്” പറഞ്ഞ് ഒഴിയില്ലല്ലോ എന്ന് നാദിർഷ തമാശയായി ചോദിച്ചപ്പോൾ, താനും തമാശയ്ക്കാണ് പറഞ്ഞതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ​ഒപ്പം വെള്ളിത്തിരയിൽ ഉമ്മൻ ചാണ്ടിയുടെ ജീവിതം ഒരു സിനിമയാക്കണമെന്ന ആഗ്രഹവും ചാണ്ടി ഉമ്മൻ പങ്കുവെച്ചു. സിനിമയുടെ പേര് ‘ഉമ്മൻ ചാണ്ടി’ എന്ന് തന്നെ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനനായകൻ ഉമ്മൻ ചാണ്ടിയായി വെള്ളിത്തിരയിൽ എത്താൻ ഏറ്റവും അനുയോജ്യൻ മമ്മൂട്ടിയാണ്. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്തുക, ഒപ്പം അദ്ദേഹത്തിന്റെ ജനകീയ രാഷ്ട്രീയ പാരമ്പര്യം ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നിവയാണ് ഈ സിനിമയിലൂടെ താൻ ലക്ഷ്യം വെക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

തിയേറ്ററുകളിൽ കൈയടി നേടി; ഇനി ഒടിടി കൈയടക്കാൻ ഷെയ്ൻ നിഗം! ‘ദൃഢം’ സ്ട്രീമിങ് തീയതി പുറത്ത്

തിയേറ്ററുകളിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഷെയ്ൻ നിഗത്തിന്റെ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ദൃഢം’ ഒടിടിയിലേക്ക്. മികച്ച തിയേറ്റർ പ്രതികരണങ്ങൾക്ക് ശേഷം ചിത്രം ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ ജൂൺ 12 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. തിയേറ്ററുകളേക്കാൾ വലിയൊരു പ്രേക്ഷകസ്വീകാര്യത ഒടിടി റിലീസിലൂടെ ചിത്രത്തിന് ലഭിക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തലുകൾ. ‘കൊറോണ പേപ്പേഴ്‌സി’നും ‘വേല’യ്ക്കും ശേഷം ഷെയ്ൻ നിഗം വീണ്ടും പൊലീസ് യൂണിഫോമിലെത്തുന്ന ചിത്രമാണിത്. എന്നാൽ സ്ഥിരം കണ്ടുവരുന്ന മാസ് ഡയലോഗുകളോ പറന്നുയരുന്ന ആക്ഷൻ രംഗങ്ങളോ ഉള്ള ഒരു ‘സൂപ്പർ ഹീറോ’ പൊലീസുകാരനല്ല ഇതിലെ നായകൻ. തന്റെ 26-ാം വയസ്സിൽ വലിയ പ്രതീക്ഷകളോടെയും ആത്മവിശ്വാസത്തോടെയും കുഴിനിലം എന്ന നാട്ടിൻപുറത്തെ സ്റ്റേഷനിൽ ചാർജെടുക്കുന്ന എസ്.ഐ വിജയ് രാധാകൃഷ്ണന്റെ കഥയാണ് ചിത്രം പറയുന്നത്. ജോലിയിലെ പുതുമുഖമായ വിജയ് നേരിടേണ്ടി വരുന്ന അപ്രതീക്ഷിത സാഹചര്യങ്ങളും, അയാൾക്ക് പറ്റുന്ന ചില തെറ്റുകളും, അതിലൂടെയുള്ള തിരിച്ചറിവുകളുമാണ് സിനിമയുടെ ഇതിവൃത്തം. ഒരു സാധാരണക്കാരനായ പൊലീസുകാരന്റെ മാനസിക സമ്മർദ്ദങ്ങളും ഉത്തരവാദിത്തങ്ങളും വളരെ റിയലിസ്റ്റിക്കായി ചിത്രം ചർച്ച ചെയ്യുന്നു. ജീത്തു ജോസഫിന്റെ കളരിയിൽ നിന്ന് മാർട്ടിൻ ജോസഫ് പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ കൂടെ 2020 മുതൽ സംവിധാന സഹായിയായി പ്രവർത്തിച്ച മാർട്ടിൻ ജോസഫ് സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണിത്. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ലളിതവും എന്നാൽ പ്രേക്ഷകരെ ആകർഷിക്കുന്നതുമായ മേക്കിംഗ് ശൈലിയാണ് ചിത്രത്തിന്റേത്. ഷെയ്ൻ നിഗത്തിനൊപ്പം മലയാളത്തിലെ പ്രമുഖ താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഷോബി തിലകൻ, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, കൃഷ്ണപ്രഭ, സാനിയ ഫാത്തിമ, അഭിറാം രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ ഫോർ എക്സ്പെരിമെന്റ്സും ജീത്തു ജോസഫിന്റെ ബെഡ് ടൈം സ്റ്റോറീസും ചേർന്നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്. മുകേഷ് ആർ മെഹ്‌ത, സി വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ. തിയേറ്ററുകളിൽ മിസ് ചെയ്തവർക്കും വീണ്ടും കാണാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടി ജൂൺ 12 മുതൽ ‘ദൃഢം’ നിങ്ങളുടെ സ്ക്രീനുകളിലേക്ക് എത്തുകയാണ്. ഒടിടിയിൽ ചിത്രം എന്ത് തരം തരംഗമാണ് സൃഷ്ടിക്കുകയെന്ന് കാത്തിരുന്ന് കാണാം.

കാത്തിരിപ്പുകൾക്ക് വിരാമം; ബിടിഎസ് വീണ്ടും ഒന്നിക്കുന്നു, ലോകം കീഴടക്കാൻ ‘ഫെസ്റ്റ 2026’

കെ-പോപ്പ് ആരാധകരുടെ ഹൃദയം കീഴടക്കിയ ബിടിഎസ് (BTS) തങ്ങളുടെ സംഗീത യാത്രയുടെ പതിമൂന്നാം വർഷത്തിലേക്ക് ചുവടുവെക്കുകയാണ്. നീണ്ട നാല് വർഷത്തെ സൈനിക സേവനത്തിന് ശേഷം ഏഴ് അംഗങ്ങളും ഒരുമിച്ച് തിരിച്ചെത്തുന്ന സുപ്രധാന നിമിഷത്തിലാണ് 2026-ലെ ഈ ജന്മദിനാഘോഷം വന്നെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂൺ 4 മുതൽ 13 വരെ ‘ഫെസ്റ്റ 2026’ എന്ന പേരിൽ വലിയ ആഘോഷങ്ങളാണ് ദക്ഷിണ കൊറിയയിൽ ഒരുങ്ങുന്നത്. ബാൻഡിന്റെ അപൂർവ്വമായ ഫാമിലി ചിത്രങ്ങൾ, ആരാധകർക്കായി പ്രത്യേകം തയാറാക്കിയ ഹൂളിഗൻ പെർഫോമൻസ് വിഡിയോ, അവരുടെ വ്യക്തിജീവിതം കാണിക്കുന്ന ഡോക്യുമെന്ററി എന്നിവയെല്ലാം ഈ ദിവസങ്ങളിൽ പുറത്തുവരും. കൂടാതെ, ഷുഗ നിർമ്മിച്ച് ആർഎമ്മും ജെ-ഹോപ്പും വരികളെഴുതിയ ‘കം ഓവർ’ എന്ന പുതിയ ഡിജിറ്റൽ ഗാനവും ജൂൺ 12-ന് ആരാധകരിലേക്ക് എത്തും. ഗാനങ്ങൾക്ക് പുറമെ, ആരാധകരുടെ പ്രിയപ്പെട്ട വെറൈറ്റി ഷോയായ ‘റൺ ബിടിഎസ് 2.0’-യുടെ പുതിയ എപ്പിസോഡുകൾ ജൂൺ 11 മുതൽ സംപ്രേഷണം ആരംഭിക്കുന്നത് ആവേശമിരട്ടിയാക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി ജൂൺ 12, 13 തീയതികളിൽ ദക്ഷിണ കൊറിയയിലെ ബുസാൻ ഏഷ്യാഡ് മെയിൻ സ്റ്റേഡിയത്തിൽ വൻ കൺസേർട്ടും ഒരുക്കിയിട്ടുണ്ട്. തങ്ങൾ വേർപിരിഞ്ഞ അതേ മണ്ണിലേക്ക് കൂടുതൽ ശക്തമായി അവർ തിരിച്ചെത്തുമ്പോൾ ആഗോളതലത്തിൽ ബിടിഎസ് പ്രഭാവം വീണ്ടും തരംഗമാവുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷവും കഴിഞ്ഞ ഏപ്രിലിൽ നടന്ന ഷോകളിൽ നിന്ന് മാത്രം 76 മില്യൻ ഡോളറിലധികം വരുമാനം നേടി ഇവർ ചരിത്രം കുറിച്ചിരുന്നു. പ്രതിസന്ധികളെ മറികടന്ന് തങ്ങളുടെ രണ്ടാം വരവ് പ്രഖ്യാപിക്കുന്ന ബിടിഎസിനെ വരവേൽക്കാൻ ലോകമെമ്പാടുമുള്ള ‘ആർമി’ ഇപ്പോൾ ഒരുങ്ങിക്കഴിഞ്ഞു.

​’ക്യാമറ ഓഫ് ചെയ്ത് നേരിട്ട് വരാം’; ടിക് ടോക്ക് ലൈവ് തർക്കത്തിനൊടുവിൽ ഷാർജയിൽ ദാരുണ കൊലപാതകം

വെർച്വൽ ലോകത്തെ വെല്ലുവിളികളും അനാവശ്യ ഈഗോയും എത്രത്തോളം ഭയപ്പെടുത്തുന്ന ദുരന്തങ്ങളിലേക്ക് വഴിമാറാം എന്നതിന്റെ ഞെട്ടിക്കുന്ന വാർത്തയാണ് യുഎഇയിൽ നിന്നും പുറത്തുവരുന്നത്. ഷാർജ അൽ നഹ്ദയിൽ വെച്ച് കണ്ണൂർ മാട്ടൂൽ സ്വദേശിയായ ഇസ്മായിൽ പൊന്നാരംഎന്ന മലയാളി യുവാവ് കടുത്ത വാഗ്വാദങ്ങൾക്കൊടുവിൽ അതിക്രൂരമായി കുത്തേറ്റു കൊല്ലപ്പെട്ടു. കഴിഞ്ഞ കുറേ നാളുകളായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇരുവരും തമ്മിൽ കടുത്ത വ്യക്തിപരമായ തർക്കങ്ങളും സൈബർ പോരുകളും നിലനിന്നിരുന്നു. ഈ പകയുടെ തുടർച്ചയായി കൊലപാതകം നടക്കുന്നതിന് തൊട്ടുമുൻപുള്ള മണിക്കൂറുകളിൽ പോലും ഇവർ ടിക് ടോക്ക് ലൈവിലെത്തുകയും പരസ്പരം അസഭ്യവർഷം നടത്തുകയും വെല്ലുവിളിക്കുകയും ചെയ്തു. ലൈവിനിടയിൽ “ധൈര്യമുണ്ടെങ്കിൽ ടാക്സി വിളിച്ചാണെങ്കിലും വരാൻ” ഇസ്മായിൽ വെല്ലുവിളിച്ചപ്പോൾ, “ഇതാ ക്യാമറ ഓഫ് ചെയ്ത് ഞാൻ നേരിട്ട് വരികയാണ്” എന്നായിരുന്നു പ്രതി നൽകിയ മറുപടി. ഈ വെല്ലുവിളി വെറുമൊരു വാക്കിലൊതുക്കാതെ, കയ്യിൽ മാരകായുധവുമായി പ്രതി ഇസ്മായിൽ താമസിക്കുന്ന സ്ഥലത്തേക്ക് നേരിട്ടെത്തുകയും അദ്ദേഹത്തെ അതിക്രൂരമായി കുത്തിക്കൊല്ലുകയുമായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ ഷാർജ പോലീസ് പ്രതിയെ പിടികൂടി. കൂടാതെ സംഭവസമയത്ത് അവിടെയുണ്ടായിരുന്ന മറ്റ് ചില മലയാളികളെയും പോലീസ് നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു നിമിഷത്തെ ദേഷ്യവും വ്യൂസിനും ലൈക്കുകൾക്കും വേണ്ടിയുള്ള സോഷ്യൽ മീഡിയയിലെ മത്സരബുദ്ധിയും ഒടുവിൽ ഒരു മനുഷ്യജീവനെടുക്കുന്ന അവസ്ഥയിലേക്ക് പ്രവാസലോകത്ത് മാറിയത് വലിയ തോതിലുള്ള ആശങ്കയാണ് ഉണ്ടാക്കുന്നത്. കേസിൽ ഷാർജ പോലീസ് കർശനമായ തുടരന്വേഷണവും ശക്തമായ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

ഷക്കീറയെ മലർത്തിയടിച്ച് ഐഷോസ്പീഡ്! ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ‘ചാംപ്യൻസ്’ തരംഗം

​ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് ലോകം ഉണരുമ്പോൾ സോഷ്യൽ മീഡിയയെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് പ്രശസ്ത അമേരിക്കൻ യൂട്യൂബർ ഐഷോസ്പീഡ് (iShowSpeed). 2026 ലോകകപ്പിനായി പ്രശസ്ത പോപ്പ് ഗായിക ഷക്കീറയും നൈജീരിയൻ താരം ബുർണ ബോയിയും ചേർന്ന് പാടിയ ‘ദായ് ദായ്’ (Dai Dai) എന്ന ഒഫീഷ്യൽ ഗാനത്തെ കാറ്റിൽപ്പറത്തിയാണ് സ്പീഡിന്റെ ‘ചാംപ്യൻസ്’ (Champions) എന്ന മ്യൂസിക് വീഡിയോ കുതിച്ചുയരുന്നത്. റിലീസ് ചെയ്ത് വെറും 24 മണിക്കൂറിനുള്ളിൽ യൂട്യൂബിലും ഇൻസ്റ്റഗ്രാമിലുമായി 50 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയാണ് ഈ ഗാനം പുതിയ റെക്കോർഡ് കുറിച്ചത്. യു.എസ്.എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലെ ഫുട്ബോൾ ലഹരി ഒട്ടും ചോരാതെ ദൃശ്യാവിഷ്കരിച്ച സ്പീഡിന്റെ പാട്ട് ആരാധകർ നെഞ്ചേറ്റിക്കഴിഞ്ഞു. ഷക്കീറയുടെ ഔദ്യോഗിക ഗാനത്തേക്കാൾ എത്രയോ മുകളിലാണ് ഈ പാട്ടെന്നും, ‘ചാംപ്യൻസിനെ’ ഫിഫയുടെ ഒഫീഷ്യൽ വേൾഡ് കപ്പ് ഗാനമായി പ്രഖ്യാപിക്കണമെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫുട്ബോൾ പ്രേമികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.