മരിച്ചിട്ടും തോൽക്കാത്ത നീതിക്കായുള്ള പോരാട്ടം

കൊലയാളി എന്ന മുദ്രകുത്തി ഇരുമ്പഴിക്കുള്ളിലാക്കുമ്പോഴും താൻ നിരപരാധിയാണെന്ന് ആ മനുഷ്യൻ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നു. നീണ്ട 24 വർഷത്തെ ജയിൽവാസം ഒടുവിൽ ന്യൂമോണിയയുടെ രൂപത്തിൽ അയാളുടെ ജീവനെടുത്തപ്പോഴും ആ കുടുംബം പോരാട്ടം അവസാനിപ്പിച്ചില്ല. ജപ്പാനെ ഒന്നടങ്കം പിടിച്ചുലച്ച ഹിരോമു സകാഹാര എന്ന മനുഷ്യന്റെ കഥയാണിത്. മരിച്ച് 15 വർഷങ്ങൾക്ക് ശേഷം, അതും അദ്ദേഹം ജീവനോടെയുണ്ടായിരുന്നെങ്കിൽ കേൾക്കാൻ ഏറെ കൊതിച്ചിരുന്ന ആ വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്; സകാഹാരയുടെ കേസ് ജാപ്പനീസ് കോടതി വീണ്ടും പുനർവിചാരണയ്ക്ക് എടുക്കുന്നു! എല്ലാം തുടങ്ങിയത് 1984 ലാണ്. ജപ്പാനിലെ ഹിനോ നഗരത്തിലെ ഒരു മദ്യശാലയിൽ നടന്ന കവർച്ചയും മാനേജരുടെ കൊലപാതകവുമാണ് സകാഹാരയുടെ സാധാരണ ജീവിതം തകിടം മറിച്ചത്. ആ മദ്യശാലയിലെ സ്ഥിരം സന്ദർശകനായിരുന്ന സകാഹാരയെ പോലീസ് സംശയത്തിന്റെ പേരിൽ ചോദ്യം ചെയ്തു. എന്നാൽ കൊലപാതകം നടന്ന രാത്രിയിൽ അദ്ദേഹം മറ്റൊരിടത്തായിരുന്നുവെന്ന് ഭാര്യ തെളിയിച്ചതോടെ പോലീസ് അദ്ദേഹത്തെ വിട്ടയച്ചു. പക്ഷേ, കഥ അവിടെ തീർന്നില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം പോലീസ് വീണ്ടും അദ്ദേഹത്തെ തേടിയെത്തി. ഒരു ദിവസം മുഴുവൻ നീണ്ട ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ സകാഹാര കുറ്റം സമ്മതിച്ചതായി പോലീസ് പ്രഖ്യാപിച്ചു.തുടർന്ന് നടന്ന വിചാരണയിൽ, താൻ നിരപരാധിയാണെന്നും പോലീസ് ക്രൂരമായി മർദ്ദിച്ചും കുടുംബത്തെ തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് കുറ്റസമ്മതം ഒപ്പിടുവിച്ചതെന്നും സകാഹാര കോടതിയിൽ തുറന്നുപറഞ്ഞു. എന്നാൽ പോലീസിന്റെ വാദങ്ങൾ ശരിവെച്ച കോടതി അദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയായിരുന്നു. ജയിലിലെ ദുരിതപൂർണ്ണമായ ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യം തകർത്തു. ഒടുവിൽ 2011-ൽ ന്യൂമോണിയ ബാധിച്ച് അദ്ദേഹം ജയിലിനുള്ളിൽ വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.പിതാവിനെ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന സങ്കടത്തിലും കുടുംബം നിയമപോരാട്ടം കൈവിട്ടില്ല. ‘കൊലയാളിയുടെ കുടുംബം’ എന്ന് വിളിച്ച് സമൂഹം ക്രൂരമായി അധിക്ഷേപിച്ചപ്പോഴും, അമ്മയ്ക്ക് വന്നിരുന്ന ഭീഷണി കോളുകളെ അതിജീവിച്ചും മകൻ കോജി സകാഹാരയും കുടുംബവുംപോരാടിക്കൊണ്ടേയിരുന്നു. ആ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിനാണ് ഇപ്പോൾ ജാപ്പനീസ് കോടതിയിലൂടെ വഴിത്തിരിവുണ്ടായിരിക്കുന്നത്. വൈകിയാണെങ്കിലും തേടിയെത്തിയ ഈ അനുകൂല വിധി പങ്കുവെക്കാൻ കഴിഞ്ഞ ദിവസം കുടുംബാംഗങ്ങൾ സകാഹാരയുടെ കല്ലറയ്ക്ക് ചുറ്റും ഒത്തുകൂടി. മരണാനന്തരമെങ്കിലും അദ്ദേഹത്തിന്റെ പേരിൽ വീണ കറ കഴുകിക്കളയാൻ ഈ പുനർവിചാരണയിലൂടെ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ കുടുംബം.
ആഡംബര ഐസ്ക്രീം; വില 7 ലക്ഷം

ലക്ഷങ്ങൾ വിലവരുന്ന ആഡംബര വിഭവങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകാം, എന്നാൽ ഒരു സ്കൂപ്പ് ഐസ്‌ക്രീമിന് ഒരു ലക്ഷ്വറി കാറിന്റെ വിലയുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസമായിരിക്കും. ജപ്പാനിലെ പ്രമുഖ ഐസ്‌ക്രീം ബ്രാൻഡായ ‘സെല്ലറ്റോ’ (Cellato) പുറത്തിറക്കിയ ‘ബൈയാകുയ’ (Byakuya) അഥവാ ‘വൈറ്റ് നൈറ്റ്’ എന്ന ഫ്ലേവറാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും വിലകൂടിയ ഐസ്‌ക്രീം എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. ഒരു സ്കൂപ്പിന് ഏകദേശം 8.73 ലക്ഷം ജാപ്പനീസ് യെൻ (ഏകദേശം 5.5 ലക്ഷം മുതൽ 7 ലക്ഷം ഇന്ത്യൻ രൂപ വരെ) വിലവരുന്ന ഈ അപൂർവ്വ വിഭവം വളരെ ആകർഷകമായ ഒരു പ്രീമിയം ബോക്സിലാണ് ലഭ്യമാകുന്നത്. ഒസാക്കയിലെ പ്രശസ്ത ഷെഫായ തദായോഷി യമദായുടെ നേതൃത്വത്തിൽ ഒന്നര വർഷത്തോളം നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് യൂറോപ്യൻ-ജാപ്പനീസ് രുചികൾ സമ്മേളിക്കുന്ന ഈ അപൂർവ്വ വിഭവം രൂപപ്പെടുത്തിയത്. ഇത്രയേറെ ഉയർന്ന വില വരാൻ കാരണം ഇതിൽ ചേർത്തിരിക്കുന്ന അപൂർവ്വവും വിലയേറിയതുമായ ചേരുവകളാണ്. ഇറ്റലിയിലെ ആൽബയിൽ നിന്ന് മാത്രം ലഭിക്കുന്ന, കിലോഗ്രാമിന് ലക്ഷങ്ങൾ വിലവരുന്ന വെള്ള കൂണുകളാണ് (White Truffles) ഇതിലെ പ്രധാന ചേരുവ. ഇതിന് പുറമെ, പ്രശസ്തമായ പ്രീമിയം ‘പാർമിജിയാനോ റെജിയാനോ’ ചീസും, ജാപ്പനീസ് പരമ്പരാഗത പാനീയമായ സേക്കെയുടെ നിർമ്മാണ പ്രക്രിയയിൽ നിന്നുണ്ടാകുന്ന ‘സേക്കെകാസു’വും ഇതിൽ അടങ്ങിയിരിക്കുന്നു. ഐസ്‌ക്രീമിന് മുകളിലായി ഭക്ഷ്യയോഗ്യമായ സ്വർണ്ണത്തരികൾ കൂടി വിതറുന്നതോടെ ഇതിന്റെ ആഡംബരം പൂർണ്ണമാകുന്നു.
പുള്ളുവൻ പാട്ടിന്റെ ഈണത്തിൽ “റെയ്സ് ഓഫ് നാഗ”; ‘ഭാസ്കരഭരണം’ സിനിമയിലെ ആദ്യ ഗാനം പുറത്ത്

‘സ്ഫടികം’ എന്ന എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘ഭാസ്കരഭരണം’ റിലീസിന് ഒരുങ്ങുന്നു. ‘തീവ്രം’, ‘യൂ ടു ബ്രൂട്ടസ്’ എന്നീ സിനിമകൾക്ക് ശേഷം രൂപേഷ് പീതാംബരൻ സംവിധായകനാകുന്ന ചിത്രമാണിത്. സിനിമയുടേതായി ഇപ്പോൾ പുറത്തുവന്ന ആദ്യ ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടുകയാണ്. “റെയ്സ് ഓഫ് നാഗ” എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം പുള്ളുവൻ പാട്ടുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അരുൺ കെ. നാരായണിന്റെ വരികൾക്ക് ഗോഡ്‌വിൻ തോമസ് ആണ് ഈണം പകർന്നിരിക്കുന്നത്. ഫൗസിയ വില്ലോയാണ് ഈ വ്യത്യസ്തമായ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് പ്രമുഖ മ്യൂസിക് ലേബലായ പനോരമ മ്യൂസിക് ആണ്. അമ്മയും മകനും, എന്തിന് വീട്ടിലെ ജോലിക്കാരൻ വരെ ചേർന്ന് അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന ദൃശ്യങ്ങളുമായി ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഇതൊരു ഡാർക്ക് കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ജൂൺ 26-ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
മാനസിക ഒറ്റപ്പെടലിന്റെ ഇന്ത്യ: ആഗോള ഏകാന്തതാ സൂചികയിൽ രാജ്യം മുന്നിൽ

അടുപ്പമുള്ള കുടുംബബന്ധങ്ങൾക്കും സജീവമായ സാമൂഹിക ജീവിതത്തിനും പേരുകേട്ട ഇന്ത്യയിൽ, ആളുകൾക്കിടയിൽ മാനസികമായ ഒറ്റപ്പെടൽ വൻതോതിൽ വർദ്ധിക്കുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ലോകത്തെ 36 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ ആഗോള ഏകാന്തതാ സർവേയിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. സന്തോഷം, മാനസികാരോഗ്യം, വിഷാദം, ഒറ്റയ്ക്കുള്ള താമസം, കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ പരിശോധിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഈ സൂചികയിൽ ഒന്നാമത് നിൽക്കുന്നത് തുർക്കിയാണ്. ഇന്ത്യയ്ക്ക് പിന്നാലെ ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളും പട്ടികയിൽ മുൻനിരയിലുണ്ട്. കണക്കുകൾ പ്രകാരം ഇന്ത്യയിലെ വലിയൊരു ശതമാനം ജനങ്ങളും കടുത്ത മാനസിക സംഘർഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സംയുക്ത കുടുംബങ്ങളിലോ ഒന്നിലധികം അംഗങ്ങളുള്ള വീടുകളിലോ താമസിക്കുമ്പോൾ പോലും തങ്ങൾ ഒറ്റപ്പെട്ടുപോയതായി സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം ഇന്ത്യക്കാരും സമ്മതിക്കുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ കടന്നുകയറ്റവും സോഷ്യൽ മീഡിയയുടെ അമിത ഉപയോഗവും മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കം കുറച്ചതാണ് ഇതിന് പ്രധാന കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം, ഉസ്ബെക്കിസ്ഥാൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളാണ് ലോകത്തിൽ ഏറ്റവും കുറഞ്ഞ ഏകാന്തത അനുഭവിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.