മുംബൈയിൽ കനത്ത ചൂട്: രാത്രികളിൽ ആളുകൾ ബീച്ചിൽ അഭയം പ്രാപിക്കുന്നു

മുംബൈയിൽ മൺസൂൺ വൈകുന്നതിനെത്തുടർന്ന് കനത്ത ചൂടിൽ നിന്നും പവർകട്ടിൽ നിന്നും രക്ഷപ്പെടാൻ നൂറുകണക്കിന് ആളുകൾ രാത്രികളിൽ ബീച്ചുകളിൽ അഭയം പ്രാപിക്കുന്നു. മുംബൈയിലെ തിരക്കേറിയ തീരദേശമായ വെർസോവയിലെ നിവാസികളാണ് പ്രധാനമായും വീടിന് പുറത്ത് കടൽതീരത്ത് ഉറങ്ങാൻ നിർബന്ധിതരാകുന്നത്. വായുസഞ്ചാരം കുറഞ്ഞതും ടിൻ ഷീറ്റുകൾ മേഞ്ഞതുമായ ഇടുങ്ങിയ വീടുകൾ പകൽ സമയത്തെ ചൂട് വലിച്ചെടുത്ത് രാത്രിയിൽ വലിയ ചൂളകളായി മാറുന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മൺസൂൺ എത്തിയെങ്കിലും മുംബൈയിൽ അനുഭവപ്പെടുന്ന അസാധാരണമായ ഉഷ്ണതരംഗവും ആർദ്രതയും വലിയ അസ്വസ്ഥതകളാണ് സൃഷ്ടിക്കുന്നത്. മൺസൂൺ മേഘങ്ങളുടെ സാവധാനത്തിലുള്ള നീക്കം കാരണം അന്തരീക്ഷത്തിൽ ഈർപ്പം തങ്ങിനിൽക്കുന്നതിനാൽ ചൂട് വളരെ കൂടുതലാണ്. അസഹനീയമായ ചൂട് നഗരത്തിലെ വൈദ്യുതി ആവശ്യകതയിൽ റെക്കോർഡ് വർദ്ധനവിന് കാരണമായിരിക്കുന്നു. മുംബൈയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് 2026 ജൂൺ 8-ന് രേഖപ്പെടുത്തിയത്. 4,608 മെഗാവാട്ട് വൈദ്യുതി ഉപഭോഗമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. വീടുകളിലും ഓഫീസുകളിലും വാണിജ്യ സ്ഥാപനങ്ങളിലും എയർ കണ്ടീഷണറുകൾ, കൂളറുകൾ, ഫാനുകൾ എന്നിവയുടെ വർദ്ധിച്ച ഉപയോഗമാണ് ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് പിന്നിലെ പ്രധാന ഘടകം. എന്നാൽ ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ നഗരത്തിൽ മഴയുടെ സൂചനകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. മുംബൈയിലും കൊങ്കൺ മേഖലയിലും അടുത്ത 48 മണിക്കൂറിനുള്ളിൽ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. അറബിക്കടലിൽ നിന്നുള്ള ഈർപ്പത്തിന്റെ പ്രവാഹം ഞായറാഴ്ച രാത്രിയോടെ ശക്തിപ്പെടുമെന്നും ഇത് മേഖലയിലുടനീളം മഴ പെയ്യാൻ സഹായിക്കുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. മൺസൂൺ കാറ്റ് കരുത്താർജ്ജിക്കുന്നതോടെ ജൂൺ 21, 22 തീയതികളിൽ മഴയുടെ തീവ്രത ക്രമേണ വർദ്ധിക്കാനാണ് സാധ്യത. ഈ മഴ അന്തരീക്ഷത്തിലെ ഈർപ്പം കുറയ്ക്കാനും പകൽ താപനില താഴാനും സഹായിക്കും.

നമ്മളെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന നല്ലൊരു കൂട്ടുകാരനാണ് പുസ്തകങ്ങൾ. അറിവിന്റെയും കഥകളുടെയും ആ ലോകത്തേക്ക് മലയാളിക്ക് വഴി കാണിച്ചുതന്ന ദിവസമാണ് ജൂൺ 19, വായനാദിനം.

കേരളത്തിൽ ഒരുപാട് വായനശാലകൾ തുടങ്ങാൻ കാരണക്കാരനായ പി.എൻ. പണിക്കരുടെ ഓർമ്മക്കായാണ് ഈ ദിവസം വായനാദിനമാക്കിയത്. “വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക” എന്നതായിരുന്നു അദ്ദേഹം നമുക്ക് തന്ന സന്ദേശം. ഇന്ന് നമ്മൾ കൂടുതൽ സമയവും മൊബൈൽ ഫോണിലാണ് ചിലവഴിക്കുന്നത്. റീലുകളും സോഷ്യൽ മീഡിയയും നമ്മുടെ സമയവും ശ്രദ്ധയും കവർന്നുതുടങ്ങി. എന്നാൽ ഫോൺ ഉപയോഗം കുറച്ച്, ദിവസവും കുറച്ചു സമയമെങ്കിലും പുസ്തകങ്ങൾ വായിക്കാൻ നമ്മൾ ശീലിക്കണം. പുസ്തകങ്ങൾ നമ്മുടെ അറിവ് കൂട്ടുക മാത്രമല്ല, പുതിയ ചിന്തകളും നല്ല സ്വഭാവവും തരികയും ചെയ്യും. അച്ചടിച്ച പുസ്തകങ്ങളോ ഫോണിലെ ഇ-ബുക്കുകളോ ഏതുമാകട്ടെ, വായന നമ്മുടെ ജീവിതത്തിന്റെ ഭാഗമാകണം. വായന എന്നത് വെറുമൊരു ശീലമല്ല, അത് നമ്മുടെ ജീവിതത്തെ മാറ്റിയെടുക്കുന്ന ഒരു വലിയ ശക്തിയാണ്. ഈ വായനാദിനത്തിൽ മൊബൈൽ ഫോണുകൾ അല്പം ദൂരേക്ക് മാറ്റിപിടിച്ച്, നമുക്ക് പ്രിയപ്പെട്ട ഒരു പുസ്തകം തുറക്കാം. കാരണം, വായിക്കുന്ന ഒരു തലമുറയ്ക്ക് മാത്രമേ നല്ലൊരു നാളെ കെട്ടിപ്പടുക്കാൻ സാധിക്കൂ.

കാടും കടുവകളും സുരക്ഷിതം;ഇന്ത്യയിലെ ആദ്യ 8 വരി തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്

ഡൽഹി-മുംബൈ എക്‌സ്പ്രസ് വേയുടെ ഭാഗമായി നിർമിച്ച രാജ്യത്തെ ആദ്യ 8 വരി തുരങ്കപ്പാത ജൂൺ 20-ന് ഗതാഗതത്തിനായി  തുറന്നുകൊടുക്കും. രാജസ്ഥാനിലെ കോട്ടയ്ക്ക് സമീപമുള്ള പരിസ്ഥിതി ലോല പ്രദേശമായ മുകുന്ദ്ര ഹിൽസ് കടുവ സങ്കേതത്തിന് അടിയിലൂടെയാണ് 4.9 കിലോമീറ്റർ നീളമുള്ള ഈ ഇരട്ടക്കുഴൽ തുരങ്കം കടന്നുപോകുന്നത്. വന്യജീവികളുടെ സ്വാഭാവിക ജീവിതത്തെയും സ്വൈര്യവിഹാരത്തെയും ഒട്ടും ബാധിക്കാത്ത രീതിയിൽ സിസിടിവി ക്യാമറകളും അടിയന്തര എക്സിറ്റ് വഴികളും ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഇത് നിർമിച്ചിരിക്കുന്നത്. ഡൽഹി-വഡോദര സെക്ഷനിൽ ഉൾപ്പെടുന്ന ഈ പുതിയ പാത യാഥാർഥ്യമാകുന്നതോടെ വളഞ്ഞുപുളഞ്ഞ ദുർഘട മലമ്പാതകളും അപകടം നിറഞ്ഞ ഗതാഗതക്കുരുക്കുകളും പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കും. ഇത് ഡൽഹിക്കും മുംബൈക്കും ഇടയിലുള്ള യാത്രാസമയവും വാഹനങ്ങളുടെ ഇന്ധനച്ചെലവും ഗണ്യമായി കുറയ്ക്കും. കൂടാതെ, കോട്ട, ബുന്ദി, രൺഥാംബോർ തുടങ്ങിയ രാജസ്ഥാനിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ സുഗമമാകുന്നതോടെ ഈ മേഖലയിലെ ടൂറിസം സാധ്യതകൾക്കും ഇതൊരു വലിയ ഉണർവേകും.

വള്ളങ്ങൾക്കും കാർഷിക യന്ത്രങ്ങൾക്കും ഇന്ധനമില്ല; കുമരകത്ത് ടൂറിസവും മത്സ്യബന്ധനവും വഴിമുട്ടി

കേന്ദ്രസർക്കാർ നടപ്പിലാക്കിയ പുതിയ പെട്രോൾ, ഡീസൽ നിയന്ത്രണങ്ങൾ സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതത്തെയും തൊഴിലിനെയും എത്രത്തോളം ആഴത്തിൽ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണ് കുമരകത്ത് ഇപ്പോൾ കാണാൻ കഴിയുന്നത്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പെട്രോൾ പമ്പുകളിൽനിന്ന് കന്നാസുകളിലും കുപ്പികളിലും ഇന്ധനം നൽകുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്, കുമരകത്തെ പരമ്പരാഗത മേഖലകളെയും നൂറുകണക്കിന് തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ടൂറിസം, മത്സ്യബന്ധനം, കൃഷി എന്നിവയെ ആശ്രയിച്ചു കഴിയുന്ന ഇവിടുത്തെ കായലോര ജീവിതത്തിൽ വള്ളങ്ങൾക്കും കാർഷിക യന്ത്രങ്ങൾക്കും ആവശ്യമായ ഇന്ധനം പമ്പുകളിൽ നിന്ന് കന്നാസുകളിൽ വാങ്ങിയാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ധന ലഭ്യത പെട്ടെന്ന് മുടങ്ങിയതോടെ മത്സ്യബന്ധന വള്ളങ്ങൾ ഇറക്കാനോ, പാടശേഖരങ്ങളിൽ ഉഴവ്, കൊയ്ത്ത് തുടങ്ങിയ ജോലികൾക്കായി എത്തിച്ചിട്ടുള്ള യന്ത്രങ്ങളിൽ ഇന്ധനം നിറയ്ക്കാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കൂടാതെ ടൂറിസം മേഖലയിലെ ഹൗസ് ബോട്ടുകൾ, ശിക്കാര വള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ എന്നിവയുടെ സർവീസിനെയും, പുരയിടങ്ങളിൽ മരം മുറിക്കാനും പുല്ല് നീക്കാനും ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പ്രവർത്തനത്തെയും ഈ തീരുമാനം ദോഷകരമായി ബാധിച്ചു. ജനജീവിതം സ്തംഭിപ്പിക്കുന്ന ഈ നടപടിക്കെതിരെ, തൊഴിലാളികൾക്ക് കൃത്യമായ ബദൽ സംവിധാനമൊരുക്കാതെ നിയമം നടപ്പിലാക്കിയതിൽ പ്രതിഷേധിച്ച് സിഐടിയു, കർഷക കോൺഗ്രസ് തുടങ്ങിയ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കുമരകത്തെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ ധർണ്ണയും ശക്തമായ സമരപരിപാടികളും ആരംഭിച്ചിട്ടുണ്ട്.

ടെലഗ്രാം നിരോധനം: സുരക്ഷയോ മാധ്യമവിലക്കോ

ടെലഗ്രാം നിരോധിച്ച കേന്ദ്ര സർക്കാർ നടപടി ശരിവെച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജി തള്ളിയ ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ച്, കേന്ദ്രത്തിൻ്റെ തീരുമാനം കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണെന്ന് ചൂണ്ടിക്കാട്ടി. ജൂൺ 21-ന് നടക്കുന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് (NEET-UG 2026 Re-exam) മുന്നോടിയായി ചോദ്യപേപ്പർ ചോർത്തുന്ന മാഫിയകളും തട്ടിപ്പുകാരും വ്യാപകമായി ടെലഗ്രാം ഉപയോഗിക്കുന്നു എന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ കണ്ടെത്തലിനെ തുടർന്നാണ് ഐടി ആക്ടിലെ സെക്ഷൻ 69A പ്രകാരം കേന്ദ്ര സർക്കാർ ഈ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത്. ജൂൺ 22 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനത്തിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഗൂഗിൾ നീക്കം ചെയ്യുകയും ചെയ്തു.എന്നാൽ ഈ കോടതി ഉത്തരവ് രാജ്യത്ത് മാധ്യമസ്വാതന്ത്ര്യത്തിനും ഫ്രീഡം ഓഫ് സ്പീച്ചിനും ) മേൽ നടക്കുന്ന കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഇന്ത്യയിൽ മാത്രം 15 കോടിയിലധികം സാധാരണ ഉപയോക്താക്കൾ ആശ്രയിക്കുന്ന ഒരു പ്ലാറ്റ്‌ഫോം, ഏതാനും തട്ടിപ്പുകാരുടെ പേരിൽ പൂർണ്ണമായി അടച്ചുപൂട്ടുന്നത് പൗരന്മാരുടെ മൗലികാവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനം ശക്തമാണ്. കേസ് പരിഗണിക്കുന്ന വേളയിൽ കോടതി തന്നെ കേന്ദ്ര സർക്കാരിനോട്, “ഒരു വിഭാഗം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നു എന്നതിൻ്റെ പേരിൽ 15 കോടി ജനങ്ങളുടെ അവകാശങ്ങൾ തടയാൻ കഴിയുമോ?” എന്ന് ചോദിച്ചിരുന്നു. ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ (IFF) ഉൾപ്പെടെയുള്ള സംഘടനകൾ ഇതിനെ ഒരു താൽക്കാലികവും ആനുപാതികമല്ലാത്തതുമായ നടപടിയെന്നാണ് വിശേഷിപ്പിച്ചത്. സുരക്ഷ മുൻനിർത്തിയുള്ള ഇത്തരം പെട്ടെന്നുള്ള നിരോധനങ്ങൾ വിയോജിപ്പുകളെയും സ്വതന്ത്ര ശബ്ദങ്ങളെയും അടിച്ചമർത്താനുള്ള ഒരു ആയുധമായി മാറുമോ എന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തമാണ്.കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചത്, ടെലഗ്രാമിലെ ‘ബോട്ട്’ (Bot) സംവിധാനങ്ങളും ക്ലൗഡ് ആർക്കിടെക്ചറും കാരണം കുറ്റവാളികളെ കണ്ടെത്തുക അസാധ്യമാണെന്നും, ഒരു ബോട്ട് നിരോധിച്ചാൽ ഉടൻ തന്നെ അടുത്തത് വ്യാജമായി നിർമ്മിക്കപ്പെടുമെന്നുമാണ്. പഴയ പോസ്റ്റുകൾ എഡിറ്റ് ചെയ്ത് ചോദ്യപേപ്പർ ചോർന്നുവെന്ന വ്യാജ പ്രചാരണം നടത്താൻ തട്ടിപ്പുകാർ ഈ ആപ്പ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, 900-ലധികം നിയമവിരുദ്ധ ലിങ്കുകൾ തങ്ങൾ ഇതിനകം നീക്കം ചെയ്തിട്ടുണ്ടെന്നും, ഏതാനും ചാനലുകൾക്ക് വേണ്ടി കോടിക്കണക്കിന് സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നുമാണ് ടെലഗ്രാം സിഇഒ പവൽ ഡുറോവ് പ്രതികരിച്ചത്. പരീക്ഷാ തട്ടിപ്പ് തടയാൻ പ്ലാറ്റ്‌ഫോം പൂർണ്ണമായി നിരോധിക്കുന്ന ഇത്തരം നടപടികൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠന ഗ്രൂപ്പുകളെയും ചെറുകിട കച്ചവടക്കാരെയും മാധ്യമപ്രവർത്തകരെയുമാണ് യഥാർത്ഥത്തിൽ ബാധിക്കുന്നത് എന്ന വാദത്തോടെയാണ് ഈ ചർച്ചകൾ ഇപ്പോൾ കൊഴുക്കുന്നത്.