ഫുട്ബോൾ ഗാലറികളെ ആവേശം കൊള്ളിക്കുന്ന ‘പാപ്പ ഊത്തേയ്’

ഇൻസ്റ്റഗ്രാം റീലുകളിലും ഫുട്ബോൾ ലോകത്തും ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഗാനമാണ് ബെൽജിയൻ സംഗീതജ്ഞനായ സ്ട്രോമയുടെ ‘പാപ്പ ഊത്തേയ്’ (Papaoutai). നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആഫ്രിക്കൻ താളമുള്ള ഈ ഫ്രഞ്ച് ഗാനം, യഥാർത്ഥത്തിൽ അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെ അതിതീവ്രമായ വേദനയുടെ കഥയാണ് പറയുന്നത്. റുവാണ്ടൻ വംശഹത്യയിൽ സ്വന്തം പിതാവ് കൊല്ലപ്പെട്ടപ്പോൾ, തന്റെ ഒൻപതാം വയസ്സിൽ സ്ട്രോമ അനുഭവിച്ച ഏകാന്തതയും ചോദ്യങ്ങളുമാണ് ‘അച്ഛാ, എവിടെയാണ്?’ എന്ന അർത്ഥം വരുന്ന ഈ പാട്ടിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ എത്തിച്ചത്. യൂട്യൂബിൽ കോടിക്കണക്കിന് ആളുകൾ കണ്ട ഈ ഗാനം ഇപ്പോൾ കായികലോകത്ത് വീണ്ടും ചർച്ചയാകാൻ കാരണം ആഫ്രിക്കൻ ഫുട്ബോളിലെ ചില നാടകീയ രംഗങ്ങളാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കടുത്ത ആരാധകനായ മിഷേൽ കൂക എന്ന വ്യക്തി, തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര നായകനായ പാട്രിയസ് ലമൂംബയോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിൽ വലംകൈ ഉയർത്തി നിൽക്കാറുണ്ട്. ഒരിക്കൽ കോംഗോ പരാജയപ്പെട്ടപ്പോൾ അൾജീരിയൻ കളിക്കാരനായ മൊഹമ്മദ് അമോറ ഈ നിൽപ്പിനെ പരിഹസിക്കുകയുണ്ടായി. എന്നാൽ പിന്നീട് അൾജീരിയ ടൂർണമെന്റിൽ നിന്ന് പുറത്തായപ്പോൾ, നൈജീരിയൻ കളിക്കാരനായ അകോർ ആഡംസ് കുക്കയ്ക്ക് പിന്തുണയുമായി ഇതേ രീതിയിൽ കൈ ഉയർത്തിപ്പിടിച്ച് മറുപടി നൽകി. ഈ വൈകാരികമായ പ്രതികാര ദൃശ്യങ്ങൾക്കൊപ്പം പശ്ചാത്തല സംഗീതമായി ‘പാപ്പ ഊത്തേയ്’ എന്ന ഗാനം ഉപയോഗിക്കപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ട ട്രെൻഡായി മാറിയത്.
തിയേറ്ററിൽ മനം കവർന്നു, ഇനി നസ്ലെന്റെ മോളിവുഡ് ടൈംസ് ഓടിടി യിലേക്ക്…

യുവതാരം നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് ഒരുക്കിയ മോളിവുഡ് ടൈംസ് തിയേറ്ററിലെ മികച്ച പ്രതികരണത്തിന് ശേഷം ഓടിടിയിൽ റിലീസിന് എത്തുകയാണ്.ജിയോഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.ജൂലൈ മൂന്ന് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മോളിവുഡ് ടൈംസിലെ നസ്ലെൻ്റെ പ്രകടനം ഏറെ ജനശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നസ്ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം: ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു,ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്,കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്സ്: ഡിജി ബ്രിക്‌സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്‌സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിജിറ്റൽ മാർക്കറ്റിങ്ങ് ഒബ്സ്ക്യൂറഎന്റർടൈൻ.
തിയേറ്ററിൽ മഹാവിജയം ഉറപ്പിക്കാൻനിവിൻ പോളി – അൽഫോൺസ് പുത്രൻ കൂട്ടുകെട്ട്;വിജയം ടൈറ്റിൽ പോസ്റ്റർ പുറത്ത്!

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. സൂപ്പർഹിറ്റുകളായ ‘നേരം’, ‘പ്രേമം’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളിയും അൽഫോൻസ് പുത്രനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്.അങ്ങനെ നിവിൻ പോളിയുടെ കരിയറിലെ അൻപതാമത്തെ ചിത്രമാവുകയാണ് വിജയം. ഒരു മാസ് ബൈക്ക് റേസിങ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് ടൈറ്റിൽ പോസ്റ്ററിൽ നിന്ന് വ്യക്തമാവുന്നത്.വഴിയരികിൽ ലിഫ്റ്റിനായി കാത്തുനിൽക്കുന്ന അൽഫോൺസ് പുത്രനും റേസിങ് ബൈക്കിൽ എത്തുന്ന നിവിൻ പോളിയുമാണ് ടൈറ്റിൽ വീഡിയോയിലുള്ളത്.ഇരുവരും ചേർന്ന് റേസിങ് ബൈക്കിൽ കേറിപ്പോകുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ‘ഗോൾഡി’ന് ശേഷം അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്.മുൻ ചിത്രങ്ങളിലെപ്പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളർ ഗ്രേഡിങ് എന്നിവയെല്ലാം അൽഫോൻസ് തന്നെയാണ് നിർവ്വഹിക്കുന്നത്.നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സാണ് ചിത്രത്തിന്റെ നിർമാണം. സ്റ്റീവ് കോട്ടൂരാണ് സംഗീത സംവിധാനം, ഷിനോസാണ് ക്യാമറ ചെയ്യുന്നത്. ശബരീഷ് വർമയാണ് വരികൾ എഴുതുന്നത്.വർഷങ്ങൾക്ക് ശേഷം ഈ കോംബോ വീണ്ടും ഒന്നിക്കുമ്പോൾ, വിജയം തീയേറ്ററിൽ മാഹാവിജയമാവും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.