ഇൻസ്റ്റഗ്രാം റീലുകളിലും ഫുട്ബോൾ ലോകത്തും ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഒരു ഗാനമാണ് ബെൽജിയൻ സംഗീതജ്ഞനായ സ്ട്രോമയുടെ ‘പാപ്പ ഊത്തേയ്’ (Papaoutai). നൃത്തം ചെയ്യാൻ പ്രേരിപ്പിക്കുന്ന ആഫ്രിക്കൻ താളമുള്ള ഈ ഫ്രഞ്ച് ഗാനം, യഥാർത്ഥത്തിൽ അച്ഛനെ നഷ്ടപ്പെട്ട ഒരു മകന്റെ അതിതീവ്രമായ വേദനയുടെ കഥയാണ് പറയുന്നത്.
റുവാണ്ടൻ വംശഹത്യയിൽ സ്വന്തം പിതാവ് കൊല്ലപ്പെട്ടപ്പോൾ, തന്റെ ഒൻപതാം വയസ്സിൽ സ്ട്രോമ അനുഭവിച്ച ഏകാന്തതയും ചോദ്യങ്ങളുമാണ് ‘അച്ഛാ, എവിടെയാണ്?’ എന്ന അർത്ഥം വരുന്ന ഈ പാട്ടിലൂടെ അദ്ദേഹം ലോകത്തിന് മുന്നിൽ എത്തിച്ചത്. യൂട്യൂബിൽ കോടിക്കണക്കിന് ആളുകൾ കണ്ട ഈ ഗാനം ഇപ്പോൾ കായികലോകത്ത് വീണ്ടും ചർച്ചയാകാൻ കാരണം ആഫ്രിക്കൻ ഫുട്ബോളിലെ ചില നാടകീയ രംഗങ്ങളാണ്.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കടുത്ത ആരാധകനായ മിഷേൽ കൂക എന്ന വ്യക്തി, തന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര നായകനായ പാട്രിയസ് ലമൂംബയോടുള്ള ആദരസൂചകമായി സ്റ്റേഡിയത്തിൽ വലംകൈ ഉയർത്തി നിൽക്കാറുണ്ട്. ഒരിക്കൽ കോംഗോ പരാജയപ്പെട്ടപ്പോൾ അൾജീരിയൻ കളിക്കാരനായ മൊഹമ്മദ് അമോറ ഈ നിൽപ്പിനെ പരിഹസിക്കുകയുണ്ടായി. എന്നാൽ പിന്നീട് അൾജീരിയ ടൂർണമെന്റിൽ നിന്ന് പുറത്തായപ്പോൾ, നൈജീരിയൻ കളിക്കാരനായ അകോർ ആഡംസ് കുക്കയ്ക്ക് പിന്തുണയുമായി ഇതേ രീതിയിൽ കൈ ഉയർത്തിപ്പിടിച്ച് മറുപടി നൽകി. ഈ വൈകാരികമായ പ്രതികാര ദൃശ്യങ്ങൾക്കൊപ്പം പശ്ചാത്തല സംഗീതമായി ‘പാപ്പ ഊത്തേയ്’ എന്ന ഗാനം ഉപയോഗിക്കപ്പെട്ടതോടെയാണ് സോഷ്യൽ മീഡിയയിൽ ഇത് ഫുട്ബോൾ ആരാധകരുടെ പ്രിയപ്പെട്ട ട്രെൻഡായി മാറിയത്.





