‘കെ.ജി.എഫ്: ചാപ്റ്റർ 2’-ന് ശേഷം യഷ് നായകനാകുന്ന ഏറ്റവും പുതിയ പാൻ-ഇന്ത്യൻ ചിത്രം ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ കേരളത്തിലെത്തിക്കാൻ പനോരമ സ്റ്റുഡിയോസ്.

സെഞ്ച്വറി ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. യഷിന് പുറമെ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. കഴിഞ്ഞ കാലത്തെ ഗോവയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം കുറ്റകൃത്യം, അധികാരം, ആഗ്രഹം, വഞ്ചന തുടങ്ങിയ പ്രമേയങ്ങളിലൂടെയാണ് കഥ പറയുന്നത്. ‘രായാ’ എന്ന കഥാപാത്രമായാണ് യഷ് ചിത്രത്തിലെത്തുന്നത്. ദക്ഷിണേന്ത്യയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പനോരമ സ്റ്റുഡിയോസിന്റെ പുതിയ നീക്കം. കേരളത്തിൽ യഷിനുള്ള വലിയ ആരാധക പിന്തുണയും ഗീതു മോഹൻദാസിന്റെ വ്യത്യസ്തമായ മേക്കിംഗും കണക്കിലെടുക്കുമ്പോൾ ‘ടോക്‌സിക്’ മികച്ച തിയേറ്റർ പ്രതികരണം നേടുമെന്നാണ് പ്രതീക്ഷ. സെഞ്ച്വറി ഫിലിംസുമായി ചേർന്ന് ചിത്രം കേരളത്തിലെ കൂടുതൽ തിയേറ്ററുകളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് അണിയറപ്രവർത്തകർ.

150 കോടി ക്ലബ്ബിൽ സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’!

തിയറ്ററുകളിൽ കുതിപ്പ് തുടരുകയാണ് സൂര്യ നായകനായ ‘വിശ്വനാഥ് ആൻഡ് സൺസ്’. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് അഞ്ചാം ദിവസം പിന്നിടുമ്പോഴേക്കും ആഗോളതലത്തിൽ 150 കോടി രൂപ ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. അഞ്ചാം ദിവസമായ ചൊവ്വാഴ്ച ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 6.35 കോടി രൂപ നെറ്റ് നേടി. വിദേശ മാർക്കറ്റിൽ നിന്ന് അഞ്ചാം ദിവസം നേടിയ 2 കോടി ഉൾപ്പെടെ വിദേശത്തെ ആകെ കളക്ഷൻ 45 കോടി രൂപയായി ഉയർന്നു. ഇതോടെ 2026ൽ പുറത്തിറങ്ങിയ തമിഴ് സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ ‘വിശ്വനാഥ് ആൻഡ് സൺസ്’ മൂന്നാം സ്ഥാനത്തും എത്തിയിരിക്കുകയാണ്. സൂര്യയ്ക്കൊപ്പം മമിത ബൈജു, രാധിക ശരത്കുമാർ, വീണ ടണ്ടർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് തെലുങ്ക് പതിപ്പിലും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

വിസ്മയയുടെ സിനിമാ അരങ്ങേറ്റം;‘തുടക്കം’ പിറന്ന വഴിയെക്കുറിച്ച് ജൂഡ്

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമയിലേക്ക് എത്തിയ ‘തുടക്കം’ എന്ന ചിത്രത്തെക്കുറിച്ച് മനസ് തുറന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. വിസ്മയയ്ക്ക് വേണ്ടി പ്രത്യേകമായി എഴുതിയ സിനിമയല്ല ‘തുടക്കം’ എന്നും തിരക്കഥ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നുവെന്നും ജൂഡ് പറഞ്ഞു. മീനു എന്ന കഥാപാത്രത്തിന് വിസ്മയ അനുയോജ്യയാകുമെന്ന് തോന്നിയതോടെയാണ് പ്രോജക്ട് മുന്നോട്ട് പോയത്. ആദ്യം കഥാപാത്രത്തിന്റെ പേര് ‘മായ’ എന്നായിരുന്നു. പിന്നീട് വിസ്മയയുടെ നിർദേശപ്രകാരമാണ് പേര് ‘മീനു’ എന്നാക്കി മാറ്റിയത്. വിസ്മയ സിനിമയിലെത്തിയതിന് ശേഷം ചില ചെറിയ കൂട്ടിച്ചേർക്കലുകളും നടത്തിയതായി ജൂഡ് പറഞ്ഞു. അതിലൊന്നായിരുന്നു ചിത്രത്തിലെ നായക്കുട്ടി. വിസ്മയയ്ക്ക് നായകളോടുള്ള ഇഷ്ടം മനസിലാക്കിയ ശേഷമാണ് സിനിമയിൽ ഒരു നായയെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. സെറ്റിൽ വിസ്മയ ആദ്യം കൂട്ടായത് ‘മെസി’ എന്ന നായയുമായിട്ടായിരുന്നുവെന്നും ജൂഡ് പറഞ്ഞു. സിനിമയ്ക്കായി മറ്റൊരു പേര് നൽകാൻ ശ്രമിച്ചെങ്കിലും ആ പേര് വിളിച്ചാൽ നായ പ്രതികരിക്കാതിരുന്നതിനാൽ യഥാർഥ പേരായ ‘മെസി’ തന്നെ സിനിമയിലും നിലനിർത്തുകയായിരുന്നു.

മോഹൻലാലിനെ നായകനാക്കി വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവരുടെ സംവിധാനത്തിൽ ഏഴ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്.

യുവതലമുറയിലെ സംവിധായകരും പരിചയസമ്പന്നരുമൊത്തുള്ള ഈ കൂട്ടുകെട്ടുകളിൽ ഏറെ പ്രതീക്ഷയാണുള്ളത്. പ്രിയദർശൻ, സത്യൻ അന്തിക്കാട്, ജീത്തു ജോസഫ് എന്നിവർക്കൊപ്പമുള്ള മോഹൻലാലിന്റെ തിരിച്ചുവരവും ശ്രദ്ധേയമാണ്. അതേസമയം, മകൾ വിസ്മയ നായികയായ ‘തുടക്കം’ ശേഷം മോഹൻലാലിന്റെ മറ്റൊരു കാമിയോ വേഷവും റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജിന്റെ ‘ഖലീഫ’യിൽ മമ്പറയ്ക്കൽ അഹമ്മദാലിയായാണ് മോഹൻലാൽ എത്തുന്നത്. ഓഗസ്റ്റ് 20ന് ചിത്രം തിയേറ്ററുകളിലെത്തും. ‘ജയിലർ 2’വിലെ മാത്യു എന്ന കഥാപാത്രമായും മോഹൻലാലിന്റെ അതിഥി വേഷം പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. തരുൺ മൂർത്തിക്കൊപ്പമുള്ള മോഹൻലാലിന്റെ പുതിയ ചിത്രവും ഡിസംബറിൽ റിലീസിനെത്തും. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണിത്. ഏറെ നാളുകൾക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വരാനിരിക്കുന്ന ഈ സിനിമകൾ മലയാള സിനിമയിൽ വീണ്ടും വലിയ പ്രതീക്ഷകളാണ് മോഹൻലാൽ സൃഷ്ടിക്കുന്നത്.

ബോളിവുഡിൽ പുതിയ ചിത്രവുമായി മലയാളി താരം പാർവതി തിരുവോത്ത്. കാർത്തിക് ആര്യൻ നായകനാകുന്ന ഏവിയേഷൻ ത്രില്ലർ ചിത്രം ‘ക്യാപ്റ്റൻ ഇന്ത്യ’യിലാണ് പാർവതി പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോർട്ട്.

ബോളിവുഡിൽ പുതിയ ചിത്രവുമായി മലയാളി താരം പാർവതി തിരുവോത്ത്. കാർത്തിക് ആര്യൻ നായകനാകുന്ന ഏവിയേഷൻ ത്രില്ലർ ചിത്രം ‘ക്യാപ്റ്റൻ ഇന്ത്യ’യിലാണ് പാർവതി പ്രധാന വേഷത്തിലെത്തുന്നതെന്നാണ് റിപ്പോർട്ട്. ഷിമിത് അമീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കഥാഗതിയിൽ നിർണായക സ്വാധീനം ചെലുത്തുന്ന കഥാപാത്രത്തെയാകും താരം അവതരിപ്പിക്കുക. എന്നാൽ കഥാപാത്രത്തിന്റെ സ്വഭാവം സംബന്ധിച്ച വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. യുദ്ധം രൂക്ഷമായ വിദേശരാജ്യത്ത് കുടുങ്ങിപ്പോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്ന രക്ഷാദൗത്യമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ദൗത്യത്തിന് നേതൃത്വം നൽകുന്ന പൈലറ്റായാണ് കാർത്തിക് ആര്യൻ എത്തുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. ബവേജ സ്റ്റുഡിയോസും ടി-സീരീസും ചേർന്നാണ് ‘ക്യാപ്റ്റൻ ഇന്ത്യ’ നിർമിക്കുന്നത്. ചിത്രത്തിൽ പാർവതിയുടെ കഥാപാത്രത്തിന് ഏറെ പ്രാധാന്യമുണ്ടെന്നാണ് സൂചന. ഇതോടെ താരത്തിന്റെ ബോളിവുഡ് പ്രവേശനം കൂടിയായ ചിത്രം പ്രഖ്യാപനത്തിന് പിന്നാലെ ശ്രദ്ധ നേടുകയാണ്.

‘പ്രേമലു’ ഇനി ഹിന്ദിയിലും; ‘പ്രേം കീടാണു’ ടീസർ എത്തി

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ‘പ്രേമലു’വിന്റെ ഹിന്ദി റീമേക്കായ ‘പ്രേം കീടാണു’വിന്റെ ടീസർ പുറത്തിറങ്ങി. വീർ പഹാരിയ, ആഫിയ സയിദ്, അപർശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. എന്നാൽ ‘പ്രേമലു’വിന്റെ അതേ കഥയല്ല ഹിന്ദി പതിപ്പിൽ അവതരിപ്പിക്കുന്നത്. ഒറിജിനൽ ചിത്രത്തിലെ ചില പ്രധാന ഭാഗങ്ങൾ മാത്രം അടിസ്ഥാനമാക്കി പുതിയ കഥാപശ്ചാത്തലത്തിലാണ് ‘പ്രേം കീടാണു’ ഒരുക്കുന്നത്. കോളജ് പശ്ചാത്തലത്തിലുള്ള റൊമാന്റിക് കോമഡി എന്റർടെയ്‌നറായ ചിത്രത്തിൽ ‘പ്രേമലു’വിലെ ഐടി കമ്പനിയിലെ സൗഹൃദം കോളജ് ജീവിതത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. അവനിക ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം അപൂർവ് സിങ് കർക്കിയാണ് സംവിധാനം ചെയ്യുന്നത്. ‘സിർഫ് ഏക് ബന്ദാ കാഫി ഹൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് അദ്ദേഹം. ഭാവന സ്റ്റുഡിയോസും ചിത്രത്തിന്റെ നിർമാണ പങ്കാളികളാണ്. ഒക്ടോബർ രണ്ടിനാണ് ‘പ്രേം കീടാണു’ തിയറ്ററുകളിലെത്തുക. ചിത്രത്തിന്റെ റിലീസ് വരെ ഹോട്ട്സ്റ്റാറിൽ നിന്ന് ‘പ്രേമലു’ നീക്കം ചെയ്തതും ശ്രദ്ധേയമാണ്. 2024ൽ പുറത്തിറങ്ങിയ ‘പ്രേമലു’ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ്. നസ്‌ലെൻ, മമിത ബൈജു, സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമിച്ചത്.

വിമർശനങ്ങൾക്കിടയിൽ പ്രതികരണവുമായി ധ്രുവ് വിക്രം; “യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക പ്രധാനമാണ്”

തമിഴ് സിനിമയിലെ മുൻനിര നടൻ വിക്രമിന്റെ മകനും യുവതാരവുമായ ധ്രുവ് വിക്രം അടുത്തിടെ സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ നിറഞ്ഞുനിന്നിരുന്നു. നടി അനുപമ പരമേശ്വരൻ തന്റെ മുൻകാല പ്രണയബന്ധത്തിൽ നേരിട്ട നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ച് നടത്തിയ അഭിമുഖത്തിന് പിന്നാലെയാണ് ധ്രുവിന്റെ പേരും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായത്. അഭിമുഖത്തിൽ പരാമർശിച്ച മുൻ കാമുകൻ ധ്രുവാണെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കൊപ്പം താരത്തിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു. വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ചർച്ചകളെയും വിമർശനങ്ങളെയും കുറിച്ച് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് ധ്രുവ് വിക്രം. സിനിമ പോലെയുള്ള ഒരു മേഖല തിരഞ്ഞെടുക്കുമ്പോൾ തന്നെ വിമർശനങ്ങളും അതിന്റെ ഭാഗമാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖല മനോഹരമായിരിക്കുമ്പോഴും അതിന് നിരവധി വെല്ലുവിളികളുണ്ടെന്നും ധ്രുവ് വ്യക്തമാക്കി. വിമർശനങ്ങൾ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുക എന്നതാണ് പ്രധാനമെന്നും താരം പറഞ്ഞു. “നിങ്ങൾ ആരാണെന്ന് അറിയുക. എന്തിനുവേണ്ടിയാണ് നിങ്ങൾ നിലകൊള്ളുന്നതെന്ന് മനസ്സിലാക്കുക. നിങ്ങൾ സ്നേഹിക്കുന്നവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടവരെയും ശക്തമായി സംരക്ഷിക്കുക,” എന്നായിരുന്നു ധ്രുവിന്റെ പ്രതികരണം.

ഓണത്തിന് പൃഥ്വിരാജിന്റെ ‘ഖലീഫ’യും നിവിൻ പോളിയുടെ ‘ബെത്ലഹേം കുടുംബ യൂണിറ്റും’ തമ്മിലുള്ള റിലീസ് പോരാട്ടത്തിന് ഇനി ദുൽഖറിന്റെ ‘ഐ ആം ഗെയിം’ ഉണ്ടാകില്ല.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിംസ്’  വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖറും ജോം വർഗീസും ചേർന്നാണ് നിർമിക്കുന്നത്. ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പാൻ ഇന്ത്യൻ റിലീസായി എത്തും. ചിത്രത്തിന്റെ വലിപ്പത്തിനും മെഗാ കാൻവാസിനും അർഹിക്കുന്ന തരത്തിലുള്ള റിലീസ് ഉറപ്പാക്കാനാണ് പുതിയ തീയതി തെരഞ്ഞെടുത്തതെന്ന് ദുൽഖർ വ്യക്തമാക്കി.ഓഗസ്റ്റ് 20ന് ഓണം റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം സെപ്റ്റംബർ 3ലേക്ക് മാറ്റിയതോടെയാണ് മത്സരം മാറുന്നത്. കൂടുതൽ വിപുലമായ ആഗോള റിലീസ് ഒരുക്കുന്നതിനായാണ് ചിത്രത്തിന്റെ റിലീസ് തീയതി രണ്ടാഴ്ചത്തേക്ക് നീട്ടിയതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ഇതിനോടകം പുറത്തിറങ്ങിയ ട്രെയ്‌ലറിനും ആദ്യ ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. സ്റ്റൈലിഷ് ദൃശ്യങ്ങളും ആക്ഷൻ, ചേസ് രംഗങ്ങളും നിറഞ്ഞ ട്രെയ്‌ലർ ചിത്രത്തിന്റെ വമ്പൻ തീയേറ്റർ അനുഭവത്തിന്റെ സൂചന നൽകിയിരുന്നു. ഓണം റിലീസ് മത്സരത്തിൽ നിന്ന് മാറി കൂടുതൽ വലിയ റിലീസിലേക്ക് നീങ്ങുന്ന ചിത്രം സെപ്റ്റംബർ 3ന് പ്രേക്ഷകർക്ക് മുന്നിലെത്തുമ്പോൾ ദുൽഖർ ആരാധകരും സിനിമാപ്രേമികളും വലിയ പ്രതീക്ഷയിലാണ്.

ഒരുങ്ങുന്നു മൂന്ന് നയൻതാര ചിത്രങ്ങൾ; റിലീസ് കാത്ത് ആരാധകർ

തുടർച്ചയായി മൂന്ന് ചിത്രങ്ങളുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് നയൻതാര. ആദ്യം തിയേറ്ററിലെത്തുന്നത് കെവിൻ നായകനാകുന്ന ‘ഹായ്’. വിഷ്ണു ഇടവന സംവിധാനം ചെയ്യുന്ന റൊമാന്റിക് ചിത്രം ഓഗസ്റ്റ് 28ന് റിലീസ് ചെയ്യും. യഷ് നായകനാകുന്ന ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ ആണ് മറ്റൊരു പ്രധാന റിലീസ്. നയൻതാര ‘ഗംഗ’യായി എത്തുന്ന ചിത്രം ഓഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തും.കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ച സിനിമ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഭാഷകളിലും റിലീസ് ചെയ്യും. ഇതിനുപുറമെ ‘മണ്ണാങ്കട്ടി സിൻസ് 1960’ എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്. ഡ്യൂഡ് വിക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇതിനകം പൂർത്തിയായിട്ടുണ്ട്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള നയൻതാരയുടെ ഒരു ചിത്രം നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ക്യാമറാ ലെൻസിലൂടെ നോക്കുന്ന താരത്തിന്റെ ചിത്രം ആരാധകരിൽ ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിരുന്നു. മൂന്ന് ചിത്രങ്ങൾ, മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങൾ… നയൻതാരയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

വിസ്മയിപ്പിച്ച് ‘തുടക്കം’; കളക്ഷൻ കണക്കുകൾ പുറത്ത്

വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം ഗംഭീരമാക്കുകയാണ് ‘തുടക്കം’. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ആദ്യദിനം തന്നെ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്വീകാര്യതയും ശ്രദ്ധേയമാണ്. ആഗോളതലത്തിൽ ചിത്രം ഇതുവരെ 26.82 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന കണക്കുകൾ. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ‘2018’ന് ശേഷം ജൂഡ് ആന്തണി ജോസഫ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘തുടക്ക’ത്തിനുണ്ട്. ഒരു കൊച്ചു കുടുംബചിത്രമെന്ന വിശേഷണത്തിൽ ഒതുങ്ങുന്നതല്ല ‘തുടക്കം’ എന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വിസ്മയയുടെ അരങ്ങേറ്റവും ചിത്രത്തിന്റെ പ്രമേയവും ഒരുപോലെ ചർച്ചയാകുമ്പോൾ ബോക്സ് ഓഫീസിലും കുതിപ്പ് തുടരുകയാണ്.