‘അനന്തൻ കാട്’ സിനിമയുടെ പുത്തൻ അപ്ഡേറ്റ് എത്തി! മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഇന്ദ്രൻസിന്റെ മാസ്മര ലുക്കിലുള്ള പുതിയ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘കൃഷ്ണൻകുട്ടി’ എന്ന ശക്തമായ കഥാപാത്രമായാണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്. കാളകൂറ്റന്മാർക്ക് നടുവിൽ, നെറ്റിയിൽ ഭസ്മക്കുറിയുമായി നിൽക്കുന്ന ഇന്ദ്രൻസിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.
പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ‘ടിയാൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘അനന്തൻ കാട്’. തിരുവനന്തപുരത്തിന്റെ പഴയകാല ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു അത്യപൂർവ്വ ദൃശ്യവിരുന്നായിരിക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന.
മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. തമിഴ് താരം ആര്യ ചിത്രത്തിൽ നായകനായി എത്തുന്നു. ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ, ദേവ് മോഹൻ, ‘പുഷ്പ’ ഫെയിം സുനിൽ, അപ്പാനി ശരത്, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജൂൺ 25-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.





