സെൻസർ ബോർഡിനെവെല്ലുവിളിച്ചു മോളിവുഡ് ടൈംസ്!ചിത്രം തെറിയോടെ തിയേറ്ററിൽ പ്രദർശിപ്പിച്ചു..

തിയേറ്ററുകളിൽ വൻ ജനപ്രീതി നേടി മുന്നേറുന്ന നസ്‌ലെൻ ചിത്രം ‘മോളിവുഡ് ടൈംസ്’ പുതിയൊരു വിവാദത്തിൽ.സെൻസർ ബോർഡിനെ കബളിപ്പിച്ച് ചിത്രത്തിലെ തെറി വിളിക്കുന്ന ഭാഗം തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.സെൻസറിങ് സമയത്ത് ‘തെറി’ ഭാഗങ്ങൾ മ്യൂട്ട് ചെയ്താണ് ചിത്രത്തിന് ബോർഡ് അനുമതി നൽകിയത്. എന്നാൽ തിയേറ്ററുകളിൽ ചിത്രം എത്തിയപ്പോൾ മ്യൂട്ട് ചെയ്ത ഭാഗങ്ങളെല്ലാം ഉൾപ്പെടുത്തിയാണ് പ്രദർശിപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരം സെൻസർ ബോർഡ് കട്ട് ചെയ്തതോ മ്യൂട്ട് ചെയ്തതോ ആയ ഭാഗങ്ങൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് ഗുരുതരമായ നിയമലംഘനമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ മൂന്ന് വർഷം വരെ തടവും പത്ത് ലക്ഷം രൂപ പിഴയും ലഭിക്കാം.സംഭവത്തിൽ സെൻസർ ബോർഡ് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിയേറ്ററുകളിൽ നിന്ന് ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം ചിത്രത്തിന്റെ നിർമ്മാതാവിന് നോട്ടീസ് അയക്കാനാണ് ബോർഡിന്റെ തീരുമാനം. വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ ആഗോളതലത്തിൽ 15 കോടി രൂപ സ്വന്തമാക്കി കഴിഞ്ഞു. വരും ദിവസങ്ങളിൽ കളക്ഷൻ ഇനിയും ഉയരുമെന്നാണ് സൂചന. തിയേറ്റർ റണ്ണിന് ശേഷം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെയായിരിക്കും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുക.
കാളകൂറ്റന്മാർക്ക് നടുവിൽ ‘കൃഷ്ണൻകുട്ടി’! ഞെട്ടിച്ച് ഇന്ദ്രൻസ്; ‘അനന്തൻ കാട്’ പുതിയ പോസ്റ്റർ പുറത്ത്

‘അനന്തൻ കാട്’ സിനിമയുടെ പുത്തൻ അപ്ഡേറ്റ് എത്തി! മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഇന്ദ്രൻസിന്റെ മാസ്മര ലുക്കിലുള്ള പുതിയ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ‘കൃഷ്ണൻകുട്ടി’ എന്ന ശക്തമായ കഥാപാത്രമായാണ് ഇന്ദ്രൻസ് ചിത്രത്തിലെത്തുന്നത്. കാളകൂറ്റന്മാർക്ക് നടുവിൽ, നെറ്റിയിൽ ഭസ്മക്കുറിയുമായി നിൽക്കുന്ന ഇന്ദ്രൻസിന്റെ ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ‘ടിയാൻ’ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘അനന്തൻ കാട്’. തിരുവനന്തപുരത്തിന്റെ പഴയകാല ചരിത്ര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു അത്യപൂർവ്വ ദൃശ്യവിരുന്നായിരിക്കുമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ടീസർ നൽകുന്ന സൂചന. മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. തമിഴ് താരം ആര്യ ചിത്രത്തിൽ നായകനായി എത്തുന്നു. ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ, ദേവ് മോഹൻ, ‘പുഷ്പ’ ഫെയിം സുനിൽ, അപ്പാനി ശരത്, സാഗർ സൂര്യ, റെജീന കാസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ജൂൺ 25-നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
ബോക്‌സ് ഓഫീസിൽ രാം ചരൺ തരംഗം; ‘പെദ്ധി’ 300 കോടിയിലേക്ക്…

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി തീയേറ്ററുകളിൽ എത്തിയ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’ ബോക്‌സ് ഓഫീസിൽ വൻ കുതിപ്പ് തുടരുന്നു. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറ്റെടുത്ത ചിത്രം ഇതിനോടകം തന്നെ പുതിയ റെക്കോർഡുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്ൽകിന്റെ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം ഇതുവരെ 279.35 കോടി രൂപയാണ് ആഗോളതലത്തിൽ സ്വന്തമാക്കിയത്. ഇതിൽ ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ മാത്രം 229.95 കോടി രൂപ വരും. രാം ചരണിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ 181 കോടിയോളം രൂപ വാരിയ ചിത്രം മൂന്നാം ദിനത്തിലും ആധിപത്യം തുടർന്നു. മൂന്നാം ദിവസം മാത്രം 55 കോടിയോളം രൂപയാണ് ചിത്രം ആഗോള ഗ്രോസ് ഇനത്തിൽ നേടിയത്. ഇന്ത്യയ്ക്ക് പുറമെ വിദേശത്തും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഓവർസീസ് കളക്ഷനിലും ചിത്രം പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുമെന്നാണ് നിലവിലെ സൂചനകൾ. കേരളത്തിലും തമിഴ്‌നാട്ടിലും പ്രമുഖ വിതരണക്കാരായ തിങ്ക് സ്റ്റുഡിയോസ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്. ആദ്യ ഷോ മുതൽ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ഇരു സംസ്ഥാനങ്ങളിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.