താലിബാൻ ഭരണം; 24 ലക്ഷം പെൺകുട്ടികൾക്ക് പഠനം അന്യമായി

അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ ഏകദേശം 24 ലക്ഷം പെൺകുട്ടികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായതായി യുനെസ്കോ റിപ്പോർട്ട്. താലിബാൻ അധികാരത്തിലെത്തിയിട്ട് അഞ്ച് വർഷത്തോടടുക്കുമ്പോഴുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. പെൺകുട്ടികളെയും സ്ത്രീകളെയും വിദ്യാഭ്യാസത്തിൽ നിന്ന് ഔദ്യോഗികമായി വിലക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് അഫ്ഗാനിസ്താനെന്നും യുനെസ്കോ ചൂണ്ടിക്കാട്ടുന്നു.2021 ഓഗസ്റ്റ് 15 നാണ് രണ്ട് പതിറ്റാണ്ട് നീണ്ട യുദ്ധത്തിന് ശേഷം യുഎസും നാറ്റോ സേനയും പിന്മാറിയതിനു പിന്നാലെ താലിബാൻ പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനും നിയന്ത്രണം ഏർപ്പെടുത്തി. ഇതോടൊപ്പം സ്ത്രീകളുടെ തൊഴിൽ, പൊതുജീവിതം എന്നിവയിലും കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു.സ്ത്രീകളുടെയും കുട്ടികളുടെയും മൌലികാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ് തുടരുന്ന നിയന്ത്രണങ്ങളെന്ന് യുനസ്കോ വിലയിരുത്തി. സെക്കന്ററി, ഉന്നതവിദ്യാഭ്യാസം എന്നിവ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഉപാധികളില്ലാതെ പുനസ്ഥാപിക്കണമെന്നും യുനസ്കോ താലിബാൻ അധികൃതരോട് ആവശ്യപ്പെട്ടു.

‘ഏഴ് കടൽ ഏഴ് മലൈ’യിലെ ഗാനം പുറത്ത്

യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തില്‍ ‘ഏഴ് കടൽ ഏഴ് മലൈ’യിലെ പുതിയ ഗാനം പുറത്ത്. നിവിന്‍ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘നമക്കായ് ഒരു വാനം’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. യുവന്‍ ശങ്കര്‍ രാജയും ആന്‍ഡ്രിയ ജെറമിയയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രണ്ടര വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ചിത്രം ഒക്ടോബര്‍ 1ന് തിയറ്ററുകളിലെത്തും. 2024 മെയ് 15ന് റോട്ടര്‍ഡാം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്ത ചിത്രം ‘ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന്‍’ വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മോസ്കോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. നിവിന്‍ പോളിക്കൊപ്പം സൂരിയും അഞ്ജലിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഏകാംബരം നിര്‍വഹിക്കുന്നു. ‘പേരന്‍പ്’, ‘തങ്കമീന്‍കള്‍’, ‘കട്രത് തമിഴ്’, ‘തരമണി’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്.

‘മഴവില്ലായേ…’ — ‘ഐ ആം ഗെയിം’ലെ ആദ്യ ഗാനം പുറത്ത്!

ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം ‘മഴവില്ലായേ’ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം അർമാൻ മാലിക് ആലപിച്ചപ്പോൾ, ഷർഫുവാണ് വരികൾ ഒരുക്കിയത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ ഓഗസ്റ്റ് 20ന് ഓണം റിലീസായി ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ ‘ഐ ആം ഗെയിം’ പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്.

ഹോർമുസിൽ അമേരിക്കൻ പടയൊരുക്കം; 20ലേറെ യുദ്ധക്കപ്പലുകൾ വിന്യസിച്ചു

ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ 20ലേറെ യുദ്ധക്കപ്പലുകൾ വിന്യസിച്ച് അമേരിക്ക. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് നീക്കമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. യുഎസ് നേവിയുടെ ഡിസ്ട്രോയർ കപ്പലായ യുഎസ്എസ് റോസ് ഉൾപ്പെടെയുള്ള കപ്പലുകളാണ് മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരം, ഉപരോധം ലംഘിക്കാൻ ശ്രമിച്ച 55 വാണിജ്യ കപ്പലുകൾ അമേരിക്ക വഴിതിരിച്ചുവിട്ടതായും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയതായും യുഎസ് സൈനിക കമാൻഡ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പുതിയ ഷിപ്പിങ് പാതകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള കരാർ അന്തിമഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി അറിയിച്ചു. എന്നാൽ, ജലപാത തുറക്കുന്നതിന് അമേരിക്ക തങ്ങളുടെ നിബന്ധനകൾ പാലിക്കണമെന്നാണ് ഇറാന്റെ നിലപാട്. ഇറാൻ തങ്ങളുടെ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഉപരോധം പിൻവലിക്കുന്ന കാര്യം പരിഗണിക്കൂവെന്നാണ് അമേരിക്കയുടെ നിലപാട്.

“20 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്; അന്ന് വ്യത്യസ്തയായ ഒരു ഗീതുവായിരുന്നു” — നയൻതാര

ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ‘ടോക്സിക്’ ട്രെയ്‌ലർ ലോഞ്ചിനിടെ സംവിധായികയുമായുള്ള തന്റെ പഴയ ബന്ധം ഓർത്തെടുത്ത് നയൻതാര. ഏകദേശം 20 വർഷങ്ങൾക്ക് മുൻപ് താനും ഗീതുവും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെന്നും, അന്ന് ഗീതു തികച്ചും വ്യത്യസ്തയായിരുന്നുവെന്നും നയൻതാര പറഞ്ഞു. വലിയ താരനിരയുള്ള ചിത്രമായതിനാൽ ആദ്യം ‘ടോക്സിക്’ സ്വീകരിക്കുന്നതിൽ തനിക്ക് ചെറിയ ആശങ്കയുണ്ടായിരുന്നെന്നും നയൻതാര വ്യക്തമാക്കി. എന്നാൽ ഗീതുവിനോട് നേരിട്ട് കഥ കേട്ടതോടെ തീരുമാനം മാറി. “ഇത്രയും കാലം നമ്മൾ കാണാതെ പോയൊരു മികച്ച സംവിധായികയാണ് ഗീതു” എന്നായിരുന്നു നയൻതാരയുടെ വാക്കുകൾ. സെറ്റിലെ ഓരോ താരങ്ങളുടെയും വിഷമഘട്ടങ്ങളിൽ കൂടെനിന്ന് അവരെ കരുതലോടെ നയിക്കാൻ ഗീതുവിന് സാധിച്ചെന്നും നയൻതാര കൂട്ടിച്ചേർത്തു. 2005ൽ പുറത്തിറങ്ങിയ ‘രാപ്പകൽ’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. യഷ് നായകനാകുന്ന ‘ടോക്സിക്’ ഓഗസ്റ്റ് 26ന് തിയറ്ററുകളിലെത്തും.

ഇറാൻ യുദ്ധത്തിൽ നിന്ന് പിന്മാറാൻ വഴി തേടി ട്രംപ് ഭരണകൂടം; ആശങ്ക അറിയിച്ച് സൈനിക മേധാവി

ഇറാനുമായുള്ള യുദ്ധം ലഘൂകരിച്ച് സംഘർഷത്തിൽ നിന്ന് പിന്മാറാനുള്ള വഴി കണ്ടെത്തണമെന്ന് യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്ൻ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരോട് സ്വകാര്യമായി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. നിലവിലെ സൈനിക നടപടികൾ കൂടുതൽ നീണ്ടാൽ തിരിച്ചടിയുണ്ടാകാമെന്നും, വ്യോമാക്രമണങ്ങളിലൂടെ മാത്രം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനാകില്ലെന്നും കെയ്ൻ മുന്നറിയിപ്പ് നൽകിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉപദേശകരുമായി കെയ്ൻ ആശങ്കകൾ പങ്കുവെച്ചതായാണ് വിവരം. സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി. യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ട്രംപുമായി ഉന്നത ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായായിരുന്നു ഈ ചർച്ചകൾ. ഇറാനിലേക്ക് കരസേനയെ അയക്കുന്നതിനോട് ട്രംപിന് താൽപര്യമില്ല. വ്യോമാക്രമണങ്ങളിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാമെന്ന നിലപാടിലാണ് അദ്ദേഹം. എന്നാൽ ഇറാന്റെ ആണവശേഷി തടയുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക നടപടി ആറുമാസം പിന്നിട്ടിട്ടും സംഘർഷത്തിന് വ്യക്തമായ പരിഹാരം കണ്ടെത്താനായിട്ടില്ല. ഇതിനിടെ യുഎസ് സൈന്യം കടുത്ത ആയുധക്ഷാമം നേരിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. പ്രത്യേകിച്ച് വ്യോമപ്രതിരോധ സംവിധാനങ്ങളിലെ പരിമിതി കെയ്‌നിന്റെ ചർച്ചകളിൽ പ്രധാന വിഷയമായെന്നാണ് വിവരം. ആയുധശേഖരം കുറയുന്നത് ഇറാന്റെ തിരിച്ചടികളെ നേരിടാനുള്ള യുഎസ് ശേഷിയെ ബാധിക്കുമെന്ന ആശങ്ക ഗൾഫ് സഖ്യരാജ്യങ്ങളും അമേരിക്കയെ അറിയിച്ചിട്ടുണ്ട്. യുദ്ധതന്ത്രങ്ങളുടെ പരിമിതികളെക്കുറിച്ച് വൈറ്റ് ഹൗസ് യോഗങ്ങളിൽ കെയ്ൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും, ട്രംപുമായുള്ള ബന്ധം നിലനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തുന്നുണ്ടെന്നാണ് സിഎൻഎൻ റിപ്പോർട്ട്. ആക്രമണം തുടരാൻ പ്രസിഡന്റ് ഉത്തരവിട്ടാൽ അതിനുള്ള സൈനിക ശേഷി യുഎസിനുണ്ടെന്ന് കെയ്ൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

‘ഇവിടെ എല്ലാം പോകും..’, നായകനായി ഞെട്ടിച്ച് ലോക്കി!

സംവിധായകനെന്ന നിലയിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ച ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിച്ച ‘ഡി.സി’ തിയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വാമിഖ ഗബ്ബിയാണ് നായിക. ലോകേഷ് കനകരാജിന്റെയും വാമിഖയുടെയും ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വയലൻസിനും പ്രണയത്തിനും വൈകാരിക നിമിഷങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിന് A സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷന്‍ പാർട്നര്‍. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് വേഷമിടുമ്പോൾ, ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തുന്നത്. റോക്കി, സാനി കായിദം, ക്യാപ്റ്റൻ മില്ലർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും ചിത്രത്തിലെത്തുന്നത്.

വിസ്മയയുടെ സ്വപ്നങ്ങൾക്ക് തിരിതെളിച്ച് ‘തുടക്കം’

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ സിനിമാ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ തുടക്കം ഇന്ന് തിയേറ്ററുകളിൽ. ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ വിസ്മയയുടെ ആദ്യ സിനിമയെ വരവേൽക്കുന്നത്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ചിരിക്കുന്നു. ഒരു പുതുമുഖ അഭിനേത്രിയുടെ ആദ്യ ചുവടുവെപ്പിനൊപ്പം ഹൃദയസ്പർശിയായൊരു കുടുംബചിത്രവും പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ആദ്യ ദിനത്തിലെ പ്രേക്ഷക പ്രതികരണങ്ങൾക്കായി സിനിമാലോകം കാത്തിരിക്കുകയാണ്. വിസ്മയ മോഹൻലാലിനും തുടക്കം ടീമിനും ഹൃദയം നിറഞ്ഞ വിജയാശംസകൾ!

ഇന്ത്യൻ ബോക്സ് ഓഫീസിലും വൻ നേട്ടം; കളക്ഷനിൽ ഞെട്ടിച്ച് ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’!

ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ. ലോകമെമ്പാടും മികച്ച പ്രതികരണം നേടിയ ചിത്രം ഇന്ത്യയിലും വമ്പൻ വിജയമാണ് സ്വന്തമാക്കുന്നത്. റിലീസ് ദിനമായ ജൂലൈ 30-ന് തന്നെ 73 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി ഇന്ത്യയിൽ റിലീസ് ചെയ്ത ഒരു ഹോളിവുഡ് ചിത്രത്തിന്റെ എക്കാലത്തെയും ഏറ്റവും വലിയ ഓപ്പണിംഗ് എന്ന റെക്കോർഡ് ചിത്രം സ്വന്തമാക്കി. അതിലും ശ്രദ്ധേയമായത്, ദിനങ്ങൾ പിന്നിടുമ്പോഴും ചിത്രത്തിന്റെ കുതിപ്പ് ഒട്ടും കുറഞ്ഞിട്ടില്ല എന്നതാണ്. സോണി പിക്ചേഴ്സ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ചിത്രത്തിന്റെ ഇന്ത്യൻ ഗ്രോസ് കളക്ഷൻ 380.78 കോടി രൂപ പിന്നിട്ടിരിക്കുകയാണ്. മികച്ച മൗത്ത് പബ്ലിസിറ്റിയും ആരാധകരുടെ ആവേശകരമായ സ്വീകരണവുമാണ് ചിത്രത്തെ ഈ നേട്ടത്തിലേക്ക് എത്തിച്ചത്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമായ ബുക്ക് മൈ ഷോയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറിൽ 60,000-ത്തിലധികം ടിക്കറ്റുകൾ വിറ്റുപോകുന്നതാണ് റിപ്പോർട്ട്. ഇന്ത്യയിലെ ഹോളിവുഡ് സിനിമകളുടെ വിപണി കൂടുതൽ ശക്തമാകുന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ് ഈ നേട്ടം. ഹോളിവുഡ് സിനിമകളുടെ ഇന്ത്യൻ ബോക്സ് ഓഫീസ് ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തുകൊണ്ട് വിജയക്കുതിപ്പ് തുടരുകയാണ് ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’.

കറുപ്പിന്റെ സമയത്ത് വലിയ തുക ലോണെടുക്കേണ്ടി വന്നു, പ്രതിസന്ധിയിൽ കൂടെ നിന്നത് ജ്യോതിക, തുറന്നുപറഞ്ഞ് സൂര്യ

കറുപ്പ് സിനിമയുടെ നിർമ്മാണഘട്ടത്തിൽ നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ സൂര്യ. ചിത്രത്തിന്റെ അവസാനഘട്ടത്തിൽ വലിയ തുക വായ്പയെടുക്കേണ്ടി വന്നെന്നും, എല്ലാ അനിശ്ചിതത്വങ്ങൾക്കിടയിലും തന്നെ പൂർണമായി വിശ്വസിച്ച് കൂടെ നിന്നത് ഭാര്യ ജ്യോതികയാണെന്നും സൂര്യ പറഞ്ഞു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “അവസാന സമയത്ത് എനിക്ക് ഒരുപാട് ലോൺ എടുക്കേണ്ടി വന്നു. എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ബുദ്ധിമുട്ട് കുടുംബത്തിനായിരിക്കും. എന്നിട്ടും ജ്യോതിക എന്നെ വിശ്വസിക്കുകയും ഈ തീരുമാനത്തിന് ഒപ്പമുണ്ടാവുകയും ചെയ്തു. അത് എന്റെ ജീവിതത്തിലെ വലിയൊരു ചുവടുവെപ്പായിരുന്നു,” എന്നാണ് സൂര്യ പറഞ്ഞത്. ഇൻഡസ്ട്രിയിൽ വർഷങ്ങളായുള്ള അനുഭവം ഉണ്ടായിട്ടും ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിന് അതീതമാണെന്നും, വിശ്വാസത്തോടെയുള്ള ഒരു വലിയ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ആർജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സൂര്യയുടെ പത്ത് വർഷത്തിനുശേഷമുള്ള വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയിരുന്നു. നിരവധി പ്രതിസന്ധികൾ മറികടന്ന് റിലീസിലെത്തിയ ചിത്രം വൻവിജയം നേടിയതോടെ, ഇപ്പോൾ സൂര്യയുടെ ഈ തുറന്നുപറച്ചിലും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.