മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രമായ ‘അതിമനോഹരം’ ഒക്ടോബറിലെ പൂജ റിലീസായി തിയേറ്ററുകളില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് റിലീസ് മാറ്റിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്.
പുതിയ വിവരങ്ങള്‍ അനുസരിച്ച് ചിത്രം ഡിസംബര്‍ മാസത്തില്‍ തീയേറ്ററുകളിലേക്ക് എത്തിയേക്കും. ക്രിസ്മസ് റിലീസായി ചിത്രം എത്തിക്കാനുള്ള സാധ്യതകളും അണിയറപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ്
വിവരം. അതിനുശേഷമായിരിക്കും വിപുലമായ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കുക.
തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ വലിയ ഹൈപ്പാണ് സിനിമയ്ക്കുള്ളത്. എല്‍.ജെ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഒരു സാധാരണക്കാരനായ കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന.
റിലീസ് തീയതി നീട്ടിയത് ആരാധകരെ ഒരല്പം നിരാശരാക്കുമെങ്കിലും, തികച്ചും പെര്‍ഫെക്റ്റായ ഒരു ഔട്ട്പുട്ടുമായി പ്രേക്ഷകരിലേക്ക് എത്താനാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും സംഘവും ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്.





