റബ്ബർ വില തുടർച്ചയായി ഇടിയുന്നത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഈ മാസം ആദ്യം കിലോഗ്രാമിന് 300 രൂപയോട് അടുത്തെത്തിയ വില ദിവസങ്ങൾക്കുള്ളിൽ 30 രൂപയോളം കുറഞ്ഞു. പ്രതിദിനം നാലും അഞ്ചും രൂപ വീതമാണ് വില താഴുന്നത്. വില ഉയർന്നതോടെ ടാപ്പിങ് പുനരാരംഭിക്കുകയും കൃഷി വ്യാപിപ്പിക്കുകയും ചെയ്ത കർഷകർക്ക് പുതിയ സാഹചര്യം വലിയ തിരിച്ചടിയായിരിക്കുകയാണ്. വില ഇനിയും കുറഞ്ഞാൽ ടാപ്പിങ് നിർത്തിവെക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.
ഈ സീസണിൽ റബ്ബറിനും ലാറ്റക്സിനും മെച്ചപ്പെട്ട വില ലഭിച്ചതോടെ നിരവധി കർഷകർ സജീവമായി കൃഷിയിലേക്ക് തിരിച്ചെത്തിയിരുന്നു. ടാപ്പിങ് തൊഴിലാളികളെ ഏർപ്പെടുത്തുന്നതിനും തോട്ടങ്ങളുടെ പരിപാലനത്തിനുമായി വലിയ തുക ചെലവഴിക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച വരുമാനം ലഭിക്കുന്നതിന് മുമ്പേ വില താഴ്ന്നത് തിരിച്ചടിയായി. തൊഴിലാളികളുടെ കൂലി, വളം, മരുന്ന് തുടങ്ങിയ ചെലവുകൾ വർധിച്ച സാഹചര്യത്തിൽ വിലയിടിവ് ചെറുകിട കർഷകരുടെ സാമ്പത്തിക ബാധ്യത കൂടുതൽ രൂക്ഷമാക്കുകയാണ്.
റബ്ബറിന്റെ അടിസ്ഥാനവില കിലോഗ്രാമിന് 300 രൂപയായി ഉയർത്തി വിലസ്ഥിരതാ ഫണ്ടിലൂടെ സബ്‌സിഡി ഉറപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം. മുൻ സർക്കാർ പ്രഖ്യാപിച്ച 280 രൂപയുടെ അടിസ്ഥാനവിലയ്ക്ക് പകരം 300 രൂപ ഉറപ്പാക്കണമെന്ന ആവശ്യവും ശക്തമാണ്. യു.ഡി.എഫ് പ്രകടനപത്രികയിലും അടിസ്ഥാനവില 300 രൂപയാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. വിപണിവില കുറയുമ്പോൾ പ്രഖ്യാപിച്ച അടിസ്ഥാനവിലയും വിപണിവിലയും തമ്മിലുള്ള വ്യത്യാസം സബ്‌സിഡിയായി നൽകുകയും വിലസ്ഥിരതാ ഫണ്ട് പുനരുജ്ജീവിപ്പിക്കുകയും ചെയ്താൽ മാത്രമേ കർഷകർക്ക് ആശ്വാസമാകൂ.






