പമ്പയിൽ തുണിമാലിന്യം കുന്നുകൂടുന്നു; മൂന്ന് ദിവസത്തിനിടെ നീക്കിയത് 23 ടൺ

ഹൈക്കോടതിയുടെ കർശന നിർദേശങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും ഉണ്ടായിട്ടും പമ്പയിൽ തീർഥാടകർ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടരുകയാണ്. മണ്ഡലകാലത്തിന്റെ ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ മാത്രം ഏകദേശം 23 ടൺ തുണിമാലിന്യമാണ് പമ്പയിൽനിന്ന് നീക്കം ചെയ്തത്. ഇതിന്റെ കൃത്യമായ കണക്ക് വെള്ളിയാഴ്ച ലഭ്യമാകും. വ്യാഴാഴ്ച മാലിന്യത്തിന്റെ അളവിൽ നേരിയ കുറവുണ്ടായത് മാത്രമാണ് ആശ്വാസം. മുൻവർഷങ്ങളിൽ പമ്പയിൽനിന്ന് ശേഖരിച്ച 129 ടൺ തുണിമാലിന്യം നിലയ്ക്കലിൽ തള്ളിയിരുന്നു. ഇത്തവണ സമാന സാഹചര്യം ഒഴിവാക്കാൻ മാലിന്യം നീക്കാനുള്ള ചുമതല തുടക്കത്തിൽത്തന്നെ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

ബോധവത്കരണ ബോർഡുകളും അറിയിപ്പുകളും സ്ഥാപിച്ചിട്ടും അയൽസംസ്ഥാനങ്ങളിൽനിന്നെത്തുന്ന ചില തീർഥാടകർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് തുടരുകയാണ്. ഇതിന് ആചാരപരമായ യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കുന്നു. വസ്ത്രങ്ങൾ ഉപേക്ഷിക്കരുതെന്ന സന്ദേശം കെ.എസ്.ആർ.ടി.സി. ബസുകളിലും ബസ് സ്റ്റാൻഡുകളിലും പ്രചരിപ്പിക്കണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. നദിയിൽനിന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ശേഖരിക്കുന്ന തുണികൾ ക്ലീൻ കേരള കമ്പനി ഏറ്റെടുക്കും. ഇവ തരംതിരിക്കാൻ നിലയ്ക്കലിൽ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മാലിന്യനീക്കം കാര്യക്ഷമമാക്കാൻ ആലപ്പുഴയിലെ ഒരു ഏജൻസിയിൽനിന്ന് 20 തൊഴിലാളികളെ എത്തിച്ചിട്ടുണ്ട്. ഇവരുടെ പോലീസ് ക്ലിയറൻസ് പൂർത്തിയായി. പകലും രാത്രിയും കുറഞ്ഞത് 15 തൊഴിലാളികൾ വീതം പ്രവർത്തിച്ചാൽ മാത്രമേ തുണികൾ കൃത്യമായി നീക്കം ചെയ്യാനാകൂ. വെള്ളത്തിൽ കുതിർന്ന തുണികളിലെ മണ്ണ് നീക്കി ഉണക്കിയശേഷം സംസ്കരണത്തിനായി മാറ്റും. അടിവസ്ത്രങ്ങൾ സംസ്കരിച്ച് സിമന്റ് ഫാക്ടറികൾക്ക് കൈമാറും. മറ്റ് തുണികൾ ചവിട്ടികൾ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കാണ് നൽകുന്നത്.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *

Get free tips and resources right in your inbox, along with 10,000+ others

Categories