പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യയും ജപ്പാനും. ടോക്കിയോയിൽ നടന്ന ഇന്ത്യ-ജപ്പാൻ ‘ടു പ്ലസ് ടു’ വിദേശകാര്യ-പ്രതിരോധ മന്ത്രിതല ചർച്ചയിലാണ് ഭീകരവാദത്തിനെതിരെ സംയുക്തമായി പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ സംഘടിതമായ നീക്കങ്ങൾ നടത്താനും ശക്തമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി.
ഇന്ത്യയുടെയും ജപ്പാന്റെയും പ്രതിരോധ-വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത ഉച്ചകോടിയിൽ പ്രതിരോധ, നയതന്ത്ര മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനും ധാരണയായി. പ്രാദേശിക സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനൊപ്പം ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ പരസ്പര ഏകോപനം ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും ഊന്നൽ നൽകി.
ഇതിനുപുറമെ, ജപ്പാന്റെ മിസൈൽ പരീക്ഷണങ്ങൾക്കായി ഇന്ത്യയിലെ ഫയറിങ് റേഞ്ചുകൾ ഉപയോഗിക്കാൻ അനുവദിക്കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. പ്രതിരോധ സാങ്കേതികവിദ്യ, സൈനിക സഹകരണം, സുരക്ഷാ മേഖല എന്നിവയിൽ പുതിയ സാധ്യതകൾ തുറക്കുന്നതാണ് ഉച്ചകോടിയിലെ തീരുമാനങ്ങൾ. ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.






