അന്വേഷണങ്ങളുടെ ഭാഗമായി പിടിച്ചെടുക്കുന്ന മൊബൈൽ ഫോണുകളുടെയും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളുടെയും ലോക്കുകൾ തുറന്ന് വിവരങ്ങൾ വീണ്ടെടുക്കാൻ അത്യാധുനിക സൈബർ ഫൊറൻസിക് ടൂൾ സ്വന്തമാക്കാനൊരുങ്ങി കേരള പോലീസ്. നിലവിൽ ഉപയോഗിക്കുന്ന ഇസ്രയേൽ കമ്പനിയായ സെല്ലെബ്രൈറ്റിന്റെ പരിഷ്കരിച്ച പതിപ്പായ ‘സെല്ലെബ്രൈറ്റ് ഇൻസൈറ്റ്‌സ് ഓൺലൈൻ അൺലിമിറ്റഡ് അൺലോക്‌സ്’ വാങ്ങാനാണ് നീക്കം. ഇതിനായി ഏഴ് കോടിയിലേറെ രൂപ ചെലവ് പ്രതീക്ഷിക്കുന്നു.
എത്ര ഡിജിറ്റൽ ഉപകരണങ്ങൾ വേണമെങ്കിലും പരിശോധിച്ച് അൺലോക്ക് ചെയ്യാൻ കഴിയുമെന്നതാണ് പുതിയ സോഫ്റ്റ്‌വേറിന്റെ പ്രത്യേകത. ഫോണുകളിലെ പാസ്‌വേഡുകൾ, പിൻ നമ്പറുകൾ, ബയോമെട്രിക് ലോക്കുകൾ എന്നിവ മറികടന്ന് ഡിലീറ്റ് ചെയ്ത ഡേറ്റ ഉൾപ്പെടെയുള്ള വിവരങ്ങൾ വീണ്ടെടുക്കാൻ ഇതിലൂടെ സാധിക്കും. ആപ്പുകളിലെ എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ, ചിത്രങ്ങൾ, ലൊക്കേഷൻ വിവരങ്ങൾ എന്നിവയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വേർതിരിച്ചെടുക്കാനാകും. പെഗാസസ് പോലുള്ള ചാര സോഫ്റ്റ്‌വേറല്ല സെല്ലെബ്രൈറ്റ് എന്നും ലോകമെമ്പാടുമുള്ള അന്വേഷണ ഏജൻസികൾ ഇത് ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് പുതിയ പാക്കേജ് വാങ്ങാനുള്ള തീരുമാനം എടുത്തത്. എന്നാൽ പദ്ധതിക്കാവശ്യമായ തുക എവിടെനിന്ന് കണ്ടെത്തുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഡിജിറ്റൽ ഉപകരണങ്ങൾ ഉൾപ്പെടുന്ന ഏകദേശം 8,000 കേസുകളാണ് പ്രതിവർഷം കേരളത്തിലെ ഫൊറൻസിക് സയൻസ് ലാബുകളിൽ പരിശോധനയ്ക്കായി എത്തുന്നത്.






