ഇന്ത്യ പിന്നോട്ട്; ഓഹരി വിപണി മൂല്യത്തിൽ ഏഴാം സ്ഥാനത്തേക്ക് വീഴ്ച

ഇന്ത്യൻ ഓഹരി വിപണിക്ക് വീണ്ടും തിരിച്ചടി. ആഗോള വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തയ്‌വാനിന് പിന്നാലെ ദക്ഷിണ കൊറിയയും ഇന്ത്യയെ മറികടന്ന് ആറാം സ്ഥാനത്തെത്തിയതോടെയാണ് ഈ മാറ്റം. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടർച്ചയായ വിറ്റഴിക്കൽ ഇന്ത്യൻ കമ്പനികളുടെ മൊത്തം വിപണിമൂല്യം 4.91 ലക്ഷം കോടി ഡോളറിൽ നിന്ന് 4.86 ലക്ഷം കോടി ഡോളറായി കുറയാൻ കാരണമായി. ചിപ്പ് നിർമ്മാണ മേഖലയിലെയും സാങ്കേതിക രംഗത്തെയും വൻ വളർച്ചയാണ് തയ്‌വാനും ദക്ഷിണ കൊറിയയും മുന്നേറ്റം നടത്താൻ സഹായിച്ചത്. ജൂൺ ഒന്നോടെ തയ്‌വാൻ ഓഹരി വിപണിയുടെ മൂല്യം 5.15 ലക്ഷം കോടി ഡോളറായും ദക്ഷിണ കൊറിയയുടെത് 5.04 ലക്ഷം കോടി ഡോളറായും ഉയർന്നു. തയ്‌വാൻ സൂചികയായ തൈയെക്സ് 65 ശതമാനവും ദക്ഷിണ കൊറിയൻ സൂചിക കോസ്പി 110 ശതമാനവും നേട്ടമുണ്ടാക്കി. ടി.എസ്.എം.സി, സാംസങ്, എസ്.കെ. ഹൈനിക്സ് തുടങ്ങിയ ചിപ്പ് നിർമാണ ഭീമൻമാരാണ് ഈ രാജ്യങ്ങളുടെ വിപണി വളർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. തയ്‌വാനും ദക്ഷിണ കൊറിയയും ഉൾപ്പെടുന്ന വിപണികളുടെ മൊത്തം മൂല്യത്തിൽ ഏകദേശം 60 ശതമാനവും ഇത്തരം കമ്പനികളിൽ നിന്നാണ് വരുന്നത്. അതേസമയം, 2026ൽ ഇതുവരെ ഇന്ത്യൻ വിപണിയിൽ സെൻസെക്സ് 12 ശതമാനവും നിഫ്റ്റി 15 ശതമാനവും ഇടിഞ്ഞു. 2024 സെപ്റ്റംബറിൽ ആരംഭിച്ച ഇടിവ് നിരവധി കമ്പനികളുടെ ഓഹരി വിലകളെ പ്രതികൂലമായി ബാധിച്ചു. വിദേശ നിക്ഷേപകരുടെ പിന്മാറ്റം പ്രതിസന്ധി രൂക്ഷമാക്കുമ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഇടപെടലാണ് വിപണിയെ പൂർണ തകർച്ചയിൽ നിന്ന് സംരക്ഷിക്കുന്നത്. നിർമിത ബുദ്ധിയിലും സെമികണ്ടക്ടർ മേഖലയിലും ആഗോളതലത്തിൽ സ്വാധീനമുള്ള കമ്പനികളുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും രാജ്യത്തിന്റെ 88 ശതമാനം ഇന്ധന ഇറക്കുമതി ആശ്രിതത്വവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അധിക സമ്മർദം സൃഷ്ടിക്കുന്നു. ആഗോള ഓഹരി വിപണിമൂല്യത്തിൽ 79.1 ലക്ഷം കോടി ഡോളറുമായി അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. 16.3 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാമതും 8.9 ലക്ഷം കോടി ഡോളറുമായി ജപ്പാൻ മൂന്നാമതുമാണ്. 7.6 ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യവുമായി ഹോങ്കോങ് നാലാം സ്ഥാനത്തുണ്ട്. അതേസമയം, സ്വർണവിലയും ഉയർന്ന നിലയിൽ തുടരുകയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയും ഗ്രാമിന് 14,320 രൂപയുമാണ് വില.

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം ‘അതിമനോഹരം’ പൂജ റിലീസിനില്ല; പുതിയ റിലീസ് തീയതി ഇങ്ങനെ

മലയാള സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രമായ ‘അതിമനോഹരം’ ഒക്ടോബറിലെ പൂജ റിലീസായി തിയേറ്ററുകളില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് റിലീസ് മാറ്റിവെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. പുതിയ വിവരങ്ങള്‍ അനുസരിച്ച് ചിത്രം ഡിസംബര്‍ മാസത്തില്‍ തീയേറ്ററുകളിലേക്ക് എത്തിയേക്കും. ക്രിസ്മസ് റിലീസായി ചിത്രം എത്തിക്കാനുള്ള സാധ്യതകളും അണിയറപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാകുമെന്നാണ്വിവരം. അതിനുശേഷമായിരിക്കും വിപുലമായ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കുക. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ക്കേ വലിയ ഹൈപ്പാണ് സിനിമയ്ക്കുള്ളത്. എല്‍.ജെ ഫിലിംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്. ഒരു സാധാരണക്കാരനായ കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നതെന്നാണ് സൂചന. റിലീസ് തീയതി നീട്ടിയത് ആരാധകരെ ഒരല്പം നിരാശരാക്കുമെങ്കിലും, തികച്ചും പെര്‍ഫെക്റ്റായ ഒരു ഔട്ട്പുട്ടുമായി പ്രേക്ഷകരിലേക്ക് എത്താനാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയും സംഘവും ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്.

കേരള ബോക്സ് ഓഫീസ് കീഴടക്കി അന്യഭാഷാ ചിത്രങ്ങൾ; റെക്കോർഡ് നേട്ടത്തിൽ സൂര്യയും അർജുനും മൈക്കലും

2026 കേരള ബോക്‌സ് ഓഫീസ് ഒരു വസന്തകാലമായി തുടരവേ, തിയേറ്ററുകളിൽ മലയാള സിനിമകൾക്കൊപ്പം അന്യഭാഷാ ചിത്രങ്ങളും വെന്നിക്കൊടി പാറിക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. തമിഴ്, ഹിന്ദി, ഹോളിവുഡ് ചിത്രങ്ങൾ ഒന്നിനുപുറകെ ഒന്നായി കോടികളാണ് കേരള മണ്ണിൽ നിന്ന് കൊയ്യുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴ് മക്കൾ സെൽവൻ സൂര്യ നായകനായി എത്തിയ ‘കറുപ്പ്’ കേരളത്തിൽ സൃഷ്ടിക്കുന്നത് സമാനതകളില്ലാത്ത തരംഗമാണ്. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ചിത്രം വെറും 20 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 14.21 കോടി രൂപയാണ്. ആഗോള ബോക്‌സ് ഓഫീസിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രം സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിക്കഴിഞ്ഞു. ബോളിവുഡ് സൂപ്പർസ്റ്റാർ രൺവീർ സിംഗിന്റെ ‘ധുരന്ദർ 2’ ഇതിനൊപ്പം വെന്നിക്കൊടി പാറിക്കുന്നുണ്ട്. രൺവീറിന്റെ കരിയർ ബെസ്റ്റ് പ്രകടനങ്ങളിലൊന്നെന്ന് പ്രേക്ഷകർ വിധിയെഴുതിയ ചിത്രം 45 ദിവസം കൊണ്ട് 19.22 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം സ്വന്തമാക്കിയത്. മികച്ച മൗത്ത് പബ്ലിസിറ്റിയും ചിത്രത്തിന് തുണയായി. പോപ്പ് കിങ് മൈക്കൽ ജാക്സന്റെ ജീവിതകഥ പറയുന്ന ‘മൈക്കൽ’ എന്ന ഹോളിവുഡ് ചിത്രത്തിനും കേരളം ഇരു കൈയും നീട്ടിയാണ് സ്വീകരണം നൽകിയത്. ആഗോള ബോക്‌സ് ഓഫീസിൽ 858 മില്യൺ ഡോളർ വാരിയ ചിത്രം കേരളത്തിൽ നിന്ന് 3.87 കോടി രൂപ കളക്ട് ചെയ്തു. ഇതിൽ ജാഫർ ജാക്സൺ, നിയ ലോംഗ് എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. നിലവിൽ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്ന മറ്റൊരു തമിഴ് ചിത്രമാണ് ‘ബ്ലാസ്റ്റ്’. അർജുൻ, പ്രീതി മുകുന്ദൻ, അഭിരാമി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ഹൗസ് ഫുൾ ഷോകളോടെയാണ് മുന്നേറുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ 6.36 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ നിന്ന് മാത്രം 27 കോടിയും ആഗോളതലത്തിൽ 34 കോടിയോളം രൂപയും ചിത്രം കളക്ട് ചെയ്തിട്ടുണ്ട്.

അമേരിക്കയുടെ പുതിയ തീരുവ ഭീഷണി

യുഎസ് ഭരണകൂടത്തിന്റെ പുതിയ തീരുവ ഭീഷണിക്ക് പിന്നിലെ രാഷ്ട്രീയവും സാമ്പത്തികവുമായ ഇടപെടലുകൾ ഇന്ത്യൻ വിപണിയെ ആശങ്കയിലാക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ വ്യാപാരചർച്ചകൾ നടന്നുകൊണ്ടിരിക്കെ തന്നെയാണ് ഇന്ത്യയുടെ മേൽ സമ്മർദ്ദം ചെലുത്തുന്ന തരത്തിലുള്ള ഇത്തരമൊരു നീക്കം ട്രംപ് ഭരണകൂടം നടത്തിയിരിക്കുന്നത്. വ്യാപാരക്കരാറുകൾ സംബന്ധിച്ച ചർച്ചകൾ സമാന്തരമായി നടക്കുന്നുണ്ടെങ്കിലും, അമേരിക്കൻ വ്യാപാര നിയമത്തിലെ 301-ാം വകുപ്പ് പ്രയോഗിച്ച് ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നതാണ്. യുഎസ് സുപ്രീം കോടതി നേരത്തെ പകരം തീരുവ റദ്ദാക്കിയ സാഹചര്യത്തിൽ, പകരം സംവിധാനങ്ങൾ ഉപയോഗിച്ച് അന്താരാഷ്ട്ര വ്യാപാരത്തിൽ തങ്ങളുടെ മേൽക്കൈ ഉറപ്പിക്കാനാണ് അമേരിക്കൻ നീക്കമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. നിർബന്ധിത തൊഴിൽ സാഹചര്യങ്ങളെ മുൻനിർത്തി യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന 12.5% തീരുവ ഉടൻ പ്രാബല്യത്തിൽ വരില്ലെങ്കിലും, ജൂലൈ മാസത്തോടെ ഇതൊരു വലിയ പ്രതിസന്ധിയായി മാറാനാണ് സാധ്യത. ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ മേൽ ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് അന്താരാഷ്ട്ര വ്യാപാര ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും, തങ്ങൾ എവിടെ നിന്ന് ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള പരോക്ഷമായ കൈകടത്തലാണിതെന്നും ശക്തമായ അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഏതായാലും, വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പബ്ലിക് ഹിയറിംഗും തുടർചർച്ചകളും ഇന്ത്യയുടെ നിലപാടിനെ സംബന്ധിച്ചിടത്തോളം വളരെ നിർണ്ണായകമായിരിക്കും.

1958-ലെ ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെ അണിഞ്ഞ ജഴ്സി ലേലത്തിൽ വെക്കുന്ന വാർത്ത കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

ന്യൂയോർക്ക് ആസ്ഥാനമായ പ്രശസ്ത ലേലക്കമ്പനിയായ സോത്തബീസ് ഈ മാസം അവസാനം ലേലം സംഘടിപ്പിക്കുന്നത്. 2026 ജൂൺ 29 മുതൽ ജൂലൈ 16 വരെ നടക്കുന്ന ഓൺലൈൻ ലേലത്തിലൂടെ ഈ ചരിത്ര വസ്തു കൈമാറാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിനായി 6 ദശലക്ഷം ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് പതിനേഴുകാരനായ പെലെ സ്വീഡനെതിരെ നടന്ന ഫൈനലിൽ അണിഞ്ഞ നീല നിറത്തിലുള്ള ജഴ്സിയാണിത്. അന്ന് 5-2 എന്ന സ്കോറിന് ബ്രസീൽ ലോകകപ്പ് കിരീടം സ്വന്തമാക്കിയപ്പോൾ പെലെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മത്സരശേഷം സഹതാരമായ ദിദയ്ക്ക് പെലെ ഈ ജഴ്സി സമ്മാനിച്ചിരുന്നു. വർഷങ്ങളോളം ദിദയുടെ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഈ ജഴ്സി പിന്നീട് മ്യൂസിയത്തിലേക്ക് മാറുകയും 2004-ൽ ഒരു ലേലത്തിലൂടെയാണ് നിലവിലെ ഉടമ സ്വന്തമാക്കുകയും ചെയ്തത്. 2022-ൽ ഡിയേഗോ മറഡോണയുടെ ജഴ്സി റെക്കോർഡ് തുകയ്ക്ക് ലേലത്തിൽ പോയതിന് ശേഷം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിലൊന്നായി പെലെയുടെ ഈ ജഴ്സി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.