ഇന്ത്യൻ ഓഹരി വിപണിക്ക് വീണ്ടും തിരിച്ചടി. ആഗോള വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തയ്‌വാനിന് പിന്നാലെ ദക്ഷിണ കൊറിയയും ഇന്ത്യയെ മറികടന്ന് ആറാം സ്ഥാനത്തെത്തിയതോടെയാണ് ഈ മാറ്റം. വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടർച്ചയായ വിറ്റഴിക്കൽ ഇന്ത്യൻ കമ്പനികളുടെ മൊത്തം വിപണിമൂല്യം 4.91 ലക്ഷം കോടി ഡോളറിൽ നിന്ന് 4.86 ലക്ഷം കോടി ഡോളറായി കുറയാൻ കാരണമായി.
ചിപ്പ് നിർമ്മാണ മേഖലയിലെയും സാങ്കേതിക രംഗത്തെയും വൻ വളർച്ചയാണ് തയ്‌വാനും ദക്ഷിണ കൊറിയയും മുന്നേറ്റം നടത്താൻ സഹായിച്ചത്. ജൂൺ ഒന്നോടെ തയ്‌വാൻ ഓഹരി വിപണിയുടെ മൂല്യം 5.15 ലക്ഷം കോടി ഡോളറായും ദക്ഷിണ കൊറിയയുടെത് 5.04 ലക്ഷം കോടി ഡോളറായും ഉയർന്നു. തയ്‌വാൻ സൂചികയായ തൈയെക്സ് 65 ശതമാനവും ദക്ഷിണ കൊറിയൻ സൂചിക കോസ്പി 110 ശതമാനവും നേട്ടമുണ്ടാക്കി.
ടി.എസ്.എം.സി, സാംസങ്, എസ്.കെ. ഹൈനിക്സ് തുടങ്ങിയ ചിപ്പ് നിർമാണ ഭീമൻമാരാണ് ഈ രാജ്യങ്ങളുടെ വിപണി വളർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. തയ്‌വാനും ദക്ഷിണ കൊറിയയും ഉൾപ്പെടുന്ന വിപണികളുടെ മൊത്തം മൂല്യത്തിൽ ഏകദേശം 60 ശതമാനവും ഇത്തരം കമ്പനികളിൽ നിന്നാണ് വരുന്നത്.
അതേസമയം, 2026ൽ ഇതുവരെ ഇന്ത്യൻ വിപണിയിൽ സെൻസെക്സ് 12 ശതമാനവും നിഫ്റ്റി 15 ശതമാനവും ഇടിഞ്ഞു. 2024 സെപ്റ്റംബറിൽ ആരംഭിച്ച ഇടിവ് നിരവധി കമ്പനികളുടെ ഓഹരി വിലകളെ പ്രതികൂലമായി ബാധിച്ചു. വിദേശ നിക്ഷേപകരുടെ പിന്മാറ്റം പ്രതിസന്ധി രൂക്ഷമാക്കുമ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഇടപെടലാണ് വിപണിയെ പൂർണ തകർച്ചയിൽ നിന്ന് സംരക്ഷിക്കുന്നത്.
നിർമിത ബുദ്ധിയിലും സെമികണ്ടക്ടർ മേഖലയിലും ആഗോളതലത്തിൽ സ്വാധീനമുള്ള കമ്പനികളുടെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. കൂടാതെ പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും രാജ്യത്തിന്റെ 88 ശതമാനം ഇന്ധന ഇറക്കുമതി ആശ്രിതത്വവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അധിക സമ്മർദം സൃഷ്ടിക്കുന്നു.
ആഗോള ഓഹരി വിപണിമൂല്യത്തിൽ 79.1 ലക്ഷം കോടി ഡോളറുമായി അമേരിക്ക ഒന്നാം സ്ഥാനത്ത് തുടരുന്നു. 16.3 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാമതും 8.9 ലക്ഷം കോടി ഡോളറുമായി ജപ്പാൻ മൂന്നാമതുമാണ്. 7.6 ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യവുമായി ഹോങ്കോങ് നാലാം സ്ഥാനത്തുണ്ട്.
അതേസമയം, സ്വർണവിലയും ഉയർന്ന നിലയിൽ തുടരുകയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 1,14,560 രൂപയും ഗ്രാമിന് 14,320 രൂപയുമാണ് വില.





