പത്ത് വർഷത്തെ പ്രണയത്തിന് വിരാമം? ക്രിസ്റ്റ്യാനോയും ജോർജിനയും വിവാഹിതരാകുന്നു

ഫുട്ബോൾ ലോകത്തെ ഇതിഹാസതാരം യും പങ്കാളിയും മോഡലുമായ യും ഈ മാസം 8ന് വിവാഹിതരായേക്കുമെന്ന റിപ്പോർട്ടുകളാണ് പോർച്ചുഗീസ് മാധ്യമങ്ങൾ പുറത്തുവിടുന്നത്. ക്രിസ്റ്റ്യാനോയുടെ ജന്മനാടായ മഡേറയിൽ സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച് ഇരുവരും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 2016ൽ സ്പെയിനിലെ മാഡ്രിഡിലെ ഒരു ഫാഷൻ സ്റ്റോറിൽ വച്ചാണ് ക്രിസ്റ്റ്യാനോയും ജോർജിനയും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് പ്രണയത്തിലായ ഇരുവരും 2017ലാണ് തങ്ങളുടെ ബന്ധം പൊതുവേദിയിൽ തുറന്നുപറഞ്ഞത്. പത്ത് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ വിവാഹത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. ക്രിസ്റ്റ്യാനോയുടെ അഞ്ച് മക്കളിൽ രണ്ട് പേർ ജോർജിനയുമായുള്ള ബന്ധത്തിൽ നിന്നുള്ളവരാണ്. 2025 ഓഗസ്റ്റിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള ആരാധകർ ഈ വാർത്ത ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

വിസ്‍മയയുടെ അരങ്ങേറ്റം; ‘തുടക്കം’ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു

വിസ്‍മയ മോഹന്‍ലാലിന്റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റ ചിത്രമായ ‘തുടക്കം’ റിലീസിന് മുന്നോടിയായി അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ബുക്കിംഗ് ഇന്ന് രാവിലെ 10 മണിയോടെയാണ് ആരംഭിച്ചത്. മോഹന്‍ലാലിന്റെ അതിഥിവേഷവും വിസ്മയയുടെ ആദ്യ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിന് വലിയ പ്രതീക്ഷയാണ് സമ്മാനിച്ചിരിക്കുന്നത്. 2018 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ മകന്‍ ആശിഷ് ജോ ആന്റണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. “ഒരു കൊച്ചു കുടുംബചിത്രം” എന്ന വിശേഷണത്തോടെയാണ് സംവിധായകന്‍ ചിത്രം അവതരിപ്പിച്ചിരിക്കുന്നതെങ്കിലും, അതിലുപരി ചില സര്‍പ്രൈസുകള്‍ ചിത്രം കരുതിവെച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ജേക്സ് ബിജോയ് സംഗീതവും ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്ന ചിത്രത്തിന് യു/എ 16+ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2 മണിക്കൂര്‍ 19 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘തുടക്കം’ റിലീസിന് മുന്നോടിയായി മികച്ച പ്രതികരണമാണ് അഡ്വാന്‍സ് ബുക്കിംഗില്‍ ലഭിക്കുന്നത്. ആദ്യദിനത്തില്‍ തന്നെ ചിത്രം എങ്ങനെയൊരു സ്വീകരണം നേടുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികള്‍.

25-ാം സിനിമാ വാർഷികത്തിൽ മോഹൻ രാജയുടെ പുതിയ ചിത്രം;വീണ്ടും ‘ഫാമിലി മോഡിൽ’ കാർത്തി!

ഫാമിലി എന്റർടെയ്‌നറുകളിലൂടെ കോടിക്കണക്കിന് സിനിമാപ്രേമികളുടെ മനംകവർന്ന കാർത്തി വീണ്ടും ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നു.തനി ഒരുവൻ, സന്തോഷ് സുബ്രഹ്മണ്യം തുടങ്ങിയ മെഗാഹിറ്റുകളുടെ ശില്പിയായ മോഹൻ രാജയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.‘സിങ്കം 2’, ‘സർദാർ’ എന്നീ വൻ ഹിറ്റുകൾ സമ്മാനിച്ച പ്രിൻസ് പിക്ചേഴ്‌സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സംവിധായകനെന്ന നിലയിൽ തന്റെ 25 വർഷത്തെ സിനിമാജീവിതം പൂർത്തിയാക്കുന്ന വേളയിലാണ് മോഹൻ രാജ ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന മികച്ചൊരു ഫാമിലി ഡ്രാമയായിരിക്കും ചിത്രം.തെന്നിന്ത്യയിലെ മുൻനിര താരങ്ങളും പ്രഗത്ഭരായ സാങ്കേതികപ്രവർത്തകരും അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും.

വർഷങ്ങൾക്ക് ശേഷം ശാലിനിയും അജിത്തും ഒന്നിക്കുന്നു! പുത്തൻ ചിത്രത്തിന്റെ മാസ് ടൈറ്റിൽ പുറത്ത്!

തമിഴകത്തിന്റെ പ്രിയതാരം അജിത്ത് കുമാറിന്റെ ആരാധകർക്ക് ആവേശം പകരുന്ന വൻ പ്രഖ്യാപനം. ‘ഗുഡ് ബാഡ് അഗ്ലി’ക്ക് ശേഷം സംവിധായകൻ ആദിക് രവിചന്ദ്രനുമായി അജിത്ത് വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ പുറത്ത്.‘ഡെയർ ഡെവിൾ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് അജിത്തും ശാലിനിയും ഒരു ചിത്രത്തിനായി കൈകോർക്കുന്നത്. ശാലിനി അജിത്ത് കുമാർ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഹിറ്റ് മേക്കർ അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു മാസ്സ് റൂറൽ ഡ്രാമയായിരിക്കും ചിത്രമെന്നാണ് സൂചനകൾ. അടുത്തിടെ അജിത്തിന്റെ ഉയർന്ന പ്രതിഫലത്തെക്കുറിച്ച് പ്രമുഖ ഫിനാൻസിയർ തിരുപ്പൂർ സുബ്രഹ്മണ്യം നടത്തിയ പ്രസ്താവന വൻ ചർച്ചയായിരുന്നു. 110 മുതൽ 120 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന അജിത്തിന്റെ സിനിമകൾ നിർമ്മിക്കാൻ പ്രമുഖ നിർമ്മാതാക്കൾ മടിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം നിർമ്മാണ സംരംഭത്തിലൊരുങ്ങുന്ന ‘ഡെയർ ഡെവിളുമായി’ അജിത്തും ശാലിനിയും എത്തുന്നത്.അജിത്ത് ആരാധകർക്ക് ആഘോഷിക്കാൻ വക നൽകുന്ന ഒരു കിടിലൻ മാസ്സ് എന്റർടെയ്‌നർ തന്നെയായിരിക്കും ‘ഡെയർ ഡെവിൾ’.ചിത്രത്തിലെ മറ്റ് അഭിനേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവരും.

സീതയുടെ റോൾ നിരസിച്ചോ..?കാരണം വെളിപ്പെടുത്തി ശ്രീനിധി ഷെട്ടി

ബിഗ് ബജറ്റ് ചിത്രമായ ‘രാമായണ പാർട്ട് 1’എന്ന സിനിമയുടെ ബ്രഹ്മാണ്ഡ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ ചൂടുപിടിക്കുകയാണ്. ട്രെയിലറിലെ രാവണനായുള്ള യഷിന്റെ തകർപ്പൻ പ്രകടനം വലിയ കയ്യടി നേടുമ്പോൾ, സീതാദേവിയായെത്തുന്ന സായ് പല്ലവിക്ക് നേരെ ചില വിമർശനങ്ങളും ഉയരുന്നുണ്ട്. സായ് പല്ലവി സീതയുടെ വേഷത്തിന് അനുയോജ്യയല്ലെന്നാണ്ഒരു വിഭാഗം പ്രേക്ഷകരുടെ വാദം. ഇതിനിടെയാണ് ചിത്രത്തിൽ സീതയുടെ വേഷം നിരസിച്ചെന്ന തരത്തിൽ പ്രചരിച്ച വാർത്തകളിൽ വ്യക്തത വരുത്തി കന്നഡ താരം ശ്രീനിധി ഷെട്ടി രംഗത്തെത്തിയത്.ആ വേഷം നിരസിച്ചതല്ല,സീതയുടെ കഥാപാത്രത്തിനായി ഓഡിഷനിൽ പങ്കെടുത്തിരുന്നു. പക്ഷേ തെരഞ്ഞെടുക്കപ്പെട്ടില്ല. ആ വേഷത്തിനായി ഒരു ഓഡിഷൻ കോൾ ലഭിച്ചത് തന്നെ വലിയൊരു കാര്യമായാണ് കരുതുന്നത്. ഏതൊരു നടിയും സ്വപ്നം കാണുന്ന, ചെയ്യാൻ ആഗ്രഹിക്കുന്ന അതിവിശിഷ്ടമായ കഥാപാത്രമാണ് സീത. അങ്ങനെയൊരു അവസരം ഞാനെന്തിനു വേണ്ടെന്നുവെക്കണം? സായ് പല്ലവി ഈ വേഷം ചെയ്യുന്നതിൽ ഏറെ സന്തോഷമേയുള്ളൂ എന്നും താരം വ്യക്തമാക്കി.ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീനിധി ഇക്കാര്യം തുറന്നുപറഞ്ഞത്. ജൂലായ് 30-ന് ബ്രഹ്മമുഹൂർത്തത്തിൽ പുലർച്ചെ 4.15-നായിരുന്നു ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരുന്നു.സീതാസ്വയംവരം, രാമ-സീതാ-ലക്ഷ്മണന്മാരുടെ 14 വർഷത്തെ വനവാസത്തിന് വഴിവെച്ച കൈകേയിയുടെ ആവശ്യങ്ങൾ തുടങ്ങി വികാരനിർഭരമായ രംഗങ്ങൾ ട്രെയിലറിലുണ്ട്. വരുന്ന ദീപാവലി റിലീസായി ചിത്രം തീയേറ്ററുകളിൽഎത്തും.

16 വർഷങ്ങൾക്കിപ്പുറം വീണ്ടും ‘നായകൻ’!ലിജോ-ഇന്ദ്രജിത്ത് കൂട്ടുകെട്ടിന്റെ ചിത്രം 4K ദൃശ്യമികവോടെ തിയേറ്ററുകളിലേക്ക്..

ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധാന പ്രതിഭയുടെ വരവറിയിച്ച ‘നായകൻ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. പതിനാറ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം, ബിഗ് സ്ക്രീനിൽ 4K ദൃശ്യമികവോടെ സെപ്റ്റംബർ 4-നാണ് ചിത്രം റീ-റിലീസ് ചെയ്യുന്നത്. തന്റെ കുടുംബത്തെ തകർത്തവരോട് പകവീട്ടാനിറങ്ങുന്ന ‘വരദനുണ്ണി’ എന്ന കഥകളി കലാകാരനായി ഇന്ദ്രജിത്ത് സുകുമാരൻ തകർത്താടിയ ചിത്രമാണിത്. ഇന്ദ്രജിത്തിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് വരദനുണ്ണി വിലയിരുത്തപ്പെടുന്നത്.പി.എസ്. റഫീഖിന്റെ മികച്ച തിരക്കഥയിൽ ഒരുങ്ങിയ ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, വിജയരാഘവൻ, ധന്യ മേരി വർഗീസ്, ലാലു അലക്സ്, ചെമ്പൻ വിനോദ് ജോസ് തുടങ്ങി വലിയൊരു താരനിര തന്നെ വേഷമിട്ടിരുന്നു. പ്രശാന്ത് പിള്ളയുടെ മനോഹരമായ ഗാനങ്ങളും പശ്ചാത്തലസംഗീതവും മനോജ് പരമഹംസയുടെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. ഇല്ലുമിനാറ്റി ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ നിർമ്മിച്ച ഈ ചിത്രം റിലീസ് ചെയ്ത സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും, പിൽക്കാലത്ത് പ്രേക്ഷകർ ഏറ്റെടുത്ത ഒരു ക്ലാസിക് ചിത്രമായി മാറി. ‘ദേവദൂതൻ’, ‘ഛോട്ടാ മുംബൈ’, ‘ഫ്രണ്ട്സ്’ തുടങ്ങിയ ചിത്രങ്ങളുടെ വിജയകരമായ റീ-റിലീസുകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് ‘നായകന്റെ’ റീമാസ്റ്ററിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്‌സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

മമ്മൂട്ടിക്കൊപ്പം ഹാഷിറും!നിതീഷ് സഹദേവ് ചിത്രം ലോഡിങ്…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ പടത്തിന്റെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമാണിത്. സംവിധായകൻ നിതീഷ് സഹദേവും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.വാഴ 2 താരം ഹാഷിർ ഈ മമ്മൂട്ടി പടത്തിന്റെ ഭാഗമാണ് എന്നാണ് റിപ്പോർട്ടുകൾ.ജിംഷി ഖാലിദ് ആണ് ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത്.പിആർഒ : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ്.മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ ഉടൻ പുറത്തുവിടും.മലയാളത്തിൽ ‘ഫാലിമി’, തമിഴിൽ ‘തലൈവർ തമ്പി തലൈമയിൽ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം നിതീഷ് വീണ്ടും മലയാളത്തിലേക്ക് എത്തുമ്പോൾ ഒരു അസ്സൽ കൊമേർഷ്യൽ വിരുന്ന് തന്നെയാകും എന്ന പ്രതീക്ഷയിലാണ് ആരാധകരും.

ബ്രഹ്മമുഹൂർത്തത്തിൽ ബ്രഹ്മാണ്ഡ റിലീസ്!രാമായണ അപ്ഡേറ്റ് പുറത്ത്

​രൺബീർ കപൂറും യഷും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘രാമായണ’ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ട്രെയിലർ അപ്ഡേറ്റും റിലീസ് തീയതിയും പുറത്ത്. ജൂലൈ 30 വ്യാഴാഴ്ച പുലർച്ചെ 4.15-ന് ട്രെയ്‌ലർ ആഗോളതലത്തിൽ പുറത്തുവിടുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്.​ചിത്രം നവംബറിൽ ദീപാവലി റിലീസായി പുറത്തെത്തും. ഇന്റർനാഷണൽ സ്റ്റുഡിയോസ് ആയ സോണി പിക്ചേഴ്സ് ആണ് ചിത്രം ആഗോള തലത്തിലെത്തിക്കുന്നത്. ചിത്രത്തിന്റെ ഇന്ത്യൻ വിതരണാവകാശം കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസും ഓവർസീസ് വിതരണാവകാശം വാർണർ ബ്രോസ് പിക്ചേഴ്സിനുമാണ്. രൺബീർ കപൂർ രാമനെ അവതരിപ്പിക്കുന്ന ടീസർ ആണ് നേരത്തെ പുറത്തുവന്നത്. രാമനായി രൺബീറിന്റെ മികച്ച ട്രാൻസ്ഫോർമേഷനും വമ്പൻ ക്യാൻവാസിലെ വിഷ്വൽ ട്രീറ്റുംടീസറിലുണ്ട്.​ചിത്രത്തിലെ രാമനായി അഭിനയിക്കാൻ രൺബീർ കപൂറിന് 150 കോടിയും സീതയായി എത്തുന്ന സായ് പല്ലവിക്ക് ആറ് കോടിയുമാണ് പ്രതിഫലം. രാവണന്റെ വേഷമിടുന്ന യഷിന് ലഭിക്കുന്ന പ്രതിഫലം 50 കോടിയുമാണ്. ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സിനിമയുടെ വിഷ്വൽ എഫക്ട്സിന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്. ചില ഷോട്ടുകൾ എഐ പോലെയുണ്ട്,4000 കോടിക്ക് മുകളിൽ ബജറ്റുള്ള ഒരു സിനിമയുടെ വിഷ്വലുകൾ പോലെയല്ല എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്.

കണ്ടിട്ടും’ഒഡീസി’യിൽ നാം കാണാതെ പോയത്?

ഇന്ത്യയിൽ വാനോളം ഹൈപ്പുമായെത്തിയ ‘ഒഡിസി’ എന്ന ചിത്രം കണ്ടവർ കാണാതെ പോയ ചിലതുണ്ട്,നോളൻ തന്റെ ക്യാമറയിൽ പകർത്തിയ ‘ദൃശ്യവിസ്മയത്തിന്റെ’ യഥാർത്ഥ ചിത്രം.ഓപ്പൺഹൈമർ, ഇന്റർസ്റ്റെല്ലാർ,ഡൻക്രിക്,ടെനറ്റ് തുടങ്ങിയ സിനിമകളിൽ ഐമാക്സ് ക്യാമറകൾ ഭാഗികമായി ഉപയോഗിച്ച നോളൻ, സിനിമാചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും 70 എംഎം ഐമാക്സ് ഫിലിം ക്യാമറയിൽ ചിത്രീകരിച്ച ചിത്രമാണ് ഒഡിസി.സിനിമയിലെ ‘ഗോൾഡൻ സ്റ്റാൻഡേർഡ്’ എന്നാണ് ഈ ഫോർമാറ്റ് അറിയപ്പെടുന്നത്.അനലോഗ് ഫിലിമിനെ പ്രേമിക്കുന്ന നോളൻ പ്രകൃതി ദൃശ്യങ്ങൾക്ക് കൂടുതൽ യാഥാർത്ഥ്യബോധം നൽകാനാണ് ഈസാങ്കേതികവിദ്യ ഉപയോഗിച്ചത്.ആക്ഷൻ രംഗങ്ങൾക്ക് അതിവിശാലത നൽകാനും വെളിച്ചത്തിന്റെയും നിഴലിന്റെയും സ്വാഭാവിക തനിമ നിലനിർത്താനും ഈ ഐമാക്സ് ഫിലിമുകൾക്ക് സാധിക്കുന്നു.എന്നാൽ ഫിലിമുകൾ ചിത്രീകരിക്കാൻ ഇത്തരം ഐമാക്സ് അനുയോജ്യമാണോ?സാധാരണ 35 എംഎം ആണ് ഫിലിം ഫ്രയിമിന്റെ അടിസ്ഥാന വലിപ്പം.ഇത് ഐ മാക്സിനേക്കാൾപതിൻമടങ്ങ് ചെറുതാണ്. 70 എംഎം ഫ്രയിമിലൂടെ ലഭിക്കുന്നത് ലോകത്തിലെ ഏറ്റവും മികച്ചതും വിശദാംശങ്ങൾ നിറഞ്ഞതുമായ ദൃശ്യാനുഭവമാണ്.ഐമാക്സ് ഫിലിം പ്രൊജക്ട് ചെയ്യാൻ പ്രത്യേകതരം പ്രൊജക്ടറുകളും ഭീമാകാരമായ ഫിലിം റീലുകളും വേണം.ഇത് ചിലവേറിയതായതിനാൽ ലോകത്തിലാകെ വെറും 41 തിയേറ്ററുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്.ഇന്ത്യയിൽ ഇത്തരം ഫ്രയിമുകൾഅപര്യാപ്തമായതിനാൽ സാധാരണ ഡിജിറ്റൽ ഫ്രയിമിലേക്ക് മാറ്റിയ പതിപ്പാണ് കാണാൻ സാധിക്കുക.അതുകൊണ്ടു തന്നെ ഇന്ത്യയിലെ തിയേറ്ററുകളിൽ ‘ഒഡീസി’ കാണുമ്പോൾ, അണിയറപ്രവർത്തകർ ചിത്രീകരിച്ച ഫ്രെയിമിന്റെ മുകളിലും താഴെയുമുള്ള ഒരു വലിയ ഭാഗം നമുക്ക് നഷ്ടപ്പെടുന്നുണ്ട്.അതിനാൽ നോളൻ തന്റെ ക്യാമറയിൽ പകർത്തിയ ആ യഥാർത്ഥ ദൃശ്യാവിഷ്കാരം മുഴുവനായികാണണമെങ്കിൽ ലോകത്തിലെ ആ 41 തിയേറ്ററുകളിൽ ഒന്നിൽ തന്നെ പോകേണ്ടിവരും.

തലൈവരുടെ ജീവിതം ഇനി ബിഗ് സ്‌ക്രീനില്‍!ആത്മകഥയുമായി രജനികാന്ത്

ബസ് കണ്ടക്ടറില്‍ നിന്ന് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാറിലേക്കുള്ളതലൈവരുടെ ജീവിതകഥ ഇനി കാണാം,വായിക്കാം.ആത്മകഥ എഴുതാനൊരുങ്ങി നടന്‍ രജനികാന്ത്.മകള്‍ സൗന്ദര്യ രജനികാന്ത് ആണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയിലെത്തിയതും പ്രശസ്തി കൈവരിച്ചതും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ രജനി ആത്മകഥയില്‍ കുറിക്കുമെന്നാണ് അറിയുന്നത്. ജീവിതത്തിലുണ്ടായ പ്രധാന സംഭവങ്ങള്‍, പോരാട്ടങ്ങള്‍, സങ്കടകരമായ അനുഭവങ്ങള്‍ തുടങ്ങിയവയും പുസ്തകത്തില്‍ ഇടംപിടിക്കും. നിലവില്‍ നെല്‍സണ്‍ ഒരുക്കുന്ന ജയിലര്‍ 2 ആണ് രജനികന്തിന്റെ അപ്കമിംഗ് പ്രോജക്റ്റ്.ഒക്ടോബര്‍ 15 നാണ് തിയേറ്റര്‍ റിലീസ്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗം വന്‍ ഹിറ്റായിരുന്നു.ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി താരങ്ങളുടെ കാമിയോ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.