136 കോടി നേടിയിട്ടും ‘പ്രേമലു 2’ വേണ്ടെന്നുവെച്ചു! കാരണം വെളിപ്പെടുത്തി നസ്ലെന്‍;

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 136 കോടിയിലധികം വാരിക്കൂട്ടി മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രമാണ് ‘പ്രേമലു’. മമിത ബൈജുവിനെയും നസ്ലെനെയും പാന്‍-ഇന്ത്യന്‍ തലത്തില്‍ പ്രിയങ്കരരാക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍, പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ട് ‘പ്രേമലു 2’ ഉപേക്ഷിച്ചുവെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്.

ഇപ്പോള്‍ ചിത്രം ഉപേക്ഷിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ നസ്ലെന്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നസ്ലെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രേമലു 2 വേണ്ടെന്നുവെക്കാനുള്ള പ്രധാന കാരണം തിരക്കഥ തന്നെയാണെന്ന് താരം പറയുന്നു.

‘സിനിമയുടെ തിരക്കഥ ഞങ്ങള്‍ വിചാരിച്ചതുപോലെ ഭംഗിയായി വന്നില്ല. അതുകൊണ്ടാണ് തല്‍ക്കാലം ആ പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭാവിയില്‍ എപ്പോഴെങ്കിലും ഈ പ്രോജക്റ്റ് വീണ്ടും സംഭവിച്ചുകൂടായ്കയില്ല ‘
എന്നും നസ്ലെന്‍ പറഞ്ഞു.

നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തനും സിനിമ ഏകദേശം ഉപേക്ഷിച്ച മട്ടിലാണെന്ന് സൂചന നല്‍കിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചിരുന്നത്. പ്രേമലുവിന് പകരം വരുന്നതാണ് ‘ബദ്‌ലഹേം കുടുംബ യൂണിറ്റ്’.

മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളുടെ ലിസ്റ്റില്‍ 12-ാം സ്ഥാനത്താണ് നിലവില്‍ പ്രേമലു. തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്കും തിയേറ്ററുകളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഉപേക്ഷിക്കപ്പെട്ട വാര്‍ത്ത പല മറുഭാഷാ പ്രേക്ഷകരിലേക്കും ഇനിയും എത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ‘പ്രേമലു 2’ വിനായുള്ള കാത്തിരിപ്പിലാണ് അന്യഭാഷാ ആരാധകര്‍.

Share it :
Admin

Leave a Reply

Your email address will not be published. Required fields are marked *