ചൈനയുടെ മരുഭൂമിയിൽ വൻ സൈനിക സമുച്ചയം

ചൈനയുടെ ഷിൻജിയാങ് മരുഭൂമി മേഖലയിലെ വൻ സൈനിക നിർമാണ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് അത്യാധുനിക സൈനിക സമുച്ചയങ്ങളുടെ ശൃംഖല ചൈന വികസിപ്പിക്കുകയാണെന്നാണ് സൂചന. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമി നഗരത്തിന് സമീപമുള്ള മരുഭൂമി പ്രദേശങ്ങളിൽ 80-ലധികം പുതിയ കേന്ദ്രങ്ങളാണ് നിർമിക്കപ്പെടുന്നത്. ഉപഗ്രഹ ആശയവിനിമയം, കമാൻഡ് നിയന്ത്രണം, സൈനിക ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയ സംവിധാനങ്ങൾ ഇവിടെ സ്ഥാപിക്കുന്നതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ഹാമിക്കു സമീപമുള്ള രണ്ട് അഷ്ടഭുജാകൃതിയിലുള്ള പ്രധാന സമുച്ചയങ്ങളെ കേന്ദ്രീകരിച്ചാണ് നിർമാണം പുരോഗമിക്കുന്നത്. ഹാമിയിലെ ആണവ മിസൈൽ ശേഖരങ്ങൾക്ക് തെക്ക്-പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഇവയിൽ ഒന്ന് നഗരത്തിൽ നിന്ന് ഏകദേശം 140 കിലോമീറ്ററും മറ്റൊന്ന് 230 കിലോമീറ്ററും അകലെയാണ്. സമുച്ചയങ്ങളിൽ ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ, വൻ സൈനിക വാഹനങ്ങൾ, സുരക്ഷാ ബങ്കറുകൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏപ്രിൽ, മേയ് മാസങ്ങളിൽ ഇവിടെ സൈനിക അഭ്യാസങ്ങൾ നടന്നതായും വിലയിരുത്തലുകളുണ്ട്. ഇക്കാര്യത്തിൽ ചൈനീസ് സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ആണവായുധ ശേഖരം വികസിപ്പിക്കുന്നതിനുമായി ചൈന വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്. തായ്‌വാനെ ചൊല്ലിയുള്ള വർധിച്ചുവരുന്ന സംഘർഷങ്ങളും അമേരിക്ക-ചൈന മത്സരവും പുതിയ നിർമാണ പ്രവർത്തനങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങളായി പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. “ആദ്യം ആണവായുധം ഉപയോഗിക്കില്ല” എന്ന നയമാണ് ചൈന ഔദ്യോഗികമായി പിന്തുടരുന്നതെങ്കിലും, തായ്‌വാൻ വിഷയത്തിൽ വിദേശ ഇടപെടലുകൾ ഉണ്ടായാൽ സാഹചര്യം മാറിയേക്കാമെന്ന ആശങ്കകൾ മുമ്പ് ഉയർന്നിരുന്നു. തായ്‌വാനുമായി ബന്ധപ്പെട്ട തർക്കങ്ങൾ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അല്ലാത്തപക്ഷം അത് ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സൈനിക സമുച്ചയങ്ങളുടെ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമായിരിക്കുകയാണ്.

’25 ലക്ഷം രൂപ വാങ്ങി മുങ്ങി, ചതിച്ചത് സജിത്’; ഒടുവിൽ മൗനം വെടിഞ്ഞ് ആഷിക് അബുവും!

ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആന്റണി സംവിധാനം ചെയ്യുന്ന ‘അജഃ സുന്ദരി’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഒടുവിൽ നിർമ്മാണക്കമ്പനിയായ ഒപിഎം സിനിമാസ് ഔദ്യോഗിക വിശദീകരണവുമായി രംഗത്ത്. വടകര സ്വദേശിയായ സജിത് എന്ന വ്യക്തിയാണ് തങ്ങളെയും വിലങ്ങാടുള്ള പ്രാദേശിക വ്യാപാരികളെയും ചതിച്ചതെന്ന് സംവിധായകൻ ആഷിക് അബുവിന്റെ ഉടമസ്ഥതയിലുള്ള ഒപിഎം സിനിമാസ് വ്യക്തമാക്കി. സിനിമയുടെ ഷൂട്ടിങ് സംഘം വിലങ്ങാടുള്ള സാധാരണക്കാരായ വ്യാപാരികൾക്ക് ലക്ഷക്കണക്കിന് രൂപ കുടിശ്ശിക വരുത്തി മുങ്ങി എന്ന വാർത്ത വലിയ തോതിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് പണം നൽകാത്ത വ്യക്തിയുടെ പേര് വെളിപ്പെടുത്തി, വ്യാപാരികളുടെ എല്ലാ ബാധ്യതകളും കമ്പനി നേരിട്ട് തീർപ്പാക്കുമെന്ന ഉറപ്പുമായി ഒപിഎം ഫിലിംസ് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. “വിലങ്ങാട് നടന്ന ചിത്രീകരണ വേളയിൽ സിനിമയിലെ ഭക്ഷണച്ചുമതലകൾക്കായി വടകര സ്വദേശിയായ സജിത് എൻ എന്നയാളെയാണ് ഒപിഎം സിനിമാസ് ഏൽപ്പിച്ചിരുന്നത്. സാധനങ്ങൾ വാങ്ങുന്നതും പ്രാദേശിക വ്യാപാരികളുടെ കുടിശ്ശിക തീർക്കുന്നതും ഇദ്ദേഹത്തിന്റെ ഉത്തരവാദിത്തമായിരുന്നു. 15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ ഞങ്ങൾ സജിത്തിന് കൈമാറിയിട്ടുണ്ട്. ഇതിന്റെ കൃത്യമായ രേഖകൾ ഞങ്ങളുടെ പക്കലുണ്ട്. എന്നാൽ ഈ തുക മുഴുവൻ വാങ്ങിയിട്ടും സജിത് വ്യാപാരികൾക്ക് പണം നൽകിയില്ല.” പ്രാദേശിക വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സജിത്തിന് നൽകാനുള്ള അവസാന ഗഡു തടഞ്ഞു വയ്ക്കുകയും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവടങ്ങളിൽ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തതായി കമ്പനി അറിയിച്ചു. സാമ്പത്തിക ക്രമക്കേട് നടത്തിയ സജിത്തിനെതിരെ കോഴിക്കോട് വളയം പോലീസ് സ്റ്റേഷനിൽ ഒപിഎം സിനിമാസ് പരാതി നൽകിയിട്ടുണ്ട്. വഞ്ചിക്കപ്പെട്ടവരിൽ കാൻസർ രോഗിയും കിഡ്‌നി മാറ്റിവെച്ചവരുമായ പാവപ്പെട്ട കച്ചവടക്കാരും ഉൾപ്പെടുന്നു എന്ന വാർത്തകൾ സിനിമാ ലോകത്തെ ഞെട്ടിച്ചിരുന്നു. മാസങ്ങളോളം സെറ്റിലേക്ക് ആവശ്യമായ പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയവ നൽകിയ വകയിലാണ് വ്യാപാരികൾക്ക് ലക്ഷങ്ങളുടെ ബാധ്യത വന്നത്.തുടക്കത്തിൽ വിശ്വാസം വരാൻ കൃത്യമായി പണം നൽകിയ ശേഷമായിരുന്നു ഈ ചതി. എന്നാൽ, ജനങ്ങൾ നൽകിയ വിശ്വാസവും പിന്തുണയും തങ്ങൾ മറക്കില്ലെന്ന് ഒപിഎം സിനിമാസ് വ്യക്തമാക്കുന്നു.നിയമപരമായ തെറ്റ് ആരുടെ ഭാഗത്തായാലും വിലങ്ങാടുള്ള ഓരോ വ്യാപാരിക്കും പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി ഒപിഎം സിനിമാസ് പൂർണ്ണ ഉത്തരവാദിത്തവും ഏറ്റെടുത്തിട്ടുണ്ട്.

കുടുംബത്തെക്കുറിച്ചുള്ള ആശങ്ക; വാതിലിൽ കുറിപ്പെഴുതി ജീവനൊടുക്കി പിതാവ്.

സാമ്പത്തിക പ്രതിസന്ധിയും തൊഴിൽ നഷ്ടവും ഒരാളുടെ ജീവിതത്തെ എത്രത്തോളം തകർക്കാനാകുമെന്നതിന്റെ വേദനാജനകമായ ഉദാഹരണമാണ് ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് പുറത്തുവന്ന സംഭവം. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ പോലും സ്വന്തം കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് ചിന്തിച്ച ഒരു പിതാവിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വാർത്താ ലോകത്തും ചർച്ചയാകുന്നത്. ഗാന്ധിനഗറിലെ കുദാസൻ പ്രദേശത്തെ പൂനം റെസിഡൻസിയിലുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന പങ്കജ് ബൻസാലി (42) ആണ് ആത്മഹത്യ ചെയ്തത്. ഇൻഫോസിറ്റിയിലെ ഒരു സ്റ്റോക്ക് മാർക്കറ്റ് അനുബന്ധ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ബൻസാലിക്ക് അഞ്ച് മാസം മുൻപാണ് ജോലി നഷ്ടമായത്. തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകളും വർധിച്ചതോടെ അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജോലി നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് ഓഹരി വിപണിയിലുണ്ടായ തിരിച്ചടികളും അദ്ദേഹത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. വരുമാനമില്ലാത്ത അവസ്ഥയും സാമ്പത്തിക ബാധ്യതകളും ചേർന്നപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന തോന്നലിലേക്ക് അദ്ദേഹം എത്തിച്ചേർന്നതായാണ് അന്വേഷണത്തിൽ നിന്ന് ലഭിക്കുന്ന സൂചന. എന്നാൽ മരണത്തിന് തൊട്ടുമുമ്പും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഫ്ലാറ്റിന്റെ പ്രധാന വാതിലിൽ അദ്ദേഹം ഒരു കുറിപ്പ് എഴുതി ഒട്ടിച്ചിരുന്നു. “വിഷവാതകമുണ്ട്. ദയവായി ആരും അകത്ത് പ്രവേശിക്കരുത്. ഇവിടെയുള്ള വെള്ളം കുടിക്കരുത്. മാൻവി, പുറത്തുതന്നെ നിൽക്കൂ” എന്നായിരുന്നു ഇംഗ്ലീഷിൽ എഴുതിയിരുന്നത്. തന്റെ മകളെ പേരെടുത്ത് പരാമർശിച്ച ആ വരികൾ വായിച്ചവരുടെ കണ്ണുകളെ ഈറനണിയിക്കുന്നതാണ്. ദിവസങ്ങളോളം പങ്കജ് ബൻസാലിയുമായി ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മെയ് 27ന് ഫ്ലാറ്റിലെത്തിയപ്പോഴാണ് വാതിലിൽ പതിച്ചിരുന്ന മുന്നറിയിപ്പും അകത്ത് കിടന്ന മൃതദേഹവും കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പൊലീസ് അന്വേഷണ പ്രകാരം, പങ്കജിന്റെ ഭാര്യയും മകളും മെയ് 13ന് ബന്ധുവീട്ടിലേക്ക് പോയിരുന്നു. ദമ്പതികൾ തമ്മിൽ അവസാനമായി സംസാരിച്ചത് മെയ് 22നാണെന്നാണ് കണ്ടെത്തൽ. അതേ ദിവസമോ അതിന് സമീപ ദിവസങ്ങളിലോ അദ്ദേഹം ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം അഞ്ച് ദിവസത്തോളം പൂട്ടിയിട്ട ഫ്ലാറ്റിനുള്ളിൽ കിടന്നതിനാൽ പൊലീസ് എത്തുമ്പോഴേക്കും അത് അഴുകിയ നിലയിലായിരുന്നുവെന്നും അധികൃതർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി, തൊഴിൽ നഷ്ടം, മാനസിക സമ്മർദ്ദം എന്നിവയുടെ ഭീകരമായ പ്രത്യാഘാതങ്ങളെ വീണ്ടും ഓർമ്മിപ്പിക്കുന്ന സംഭവമാണിത്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് കരുതലോടെ ചിന്തിച്ച ഒരു പിതാവിന്റെ അവസാന കുറിപ്പ് സമൂഹത്തിന് മുന്നിൽ നിരവധി ചോദ്യങ്ങളും വേദനകളും അവശേഷിപ്പിക്കുകയാണ്.

ഹെൽമറ്റില്ലാതെ 53 ലക്ഷം രൂപയുടെ ആഡംബര ബൈക്കിൽ മന്ത്രി.

ലോകമെമ്പാടും ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ആഡംബര ബൈക്കിൽ ഹെൽമറ്റില്ലാതെ യാത്ര നടത്തിയ ഒരു മന്ത്രിയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നത്. ഗതാഗത നിയമങ്ങൾ പാലിക്കേണ്ടവർ തന്നെ അവ ലംഘിക്കുമ്പോൾ സാധാരണ ജനങ്ങളോട് എന്ത് സന്ദേശമാണ് നൽകുന്നതെന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. പശ്ചിമ ബംഗാളിലെ കൃഷി, പഞ്ചായത്ത് രാജ്, മൃഗസംരക്ഷണ വകുപ്പുകളുടെ മന്ത്രിയായ ദിലീപ് ഘോഷാണ് വിവാദത്തിന്റെ കേന്ദ്രത്തിൽ. കൊൽക്കത്തയിലെ പ്രശസ്തമായ ഇക്കോ പാർക്കിൽ വച്ചാണ് 53 ലക്ഷം രൂപ വിലവരുന്ന ആഡംബര ബൈക്ക് അദ്ദേഹം ഓടിച്ചത്. എന്നാൽ വീഡിയോ പുറത്തുവന്നതോടെ ശ്രദ്ധ നേടിയത് ബൈക്കിന്റെ വിലയല്ല, മന്ത്രി ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്ന കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥരും പാർക്കിലെ സന്ദർശകരും സമീപത്തുണ്ടായിരിക്കെയാണ് ദിലീപ് ഘോഷ് ബൈക്ക് ഓടിച്ചത്. ബൈക്കിന്റെ പിന്നിലിരുന്നയാളും ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇതോടെ ഗതാഗത നിയമങ്ങൾ പാലിക്കേണ്ട ഉത്തരവാദിത്തമുള്ള ജനപ്രതിനിധികൾ തന്നെ നിയമലംഘനം നടത്തുകയാണെന്ന വിമർശനം ശക്തമായി. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേർ മന്ത്രിക്കെതിരെ രംഗത്തെത്തി. സാധാരണക്കാർ ഹെൽമറ്റ് ധരിക്കാത്തതിന് പിഴ ഈടാക്കുന്ന സംവിധാനങ്ങൾ, ജനപ്രതിനിധികൾക്ക് മുന്നിൽ നിശബ്ദമാകുന്നുവോ എന്ന ചോദ്യവും ഉയർന്നു. “നിയമം എല്ലാവർക്കും ഒരുപോലെയാണോ, അതോ രാഷ്ട്രീയക്കാർക്ക് പ്രത്യേക ഇളവുകളുണ്ടോ?” എന്നായിരുന്നു പലരുടെയും പ്രതികരണം. ചിലർ പരിഹാസത്തോടെയും വിമർശനത്തോടെയും പ്രതികരിച്ചു. ഗതാഗത സുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുന്ന സർക്കാരിന്റെ ഭാഗമായ ഒരു മന്ത്രി തന്നെ ഇത്തരമൊരു മാതൃക കാട്ടുന്നത് ദൗർഭാഗ്യകരമാണെന്നാണ് വിമർശകർ പറയുന്നത്. അതേസമയം, ദിലീപ് ഘോഷിന്റെ വിവാദപരവും വ്യത്യസ്തവുമായ പൊതുപ്രതിച്ഛായയെ ചൂണ്ടിക്കാട്ടി “ദബാംഗ് ദിലീപ്” എന്ന വിശേഷണം വീണ്ടും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. വീഡിയോ വൈറലായതിന് പിന്നാലെ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമോയെന്നും നിയമനടപടികൾ സ്വീകരിക്കുമോയെന്നും കാത്തിരിക്കുകയാണ് പൊതുസമൂഹം.

അച്ഛൻ പടിയിറങ്ങിയപ്പോൾ മകൻ തിയറ്ററുകളിലേക്ക്…’സിഗ്മ’ റിലീസ് തീയതി പ്രഖ്യാപിച്ചു

തമിഴ് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന ആ വമ്പൻ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രിയും ജനപ്രിയ നായകനുമായ ‘ഇളയദളപതി’ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധായകന്റെ തൊപ്പിയണിയുന്ന ‘സിഗ്മ’ തിയറ്ററുകളിലെത്തുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ജൂലൈ 31-ന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ ഔദ്യോഗികമായി അറിയിച്ചു. ഒരു സ്റ്റൈലിഷ് പോസ്റ്ററിനൊപ്പമാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഒരു പക്കാ ഹൈസ്റ്റ് ആക്ഷൻ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. മറ്റു നായകന്മാരുടെ മക്കളെപ്പോലെ ക്യാമറയ്ക്ക് മുന്നിൽ വരാനല്ല, മറിച്ച് ക്യാമറയ്ക്ക് പിന്നിൽ നിന്ന് കഥ പറയാനാണ് ജേസൺ സഞ്ജയ് ആഗ്രഹിച്ചത്. ഇതിനായി ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും, ലണ്ടനിൽ നിന്ന് തിരക്കഥാരചനയിൽ ഉപരിപഠനവും ജേസൺ പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തമിഴ് സിനിമയിൽ തികച്ചും വ്യത്യസ്തമായ ഒരു മേക്കിങ് ശൈലി ജേസണിൽ നിന്ന് പ്രതീക്ഷിക്കാം. തമിഴ് പതിപ്പിനൊപ്പം തെലുങ്ക് ഉൾപ്പെടെയുള്ള ഇതര ഭാഷകളിലും ചിത്രം ഒരേസമയം പ്രദർശനത്തിനെത്തും. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും പുറത്തുവരുന്നതോടെ ആവേശം ഇരട്ടിക്കുമെന്ന ഉറപ്പിലാണ് ആരാധകർ. അച്ഛൻ വിജയ് രാഷ്ട്രീയത്തിലേക്ക് പടികയറുമ്പോൾ, മകൻ ജേസൺ സിനിമയിൽ കരകയറുമോ എന്നറിയാൻ ജൂലൈ 31 വരെ കാത്തിരിക്കാം.

136 കോടി നേടിയിട്ടും ‘പ്രേമലു 2’ വേണ്ടെന്നുവെച്ചു! കാരണം വെളിപ്പെടുത്തി നസ്ലെന്‍;

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 136 കോടിയിലധികം വാരിക്കൂട്ടി മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രമാണ് ‘പ്രേമലു’. മമിത ബൈജുവിനെയും നസ്ലെനെയും പാന്‍-ഇന്ത്യന്‍ തലത്തില്‍ പ്രിയങ്കരരാക്കിയ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ സിനിമാപ്രേമികള്‍ വലിയ ആവേശത്തിലായിരുന്നു. എന്നാല്‍, പ്രേക്ഷകരെ നിരാശരാക്കിക്കൊണ്ട് ‘പ്രേമലു 2’ ഉപേക്ഷിച്ചുവെന്ന വാര്‍ത്തയായിരുന്നു പുറത്തുവന്നത്. ഇപ്പോള്‍ ചിത്രം ഉപേക്ഷിക്കാനുണ്ടായ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ നസ്ലെന്‍. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നസ്ലെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രേമലു 2 വേണ്ടെന്നുവെക്കാനുള്ള പ്രധാന കാരണം തിരക്കഥ തന്നെയാണെന്ന് താരം പറയുന്നു. ‘സിനിമയുടെ തിരക്കഥ ഞങ്ങള്‍ വിചാരിച്ചതുപോലെ ഭംഗിയായി വന്നില്ല. അതുകൊണ്ടാണ് തല്‍ക്കാലം ആ പ്രോജക്റ്റ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഭാവിയില്‍ എപ്പോഴെങ്കിലും ഈ പ്രോജക്റ്റ് വീണ്ടും സംഭവിച്ചുകൂടായ്കയില്ല ‘എന്നും നസ്ലെന്‍ പറഞ്ഞു. നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തനും സിനിമ ഏകദേശം ഉപേക്ഷിച്ച മട്ടിലാണെന്ന് സൂചന നല്‍കിയിരുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചിരുന്നത്. പ്രേമലുവിന് പകരം വരുന്നതാണ് ‘ബദ്‌ലഹേം കുടുംബ യൂണിറ്റ്’. മലയാളത്തിലെ എക്കാലത്തെയും വലിയ പണംവാരി പടങ്ങളുടെ ലിസ്റ്റില്‍ 12-ാം സ്ഥാനത്താണ് നിലവില്‍ പ്രേമലു. തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്കും തിയേറ്ററുകളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ഉപേക്ഷിക്കപ്പെട്ട വാര്‍ത്ത പല മറുഭാഷാ പ്രേക്ഷകരിലേക്കും ഇനിയും എത്തിയിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ‘പ്രേമലു 2’ വിനായുള്ള കാത്തിരിപ്പിലാണ് അന്യഭാഷാ ആരാധകര്‍.

ഹൊറർ-ഫാന്റസി വിരുന്ന്’ഗു’ ഇനി ഒടിടിയിലേക്ക്…

തിയേറ്ററുകളിൽ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ത്രില്ലടിപ്പിച്ച ‘ഗു’ ഒടുവിൽ ഡിജിറ്റൽ സ്ക്രീനുകളിലേക്ക് എത്തുന്നു. ‘മാളികപ്പുറം’ ഫെയിം ദേവനന്ദയും സൈജു കുറുപ്പുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലും എത്തുന്നുണ്ട്. മലബാറിലെ ഒരു ഉൾനാടൻ ഗ്രാമത്തിലെ തറവാട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാൻ അച്ഛനും അമ്മയ്ക്കുമൊപ്പം എത്തുന്ന ‘മിന്ന’ എന്ന കൊച്ചുപെൺകുട്ടിയുടെയും അവളുടെ കൂട്ടുകാരുടെയും കഥയാണിത്. എന്നാൽ ആ അവധിക്കാലം അവർക്ക് സമ്മാനിക്കുന്നത് സാധാരണ അനുഭവങ്ങളല്ല. ആ തറവാട്ടിൽ അവരെ കാത്തിരുന്ന അസാധാരണവും നിഗൂഢവുമായ ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് ചിത്രം ദൃശ്യാവിഷ്കരിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, ദേവനന്ദ, നിരഞ്ജ് മണിയൻപിള്ള രാജു, മണിയൻപിള്ള രാജു, അശ്വതി മനോഹരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ച ഈ ചിത്രം രാധാകൃഷ്ണനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ജോനാഥൻ ബ്രൂസിന്റെ പശ്ചാത്തല സംഗീതവും ചന്ദ്രകാന്ത് മാധവന്റെ മനോഹരമായ ഛായാഗ്രഹണവും ചിത്രത്തിന് ഭയത്തിന്റെയും ഫാന്റസിയുടെയും വേറിട്ടൊരു അന്തരീക്ഷം നൽകുന്നു.

മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ പ്രസവമുറി ഒഴിഞ്ഞു നൽകി യുവതി

കിഴക്കൻ ചൈനയിലെ വെയ്ഫാംഗ് പീപ്പിൾസ് ഹോസ്പിറ്റലിൽ നടന്ന അതിജീവനത്തിന്റെയും മാനവികതയുടെയും ഹൃദയസ്പർശിയായ ഈ സംഭവം ലോകമെങ്ങുമുള്ള വാർത്തകളിൽ നിറയുകയാണ്. ശസ്ത്രക്രിയയ്ക്കായി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി ഓപ്പറേഷൻ തിയേറ്ററിൽ കാത്തിരിക്കുകയായിരുന്നു ഒരു യുവതി. ആ സമയത്താണ് അതീവ ഗുരുതരാവസ്ഥയിൽ, രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായ മറ്റൊരു ഗർഭിണിയെ ടാക്സിയിൽ ആശുപത്രിയിലെത്തിക്കുന്നത്. കൂടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്ന, തിരിച്ചറിയൽ രേഖകളോ പണമോ കൈവശമില്ലാത്ത ആ യുവതിയുടെ ജീവൻ രക്ഷിക്കാൻ നിമിഷങ്ങൾ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്. അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞ ഒബ്സ്റ്റട്രിക്സ് സെന്റർ ഡയറക്ടർ സു യുചുൻ, ഔദ്യോഗിക നടപടിക്രമങ്ങളോ സാമ്പത്തിക കാര്യങ്ങളോ നോക്കാതെ ചികിത്സയ്ക്കായി നിർദ്ദേശം നൽകി. എന്നാൽ, അപ്പോൾ ആശുപത്രിയിലെ എല്ലാ ഓപ്പറേഷൻ തിയേറ്ററുകളും നിറഞ്ഞ അവസ്ഥയിലായിരുന്നു. മറ്റൊരു രോഗിയെ മാറ്റാൻ കുറഞ്ഞത് 40 മിനിറ്റെങ്കിലും ആവശ്യമായി വരും, എന്നാൽ ആ സമയം നഷ്ടപ്പെടുത്താൻ ഡോക്ടർമാർക്ക് സാധിക്കില്ലായിരുന്നു. ഈ നിർണായക ഘട്ടത്തിൽ ഡോക്ടർ സു, ആദ്യം ഓപ്പറേഷൻ തിയേറ്ററിൽ കാത്തിരുന്ന യുവതിയോട് കാര്യങ്ങൾ വിശദീകരിച്ചു. തന്റെ ജീവന് തുല്യമായ ശസ്ത്രക്രിയ മാറ്റിവെച്ച്, മറ്റൊരു അമ്മയുടെ ജീവൻ രക്ഷിക്കാൻ ആ യുവതി മനഃപൂർവം സമ്മതം അറിയിക്കുകയായിരുന്നു. തനിക്ക് കാത്തിരിക്കാൻ ബുദ്ധിമുട്ടില്ലെന്നും മറ്റേ യുവതിയെ ആദ്യം ചികിത്സിക്കൂവെന്നും അവർ സന്തോഷത്തോടെ പറഞ്ഞു.തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശരീരത്തിലെ രക്തത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും നഷ്ടപ്പെട്ടിരുന്ന അവർക്ക്, അതിസങ്കീർണ്ണമായ അവസ്ഥയിലും ഗർഭപാത്രത്തിന് കേടുപാടുകൾ കൂടാതെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. കുഞ്ഞിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തിരിച്ചുകിട്ടിയ അമ്മ ആദ്യം തിരക്കിയത് തന്റെ കുഞ്ഞിനെക്കുറിച്ചായിരുന്നു. വിദഗ്ധമായ ചികിത്സയ്ക്ക് ശേഷം അവർ അപകടനില തരണം ചെയ്തു. മറ്റൊരു ജീവൻ രക്ഷിക്കാനായി തന്റെ അവസരം വിട്ടുനൽകിയ ആ യുവതി പിന്നീട് ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു. സ്വന്തം അവസ്ഥയേക്കാൾ ഉപരിയായി മറ്റൊരു ജീവന്റെ വില തിരിച്ചറിഞ്ഞ ആ യുവതിയുടെ തീരുമാനം വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഒപ്പം നിന്ന കുടുംബവും ഈ തീരുമാനത്തെ അഭിമാനത്തോടെയാണ് പിന്തുണച്ചത്. മനുഷ്യത്വത്തിന്റെ ഈ വലിയ മാതൃക ആശുപത്രിയിലെ ജീവനക്കാർക്കും വലിയൊരു അനുഭവമായി മാറി.