കിഴക്കൻ ചൈനയിലെ വെയ്ഫാംഗ് പീപ്പിൾസ് ഹോസ്പിറ്റലിൽ നടന്ന അതിജീവനത്തിന്റെയും മാനവികതയുടെയും ഹൃദയസ്പർശിയായ ഈ സംഭവം ലോകമെങ്ങുമുള്ള വാർത്തകളിൽ നിറയുകയാണ്.
ശസ്ത്രക്രിയയ്ക്കായി എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കി ഓപ്പറേഷൻ തിയേറ്ററിൽ കാത്തിരിക്കുകയായിരുന്നു ഒരു യുവതി. ആ സമയത്താണ് അതീവ ഗുരുതരാവസ്ഥയിൽ, രക്തത്തിൽ കുളിച്ച് അബോധാവസ്ഥയിലായ മറ്റൊരു ഗർഭിണിയെ ടാക്സിയിൽ ആശുപത്രിയിലെത്തിക്കുന്നത്. കൂടെ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലാതിരുന്ന, തിരിച്ചറിയൽ രേഖകളോ പണമോ കൈവശമില്ലാത്ത ആ യുവതിയുടെ ജീവൻ രക്ഷിക്കാൻ നിമിഷങ്ങൾ മാത്രമായിരുന്നു മുന്നിലുണ്ടായിരുന്നത്.
അടിയന്തര സാഹചര്യം തിരിച്ചറിഞ്ഞ ഒബ്സ്റ്റട്രിക്സ് സെന്റർ ഡയറക്ടർ സു യുചുൻ, ഔദ്യോഗിക നടപടിക്രമങ്ങളോ സാമ്പത്തിക കാര്യങ്ങളോ നോക്കാതെ ചികിത്സയ്ക്കായി നിർദ്ദേശം നൽകി. എന്നാൽ, അപ്പോൾ ആശുപത്രിയിലെ എല്ലാ ഓപ്പറേഷൻ തിയേറ്ററുകളും നിറഞ്ഞ അവസ്ഥയിലായിരുന്നു. മറ്റൊരു രോഗിയെ മാറ്റാൻ കുറഞ്ഞത് 40 മിനിറ്റെങ്കിലും ആവശ്യമായി വരും, എന്നാൽ ആ സമയം നഷ്ടപ്പെടുത്താൻ ഡോക്ടർമാർക്ക് സാധിക്കില്ലായിരുന്നു. ഈ നിർണായക ഘട്ടത്തിൽ ഡോക്ടർ സു, ആദ്യം ഓപ്പറേഷൻ തിയേറ്ററിൽ കാത്തിരുന്ന യുവതിയോട് കാര്യങ്ങൾ വിശദീകരിച്ചു.
തന്റെ ജീവന് തുല്യമായ ശസ്ത്രക്രിയ മാറ്റിവെച്ച്, മറ്റൊരു അമ്മയുടെ ജീവൻ രക്ഷിക്കാൻ ആ യുവതി മനഃപൂർവം സമ്മതം അറിയിക്കുകയായിരുന്നു. തനിക്ക് കാത്തിരിക്കാൻ ബുദ്ധിമുട്ടില്ലെന്നും മറ്റേ യുവതിയെ ആദ്യം ചികിത്സിക്കൂവെന്നും അവർ സന്തോഷത്തോടെ പറഞ്ഞു.
തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ശരീരത്തിലെ രക്തത്തിന്റെ ഏതാണ്ട് മുഴുവൻ ഭാഗവും നഷ്ടപ്പെട്ടിരുന്ന അവർക്ക്, അതിസങ്കീർണ്ണമായ അവസ്ഥയിലും ഗർഭപാത്രത്തിന് കേടുപാടുകൾ കൂടാതെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർക്ക് സാധിച്ചു. കുഞ്ഞിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം ബോധം തിരിച്ചുകിട്ടിയ അമ്മ ആദ്യം തിരക്കിയത് തന്റെ കുഞ്ഞിനെക്കുറിച്ചായിരുന്നു. വിദഗ്ധമായ ചികിത്സയ്ക്ക് ശേഷം അവർ അപകടനില തരണം ചെയ്തു.
മറ്റൊരു ജീവൻ രക്ഷിക്കാനായി തന്റെ അവസരം വിട്ടുനൽകിയ ആ യുവതി പിന്നീട് ശസ്ത്രക്രിയയിലൂടെ സുരക്ഷിതമായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും പൂർണ്ണ ആരോഗ്യത്തോടെയിരിക്കുന്നു. സ്വന്തം അവസ്ഥയേക്കാൾ ഉപരിയായി മറ്റൊരു ജീവന്റെ വില തിരിച്ചറിഞ്ഞ ആ യുവതിയുടെ തീരുമാനം വലിയ അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്. ഒപ്പം നിന്ന കുടുംബവും ഈ തീരുമാനത്തെ അഭിമാനത്തോടെയാണ് പിന്തുണച്ചത്. മനുഷ്യത്വത്തിന്റെ ഈ വലിയ മാതൃക ആശുപത്രിയിലെ ജീവനക്കാർക്കും വലിയൊരു അനുഭവമായി മാറി.





