ഇരട്ട വേഷത്തിൽ യഷ്,ഒപ്പം വമ്പൻ താരനിര; ഗീതു മോഹൻദാസിന്റെ ‘ടോക്സിക്’ ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലേക്ക്

ഒന്നിന് പുറകെ ഒന്നായി വിവാദങ്ങൾ പുറകെ കൂടുമ്പോഴും അതിനെയെല്ലാം അവഗണിച്ചുകൊണ്ട് ബിഗ് സ്ക്രീൻ ലക്ഷ്യമാക്കി ടോക്സിക് കുതിപ്പ് തുടരുകയാണ്.സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ ഓഗസ്റ്റ് 26-ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും തുടരെ ചർച്ചയായികൊണ്ടിരിക്കുകയാണ്.അവസാനമിറങ്ങിയ മധുമോഹിനി എന്ന ഗാനമാണ്‌ ഏറ്റവും ഒടുവിൽ വിവാദത്തിനു കളമൊരുക്കിയത്.ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ താരത്തിളക്കവും അത്യാധുനിക സാങ്കേതികമികവും നിറഞ്ഞു നിൽക്കുന്ന ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിൽ മുൻനിര നായികമാരുടെ വലിയൊരു നിര തന്നെ അണിനിരക്കുന്നുണ്ട്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ തുടങ്ങിയ ശക്തരായ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കഥക്കും കഥാപാത്രങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന രീതിയിലാണ് ഇതിന്റെ ആഖ്യാനമെന്നാണ് റിപ്പോർട്ടുകൾ.കൂടാതെ, ചിത്രത്തിൽ യഷ് ഇരട്ട വേഷത്തിലാണ് എത്തുന്നതെന്ന സൂചന ടീസറുകൾ നൽകുന്നുണ്ട്. ടീസറിന്റെ അവസാന ഭാഗത്ത് തികച്ചും വ്യത്യസ്തമായ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന യഷ്, ആരാധകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന പുതിയ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെയുള്ള പ്രധാന ഭാഷകളിലെല്ലാം ഡബ്ബ് പതിപ്പുകളും പുറത്തിറങ്ങും.ഇന്ത്യയിലെ തന്നെ മുൻനിര സാങ്കേതിക വിദഗ്ദ്ധരാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.ഛായാഗ്രഹണം: രാജീവ് രവി,സംഗീതം: രവി ബസ്രൂർ,എഡിറ്റിംഗ്: ഉജ്ജ്വൽ കുൽക്കർണിപ്രൊഡക്ഷൻ ഡിസൈൻ: ടി.പി. അബിദ്,ആക്ഷൻ രംഗങ്ങൾ: ജെ.ജെ. പെരി (‘ജോൺ വിക്ക്’ ഫെയിം), വെങ്കട്ട് കെ. നാരായണയും യഷും ചേർന്ന കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് ‘ടോക്സിക്’ നിർമ്മിക്കുന്നത്.ചിത്രത്തിന്റെ പി.ആർ.ഒ പ്രതീഷ് ശേഖർ ആണ്.

‘ലക്കി ഭാസ്കർ’ക്ക് ശേഷം വീണ്ടും തെലുങ്കിൽ തിളങ്ങാൻ ദുൽഖർ സൽമാൻ!

പവൻ സദിനേനി സംവിധാനം ചെയ്യുന്ന ‘ആകാശം ലോ ഒക താര’യിലെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും. മഹാനടി, സീതാ രാമം, കൽക്കി, ലക്കി ഭാസ്കർ എന്നിവയ്ക്ക് ശേഷം തെലുങ്ക് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ദുൽഖറിന്റെ പുതിയ ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവയുടെ അവതരണവും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. തിയേറ്റർ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും. അതേസമയം, മലയാളത്തിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ ഈ വർഷം ഓണം റിലീസായി എത്തും.

ശ്വേതാ മേനോന്റെ സ്ഥാനം റദ്ദാക്കണം, സഹകരണ രജിസ്ട്രാർ ഭരണം ഏർപ്പെടുത്തണം;ശ്വേതയ്ക്കെതിരെ ‘അമ്മ’യിലെവനിതാ അംഗങ്ങൾ!

താരസംഘടനയായ ‘അമ്മ’യിൽ ഭിന്നതയും പ്രതിസന്ധിയും കൂടുതൽ രൂക്ഷമാകുന്നു. സംഘടനയുടെ ഔദ്യോഗിക പദവികളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ശ്വേതാ മേനോനെ അടിയന്തരമായി നീക്കണമെന്നും, ഭരണപരമായ സ്തംഭനാവസ്ഥ പരിഹരിക്കാൻ സഹകരണ സംഘം രജിസ്ട്രാറുടെ ഭരണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വനിതാ അംഗങ്ങൾ രംഗത്തെത്തി.മാലാ പാർവതി, ഉഷ ഹസീന, പൊന്നമ്മ ബാബു, അൻസിബ ഹസ്സൻ എന്നിവരുൾപ്പെടെയാണ് ആവശ്യവുമായെത്തിയത്.ഇതുസംബന്ധിച്ച കത്ത് ഇവർകോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർക്ക് കൈമാറി. സംഘടനയുടെ നിലവിലെ നേതൃത്വ സ്ഥാനങ്ങളിൽ ശ്വേതാ മേനോൻ തുടരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അടിയന്തരമായി ആ സ്ഥാനം റദ്ദാക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.താഴെത്തട്ടിലുള്ള വനിതാ കലാകാരികളുടെ ശബ്ദം കേൾക്കാനും, സംഘടനയ്ക്കുള്ളിൽ ജനാധിപത്യപരമായ അന്തരീക്ഷം ഉറപ്പുവരുത്താനും നിലവിലെ സംവിധാനത്തിന് സാധിക്കുന്നില്ലെന്ന് വനിതാ അംഗങ്ങളുടെ പ്രധാന ആരോപണം.സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാക്കാനും ഭരണ പ്രതിസന്ധി ഒഴിവാക്കാനും സഹകരണ സംഘം രജിസ്ട്രാറുടെയോ അല്ലെങ്കിൽ ഒരു പ്രത്യേക അഡ്മിനിസ്ട്രേറ്ററുടെയോ കീഴിലേക്ക് ‘അമ്മ’യുടെ ഭരണം മാറ്റണം എന്നാണ് നിലവിൽ ഇവർ ആവശ്യപ്പെടുന്നത്. സംഘടനയുടെ അക്കൗണ്ടിൽ നിലവിൽ ആറ് കോടിയോളം രൂപ ബാലൻസുണ്ട്. എന്നാൽ രാജിവച്ചുപോയ ഭരണസമിതിയുടെ കയ്യിലാണ് ഇപ്പോഴും ചെക്ക് ബുക്ക് ഉൾപ്പെടെയുള്ള നിർണായക രേഖകൾ ഉള്ളത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.അതിനാൽ ചെക്കുകൾ പാസാക്കുന്നത് തടഞ്ഞ് അക്കൗണ്ടുകൾ മരവിപ്പിക്കണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. തുടർച്ചയായ വിവാദങ്ങൾക്കും രാജി സമർപ്പണങ്ങൾക്കും പിന്നാലെ വനിതാ അംഗങ്ങൾ പരസ്യമായി ഇത്തരമൊരു കടുത്ത നിലപാടിലേക്ക് കടന്നത് ‘അമ്മ’യെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ സംഘടനയുടെ ഭരണസമിതി ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നും രജിസ്ട്രാർതലത്തിൽ എന്തൊക്കെ നടപടികൾ ഉണ്ടാകുമെന്നതിലേക്കുമാണ് ചലച്ചിത്ര ലോകം ഉറ്റുനോക്കുന്നത്.

കാക്കി വേഷത്തിൽ പാർവതി തിരുവോത്ത്;പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ റിലീസിന്

നീതിക്കായി കാക്കി വേഷത്തിൽ പാർവതി തിരുവോത്ത് വീണ്ടുമെത്തുന്നു. 11 ഐക്കൺ ഫിലിംസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ എന്ന ചിത്രം സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ വളരെ റിയലിസ്റ്റിക്കായി ഒരുക്കിയിരിക്കുന്ന ഈ ത്രില്ലർ ചിത്രം കഥയുടെ കെട്ടുറപ്പുകൊണ്ടും അവതരണ ശൈലികൊണ്ടും ഇതിനോടകം തന്നെ വലിയ പ്രതീക്ഷകളാണ് നൽകുന്നത്.മികച്ചൊരു കഥാപാത്രവുമായി പാർവതി തിരുവോത്ത് വീണ്ടും കേന്ദ്ര കഥാപാത്രമായെത്തുമ്പോൾ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒപ്പമുണ്ട്. വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ധാർത്ഥ് ഭരതൻ, ഉണ്ണിമായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവർക്കൊപ്പം പ്രശസ്ത തമിഴ് നടൻ പാർത്ഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിൽ അണിനിരക്കുന്നുണ്ട്. പി.എസ്. സുബ്രഹമണ്യവും വിജേഷ് തോട്ടുങ്കലും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറയിലും മികച്ച പ്രതിഭകളുടെ വലിയ നിരതന്നെയുണ്ട്. മുജീബ് മജീദ് സംഗീതവും റോബി രാജ് ഛായാഗ്രഹണവും നിർവ്വഹിക്കുമ്പോൾ എഡിറ്റിംഗ് ചമൻ ചാക്കോയാണ് കൈകാര്യം ചെയ്യുന്നത്. മഹേഷ് മോഹൻ കലാസംവിധാനവും അമൽ മേക്കപ്പും സമീരാ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവ്വഹിക്കുന്നു. ബേബി പണിക്കർ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടറാകുന്ന ചിത്രത്തിന്റെ സ്റ്റിൽസ് റിജാഷ് മുഹമ്മദും ലൈൻ പ്രൊഡക്ഷൻ ദീപകും കൈകാര്യം ചെയ്യുന്നു. എൽദോ ജോൺ, ഫഹദ് (അപ്പു) എന്നിവരാണ് പ്രൊഡക്ഷൻ മാനേജർമാർ. പ്രൊഡക്ഷൻ കൺട്രോളർ സനൂപ് ചങ്ങനാശ്ശേരിയും പി.ആർ.ഒ. വാഴൂർ ജോസുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.

“ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്”-പിന്തുണ അറിയിച്ച് ലേഡി സൂപ്പർസ്റ്റാർ

ഡൽഹിയിൽ വിദ്യാർഥികൾ നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ പങ്കുവെച്ച കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “ഭയമല്ല, പ്രതീക്ഷയാണ് നാം സമ്മാനിക്കേണ്ടത്” എന്ന ശക്തമായ വാക്കുകളിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.സമര രംഗത്തുള്ളവരുടെ അതിജീവനത്തിനായുള്ള പോരാട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്, അനീതിക്കെതിരെ ശബ്ദമുയർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മഞ്ജു വാര്യർ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ സംസാരിച്ചു.മഞ്ജു വാര്യരുടെ ഈ വാക്കുകൾ നിമിഷങ്ങൾക്കകമാണ് ഓൺലൈനിൽ തരംഗമായത്. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖരും ആയിരക്കണക്കിന് ആരാധകരും താരത്തിന്റെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തി.ജനാധിപത്യപരമായ പ്രതിഷേധങ്ങൾ അടിച്ചമർത്തപ്പെടേണ്ടതല്ലെന്നും, മറിച്ച് അവർക്ക് പ്രതീക്ഷ നൽകുകയാണ് വേണ്ടതെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് താരത്തിന്റെ പ്രതികരണം.സാധാരണക്കാരുടെ ശബ്ദമായി നൽകാറുള്ള ഇത്തരം പ്രതികരണങ്ങൾ മുൻപും മഞ്ജു വാര്യരെ വേറിട്ടു നിർത്തിയിട്ടുണ്ട്.സമൂഹത്തിലെ അനീതികൾക്കെതിരെ സംസാരിക്കാനും, പൊരുതുന്ന മനുഷ്യർക്കൊപ്പം നിൽക്കാനും സിനിമാ ലോകത്തുനിന്നുള്ള പ്രമുഖർ മുന്നോട്ടുവരുന്നത് പ്രതിഷേധങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നുവെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

“സിനിമ സംഘടനയുടെ പ്രശ്‌നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്‌നം പരിഹരിക്കുന്നത്.”-സിനിമാ താരങ്ങൾക്കെതിരെ സന്തോഷ്‌ പണ്ഡിറ്റ്‌

നീറ്റ് പരീക്ഷാ തർക്കങ്ങളിൽ പ്രതികരിച്ച പ്രമുഖ സിനിമാ താരങ്ങൾക്കെതിരെയും ചലച്ചിത്ര മേഖലയിലെ തെറ്റായ പ്രവണതകൾക്കെതിരെയും കടുത്ത വിമർശനവുമായി നടൻ സന്തോഷ് പണ്ഡിറ്റ്. സ്വന്തം സിനിമാ സംഘടനയിലെ കുഞ്ഞു പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ കഴിവില്ലാത്തവരാണ് രാജ്യത്തെ നീറ്റ് പരീക്ഷാ വിഷയത്തിൽ അഭിപ്രായം പറയുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. താരങ്ങളുടെ ഈ ബഹളങ്ങൾക്ക് പിന്നിൽ,എഫ്.സി.ആർ.എ ഫണ്ട് നിയന്ത്രണങ്ങളോടുള്ള അമർഷമാണോ, അതോ ദേശീയ അവാർഡ് ലഭിക്കാത്തതിന്റെ വിഷമമാണോ എന്ന് അദ്ദേഹം ചോദിക്കുന്നു. പിന്നിൽ പുതിയ സിനിമകളുടെ പ്രൊമോഷനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒപ്പം സിനിമാ മേഖലയിലെ ഇരട്ടത്താപ്പിനെതിരെയും സന്തോഷ്‌ പണ്ഡിറ്റ് പ്രതികരിച്ചു. സിനിമകളിൽ ലഹരി ഉപയോഗവും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കാൻ തയ്യാറാകാത്തവരാണ് ഇപ്പോൾ വിദ്യാർത്ഥികൾക്കായി മുതലക്കണ്ണീർ ഒഴുക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ചു വിജയ്!’ജനനായകന്’ ബുക്ക് മൈ ഷോയിൽ 1 മില്യൺ ടിക്കറ്റ് റെക്കോർഡ്

ഇന്ത്യൻ സിനിമാ ലോകത്തെ ബോക്സ് ഓഫീസ് പിടിച്ചെടുത്തു ദളപതി വിജയ്. ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ റിലീസിന് മുൻപ് തന്നെ റെക്കോർഡുകൾ ഒന്നൊന്നായി തകർത്തെറിയുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിൽ പ്രിസെയിൽ വഴി 1 മില്യൺ ടിക്കറ്റുകളാണ് ചിത്രം ഇതുവരെ വിറ്റഴിച്ചത്. അങ്ങനെ തിയേറ്ററുകളിൽ ആവേശം അലയടിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ദളപതി ആരാധകരും സിനിമാ ലോകവും ഒന്നടങ്കം നെഞ്ചിലേറ്റിയ ചിത്രം ബോക്സ് ഓഫീസിൽ വിജയ കൊടി പാറിക്കുകയാണ്.ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വ നേട്ടമാണ് വിജയ് ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. തുടർച്ചയായ മൂന്നാം തവണയാണ് ഒരു വിജയ് ചിത്രം ബുക്ക് മൈ ഷോയിൽ റിലീസിന് മുൻപ് തന്നെ 1 മില്യൺ ടിക്കറ്റ് സെയിൽസ് എന്ന മാജിക്കൽ സംഖ്യ കടക്കുന്നത്. മുൻകാല റെക്കോർഡുകളെല്ലാം കാറ്റിൽപ്പറത്തി തിയേറ്ററുകളിലേക്ക് എത്തുന്ന ‘ജനനായകൻ’ ആദ്യ ദിനം തന്നെ കളക്ഷൻ പ്രളയം സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അഡ്വാൻസ് ബുക്കിംഗിൽ കാണിക്കുന്ന ഈ മുന്നേറ്റം തന്നെയാണ് അതിന് പച്ചക്കൊടി കാണിക്കുന്നത്.

​ഏഴ് കടലും ഏഴ് മലയും താണ്ടി നിവിൻ പോളിയുടെ മാസ് എൻട്രി;റിലീസ് ഡേറ്റ് പുറത്ത്!

നിവിൻ പോളിയും സൂരിയും ഒന്നിക്കുന്ന ബിഗ് ബജറ്റ് റൊമാന്റിക് സൈക്കോളജിക്കൽ ത്രില്ലർ ‘ഏഴ് കടൽ ഏഴ് മല’ ഒടുവിൽ റിലീസിന് ഒരുങ്ങുന്നു.ചിത്രം നേരത്തെ 2024-ലെ റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. അവിടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റിലീസിന് മുമ്പേ തന്നെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ ഉയരാൻ ഇതും കാരണമായി. ചിത്രം 2026 ഒക്ടോബർ 1-ന് തിയേറ്ററുകളിൽ എത്തും. 8,000 വർഷത്തിലേറെയായി ജീവിച്ചിരിക്കുന്ന ഒരു അമരനായ മനുഷ്യന്റെ ജീവിതവും, ആയിരക്കണക്കിന് വർഷങ്ങളായി നഷ്ടപ്പെട്ട പ്രണയം തേടിയുള്ള യാത്രയാണ് ചിത്രം പറയുന്നത്. നിവിൻ പോളിക്കും സൂരിക്കും പുറമെ അഞ്ജലി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. ഛായാഗ്രഹണം എൻ. കെ.ഏകാംബരം, എഡിറ്റിംഗ് മതി വി.എസ്.,എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.ചിത്രത്തിൻ്റെ ടീസർ റിലീസായത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽവലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.

ഡിക്യൂ ആരാധകർ കാത്തിരുന്ന വൻ സർപ്രൈസിതാ…’ഐ ആം ഗെയിം’ ഫസ്റ്റ്അപ്‌ഡേറ്റ് പുറത്ത്!

ഡിക്യു ആരാധകർക്ക് ആവേശം വാനോളമുയർത്തി ദുൽഖർ സൽമാന്റെ ബിഗ് ബജറ്റ് ചിത്രം‘ഐ ആം ഗെയി’മിന്റെ ആദ്യ അപ്‌ഡേറ്റ് തീയതി പുറത്തുവിട്ടു. ദുൽഖർ സൽമാന്റെ ജന്മദിനമായ ജൂലൈ 28-ന് ചിത്രത്തിന്റെ ആദ്യ തകർപ്പൻ അപ്‌ഡേറ്റ് പ്രേക്ഷകരിലേക്ക് എത്തും. അഞ്ചാം പാതിരയ്ക്ക് ശേഷം മലയാളി പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച മാസ്സ് ആക്ഷൻ എൻ്റർടൈനർ ‘ആർ.ഡി.എക്സ്’ എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതുകൊണ്ടുതന്നെ അത്യുഗ്രൻ മേക്കിംഗും പവർ പാക്ക്ഡ് ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ പ്രതീക്ഷിക്കാം. ഡിക്യുവിന്റെ പിറന്നാൾ ദിനത്തിൽ എത്തുന്നത് ചിത്രത്തിന്റെ ദ്യശ്യവിരുന്നൊരുക്കുന്ന ടീസർ ആയിരിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലും ലുക്കിലുമാണ് ദുൽഖർ ഈ ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചനകൾ.ഓഗസ്റ്റ് 20 ചിത്രം തിയേറ്ററിൽ എത്തും.

ഹൾക്കും സ്‌പൈഡിയും നേർക്കുനേർ!’ബ്രാൻഡ് ന്യൂ ഡേ’ ട്രെയിലർ തരംഗം

ആരാധകർപ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്‌പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’ യുടെ ഒടുവിലത്തെ ട്രെയിലർ പുറത്തിറങ്ങി. ടോം ഹോളണ്ട് വീണ്ടും സ്പൈഡർമാനായി എത്തുന്ന ചിത്രത്തിൽ വമ്പൻ ആക്ഷൻ രംഗങ്ങളും ആകാംഷയും ഒരുപോലെ കോർത്തിണക്കിയതാണ്. വ്യക്തിത്വം മറച്ചുവെച്ച് ന്യൂയോർക്കിനെ സംരക്ഷിക്കുന്ന സ്പൈഡർമാൻ്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.എംജെയും നെഡും ഇല്ലാത്ത ഏകാന്തജീവിതമാണ് ട്രെയിലറിൽ കാണിക്കുന്നത്. ട്രെയിലറിലെ ഏറ്റവും വലിയ സർപ്രൈസ് ഹൾക്കിന്റെ തിരിച്ചുവരവാണ്.സ്പൈഡർമാനുമായുള്ള ശക്തമായ ഏറ്റുമുട്ടലിലേക്കാണ് ട്രെയിലർ സൂചന നൽകുന്നത്.അതിനൊപ്പം പണിഷർ, സ്കോർപിയൻ എന്നിവരുടെ സാന്നിധ്യവും ചിത്രത്തെ മാസായി എത്തുന്നുണ്ട്. ചിത്രത്തിൽ ടോം ഹോളണ്ടിനൊപ്പം സെൻഡായ, ജേക്കബ് ബറ്റലോൺ, ജോൺ ബെർൻതൽ, മൈക്കൽ മാൻഡോ, മാർക്ക് റഫലോ, സേഡി സിങ്ക് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്യുന്ന ചിത്രംജൂലൈ 31-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.